കോട്ടയം: ചെങ്ങന്നൂരിലെ സിൽവർലൈൻ അലൈന്മെന്റ് മന്ത്രി സജി ചെറിയാനുവേണ്ടി മാറ്റം വരുത്തിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന മാപ്പുകൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പുറത്തുവിട്ടതോടെ സംസ്ഥാന സർക്കാരും സിപിഎമ്മും ഒരുപോലെ പ്രതിരോധത്തിൽ. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ വീട് സംരക്ഷിക്കുന്നതിന് വേണ്ടി സർക്കാരിന്റെ അഭിമാന പദ്ധതിയുടെ അലൈന്മെന്റിൽ മാറ്റം വരുത്തിയെന്ന ഗുരുതര ആരോപണമാണ് തിരുവഞ്ചൂർ ഉന്നയിച്ചത്.

മന്ത്രിയുടെ വീടിരിക്കുന്ന സ്ഥലത്തെ അലൈന്മെന്റാണ് മാറ്റിയതെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആരോപണം. എന്നാൽ, ഇതുവരെ തയ്യാറകാത്ത അലൈന്മെന്റ് തിരുവഞ്ചൂരിന് എങ്ങനെ കിട്ടിയെന്നായിരുന്നു സജി ചെറിയാൻ പ്രതികരിച്ചത്.

2021 ഡിസംബറിൽ കെ റെയിൽ വെബ് സൈറ്റിൽ നൽകിയ അലൈന്മെന്റ് മാപ്പിൽ മാറ്റങ്ങൾ വരുത്തിയെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആരോപണം. മാറ്റത്തിനു പിന്നാലെ സൈറ്റിൽ നിന്ന് മാപ്പ് മാറ്റി പുതിയ മാപ്പ് അപ്ലോഡ് ചെയ്തു. മുളക്കുഴ പഞ്ചായത്തിലെ മന്ത്രി സജി ചെറിയാന്റെ വീടിനു സമീപത്താണ് അലൈന്മെന്റിൽ മാറ്റങ്ങൾ വരുത്തിയത്. പഴയ മാപ്പിൽ മുളക്കുഴ പഞ്ചായത്ത് ഇടതു വശത്തും പുതിയ മാപ്പിൽ ഇത് വലതു വശത്തുമായി. ഇത്രയും വലിയ വ്യത്യാസം എങ്ങനെ വന്നെന്നാണ് തിരുവഞ്ചൂർ ഉന്നയിച്ചത്.



തന്റെ ആരോപണങ്ങൾക്ക് കെ റെയിൽ എംഡിയാണ് മറുപടി നൽകേണ്ടത്. അദ്ദേഹം ഇതുവരെ അതിന് മറുപടി നൽകിയിട്ടില്ല. രണ്ട് മൂന്ന് മാസം കൊണ്ട് അലൈന്മെന്റിൽ മാറ്റം എങ്ങനെയുണ്ടായി എന്നതാണ് ചോദ്യം. അപ്പോൾ എന്തിനാണ് മന്ത്രി മറ്റ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഭൂമി വിൽക്കുകയോ വിൽക്കാതിരിക്കുകയോ ചെയ്യട്ടെയെന്നും തിരുവഞ്ചൂർ പറഞ്ഞിരുന്നു. മാറ്റങ്ങൾ ആർക്ക് വേണ്ടിയാണെന്ന് സർക്കാർ വെളിപ്പെടുത്തണം.

സജി ചെറിയാൻ ഇനി ശബ്ദിച്ചാൽ കൂടുതൽ കാര്യങ്ങൾ പറയേണ്ടി വരുമെന്നും തിരുവഞ്ചൂർ വെല്ലുവിളിച്ചു. ആരോപണത്തിനു തൊട്ടു പിന്നാലെ മറുപടിയുമായി മന്ത്രി സജി ചെറിയാനും രംഗത്തെത്തി. സിൽവർ ലൈൻ അലൈന്മെന്റ് തയ്യാറാക്കിയിട്ടില്ലെന്നും ഇല്ലാത്ത അലൈന്മെന്റ് എങ്ങനെ തിരുവഞ്ചൂരിന് കിട്ടിയെന്നും സജി ചെറിയാൻ ചോദിച്ചു. തിരുവഞ്ചൂർ വ്യക്തിപരമായി ആക്ഷേപിക്കുകയാണമെന്നും തരം താഴാൻ പാടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.



അലൈന്മെന്റ് തീരുമാനിക്കുന്നത് താനല്ലെന്നും ഇനി മാറ്റുകയാണെങ്കിൽ തന്നെ വീട് വിട്ടു നൽകാൻ തയ്യാറാണെന്നും സജി ചെറിയാൻ പറഞ്ഞു. വീട് പാലിയേറ്റീവ് സൊസൈറ്റിക്കായി വിട്ട് നൽകാൻ നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും സജി ചെറിയാൻ അവകാശപ്പെട്ടു.

പഴയ മാപ്പും പുതിയ മാപ്പും പരിശോധിച്ചാൽ അലൈന്മെന്റിലെ മാറ്റം മനസിലാകുമെന്നാണ് തിരുവഞ്ചൂർ പറയുന്നത്. സജി ചെറിയാൻ ഇനി മിണ്ടിയാൽ കൂടുതൽ കാര്യങ്ങൾ പറയുമെന്നും തിരുവഞ്ചൂർ കോട്ടയത്ത് വച്ച് വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ഇടപെലും നടത്തിയിട്ടില്ലെന്നും വീടും സ്ഥലം പാലിയേറ്റീവ് സൊസൈറ്റിക്കായി നൽകാൻ തീരുമാനിച്ചതാണെന്നുമുള്ള സജി ചെറിയാന്റെ പ്രസ്താവന. നേരത്തെയും അലൈന്മെന്റ് മാറ്റാൻ രാഷ്ട്രീയ ഇടപെടലുണ്ടായതായി ആരോപണങ്ങളുയർന്നിരുന്നു. സമര സമിതി അംഗങ്ങൾ സമാന ആരോപണം ഉന്നയിച്ചിരുന്നു.