കോട്ടയം: തിരുവാർപ്പ് മർത്തശ്മൂനി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറുമ്പോൾ തർക്കം തുടരുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ അടച്ചിട്ട പള്ളി കൃത്യം ഒരുവർഷത്തിനുശേഷമാണ് തുറക്കുന്നത്. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു നടപടി. കോടതിവിധിയാണ് നടപ്പാക്കിയതെന്ന് ഓർത്തഡോക്‌സ് വിഭാഗവും കോടതി മാർഗനിർദേശമല്ല നടപ്പാക്കപ്പെട്ടതെന്ന് യാക്കോബായ വിഭാഗവും നിലപാടെടുത്തിട്ടുണ്ട്.

പള്ളിയുടെ താക്കോൽ കൈമാറാൻ വിധിയിൽ പറയുന്നില്ല. തുറന്നുകൊടുക്കാനാണ് നിർദേശമുള്ളതെന്നാണ് യാക്കോബയക്കാരുടെ നിലപാട്. പൊലീസ് ഓർത്തഡോക്‌സ് വിഭാഗവുമായി വന്ന് പള്ളി ഏല്പിക്കുകയാണ് ചെയ്തത് എന്നതാണ് ഇവരുടെ ഇപ്പോഴത്തെ ആക്ഷേപം. ഇടവകജനങ്ങൾക്കുമാത്രമേ നിയമപരമായി പ്രവേശിക്കാനും ആരാധിക്കാനും അധികാരമുള്ളൂ. കേസിൽ പരാതിക്കാരനായ വികാരിക്ക് അതിന് അനുമതി നൽകാം. എന്നാൽ, കോടതി പറയാത്ത അച്ചന്മാരെയും മറ്റുള്ളവരെയും പള്ളിയിൽ പ്രവേശിപ്പിച്ചുവെന്നും യാക്കോബായക്കാർ പറയുന്നു.

ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയ്ക്ക് തുടങ്ങിയ നടപടികൾ ആറുമണിയോടെ പൂർത്തിയായി. കോട്ടയം തഹസിൽദാർക്കൊപ്പം ഓർത്തഡോക്‌സ് സഭാ വൈദികരും അൽമായരുമടക്കം 10 പേർ പള്ളിയിൽ പ്രവേശിച്ചു. വൈദികരും അൽമായരും പ്രാർത്ഥന നടത്തി. ഇതിനിടെ കോടതിയുടെ മാർഗനിർദേശങ്ങൾ പാലിച്ചില്ലെന്നുകാട്ടി യാക്കോബായ സഭയുടെ മുംബൈ ഭദ്രാസനാധിപനും ഇടവകാംഗവുമായ തോമസ് മാർ അലക്‌സന്ത്രിയോസ് മെത്രാപ്പൊലീത്താ പള്ളിയിലേക്ക് വന്നത് വിവാദമായി. അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് കിളിരൂർ സ്‌കൂളിലേക്ക് മാറ്റി.

രാവിലെ അവിടെനിന്ന് പൊലീസ് അദ്ദേഹത്തോട് പോകാനാവശ്യപ്പെട്ടു. നടപടികൾ ക്രമവിരുദ്ധമാണെന്നാരോപിച്ച് അദ്ദേഹം റോഡരികിൽ ഉപവസിച്ചു. കോടതിനിർദ്ദേശം പാലിക്കുകയാണെങ്കിൽ തന്നെ അറസ്റ്റുചെയ്യുകയാണ് വേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷസാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് പള്ളിയും പരിസരവും കനത്ത പൊലീസ്‌കാവലിലാക്കി. യാക്കോബായക്കാർ പരമാവധി ശാന്തത കാട്ടിയെന്നാണ് അലക്‌സന്ത്രിയോസ് മെത്രാപ്പൊലീത്താ പറയുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാലും സമാധാനം ആഗ്രഹിക്കുന്നതിനാലും തങ്ങളുടെ ഇടവകജനങ്ങളോട് വരേണ്ടെന്ന് പറഞ്ഞിരുന്നു. പ്രതിരോധിക്കാൻ താൻ ചെന്നു. കോടതിനിർദ്ദേശം, അങ്ങനെയുള്ളവരെ അറസ്റ്റുചെയ്യണമെന്നാണ്. പക്ഷേ, തന്നെ സ്‌കൂളിലേക്ക് മാറ്റി. പിന്നെ ഇറക്കിവിട്ടു. ആധാരം അന്ത്യോഖ്യാ വിശ്വാസികളുടെപേരിലാണ്. യഥാർഥ ഉടമകൾ ഇപ്പോൾ പള്ളിക്കുവെളിയിൽ. പള്ളി കെട്ടിയവർ ആരാധനയ്ക്ക് പുറത്തായി എന്നും യാക്കോബായ വൈദികൻ പറയുന്നു.

എല്ലാം കോടതി വിധി അനുസരിച്ചാണെന്ന് ഓർത്തഡോക്‌സുകാരും വിശദീകരിക്കുന്നുണ്ട്. വികാരി ഫാ. എ.വി.വർഗീസ്, ഭദ്രാസന സെക്രട്ടറി ഫാ. പി.കെ.കുര്യാക്കോസ്, ലീഗൽ സെൽ കൺവീനർ ഫാ. കെ.എം.സഖറിയ, സഹവികാരി ഫാ.ജേക്കബ് ഫിലിപ്പോസ് എന്നിവരും ആറ് അൽമായരുമാണ് വിധിപ്രകാരം പള്ളിയിൽ പ്രവേശിച്ചത്. ചൊവ്വാഴ്ച പ്രാർത്ഥന മാത്രമാണ് നടത്തിയത്. പള്ളി ശുചിയാക്കി ബുധനാഴ്ചമുതൽ ശുശ്രൂഷകളിലേക്ക് പോകും.

എല്ലാ വിശ്വാസികൾക്കും ഇവിടെ വരാനും ആരാധന നടത്താനും അവസരമുണ്ട്. എന്നാൽ, ബഹളത്തിനും കലാപത്തിനും അവസരമില്ല. മുൻസിഫ് കോടതിവിധി അനുകൂലമായിരുന്നു. ഹൈക്കോടതിയും അത് അംഗീകരിക്കുകയാണ് ചെയ്തതെന്ന് ഓർത്തഡോക്‌സ് വിഭാഗം അറിയിച്ചു.