ഷിക്കാഗോ: ഷിക്കാഗോയിലെ ഗീതാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി നടന്ന ധനുമാസ തിരുവാതിര ആഘോഷങ്ങൾ ശ്രദ്ധേയമായി. പോയകാലത്തിന്റെ പുനർജനിയായിരുന്നു ആഘോഷങ്ങളുടെ സവിശേഷത. ധനുമാസത്തിലെ തിരുവാതിര- ശ്രീപരമേശ്വരന്റെ ജന്മനാൾ- മലയാളത്തിന്റെ പൊൻകസവുടുത്ത പ്രാർത്ഥനയുടെ ഓർമ്മകളാണ്. ക്ഷിപ്രസാദിയും, ക്ഷിപ്രകോപിയും, ചരാചര രക്ഷകനുമായ ശ്രീപരമേശ്വരനെ തപസു ചെയ്ത പുണ്യം, മലയാളത്തിന്റെ പെൺമനം വൃതമെടുത്ത് നേടുന്ന പുണ്യദിനം. നോമ്പുനോറ്റ് ശ്രീപരമേശ്വരന്റെ അനുഗ്രഹത്തിനുവേണ്ടി പ്രാർത്ഥിച്ച് രാവു വൈകുമ്പോൾ കൈകൊട്ടി കളിച്ച് പ്രാദേശികമായ വിഭവങ്ങളോടെയുള്ള ഭക്ഷണം കഴിച്ചാണ് തിരുവാതിര നാൾ അവസാനിക്കുക.

കേരളം ആയിരക്കണക്കിന് കാതം അകലെയാണെങ്കിലും കേരളത്തിന്റെ തനതു പൈതൃകം ഹൃദയങ്ങളിൽ പേറുന്ന ഷിക്കാഗോയിലെ വനിതകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ തിരുവാതിര ആഘോഷിച്ചു. കൂടിയിരുന്നവർക്കെല്ലാം തിരുവാതിര രാവിന്റെ സവിശേഷതയും ഐതീഹ്യപ്പെരുമയും  ലക്ഷ്മി നായർ വിശദീകരിച്ചു. പ്രായഭേദമെന്യേ എല്ലാവരേയും തിരുവാതിരകളിയിൽ പങ്കെടുപ്പിക്കുവാൻ ലക്ഷ്മി വാര്യരുടെ ശ്രമം വിജയപ്രദമായി. പരമ്പരാഗത രീതിയിൽ ഒരുക്കിയ വിഭവങ്ങൾ കഴിച്ച്, പാതിരാപ്പൂവും ചൂടിയാണ് മലയാളിപ്പെൺകൊടികൾ ധനുമാസരാവിന്റെ പുണ്യംപേറിയ തിരുവാതിര ആഘോഷങ്ങൾ ഗീതാമണ്ഡലത്തിൽ അവസാനിപ്പിച്ചത്. മിനി നായർ അറിയിച്ചതാണിത്.