ണക്കാലം ഓണക്കളികളുടേതും കൂടിയാണ്. ഓണസദ്യയും കഴിഞ്ഞ് നീട്ടി വലിച്ചൊര് എമ്പക്കവും ഇട്ട് വയസ്സായവർ മുതൽ കൊച്ചുകുട്ടികൾ വരെ പണ്ടൊക്കെ ഓണക്കളികളിൽ വാശിയോടെ പങ്കെടക്കുമായിരുന്നു. മുത്തശ്ശിമാരോട് ചോദിച്ചാൽ അവർ പറയും അതൊക്കെ ഒരുകാലമായിരുന്നു. ഇന്ന് എന്തോണം എന്ന്. കാരണം മക്കളും കൊച്ചുമക്കളും ഒത്ത് മുത്തശ്ശിമാരും വളരെ വാശിയോടെ ഓണക്കളികൾ നടത്തിയിരുന്നു.

തുമ്പിതുള്ളൽ, കുടമൂത്ത്, തിരുവാതിരകളി, പുലികളി തുടങ്ങിയവയാണ് പ്രധാന ഓണക്കളികൾ. ഇവയിൽ പല കളികളുടേയും പേര് പോലും ഇന്നത്തെ തലമുറ കേട്ടിട്ടു പോലും ഉണ്ടാകില്ല. തലമുറ പലത് മാറിയിട്ടും ഈ കളികളിൽ ഇന്നും കൊച്ച് കുട്ടികൾ പോലും അറിയുന്ന ഒരേ ഒരു കലാരൂപമേ ഉള്ളൂ. അത് തിരുവാതിര കളിയാണ്.ഇന്നത്തെ തലമുറയും വളരെ ആവേശത്തോടെയാണ് തിരുവാതിരകളിയെ ഏറ്റെടുത്തിരിക്കുന്നത്. കസവ് മുണ്ടും മുല്ലപ്പൂവും അണിഞ്ഞ് കത്തിച്ച് വെച്ച നിലവിളക്കിന് ചുറ്റും സുന്ദരികളായപെൺകുട്ടികൾ നിന്ന് തിരുവാതിര കളിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയാണ്. സാധാരണ നൃത്തരൂപങ്ങളെ അപേക്ഷിച്ച് ഇതിന്റെ ചുവടുകൾക്കും പ്രത്യേകതയുണ്ട്. ഒരുപാട് വേഗത്തിലുള്ള ചുവടുകൾ ഒന്നും തന്നെ ഈ നൃത്തരൂപത്തിൽ ഉപയോഗിക്കാറില്ല. കാലുകൾകൊണ്ട് ചുവടു വെയ്ക്കുമ്പോൾ കൈകളും പ്രത്യേക രീതിയിൽ ചലിപ്പിക്കുന്നു.

മലയാളി മങ്കകളുടെ തനതായ കലാരൂപം എന്ന രീതിയിൽ തിരുവാതിരക്കളി പ്രസിദ്ധമാണ്. പെൺകുട്ടികളുടെ പ്രായപൂർത്തിയായ ശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പൂത്തിരുവാതിര എന്നും വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പുത്തൻ തിരുവാതിരയെന്നും പറയുന്നു. തിരുവാതിരക്കളിയുടെ പിന്നിൽ രണ്ടു ഐതിഹ്യങ്ങളാണ് പ്രധാനമായുമുള്ളത്. ഒന്ന് പാർവതി ശിവനെ ഭർത്താവായി ലഭിക്കാൻ കഠിനമായ തപസ്സുചെയ്യുകയും ഇതിന്റെ ഭലമായ് പരമശിവൻ ധനുമാസത്തിലെ തിരുവാതിരനാളിൽ പ്രത്യക്ഷപ്പെട്ട് ഭർത്താവാകാൻ സമ്മതിക്കുകയും ചെയ്തു.

കന്യകമാരും സുമംഗലികളും തിരുവാതിരക്കളി അവതരിപ്പിക്കാനുള്ള കാരണമിതാണ്. മറ്റൊരു ഐതിഹ്യം ഇതാണ്, പർവതിയോട് അനുരാഗംതോന്നിയ ശിവനുനേർക്ക് കാമദേവൻ അമ്പെയ്യുകയും ശിവൻ ക്രോധത്താൽ തൃക്കണ്ണുതുറന്ന് കാമദേവനെ ദഹിപ്പിക്കുകയും ചെയ്തു.പർവതിയോട് സങ്കടം പറഞ്ഞ കാമദേവന്റെ ഭാര്യയായ രതിയോട് പാർവതി തിരുവോണനാളിൽ വ്രതമനുഷ്ഠിച്ചു പ്രാർത്ഥിച്ചാൽ കാമദേവനുമായ വീണ്ടും ചേരാൻകഴിയുമെന്നു വരംനൽകി. ഇതിന്റ തുടർച്ചയാണ് തിരുവോണനാളിലെ തിരുവാതിരക്കളി എന്ന് വിശ്വസിക്കുന്നവരുമുണ്ട്.

വളരെ ലളിതമായ ചുവടുകളാണ് തിരുവാതിരക്കളിയുടേത്. ലാസ്യമാണ് കളിയുടെ ഭാവം. തിരുവാതിരക്കളിയിൽ ഒരു നായികയുണ്ടാകും. അവർ പാട്ടിന്റെ ആദ്യവരി പാടും മറ്റുള്ളവർ അത് ഏറ്റുപാടും.ഈ നാട്യരൂപത്തിന്റെ ചുവടുകളും വടിവുകളും നൂറ്റാണ്ടുകളായി മാറ്റമില്ലാതെ തുടരുന്നു. ഓണം, തിരുവാതിര തുടങ്ങിയ ആഘോഷാവസരങ്ങളിലാണ് സാധാരണ ഈ കളി നടക്കാറുള്ളത്. നമ്പൂതിരി സമുദായത്തിന്റെ വിവാഹച്ചടങ്ങുകൾക്കിടയിലും ഇത് അവതരിപ്പിക്കാറുണ്ട്. പഴയകാലത്ത് വീടുകളിൽ തിരുവാതിരകളി പഠിപ്പിക്കാനായി പ്രത്യേകം ആശാന്മാരെത്തിയിരുന്നു. തിരുവാതിരക്കളിക്കായ് മാത്രമുള്ള ഒരുപാട് ഗാനങ്ങളുണ്ട്. ആട്ടകഥയിലെ പദങ്ങൾ ഈ പാട്ടുകളിൽ സുലഭമാണ്.