ജീവിച്ചാൽ ക്രിസിതുവിനു വേണ്ടി, പ്രവർത്തിച്ചാൽ ക്രിസ്തുവിനു വേണ്ടി, മരിച്ചാൽ ക്രിസ്തുവിനു വേണ്ടി തിരുവട്ടാർ ആർ.കൃഷ്ണൻകുട്ടിയെന്ന ആർ.കെ ഉയർത്തിയ മുദ്രാവാക്യമാണിത്. രാജ്യത്തിന് അകത്തും പുറത്തുമായി സുവിശേഷം കേൽക്കാനായെത്തിയ വിശ്വാസികളെ ഉണർത്തിയ വാക്യങ്ങളാണിത്. ആദ്യം കൃഷ്ണൻകുട്ടി എഴുതിയ മുദ്രാവാക്യം ഇങ്ങനെയായിരുന്നില്ല. ജീവിച്ചാൽ മാർക്‌സിനുവേണ്ടി, പ്രവർത്തിച്ചാൽ മാർക്‌സിസത്തിനു വേണ്ടി, മരിച്ചാൽ മാർക്‌സിനു വേണ്ടി. അത്രയ്ക്ക് കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു കൃഷ്ണൻകുട്ടി. പിന്നീട് ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നുവന്ന ശേഷം ഏകരക്ഷകൻ ക്രിസ്തു എന്ന അടിയുറച്ച വിശ്വാസത്തിലെത്തി ആർ.കെ. ഹിന്ദുവായി ജനിച്ച് വേദാന്തങ്ങളെല്ലാം പഠിച്ച ശേഷമാണ് കമ്യൂണിസ്റ്റായതും പിന്നീട് സുവിശേഷ പ്രാസംഗികനായതും.

മണിക്കൂറുകൾ നീളുന്ന പ്രഭാഷണങ്ങളായിരുന്നു ആർ.കെയുടേത്. ഗവേഷകൻ കൂടിയായിരുന്ന ആർകെ ഭാരതീയ മതങ്ങളെപ്പറ്റി വിശദമായ പഠനം നടത്തി 'ഭാരതീയ മത സംഗ്രഹം', ചരിത്രപുരുഷനായ ക്രിസ്തു, അപ്പസ്‌തോലനായ പൗലോസ് എന്നിവ ഉൾപ്പെടെ 35 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ധർമദീപ്തി മാസികയുടെ പത്രാധിപരായും മൂന്നു പതിറ്റാണ്ടു പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലും ഗൾഫിലും അടക്കം ഒട്ടേറെ വിദേശ രാജ്യങ്ങളിലും സുവിശേഷ പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്.

കന്യാകുമാരിയിലെ തിരുവട്ടാറിൽ രാമൻപിള്ളയുടെയും മാളിവള്ളിയമ്മയുടെയും മകനായാണ് ആർകെയുടെ ജനനം. ധർമദീപ്തി മാസികയുടെ പത്രാധിപരായി മൂന്നു പതിറ്റാണ്ടു പ്രവർത്തിച്ചിരുന്നു. സതേൺ ഗോസ്പൽ ടീം എന്ന പേരിൽ സംഘത്തിനു രൂപം നൽകുകയും രണ്ടു പതിറ്റാണ്ട് നയിക്കുകയും ചെയ്തു. കടമറ്റം പെരുവുംമൂഴി കണ്ണനാപഴഞ്ഞിൽ വീട്ടിൽ രണ്ടു വർഷമായി വിശ്രമത്തിലായിരുന്ന ആർ.കെ. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്തരിച്ചത്. മൃതദേഹം ശനിയാഴ്ച വാളകം ബദറൻ സഭാഹാളിലെ ശുശ്രൂഷയ്ക്കുശേഷം രാവിലെ 8.30നു സംസ്‌കരിക്കും.