തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം അടക്കമുള്ള പുരോഗമന പരമായ ആശയങ്ങൾ ചർച്ച ചെയ്യുകയും അത് നടപ്പിലാക്കി കിട്ടാൻ വേണ്ടി നിയമയുദ്ധം നടക്കുകയും ചെയ്യുന്ന സമയാണിത്. മാത്രമല്ല, മഹാരാഷ്ട്രയിലെ ശനി ഷിഡ്‌നാപൂർ ക്ഷേത്രത്തിൽ കോടതി ഉത്തരവിന്റെ ബലത്തിൽ സ്ത്രീകൾ പ്രവേശിക്കുകയും ചെയ്തു. എന്നാൽ, സാംസ്കാരിക ഔന്നിത്യം അവകാശപ്പെടുന്ന കേരളത്തിൽ ഇപ്പോഴും അയിത്തത്തിന്റെ ബാക്കിപത്രം നിൽക്കുന്നു എന്ന വ്യക്തമാക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. എസ്എൻഡിപി അടക്കമുള്ള സംഘടനകൾ പ്രധാന വിഷയമായി ഏറ്റെടുത്തിരുന്ന ശാന്തി നിയമന കാര്യത്തിൽ പിന്നോക്കക്കാരൈ അകറ്റി നിർത്തുന്ന പ്രവണത ഇപ്പോഴും നിലനിൽക്കുന്നു എന്ന് വ്യക്തമാക്കുന്ന വാർത്തയാണ് ഇന്ന് കേരളാ കൗമുദി റിപ്പോർട്ട് ചെയ്തത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ശാന്തി നിയമനത്തിൽ നിന്നും പിന്നോക്കക്കാരെ അകറ്റി നിർത്താനുള്ള ആസൂത്രിത നീക്കം നടക്കുന്നു എന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് കൗമുദിയുടെ റിപ്പോർട്ട്. ശിവഗിരിയിൽ നിന്നും പൂജാവിധികൾ പഠിച്ചവരെ മാറ്റി ഒഴിവാക്കി പെരുന്നയിലെ എൻഎസ്എസ് തന്ത്രവിദ്യാപീഠത്തിൽ നിന്നും പഠിച്ചവരെ നിയമിക്കാൻ അംഗീകാരം നൽകി ദേവസ്വം ബോർഡ് അധികാരികൾ ഇറക്കിയ ഉത്തരവാണ് വിവാദത്തിന് ആധാരമാകുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ശാന്തി നിയമനത്തിൽ നിന്ന് പിന്നാക്കക്കാരെ അകറ്റി നിറുത്തുന്നതിന് വേണ്ടിയാണ് വർക്കല ശിവഗിരി മഠം ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ അയോഗ്യരാക്കിയതെന്നും അതേസമയം തന്നെ പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തെ തന്ത്രവിദ്യാപീഠത്തിന് ആഴ്ചകൾക്കുള്ളിൽ ദുരൂഹമായി ദ്രുതഗതിയിൽ ആരുമറിയാതെ അംഗീകാരം കൊടുത്തുവെന്നതും കൃത്യമായ വിവേചനമാണെന്ന് വ്യക്തമാക്കുന്നു. നിയമന വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഈ നാടകം അരങ്ങേറിയതെന്നുമാണ് പത്രറിപ്പോർട്ട്. ഈഴവ വിഭാഗങ്ങളെ ദേവസ്വം ബോർഡ് തഴഞ്ഞതിലുള്ള പ്രതിഷേധമാണ് കേരളാ കൗമുദി വാർത്തയിലൂടെ പുറത്തുവരുന്നത്.

കേരളത്തിലെ അഞ്ച് ദേവസ്വം ബോർഡുകളിലെയും നിയമനങ്ങൾക്കായി രൂപീകരിച്ച കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് കഴിഞ്ഞ മാർച്ച് 24നാണ് പാർട്ട് ടൈം ശാന്തി നിയമനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ബോർഡിന്റെ ഈ കന്നി വിജ്ഞാപനത്തിന് ഒരു മാസം മുമ്പേ എൻ.എസ്.എസിന് കീഴിലെ ശ്രീപത്മനാഭ തന്ത്ര വിദ്യാപീഠത്തിന്റെ 'തന്ത്രഭൂഷണം' സർട്ടിഫിക്കറ്റ് ദേവസ്വം ക്ഷേത്രങ്ങളിലെ പൂജാരി നിയമനത്തിനുള്ള യോഗ്യതയായി അംഗീകരിക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി തിരുവിതാംകൂർ ദേവസ്വം ബോർഡിന് അപേക്ഷ സമർപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ ഇത് അംഗീകരിക്കാവുന്നതാണെന്ന് കാട്ടി ദേവസ്വം കമ്മിഷണറും ശുപാർശ ചെയ്തു.

മാർച്ച് 18ന് ഈ ശുപാർശ ബോർഡ് യോഗം അംഗീകരിച്ച് ഉത്തരവായി. ഇത് ഉറപ്പാക്കിയ ശേഷമാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് മാർച്ച് 24ന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. അംഗീകൃതരുടെ ലിസ്റ്റ് ഒഴിവാക്കിയായിരുന്നു വിജ്ഞാപനം. രണ്ടാഴ്ച കഴിഞ്ഞാണ് ഈ ലിസ്റ്റ് റിക്രൂട്ട്‌മെന്റ് ബോർഡ് പ്രസിദ്ധീകരിക്കുന്നത്. അപ്പോഴേക്കും പിന്നാക്ക വിഭാഗത്തിൽപ്പെട്ട നിരവധി അപേക്ഷകർ മുൻകാലങ്ങളിലേതുപോലെ തങ്ങളുടെ അബ്രാഹ്മണരായ തന്ത്രിഗുരുക്കന്മാരിൽ നിന്ന് സമ്പാദിച്ച പരിചയ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ സമർപ്പിക്കുകയും ചെയ്തു.

അംഗീകൃത ലിസ്റ്റിലുള്ള 214 തന്ത്രിമാരിൽ പറവൂർ രാകേഷ് തന്ത്രി മാത്രമാണ് അബ്രാഹ്മണൻ. ബോർഡിലെ അംഗീകൃത തന്ത്രിമാരിൽ പല പ്രമുഖരും പിന്നാക്കക്കാർ ശാന്തിവൃത്തി ചെയ്യുന്ന ക്ഷേത്രങ്ങളിലെ തന്ത്രിപൂജ പോലും ചെയ്യാൻ വിസമ്മതിക്കുന്നവരാണ്. പരിചയ സർട്ടിഫിക്കറ്റിനായി കേരളത്തിലെമ്പാടുമുള്ള പിന്നാക്ക അപേക്ഷകർ ആക്ഷേപങ്ങൾ സഹിച്ച് ബ്രാഹ്മണ തന്ത്രിമാരുടെ കനിവിനായി നെട്ടോട്ടമോടുകയാണ്.

ഉദ്ദേശ്യ ശുദ്ധിയോടെയുള്ള നിയമന നീക്കമായിരുന്നു ഇതെങ്കിൽ മുൻകാലങ്ങളിലേതു പോലെ തന്നെ തങ്ങളുടെ ഗുരുക്കന്മാരുടെ പരിചയസർട്ടിഫിക്കറ്റ് സഹിതമുള്ള അപേക്ഷ ക്ഷണിച്ച് എഴുത്തുപരീക്ഷയിലൂടെ പരിജ്ഞാനം നിർണയിച്ച് ഇന്റർവ്യൂ നടത്തി മികവ് കണ്ടറിഞ്ഞ് നിയമനം നടത്താമായിരുന്നു. ഇതൊന്നും ചോദിക്കാനും പറയാനും ഇവിടെ അവരോട് അനുഭാവമുള്ള സർക്കാരുമില്ല പിന്നാക്കക്കാരുമല്ല എന്നതാണ് സ്ഥിതിയെന്നും കൗമുദി ചൂണ്ടിക്കാട്ടുന്നു.

നിർണ്ണായകമായ തെരഞ്ഞെടുപ്പു വേള ആയതിനാൽ ഈ വിഷയത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിക്കുമോ എന്ന കാര്യം വ്യക്തമല്ല. ബിഡിജെഎസ് അടക്കമുള്ള വിശാല ഹിന്ദു കൂട്ടായ്മയുമായി മുന്നോട്ടു പോകുമ്പോൾ വെള്ളാപ്പള്ളി വിഷയത്തിൽ മൗനം പാലിക്കും എന്ന വിലയിരുത്തലുമുണ്ട്.