തൃശൂർ: ആദ്യം കടങ്ങൾ തീർക്കണം. ഇപ്പോൾ വാടക വീട്ടിലാണ് കഴിയുന്നത്. സ്വന്തം നാടായ ചിറ്റിലപ്പള്ളിയിൽ സ്ഥലം വാങ്ങണം, ഒരു വീട് വയ്ക്കണം. ഇളയ മകൻ വിപിന്റെ കല്യാണം നടത്തണം. പിന്നീട് പ്രാരാബ്ധങ്ങളെല്ലാം നിറവേറ്റി കഴിഞ്ഞ് നിസ്സഹായരായ കുറച്ചു പേരെ സഹായിക്കണം-തൃശൂർ വിളപ്പുംകാൽ സ്വദേശി പള്ളത്ത് വീട്ടിൽ വത്സലയെയാണ് ഇത്തവണ തിരുവോണ ബംബറിലെ ഭാഗ്യദേവത കടാക്ഷിച്ചത്.. തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പത്തുകോടി ലഭിക്കുമ്പോൾ വത്സല പരാധീനതകളുടെ കാലം കഴിഞ്ഞെന്ന് തിരിച്ചറിയുകയാണ്. ഭാഗ്യം തേടിയെത്തുമെന്ന ഉറച്ച വിശ്വാസത്തിൽ, ടിക്കറ്റെടുത്ത് പണം കളയരുതെന്ന പലരുടെയും ഉപദേശം വത്സല ചെവിക്കൊണ്ടില്ല. അത് വെറുതെയാകാത്തതിന്റെ ആവേശത്തിലാണ് ഈ വീട്ടമ്മ.

കഴിഞ്ഞ ആറു വർഷമായി വൽസല ലോട്ടറി ടിക്കറ്റുകൾ എടുക്കുന്നു. ഭർത്താവിന്റെ മരണശേഷം മക്കളോടൊപ്പം വാടക വീട്ടിലേക്കു താമസം മാറി. സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം അന്നുമുതലേ കൂടെയുണ്ട്. ആ ആഗ്രഹമാണ് ലോട്ടറി ടിക്കറ്റുകളെടുക്കാൻ പ്രേരണയായത്. വത്സല പറയുന്നു. നാൽപ്പതുദിവസംമുമ്പ് പേരക്കുട്ടിയെ ആശുപത്രിയിൽ കണ്ട് മടങ്ങുംവഴി വാങ്ങിയ ഓണം ബമ്പറാണ് അടാട്ട് വിളക്കുംകാലിൽ താമസിക്കുന്ന വത്സലയ്ക്ക് ഭാഗ്യമെത്തിക്കുന്നത്. സ്ഥിരം ടിക്കറ്റുകൾ എടുക്കുന്ന മുരളീധരനിൽ നിന്നു തന്നെയാണ് ഓണം ബംബർ എടുത്തത്. വീടുവെയ്ക്കാൻ തക്കവിധമുള്ള ഒരു തുക സമ്മാനമായി ലഭിക്കണമെന്ന സ്ഥിരം പ്രാർത്ഥനയേ മനസ്സിലുണ്ടായിരുന്നുള്ളൂ. എന്നാൽ അതിലുമപ്പുറത്തേക്ക് കാര്യങ്ങളെത്തി. 

'മുൻപും ലോട്ടറി അടിച്ചിട്ടുണ്ട്. 1000 ,5000, 7000 എന്നീ തുകകൾ. അതാണ് വീണ്ടും ടിക്കറ്റെടുക്കാൻ കാരണം. സമ്മാനത്തുക എന്ന് കിട്ടുമെന്ന് അറിയില്ല. ആദ്യം ഒരു വീട് സ്വന്തമാക്കണം, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം. ബാക്കിയെല്ലാം പിന്നീട് തീരുമാനിക്കും. ജീവിതമാർഗമായിരുന്ന ചായക്കട നഷ്ടത്തിലായപ്പോൾ നാലുവർഷംമുമ്പ് പൂട്ടേണ്ടിവന്നു. ഭർത്താവ് വിജയൻ അർബുദം ബാധിച്ച് രണ്ടുവർഷംമുമ്പ് മരിച്ചു. ചിറ്റിലപ്പിള്ളി അന്തിലങ്കാവ് റോഡിലെ സ്വന്തം വീട് പുതുക്കിപ്പണിയാൻ പൊളിച്ചെങ്കിലും പണം തികയാത്തതിനാൽ പൂർത്തിയായില്ല. ഇപ്പോൾ താമസിക്കുന്നത് മൂന്നാമത്തെ വാടകവീട്ടിലാണ്-ഇതാണ് വത്സലയ്ക്ക ്ജീവിതത്തെ കുറിച്ച് പറയാനുള്ളത്.  വൽസലയുടെ അച്ഛൻ ശങ്കരന് 28 വർഷങ്ങൾക്കു മുൻപ് കേരള സർക്കാരിന്റെ 10 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചിരുന്നു. ഇതോടെയാണ് വൽസലയും ലോട്ടറിയിൽ ഭാഗ്യപരീക്ഷണം തുടങ്ങിയത്.

വത്സലയുടെ മൂത്തമകൻ വിനീഷിനാണ് കുഞ്ഞ് പിറന്നത്. കുഞ്ഞിനെ കണ്ട് മകൾ വിധുവിന്റെ നെല്ലങ്കരയിലെ വീട്ടിൽ പോയി മടങ്ങുംവഴിയാണ് പടിഞ്ഞാറേക്കോട്ടയിലിറങ്ങി ടിക്കറ്റെടുത്തത്. ഫലം പ്രഖ്യാപിച്ച ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഇന്റർനെറ്റിലൂടെയാണ് ഫലം നോക്കിയത്. ഒന്നാംസമ്മാനമുണ്ടെന്ന് വിശ്വസിക്കാനായില്ല. കള്ളന്മാരെ ഭയന്നാണ് ബുധനാഴ്ച ഇക്കാര്യം ആരോടും പറയാതിരുന്നത്. മൂത്തമകൻ വിനീഷ് പവർ ടൂൾസ് വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനം നടത്തുകയാണ്. രണ്ടാമത്തെ മകൻ വിപിൻ ഓട്ടോമൊബൈൽ മാർക്കറ്റിങ് ജീവനക്കാരനാണ്. മകൾ വിധു വീട്ടമ്മയും.

ലോട്ടറി ടിക്കറ്റ് എടുക്കുന്നത് വത്സലയ്ക്ക് ഒരു ദിനചര്യയാണ്. ദിവസവും എടുക്കാറുണ്ട്. മുമ്പ് 5000, 10,000 രൂപയൊക്കെ അടിച്ചിട്ടുമുണ്ട്. തൃശൂരിലുള്ള എസ്എസ് മണി ലോട്ടറി ഓഫീസിൽ നിന്ന് തിരുവോണം ബമ്പർ ടിക്കറ്റ് വാങ്ങിയതും ഇങ്ങനെ തന്നെയാണ്. വലിയ തുക അടിക്കണം എന്ന ആഗ്രഹത്തോടെ തന്നെയാണ് ഓരോ ടിക്കറ്റും എടുക്കുന്നത്. പക്ഷേ ഇത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് വൽസല പറയുന്നു. ഇന്നലെ രാത്രിയാണ് ഭാഗ്യം കടാക്ഷിച്ച വിവരം ഇവർ അറിയുന്നത്.

മൂത്ത മകൻ വിനീഷ് കട നടത്തുകയാണ്. അവിടേക്ക് ഇളയ മകൻ വിപിൻ എത്തി. നെറ്റിൽ ഓണം ബമ്പർ പ്രഖ്യാപിച്ച വിവരം കണ്ടു. ആദ്യം തന്നെ ഒന്നാം സമ്മാനത്തിന്റെ ലോട്ടറി നമ്പർ നോക്കി. അത് കണ്ടതും വിപിൻ സ്തംഭിച്ചുപോയി. അമ്മ എടുത്ത ടിക്കറ്റിന്റെ അതേ നമ്പർ. ഉടൻ തന്നെ വീട്ടിലെത്തി വിനീഷും വിപിനും അമ്മയോട് വിവരം പറഞ്ഞു. ആദ്യം വിശ്വസിക്കാനായില്ല. നെഞ്ചുവേദന വരെ അനുഭവപ്പെട്ടെന്നും രാത്രി ആരും ഉറങ്ങിയില്ലെന്നും ഞെട്ടൽ ഇപ്പോഴും മാറാതെ വത്സല പറയുന്നു.

വീട് നിറയെ ഇപ്പോൾ ആൾക്കാരാണ്. ഫോൺ നിലത്തു വയ്ക്കാൻ പറ്റുന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ വരുന്നു, വിളിക്കുന്നു. ഇതുവരെ വിളിക്കാത്തവർ പലരും വിളിച്ച് അഭിനന്ദിച്ചുവെന്നും വത്സല അഭിമാനത്തോടെ പറയുന്നു. ജില്ലയിലെ പന്ത്രണ്ടോളം ബാങ്കുകളിൽ നിന്നുള്ളവരാണ് നിക്ഷേപ ആവശ്യവുമായി എത്തിയതെന്ന് മകൻ വിനീഷും പറയുന്നു. പക്ഷേ ലോട്ടറി അടിച്ചു എന്ന അഹങ്കാരം ഒന്നും ഒരിക്കലും ഇല്ലെന്നും എല്ലാത്തിനും ദൈവത്തിനോടാണ് നന്ദിയെന്നും ഈ വീട്ടമ്മ വ്യക്തമാക്കുന്നു.

ഭർത്താവ് മരിച്ച ശേഷം വത്സല സ്വന്തം വീട് തകർന്ന് വീണതോടെയാണ് മൂന്നു മക്കളെയുംകൊണ്ട് വാടകവീട്ടിലേക്ക് മാറിയത്. ചിറ്റിലപ്പള്ളിയിൽ തകർന്ന വീടിനുപകരം പുതിയ വീട് വത്സലക്ക് ഇനി വേഗത്തിൽ പണി തീർക്കാം. തൃശൂർ പടിഞ്ഞാറേക്കോട്ടയിലെ എസ്.എസ്. മണിയൻ ഏജൻസിയുടെ ഭാഗമായാണ് മുരളീധരൻ ടിക്കറ്റ് വിറ്റത്. ലോട്ടറി വിൽപന തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ആദ്യമായാണ് ഇത്ര വലിയൊരു തുക താൻ വിറ്റ ടിക്കറ്റിനു സമ്മാനമായി ലഭിക്കുന്നതെന്ന് മുരളീധരൻ പറയുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി വത്സല മുരളീധരനിൽ നിന്നു ഭാഗ്യക്കുറി ടിക്കറ്റുകൾ വാങ്ങുന്നുണ്ട്. വിളപ്പുംകാൽ എന്ന സ്ഥലത്തു വച്ചാണ് സമ്മാനാർഹമായ ടിക്കറ്റ് വത്സല വാങ്ങിയത്. ''കമ്മീഷനായി ഇത്രയും വലിയൊരു തുക ലഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. തുക ലഭിക്കാൻ മൂന്നുമാസം എടുക്കും എന്നാണ് അറിഞ്ഞത്. ആ പണം എന്തിനുവേണ്ടി ഉപയോഗിക്കണമെന്നു ഇപ്പോൾ തീരുമാനിച്ചിട്ടില്ല''- മുരളീധരൻ പറഞ്ഞു.

തൃശൂർ പടിഞ്ഞാറെ കോട്ടയിലെ എസ്.എസ്. മണിയൻ ഏജൻസിയിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് ബംബർ സമ്മാനം ലഭിച്ചത്. ടിക്കറ്റ് വിറ്റ ഏജന്റിന് ഒരു കോടി രൂപയോളം കമ്മിഷനായി കിട്ടും. ലോട്ടറി വിറ്റ ഏജൻസിക്ക് അര കോടി രൂപ കിട്ടും. പത്ത് സീരിസുകളിലായി ആകെ 90 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. 250 രൂപയായിരുന്നു ടിക്കറ്റ്. സമ്മാനത്തുകയായി ആകെ 70 കോടി രൂപ വിതരണം ചെയ്യേണ്ടി വരും.