- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവോപ്പതി മില്ലിന്റെ സ്ഥാനത്ത് നായനാർ അക്കാദമി സ്ഥാപിച്ച സിപിഎം അന്നേ മുതലാളിയുമായി ഒത്തുകളിച്ചു; പെരുവഴിയിൽ ആക്കിയത് തൊഴിലാളി വർഗ്ഗ പാർട്ടി തന്നെ; ഞങ്ങൾ ജീവിക്കണോ അതോ മരിക്കണോ ? പാർട്ടി കോൺഗ്രസിന് പിന്നിൽ ഞങ്ങളുടെ കണ്ണീരുമുണ്ട്; മൂന്നരപതിറ്റാണ്ടു പിന്നിട്ടിട്ടും നഷ്ടപരിഹാരം കിട്ടാതെ മിൽ തൊഴിലാളികൾ
കണ്ണൂർ: ഏറെക്കാലമായി നീറിപ്പുകയുന്ന മനസുമായി ജീവിക്കുന്ന കണ്ണൂർ തിരുവോപ്പതി മിൽ തൊഴിലാളികൾ നീതി തേടുന്നു. സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ഏപിൽ ആറിന് തുടങ്ങാനിരിക്കെ തൊഴിലാളി വർഗ സർവാധിപത്യത്തിനായി പോരാടുന്ന പാർട്ടിക്ക് മുൻപിൽ പൊള്ളുന്ന ചോദ്യവുമായി പട്ടിണിക്കോലങ്ങളായ ഒരു കൂട്ടം തൊഴിലാളികൾ രംഗത്തെത്തി.
ഇനിയും ജീവിക്കണോ, അതോ മരിക്കണോയെന്ന ചോദ്യവുമായി അതിജീവന സമരത്തിലാണവർ. ഇന്നത്തെ ഇ കെ നായനാർ അക്കാദമിയെന്ന അത്യാഡംബര കെട്ടിട സമുച്ചയം നിലനിൽക്കുന്ന സ്ഥലത്തായിരുന്നു ഇവരുടെ മിൽ. തങ്ങൾ രാപകൽ ജോലി ചെയ്തിരുന്ന തിരുവോപ്പതി മില്ലിനെ കുറിച്ചാണ് കണ്ണൂരിന്റെ നഗരപ്രാന്തങ്ങളിൽ നിന്നെത്തിയ ഈ തൊഴിലാളികൾ പറയുന്നത്. അവിടെ 550 ലേറെ തൊഴിലാളികളാണ് 1998-ൽ ലോക്കൗട്ട് ചെയ്യപ്പെടുമ്പോൾ വരെ ജോലി ചെയ്തിരുന്നത്. ഇവരിൽ നാലിൽ ഒരു ഭാഗം ഇപ്പോൾ ജീവനോടെയില്ല. പലരും പട്ടിണികാരണം ജീവനൊടുക്കി ചിലർ മരിച്ചു പണ്ടേമണ്ണടിഞ്ഞു.
അവശേഷിച്ചവർ ഇന്നും ഗതികിട്ടാ പ്രേതം പോലെ നടക്കുകയാണ്. 3040 വർഷം ജോലി ചെയ്തിരുന്നവർക്ക് വരെ വളരെ തുച്ഛമായ നഷ്ട പരിഹാരം മാത്രമേ ലഭിച്ചിട്ടുള്ളൂ. അതും എല്ലാം തട്ടിക്കഴിഞ്ഞ തി നു ശേഷം അന്ന് തന്നെ സെന്റിന് ആറു മുതൽ ഏഴു ലക്ഷം വരെ വിലയുണ്ടായിരുന്ന മൂന്ന് ഏക്കർ 65 സെന്റ് ഭൂമിയാണ് നായനാർ അക്കാദമി സ്ഥാപിക്കാൻ സിപിഎം രൂപീകരിച്ച ട്രസ്റ്റ് ആറര കോടി രൂപയ്ക്കു ചുളുവിലയ്ക്കെടുത്തത്. ഇതിനു ശേഷം തിരുവോപ്പതി മില്ലിലുണ്ടായിരുന്ന യന്ത്ര ഭാഗങ്ങൾ ഉടമ ഒന്നര കോടിക്കും ആരുമറിയാതെ വിറ്റു മിൽ പൂട്ടി താക്കോലും കൊണ്ടും സ്ഥലം വിട്ടു.
പെരുവഴിയിലായ തൊഴിലാളികൾക്കാവട്ടെ നാമമാത്രമായ സംഖ്യ മാത്രമാണ് കിട്ടിയത്. സിഐ.ടി.യു ഉൾപ്പെടെയുള്ള ഒരു യൂനിയനും ഈ വിഷയത്തിൽ ഇടപെട്ടില്ല.ഇതിനു പുറമേ തൊഴിലാളികൾ തമ്മിലുള്ള ശീതസമരം കോടതിയിലുമെത്തിയതോടെ ലിക്വഡേഷൻ ചെയ്ത കമ്പനിയുടെ നഷ്ടപരിഹാര പ്രശ്നം നിയമക്കുരുക്കിലുമായി.
കോടികൾ മുടക്കി ഇപ്പോൾ പഴയ തിരുവോപ്പതി മില്ലിന്റെ സ്ഥാനത്ത് നായനാർ അക്കാദമി സ്ഥാപിച്ച സിപിഎം അന്നേ മുതലാളിയുമായി ഒത്തുകളിക്കാതെ അർഹമായ സംഖ്യ നൽകിയിരുന്നുവെങ്കിൽ തങ്ങൾക്ക് ഈ ഗതി വരില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.സെക്രട്ടറിയേറ്റിനു മുൻപിലും ജില്ലാ ഭരണകൂടത്തിനു മുൻപിലും തൊഴിലാളികൾ സംഘടിതരായും അല്ലാതെയും കുത്തിയിരുന്നുവെങ്കിലും വെയിലും മഴയും കൊണ്ടതല്ലാതെ ഒന്നും നടന്നില്ല. ചോര നീരാക്കി പണിയെടുത്ത പൈസ പ്രായമായി വയ്യാതാവുമ്പോൾ കിട്ടിയില്ലെങ്കിൽ പിന്നെന്തുപകാരമെന്നാണ് തൊഴിലാളികൾ ചോദിക്കുന്നത്.
ഇപ്പോൾ കോടികൾ മുടക്കി പാർട്ടി കോൺഗ്രസ് മാമാങ്കം നടത്തുന്ന സി.പിഎമ്മെന്ന തൊഴിലാളി വർഗ പാർട്ടി തന്നെയാണ് തങ്ങളെ പെരുവഴിയിലാക്കിയതെന്ന് തൊഴിലാളികൾ പരോക്ഷമായി പറയുന്നു.എന്നാൽ ഭയം കാരണം ഇവർക്ക് പല കാര്യങ്ങളും തങ്ങളെ വീഴ്‌ത്തിയ ചതിക്കുഴികളും പുറത്തു പറയാൻ കഴിയുന്നില്ല. വിപ്ളവം അതിന്റെ സന്തതികളെ കൊന്നു തിന്നുവെന്ന ലെനിൻവാക്യം പോലെയാണ് തിരുവോപ്പതി മിൽ പൂട്ടിയതോടെ പെരുവഴിയിലായ തൊഴിലാളികളുടെ ജീവിതം തൊഴിലെടുത്തു ജീവിച്ച വരെന്ന അന്തസ് ഒരിക്കലും അനുഭവിക്കാതെ അസ്ഥികൂടങ്ങളായി ഈ മനുഷ്യർ മാറിക്കഴിഞ്ഞു.
1998 ൽ കമ്പനിപൂട്ടി യിട്ട് വർഷങ്ങൾ 24 വർഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം കിട്ടാൻ കോടതി നടപടികൾ തീരാൻ കാത്തിരിക്കുകയാണ് ഇപ്പോഴുമിവർ. ചിലർ നഷ്ടപരിഹാരം കിട്ടാതെ മരണത്തിന് കീഴടങ്ങി. ബാക്കിയുള്ളവർ വാർധക്യത്തിന്റെ അവശതയിൽ അനുകൂല്യം എപ്പോൾ കിട്ടുമെന്ന് അറിയാതെ ജീവിതം തള്ളിനീക്കകയാണ്. 1967- മുതൽ 1998ൽ കമ്പനി ലോക്കൗട്ട് ചെയ്യും വരെ അവിടെ ജോലി ചെയ്തവർക്കാണ് ഈ ഗതികേടുണ്ടായത്4. 5 ലക്ഷം മുതൽ 9.5 ലക്ഷം വരെ കിട്ടാനുള്ളവരുണ്ട്. ഇതിൽ ആദ്യ ഗഡുവായി ഒന്നു മുതൽ ഒന്നര ലക്ഷം വരെയാണ് ഇതുവരെലഭിച്ചതെന്ന് തൊഴിലാളികൾ പറയുന്നു.
കേസ് നടത്തിപ്പിന് വളരെയധികം തുക ഇതിനകം നൽകി കഴിഞ്ഞെങ്കിലും ഇതുവരെ തീർപ്പുണ്ടായില്ല. മിൽ പൂട്ടുന്ന സമയത്ത് സീനിയറായിരുന്ന തൊഴിലാളിക്ക് ലഭിക്കുന്ന ആനുകൂല്യം തങ്ങൾക്കും കിട്ടണമെന്ന ജൂനിയറായ തൊഴിലാളികളുടെ ആവശ്യമാണ് കേസ് നീണ്ടുപോവാൻ ഇടയാക്കിയത്.
തങ്ങളുടെ കാലശേഷം തുക ആർക്ക് കിട്ടുമെന്നോ അതെങ്ങിനെ കിട്ടുമെന്നോ യാതൊരു ധാരണയും തങ്ങൾക്കില്ലെന്നും തൊഴിലാളികൾ പറയുന്നു.. അല്ലെങ്കിലും തങ്ങൾ മരിച്ചിട്ട് പിന്നെ ഈ തുക കിട്ടിയിട്ട് കാര്യമെന്തെന്നാണ്്. തിരുവോപ്പതി മിൽ തൊഴിലാളികളായ പി.ഐ ഗോപാലൻ, ഒ.പി പുരുഷോത്തമൻ, പി സിസിൽ, ക്ലമൻ ഒസി റോഡ്രിഗസ് എന്നിവരുടെ നിസഹായമായ ചോദ്യം.
തിരുവോപ്പതി മിൽ നായനാർ അക്കാദമിക്ക് വേണ്ടി ആറരകോടിക്കാണ് സി.പി. എം രൂപീകരിച്ച ട്രസ്റ്റ് അന്ന് വിലയ്ക്കു വാങ്ങിയത്.അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്റണിയെ കണ്ട് മുദ്രപത്രനികുതിയായ 55ലക്ഷം ഒഴിവാക്കിയാണ് സൈനികമേഖലയായ ബർണശേരിയിലെ മൂന്നേക്കർ 65 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങിയത്. അന്ന് കണ്ണൂർ നഗരത്തിലെ ബർണശേരിയിൽ സെന്റിന് ആറുമുതൽ ഏഴുവരെ ലക്ഷം വിലയുണ്ടായിരുന്നു. മുന്മുഖ്യമന്ത്രിയുടെ പേരിൽ അക്കാദമി പണിയുകയെന്ന പൊതുതാൽപര്യമുയർത്തിപ്പിടിച്ചായിരുന്നു വിലയ്ക്കെടുക്കൽ. ഇതിനായി കേരളമാകെ ഹുണ്ടിക പിരിവ് നടത്തിയാണ് തുക സമാഹരിച്ചത്.
എന്നാൽ പിന്നീട് നായനാർ അക്കാദമി പടുത്തുയർത്തിയെങ്കിലും അവിടെ കാര്യമായ പരിപാടികളൊന്നും നടന്നില്ല.വിവാഹ ആവശ്യങ്ങൾക്കുംമറ്റുമായി വാടകയ്ക്കു കൊടുക്കുന്ന ഓഡിറ്റോറിയമായി പിന്നീട് നായനാർ അക്കാദമി മാറുകയായിരുന്നു. ഏതാനും ചില പാർട്ടിപരിപാടികളും കൊടിയുയർത്തലും നടന്നതല്ലാതെ നിർജീവാസ്ഥയിലായിരുന്ന ഇവിടെ ഇപ്പോൾ പാർട്ടി കോൺഗ്രസ് നടത്താൻ തീരുമാനിച്ചതോടെ സജീവമായിരിക്കുകയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്