ന്യൂഡൽഹി: ചികിൽസ ആവശ്യങ്ങൾക്കും മറ്റുമായി ഇന്ത്യയിലെത്താൻ ആഗ്രഹിക്കുന്ന പാക് പൗരന്മാർക്ക് വിദേശകാര്യമന്ത്രാലയത്തിന്റെ ദീപാവലി സമ്മാനം.ചികിത്സയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള പാക്ക് പൗരന്മാരിൽ യോഗ്യരായവർക്കെല്ലാം എത്രയും വേഗം മെഡിക്കൽ വിസ അനുവദിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് വാർത്ത സുഷമ സ്വരാജ് പുറത്തുവിട്ടത്.

ഇന്ത്യയിൽ ചികിത്സയിൽ കഴിയുന്ന പാക്കിസ്ഥാൻ സ്വദേശിയുടെ മകൾക്ക് പിതാവിനെ സന്ദർശിക്കുന്നതിനും വിസ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. ഡൽഹിയിൽ ചികിത്സയിൽ കഴിയുന്ന പാക്ക് പൗരന്റെ മകളായ അമ്‌ന ഷമീനാണ് ട്വിറ്ററിലൂടെ മന്ത്രി ഇക്കാര്യം ഉറപ്പു നൽകിയത്. ഇതിനായി പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തെ സമീപിക്കാനും മന്ത്രി നിർദ്ദേശിച്ചു.

ഇന്ത്യയിൽ ചികിത്സ തേടിയ പാക്കിസ്ഥാൻ സ്വദേശിയായ അബ്ദുല്ല എന്ന കുഞ്ഞിന് മെഡിക്കൽ വിസ അനുവദിക്കാൻ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന് ബുധനാഴ്ച മന്ത്രി നിർദ്ദേശം നൽകിയിരുന്നു. കുഞ്ഞിന്റെ പിതാവ് കാഷിഫ് ട്വിറ്ററിലൂടെ നടത്തിയ അഭ്യർത്ഥന മാനിച്ചായിരുന്നു ഇത്. കുഞ്ഞിന്റെ മരുന്ന് തീരാറായെന്നും എത്രയും വേഗം തുടർ ചികിത്സയ്ക്കായി ഇന്ത്യയിൽ വരാൻ അനുവദിക്കണമെന്നുമായിരുന്നു കാഷിഫിന്റെ അപേക്ഷ. മരുന്നിന്റെ ലഭ്യതക്കുറവു മൂലം കുഞ്ഞിന്റെ ചികിത്സ തടസ്സപ്പെടില്ലെന്ന് മന്ത്രി ഇതിനു മറുപടി നൽകി.