- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇത് മനുഷ്യനിർമ്മിത പ്രളയം; സംസ്ഥാനത്തെ അറിയിക്കാതെ അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിട്ടു; കേന്ദ്രം പശ്ചിമ ബംഗാളിനോട് നീതികേട് കാണിക്കുവെന്ന് മമത
കൊൽക്കത്ത: ദക്ഷിണ ബംഗാളിലെ പ്രളയത്തിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി പശ്ചിമ ബെംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സംസ്ഥാനത്തെ അറിയിക്കാതെ ദാമോദർ വാലി കോർപറേഷന്റെ അണക്കെട്ടുകളിൽനിന്ന് വെള്ളം തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന് മമത ആരോപിച്ചു.
സംസ്ഥാനത്തെ അറിയിക്കാതെ വെള്ളം തുറന്നുവിടാനുള്ള തീരുമാനത്തെ 'കുറ്റകൃത്യം' എന്നാണ് മമത ആരോപിച്ചത്. 'ഇത് മനുഷ്യനിർമ്മിത പ്രളയമാണ്. ബെംഗാളിലെയും ബിഹാറിലെയും ഝാർഖണ്ഡിലെയും റിസർവോയറുകളിൽനിന്ന് ഞങ്ങളെ അറിയിക്കാതെ ഡി.വി സി. വെള്ളം തുറന്നുവിട്ടു. ഇത് കുറ്റകൃത്യമാണ്. കേന്ദ്രം പശ്ചിമ ബെംഗാളിനോട് നീതികേട് കാണിക്കുകയാണ്. പ്രളയബാധിത മേഖലകളിൽ കഴിയുന്ന ജനങ്ങളോട് സംസ്ഥാന സർക്കാരിൽ വിശ്വാസമർപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ആവശ്യമുള്ള എല്ലാ സഹായവും നൽകാൻ സർക്കാർ ഒപ്പമുണ്ട്', മമത പറഞ്ഞു.
വ്യാഴാഴ്ച 2.75 ലക്ഷം ക്യുസെക്സ് ജലവും വെള്ളിയാഴ്ച 1.5 ലക്ഷം ക്യുസെക്സ് വെള്ളവുമാണ് ഡി.വി സി. തുറന്നുവിട്ടത്. ഇത്തരത്തിൽ വന്ന വെള്ളത്തെയും കനത്തമഴയെയും തുടർന്ന് ബങ്കുര, അസൻസോൾ, ബീർഭും, ഹൂഗ്ലി എന്നിവിടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചുമരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഡി.വി സി. റിസർവോയറുകളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കംചെയ്യാൻ ഈയടുത്ത കാലത്തൊന്നും ഡ്രെഡ്ജിങ് നടത്തിയിരുന്നില്ല. അത് ചെയ്തിരുന്നെങ്കിൽ റിസർവോയറുകളുടെ സംഭരണശേഷി കൂടുമായിരുന്നു. അങ്ങനെയെങ്കിൽ വെള്ളം തുറന്നുവിടേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും മമത പറഞ്ഞു.
രക്ഷാപ്രവർത്തനങ്ങൾക്കായി അഞ്ച് കോളം സൈനികരെ ഹൂഗ്ലിയിലും അസൻസോളിലും വിന്യസിച്ചിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയും സ്ഥലത്തുണ്ട്.
വെള്ളപ്പൊക്ക ബാധിത മേഖലകളിൽ ശനിയാഴ്ച മമത, ഏരിയൽ സർവേ നടത്തും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നടത്താൻ മമത അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക്