ഹാങ്ഷു (ചൈന): ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ മാദ്ധ്യമ സംഘത്തിന് ഉദ്യോഗസ്ഥരുടെ ശകാരം. സുരക്ഷാ റിബൺ മറികടന്ന മാദ്ധ്യമ പ്രതിനിധിയാണ് ശകാരം കേൾക്കേണ്ടി വന്നത്. സുരക്ഷാ റിബൺ മറികടന്നതുകൊണ്ടാണ് മാദ്ധ്യമ പ്രതിനിധിയെ ശകാരിക്കേണ്ടി വന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥന്റെ വാക്കുകൾ ട്വിറ്ററിൽ വീഡിയോ ആയി എത്തിയതോടെ മാദ്ധ്യമ സംഘം നേരിട്ട പരാമർശം ചർച്ചയാവുകയാണ്.

ഒബാമയ്ക്കൊപ്പം ഹാങ്ഷുവിലെത്തിയ മാദ്ധ്യമ സംഘത്തോടായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാമർശം. ഒബാമ എയർഫോഴ്സ് വൺ വിമാനത്തിൽനിന്ന് ഇറങ്ങുന്നത് ചിത്രീകരിക്കാനായിരുന്നു മാദ്ധ്യമപ്രവർത്തകരുടെ ശ്രമം. എന്നാൽ സ്ഥലത്ത് സുരക്ഷയുടെ ഭാഗമായി നീല റിബൺ കെട്ടി വേർതിരിച്ചിരുന്നു. ഇത് മറികടന്ന് ഒരു മാദ്ധ്യമപ്രവർത്തക എയർഫോഴ്സ് വിമാനത്തിനടുത്തേക്ക് നീങ്ങി.

ഇത് ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞു. എന്നാൽ പ്രകോപിതയായ മാദ്ധ്യമപ്രവർത്തക ഉദ്യോഗസ്ഥനെതിരെ തിരിഞ്ഞു. ഇത് യുഎസ് വിമാനമാണ്, യുഎസ് പ്രസിഡന്റും എന്നായിരുന്നു മാദ്ധ്യമപ്രവർത്തയുടെ പരാമർശം. ഇത് ഞങ്ങളുടെ രാജ്യം, ഞങ്ങളുടെ വിമാനത്താവളവും എന്നായിരുന്നു ഉദ്യോഗസ്ഥൻ തിരിച്ചടിച്ചത്.

റോയിട്ടേഴ്സിന്റെ വൈറ്റ് ഹൗസ് ലേഖിക റോബർട്ട റാംടൺ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. വീഡിയോ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ റോബർട്ട റാംടൺ ഏറെ ശ്രദ്ധനേടി. ജി 20 ഉച്ചകോടിക്കായി കനത്ത സുരക്ഷയാണ് ചൈന ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇതാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്.

റിബൺ ഉയർത്തി ഒബാമയുടെ അടുത്തേക്ക് പോകാൻ ശ്രമിച്ച യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസൻ റൈസിനെയും മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ ബെൻ മറാഡ്സിനെയും ചൈനീസ് ഉദ്യോഗസ്ഥർ തടഞ്ഞു. റെയ്സിന്റെ വഴി തടഞ്ഞ ശേഷം ഉദ്യോഗസ്ഥൻ കയർത്തു സംസാരിച്ചു. പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥർ ചെയ്തു എന്നാണ് സംഭവത്തെപ്പറ്റി സൂസൻ റെയ്സ് പ്രതികരിച്ചത്.