ന്യൂഡൽഹി: ഈ നൂറ്റാണ്ട് ഏഷ്യയുടെതാണെന്നും, അതിൽ മുഖ്യപങ്കാളികൾ ആകേണ്ടത് ഇന്ത്യയും ചൈനയുമാണെന്നും ചൈനീസ് പ്രധാനമന്ത്രി ലീ കൂ ചിയാങ് തിരിച്ചറിയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനീസ് സന്ദർശനം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നതും ഈ സഹകരണക്കരുത്ത് ചെറുതല്ലെന്ന ഉത്തമ ബോധ്യത്താൽ തന്നെയാണ്. ഇന്ത്യയ്ക്ക് വേണ്ടത് ചൈനയിലുണ്ട്. അതുൾക്കൊണ്ടാൽ പിന്നെ രണ്ട് രാജ്യങ്ങളേയും പിടിച്ചാൽ കിട്ടില്ലെന്നാണ് ആഗോള മാദ്ധ്യമങ്ങളും പങ്കുവയ്ക്കുന്നത്. വാൾ സ്ട്രീറ്റ് ജേണലെന്ന അമേരിക്കൻ മാദ്ധ്യമ സ്ഥാപനവും ഇതെല്ലാം മനസ്സിലാക്കുന്നു. എന്താണ് ചൈനയിൽ നിന്ന് ഇന്ത്യ നേടേണ്ടതും പഠിക്കേണ്ടതെന്നും വാൾ സ്ട്രീറ്റ് ജേണൽ ഓർമിപ്പിക്കുകയാണ്. രണ്ട് വിദേശ രാജ്യങ്ങൾ തമ്മിലുള്ള ഉഭയ കക്ഷി ചർച്ചയ്ക്ക് വാൾ സ്ട്രീറ്റ് ജേണൽ നൽകുന്ന പ്രാധാന്യം തന്നെ മോദിയുടെ ചൈനീസ് സന്ദർശനത്തിന്റെ ആഗോള പ്രസക്തിയാണ് വെളിപ്പെടുത്തുന്നത്.

ചൈനീസ് പ്രസിഡന്റുമായി മോദി നടത്തിയ കൂടിക്കാഴ്ചയ്ക്ക് അമേരിക്കയിലെ മുൻനിര മാദ്ധ്യമം ഏറെ പ്രാധാന്യമാണ് നൽകുന്നത്. ദക്ഷിണേഷ്യയിൽ വൻ തോതിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ചൈന ശ്രമിക്കുന്നുണ്ട്. അതെല്ലാം സമാധാന പ്രക്രിയയ്ക്ക് ആക്കം കൂട്ടാനാണെന്നാണ് മോദിയോട് ചൈന വിശദീകരിക്കുന്നത്. ഇത് ഇന്ത്യ ഉൾക്കൊണ്ടാൽ ദക്ഷിണേഷ്യയിൽ സമഗ്രവികസനം ഉറപ്പാകും. ചൈനയും ഇന്ത്യയും കൈകോർക്കുന്നതോടെ ലോകത്തിലെ ഏറ്റവും കരുത്തുള്ള മേഖലയായി ദക്ഷിണേഷ്യമാറുമെന്നാണ് വാൾ സ്ട്രീറ്റ് ജേണലിന്റെ വിലയിരുത്തൽ. ഇന്ത്യയോട് ചൈനീസ് പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ചൈനയുടെ ഔദ്യോഗിക ടെലിവിഷൻ നൽകിയ വിശദീകരണവും വളരെ പ്രാധാന്യത്തോടെ പത്രം നൽകുന്നു.

ഇന്ത്യൻ സബ്ദഘടനയ്ക്ക് ഏറെ നിർണ്ണായകമാണ് മോദിയുടെ ചൈനീസ് സന്ദർശനമെന്നാണ് മറ്റൊരു നിരീക്ഷണം. സാമ്പത്തിക വളർച്ചയും തൊഴിൽ സാഹചര്യം കൂട്ടുകയുമാണ് മെയ്ക് ഇൻ ഇന്ത്യാ പദ്ധതിയിലൂടെ മോദി ലക്ഷ്യമിടുന്നത്. വിലകുറഞ്ഞ സാധനങ്ങൾ ഉൽപാദിപ്പിക്കുന്നതിൽ മുൻപന്തിയിലാണ് ചൈന. തൊഴിലുകൾ സൃഷ്ടിക്കുന്നതിലും ആഗോള മാതൃക. കുറഞ്ഞ ചെലവിൽ കൂടുതൽ ഉൽപാദനമാണ് ചൈനയുടെ കരുത്ത്. ഇതിലൂടെ 1995ന് ശേഷം 400 ശതമാനമാണ് കൂലി വർദ്ധനയുണ്ടായത്. ഇതിലൂടെ ദാരിദ്രത്തിന്റെ തോത് 50 ശതമാനത്തിൽ നിന്ന് 2011 ആയപ്പോഴേക്ക് ചൈനയിൽ 18 ശതമാനമായി കുറഞ്ഞു. ഈ മാതൃക ഇന്ത്യയും പിന്തുടർന്നാൽ മുന്നേറാം. എന്നാൽ 1992ൽ ചൈന വ്യവസായിക മുന്നേറ്റത്തിന് ആക്കം കൂട്ടിയപ്പോഴുള്ള സാഹചര്യമില്ല ഇ്‌പ്പോഴുള്ളത്.

ബംഗ്ലാദേശും വിയറ്റ്‌നാമും പോലുള്ള ഏഷ്യൻ രാജ്യങ്ങളും ഉൽപാദന രംഗത്ത് സജീവമാണ്. അതുകൊണ്ട് തന്നെ ചൈനീസ് മാതൃകയിൽ കുതിച്ചു ചാട്ടം ഇന്ത്യയ്ക്ക് ഈ ഘട്ടത്തിലാകില്ല. എങ്കിലും ചൈനയുടെ അതേ സാഹചര്യങ്ങൾ ഒരുക്കാനായാൽ ഇന്ത്യയ്ക്ക് ഏറെ സാധ്യതയുണ്ട്. മോദി സർ്ക്കാർ തൊഴിൽ നിയമങ്ങളിൽ കൊണ്ടു വരുന്ന മാറ്റങ്ങളും ശ്രദ്ധേയമാണ്. ഇതിനൊപ്പം തൊഴിലടങ്ങളിലേക്ക് സ്ത്രീകളെ കൂടുതലായെത്തിയാൽ ഉൽപാദന രംഗത്ത് കൂടുതൽ ഉയർച്ച നേടാൻ കഴിയും. സ്ത്രീകൾ ജോലിക്കെത്തുന്ന നിരക്ക് ഇന്ത്യയിൽ കുറയുകയാണ്. ഇത് പരിഹരിക്കാൻ ശ്രമിച്ചാൽ മെയ്ക് ഇൻ ഇന്ത്യയുടെ വിജയം ഉറപ്പാണെന്ന് വാൾസ്ട്രീറ്റ് ജേർണൽ വിശദീകരിക്കുന്നു. ഇതിനുള്ള എളുപ്പമാർഗ്ഗം ചൈനീസ് മോഡലിനെ പിന്തുടരുകായണെന്നാണ് അഭിപ്രായം.

അതിനിടെ ഇന്ത്യയും ചൈനയും തമ്മിൽ 24 കരാറുകളിൽ ഒപ്പിട്ടു. ഇന്ത്യയിൽ 10 ബില്യൺ ഡോളറിന്റെ ചൈനീസ് നിക്ഷേപമാണ് കരാറുകളിലൂടെ ഉണ്ടാവുകയെന്നാണ് അറിയുന്നു. ബിയജിംങ്ങിൽ ചൈനീസ് പ്രധാനമന്ത്രി ലീ കൂ ചിയാങ്ങ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷമാണ് ഈ കാരാറുകൾ ഒപ്പിട്ടത്. ചെന്നൈയിൽ ചൈനയ്ക്ക് പുതിയ കോൺസുലേറ്റ് ഓഫീസ് തുറക്കാൻ ചൈന ചർച്ചയിൽ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ പരസ്പര സഹകരണം വളർത്തണമെന്ന് മോദി ചർച്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയും ചൈനയും തമ്മിൽ പരസ്പര വിശ്വാസവും സഹകരണവും വളർത്തണം മോദി പറഞ്ഞു. മേഖലയിൽ സമാനമായ വെല്ലുവിളിയാണ് ഇരു രാജ്യങ്ങളും നേരിടുന്നതെന്നും മോദി പറഞ്ഞു.

അതേ സമയം ഈ നൂറ്റാണ്ട് ഏഷ്യയുടെതാണെന്നും, അതിൽ മുഖ്യപങ്കാളികൾ ആകേണ്ടത് ഇന്ത്യയും ചൈനയുമാണെന്നും ചൈനീസ് പ്രധാനമന്ത്രി ലീ കൂ ചിയാങ് സംയുക്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇന്ന് ഒപ്പിട്ട കരാറുകളിൽ മിക്കതും വ്യാപര മേഖലയിലാണ്. അതേ സമയം നേരത്തെ പ്രതിനിധി സംഘ ചർച്ചയിൽ അതിർത്തി പ്രശ്‌നങ്ങൾ അടക്കമുള്ള വിഷയങ്ങൾ ഇന്ത്യയും, സിൽക്ക് റൂട്ട് വ്യാപര വിഷയങ്ങൾ ചൈനയും ഉന്നയിച്ചിരുന്നു. ഇതിന് പുറമേ കമ്യൂണിക്കേഷൻ, വിദ്യാഭ്യാസ രംഗങ്ങളിൽ സഹകരണം വർദ്ധിപ്പിക്കമണമെന്ന് സമ്മതിച്ചിട്ടുമുണ്ട്‌