ഇടുക്കി:നിയമസഭാ തെരഞ്ഞെടുപ്പിൽ തൊടുപുഴയിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥിയാകാൻ നിശ്ചയിക്കപ്പെട്ട റോയി വാരികാട്ടിനെതിരെ സി. പി. എമ്മിലെ പ്രമുഖരടക്കം ബഹുഭൂരിപക്ഷം എൽ. ഡി. എഫ് നേതാക്കളും രംഗത്തെത്തിയതോടെ, മുന്നണിയിൽ ഭിന്നത കടുത്തു. യു. ഡി. എഫിലാകട്ടെ കോൺഗ്രസിലെ ഗ്രൂപ്പുതർക്കങ്ങളും ചോരിപ്പോരും മൂലം മൂന്നു മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥി നിർണയം സംസ്ഥാനതലവും കടന്ന് ദേശീയ നേതൃത്വത്തിന്റെ മുന്നിലും പരിഹരിക്കാനാകാതെ കിടക്കുന്ന അവസ്ഥ സംജാതമാക്കിയിരിക്കുകയാണ്.

സി. പി. എം നേതാക്കളുടെ കർശന താക്കീതും നിർദേശവുമുണ്ടായിട്ടും തൊടുപുഴയിലെ സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ പ്രാദേശിക നേതൃത്വം തയാറാകാത്ത സ്ഥിതി മുന്നണിയെ ഗൗരവമായ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. യു. ഡി. എഫിന്റെ മന്ത്രി പി. ജെ ജോസഫിന്റെ സിറ്റിങ് മണ്ഡലമായ തൊടുപുഴയിൽ മികച്ചൊരു സ്വന്തം സ്ഥാനാർത്ഥിയേയോ, പൊതുസ്വതന്ത്രനേയോ കണ്ടെത്താൻ സി. പി. എമ്മിനു കഴിയാതിരുന്നതും ആരെയെങ്കിലും നിർദേശിക്കാൻ ഘടകക്ഷികൾക്കും കഴിയാതിരുന്നതും സംസ്ഥാനതലത്തിൽ ചർച്ചയാകുകയാണ്. മുന്നണി ഏതായാലും പി. ജെ ജോസഫിനോട് ശക്തമായ കൂറുപുലർത്തുന്ന തൊടുപുഴയിൽ മെച്ചപ്പെട്ട ഒരു മത്സരം കാഴ്ചവയ്ക്കാൻപോലും സാധിക്കുന്ന വ്യക്തിക്കായുള്ള എൽ. ഡി. എഫിന്റെ അന്വേഷണം തുടങ്ങിയിട്ടു മാസങ്ങളായെങ്കിലും ആരുടെയും പേരുകളിൽ ഉറച്ചുനിൽക്കാൻ നേതൃത്വത്തിനു സാധിച്ചിരുന്നില്ല.

മാണി ഗ്രൂപ്പ് വിട്ട് ജനാധിപത്യ കേരള കോൺഗ്രസ് രൂപീകരിച്ച ഫ്രാൻസീസ് ജോർജ് ഇടതുമുന്നണിയിലെത്തിയപ്പോൾ ഫ്രാൻസീസ് ജോർജിനെ എതിരാളിയാക്കാമെന്നു വിചാരിച്ച നേതാക്കൾക്ക് നിരാശ പകരുന്നതായിരുന്നു ഫ്രാൻസീസ് ജോർജിന്റെ വിസമ്മതം. ജോസഫിനെതിരെ അങ്കത്തിനിറങ്ങാൻ തയാറല്ലെന്നു ഫ്രാൻസീസ് ജോർജ് അസന്ദിഗ്ധമായി പ്രഖ്യാപിച്ചതോടെ ചൂടുള്ള പോരാട്ടത്തിനുള്ള സാധ്യതകൾ അസ്തമിച്ചു. നടൻ ആസിഫ് അലിയുടെ അച്ഛൻ എം. പി ഷൗക്കത്തലി, ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനും മുൻ എസ്. എഫ്. ഐ നേതാവുമായ പി. പി താജുദ്ദീൻ അടക്കമുള്ള സി. പി. എം നേതാക്കളുടെ പേരുകൾ പരിഗണിക്കപ്പെട്ടെങ്കിലും അവരെ തഴഞ്ഞ് റോയി വാരികാട്ടിനെ നിശ്ചയിച്ചിതിൽ ഇടതുമുന്നണിയിൽ കടുത്ത അസംതൃപ്തി നിലനിൽക്കുകയാണ്. മാണി ഗ്രൂപ്പിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായ പ്രൊഫ. കെ. ഐ ആന്റണിയെപ്പോലും ജോസഫിനെതിരെ കളത്തിലിറക്കാൻ സി. പി. എം ശ്രമിച്ചു പരാജയപ്പെട്ടു.

ജേക്കബ് വിഭാഗത്തിന്റെ മുൻ ജില്ലാ പ്രസിഡന്റാണ് റോയി വാരികാട്ട്. പിന്നീട് ജേക്കബ് ഗ്രൂപ്പ വിട്ട് ഡി. ഐ. സിയിലും പി. സി തോമസ് വിഭാഗത്തിലും സ്‌കറിയ തോമസ് വിഭാഗത്തിലും ഒടുവിൽ പി. സി ജോർജിനൊപ്പവും നിന്നു മാറിമാറി പരീക്ഷിച്ച രാഷ്ട്രീയ നിലപാടിലെ അനിശ്ചിതത്വത്തിനിടയിലാണ് റോയിയെ തങ്ങളുടെ പരീക്ഷണത്തിന് സി. പി. എം കണ്ടെത്തിയത്. ഇത്തരമൊരാളെ തങ്ങൾക്കു ചുമക്കാനാവില്ലെന്നു ചൊവ്വാഴ്ച തൊടുപുഴയിൽ ചേർന്ന സി. പി. എം യോഗത്തിൽ ബഹുഭൂരിപക്ഷം ഭാരവാഹികളും വ്യക്തമാക്കിയതോടെ സി. പി. എം ജില്ലാ നേതൃത്വവും വെട്ടിലായി. സ്ഥാനാർത്ഥിയെ ജില്ലാ കമ്മിറ്റിയും പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റും തീരുമാനിച്ച സാഹചര്യത്തിൽ മാറ്റത്തെക്കുറിച്ചു ചിന്തിക്കേണ്ടെന്നു ജില്ലാ സെക്രട്ടറി കെ. കെ. ജയചന്ദ്രൻ പറഞ്ഞെങ്കിലും പ്രതിഷേധം അണഞ്ഞില്ല. ജില്ലയിലെ വികാരം കണക്കിലെടുത്തു ഇന്ന് തൊടുപുഴയിലെ സ്ഥാനാർത്ഥിയെ എൽ. ഡി. എഫ് പട്ടികയിൽ പ്രഖ്യാപിക്കില്ലെന്നാണ് വിവരം. ഷൗക്കത്തലിയുടെയും താജുദ്ദീന്റെയും സ്ഥാനാർത്ഥിത്വം മണ്ഡലത്തിലെ 36 ശതമാനം വരുന്ന മുസ്ലിങ്ങൾക്കിടയിൽ പാർട്ടിക്ക് ഉണ്ടാക്കാമായിരുന്ന ചലനം നഷ്ടപ്പെടുത്തിയതിൽ പാർട്ടി അണികൾ അമർഷം പ്രകടിപ്പിച്ചിട്ടുണ്ട്.

എൽ. ഡി. എഫിന്റെ പ്രതിഷേധം ഒരു മണ്ഡലത്തിൽ മാത്രമാണെങ്കിൽ കോൺഗ്രസ് മത്സരിക്കുന്ന മൂന്നു മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണയം നേതൃത്വത്തിനു കീറാമുട്ടിയാകുന്നത് സംസ്ഥാനതലത്തിൽ ശ്രദ്ധേയമായ ഗ്രൂപ്പുപോരു മൂലമാണ്. എ പക്ഷക്കാരനായ പി. ടി തോമസിന്റെ ഗ്രൂപ്പിനെ ജില്ലയിൽ അടർത്തി മാറ്റിയ ഡി. സി. സി പ്രസിഡന്റ് റോയി കെ. പൗലോസിന്റെ പേര് പീരുമേട് മണ്ഡലത്തിൽ സജീവ പരിഗണനയിലുണ്ട്. ട്രേഡ് യൂണിയൻ നേതാവും ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ. സിറിയക് തോമസിന്റെ പേരും ഇതിനൊപ്പം ഉയർന്നുവന്നെങ്കിലും അന്തിമലിസ്റ്റിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിന്റെ പേരിനാണ് മുൻതൂക്കമെന്നാണ് സൂചന. പാർലമെന്റ് തെരഞ്ഞെടുപ്പിൽ, കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ ബലിയാടായി ഇടുക്കി ലോക്‌സഭാ സീറ്റിൽ പരാജയപ്പെട്ട ഡീൻ കുര്യാക്കോസിനെ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ ഉൾക്കൊള്ളാതിരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് എ. ഐ. സി. സി സ്‌ക്രീനിങ് കമ്മിറ്റി. രാഹുൽ ഗാന്ധിയുടെ പിന്തുണയും ഡീനിനു ലഭിക്കുമെന്നാണ് പി. ടി പക്ഷം കരുതുന്നത്. അങ്ങനെയുണ്ടായാൽ ഡീനിനു സ്ഥാനാർത്ഥിത്വവും റോയി കെ. പൗലോസിനെ തഴയലും ഒറ്റയടിക്ക് എതിർചേരി ലക്ഷ്യമിടുന്നു. ഇവിടെ ഇളവുനേടി, സിറ്റിങ് എംഎൽഎ സി. പി. ഐയിലെ ഇ. എസ് ബിജിമോളാണ് ഇടതുമുന്നണിക്കായി രംഗത്തുള്ളത്. കഴിഞ്ഞ രണ്ടു ടേമിലും ബിജിമോൾ തന്നെയായിരുന്നു വിജയം നേടിയത്.

സി. പി. എം സംസ്ഥാന കമ്മിറ്റി അംഗം എം. എം മണിയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധയാകർഷിക്കുന്ന ഉടുമ്പൻചോലയിൽ കോൺഗ്രസിന്റെ അന്തിമ പട്ടികയിൽ മൂന്നു പേരാണ് ഉള്ളത്. മുൻ കെ. പി. സി. സി ജനറൽ സെക്രട്ടറിയും ഇടുക്കി ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായ ഇ. എം ആഗസ്തി, കെ. പി. സി. സി സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ, ഡി. സി. സി ജനറൽ സെക്രട്ടറി സേനാപതി വേണു എന്നിവരാണിവർ. മൂവരും ഐ ഗ്രൂപ്പുകാരനാണ്. മുമ്പ് ഡി. ഐ. സിക്കൊപ്പം നിൽക്കവേ ഇ്ബ്രാഹിംകുട്ടി ഇവിടെ മത്സരിച്ചിരുന്നു. ആഗസ്തി ഇവിടെനിന്നും നിയമസഭയിലേക്ക് രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആഗസ്തിയും ഇബ്രാഹിംകുട്ടിയും തമ്മിലാണ് സ്ഥാനാർത്ഥിത്വത്തിനു ബലപരീക്ഷണം ശക്തമായി നടക്കുന്നതെങ്കിലും എ പക്ഷക്കാരുമായി അടുപ്പം നിലനിർത്തുന്ന സേനാപതി വേണുവിനും അത് അനുകൂലഘടകമായിരിക്കുകയാണ്.

ഇവരുടെ കാര്യത്തിലും സംസ്ഥാന നേതാക്കൾക്ക് ഏകാഭിപ്രായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. സീനിയർ നേതാവെന്ന പരിഗണന ആഗസ്തിക്കും രണ്ടാംവട്ടം സ്ഥാനാർത്ഥിത്വം എന്നത് ഇബ്രാഹിംകുട്ടിക്കും തുണയാകുമ്പോൾ, ജാതിസമവാക്യങ്ങളും വേണുവിനെ സഹായിക്കും.
സംവരണ മണ്ഡലമായ മൂന്നാറിൽ സിറ്റിങ് എംഎൽഎ, സി. പി. എമ്മിലെ എസ് രാജേന്ദ്രനെതിരെ മുൻ എംഎൽഎയും കെ. പി. സി. സി വൈസ് പ്രസിഡന്റുമായ എ. കെ മണി, കോൺഗ്രസ് ബ്ലോക്ക പ്രസിഡന്റ് ഡി കുമാർ, നിയോജക മണ്ഡലം പ്രസിഡന്റ് രാജാറാം എന്നിവരെ പരിഗണിക്കുന്നുണ്ട്. മൂവരും എ പക്ഷക്കാരാണെങ്കിലും ഗ്രൂപ്പിനുള്ളിൽപോലും അഭിപ്രായ ഐക്യം ഉണ്ടാക്കാൻ കഴിയാത്തത് പാർട്ടിയിലെ ചേരിപ്പോരിന്റെ തെളിവായി അവശേഷിക്കുകയാണ്. എ. ഐ. സി. സിക്കു മുമ്പിൽ ഏറ്റവും ഭിന്നതയുള്ള ലിസ്റ്റ് ശേഷിക്കുന്നതും ഇടുക്കിയിലേതാണ്. ഇതേസമയം സിറ്റിങ് എംഎൽഎ റോഷി അഗസ്റ്റിനെതിരെ ഇടുക്കി നിയോജകമണ്ഡലത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസീസ് ജോർജ് തന്നെ മത്സരിക്കുന്നത് ഇരുമുന്നണികളുടെയും വാശിയേറിയ പോരാട്ടത്തിന് കളമൊരുക്കിയിട്ടുണ്ട്.