- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം പീഡിപ്പിച്ചത് ബന്ധുവായ തങ്കച്ചൻ; പിന്നീട് സാമ്പത്തിക പരാധീനത ചൂഷണം ചെയ്തു പീഡിപ്പിച്ചത് 15ലേറെ പേർ; ഹൈറേഞ്ചിലെ ഡ്രൈവറായ ഒരാളുമായി വിവാഹം നടത്താനും ശ്രമിച്ചു; തൊടുപുഴയിലെ പീഡനത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
തൊടുപുഴ: തൊടുപുഴയിൽ പെൺകുട്ടിയെ പീഡപ്പിച്ച കേസിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമാകുന്നത് സൂര്യനെല്ലിക്ക് സമാനമായ പീഡനങ്ങൾ നടന്നുവെന്ന്. പതിനഞ്ചു വയസ്സു മുതൽ കുട്ടി പീഡനത്തിന് ഇരയായി എന്നാണ് പുറത്താകുന്ന വിവരം. ബന്ധുവായ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. 17 കാരിയെ 15 ലേറെ പേർ പീഡിപ്പിച്ചു എന്നാണ് കേസ്.
ഇടനിലക്കാരനായ കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവാണ് മുഖ്യപ്രതി. ഇയാൾ ജോലി വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിക്കുകയും നിരവധി പേർക്ക് കാഴ്ച വെക്കുകയുമായിരുന്നു. സംഭവത്തിൽ ബേബി അടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്ത് എഫ്ഐആർ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സാമൂഹികവും സാമ്പത്തികവുമായി പരിതാപകരമായ അവസ്ഥയിലാണ് കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിക്ക് അച്ഛനില്ല. അമ്മയും മുത്തശ്ശിയുമാണുള്ളത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുടുംബമാണ്. കുട്ടിയുടെ സാഹചര്യം മനസ്സിലാക്കിയ ബേബി ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുകയും, മറ്റുള്ളവർക്ക് കാഴ്ച വെക്കുകയുമായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു.
20 ഓളം പേർക്ക് പെൺകുട്ടിയെ കാഴ്ച വെച്ചതായി ബേബി പൊലീസിനോട് സമ്മതിച്ചു. അതിനിടെ, പെൺകുട്ടിയെ രണ്ടു കൊല്ലം മുമ്പ് വിവാഹം കഴിപ്പിക്കാനും ശ്രമം നടന്നു. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ വെച്ച് ഡ്രൈവറായ ഒരാളുമായി വിവാഹം നടത്താനാണ് ശ്രമിച്ചത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ടാണ് വിവാഹം തടഞ്ഞത്.
പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഒരു വർഷത്തോളം കുട്ടിയെപ്പറ്റി അന്വേഷിച്ചിരുന്നു. തുടർന്ന് കമ്മിറ്റിയുടെ ശ്രദ്ധമാറിയതോടെയാണ് ഇടനിലക്കാരൻ ബേബി കുട്ടിയെ ചൂഷണത്തിന് ഇരയാക്കുന്നത്. കേസിൽ ബേബിയെക്കൂടാതെ, പെരിന്തൽമണ്ണ സ്വദേശി ജോൺസൺ, കുറിച്ചി സ്വദേശി തങ്കച്ചൻ, കല്ലൂർകാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീർ ,കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ