കൊച്ചി: വിവാദ തോക്കുസ്വാമി ഹിമവൽ ഭദ്രാനന്ദയെ പറവൂർ കോടതിയിൽ നിന്നും ഇറങ്ങവേ മറ്റൊരു കേസിൽ എറണാകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചക്കാണ് നാടകീയ രംഗങ്ങൾ പറവൂർ കോടതി വളപ്പിൽ അരങ്ങേറിയത്. ഫേസ്‌ബുക്കിൽ മതസ്പർധ വളർത്തുന്ന തരത്തിൽ പോസ്റ്റിട്ടതിനെ തുടർന്ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് എറണാകുളം പൊലീസ് വിവാദ സ്വാമി ഹിമവൽ ഭദ്രാനന്ദയെ അറസ്റ്റ് ചെയ്തത്.

ആലുവായിൽ മാദ്ധ്യമപ്രവർത്തകർക്ക് നേരെ തോക്ക് ചൂണ്ടി വെടി വച്ച കേസിൽ ഇന്ന് പറവൂർ കോടതിയിൽ ഹാജരായതാണ് വിവാദ തോക്ക് സ്വാമി ഹിമവൽ ഭദ്രാനന്ദ. ഈ കേസ് ഈ മാസം 12 ന് വിധി പറയാൻ മാറ്റിവച്ചു. ഇതേ തുടർന്ന് കോടതിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ സ്വാമിയെ മറ്റൊരു കേസിൽ എറണാകുളം പൊലീസ് കോടതി വളപ്പിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ടു ജീപ്പുകളിലായി എത്തിയ പൊലീസ് സംഘം ഇറങ്ങിയ ഉടനെ പൊക്കുകയായിരുന്നു. ഫേസ്‌ബുക്കിൽ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ നാളുകളായി പോസ്റ്റുകൾ ഇട്ടിരുന്നു. തനിക്കെതിരെ തീവ്രവാദികളുടെ ഭീഷണിയുണ്ടെന്നും പൊലിസ് സംരക്ഷണം വേണമെന്നും ഹിമവൽ ഭദ്രനന്ദയും പൊലീസിന് പരാതി നൽകിയിരുന്നു.

മുസ്ലിം വിരുദ്ധ പ്രചരണങ്ങൾ ഫേസ്‌ബുക്കിൽ ഇട്ടതിനെ തുടർന്ന് പൊലീസ് സ്വമേധയാ കേസ്സെടുക്കുകയായിരുന്നു. എറണാകുളം നോർത്ത് പ്രിൻസിപ്പൽ എസ്.ഐ വി വി പിൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹിമവൽ ഭദ്രാനന്ദയെ അറസ്റ്റ് ചെയ്തത്. സൈബർ കുറ്റകൃത്യങ്ങളും കേസിന്റെ പരിധിയിൽ വരുമെന്ന് എസ്.ഐ പറഞ്ഞു. പ്രതിയെ ഇന്ന് വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും.

മാദ്ധ്യമപ്രവർത്തകർക്ക് നേരെ തോക്ക് ചൂണ്ടി വെടി വച്ച കേസിൽ വിധി തിങ്കളാഴ്ചയായായിരിക്കും ഉണ്ടാവുക. 2008-17 നാണ് സംഭവം നടന്നത്. ആലുവ അശോകപുരം മനയ്ക്കപ്പടിയിലെ വാടക വീട്ടിൽ വച്ച് ഹിമവൽ ഭദ്രാനന്ദ തോക്ക് ചൂണ്ടി ആത്മഹത്യ ഭീഷണി മുഴക്കിയതിനെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് പിൻതിരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല .പിന്നീട് പൊലീസ് തന്നെ തന്ത്രപൂർവ്വം ഭദ്രാനന്ദയെ സി.ഐ ഓഫീസിൽ കൊണ്ട് വന്നപ്പോൾ ചിത്രം പകർത്താൻ ശ്രമിച്ച ആലുവയിലെ മാദ്ധ്യമപ്രവർത്തകർക്ക് നേരെ വെടിയുതിർത്തത്.

പെട്ടെന്ന് അന്ന് സി.ഐ ആയിരുന്ന ബാബു കുമാർ ഹിമവൽ ഭദ്രാനന്ദയുടെ കൈപ്പിടിച്ച് തിരിച്ചതിനാൽ വെടിയുണ്ട കെട്ടിടത്തിന് മുകളിലെ സിലിംങ്ങിലാണ് പതിച്ചത്. ഈ കേസിലാണ് ആലുവ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.ഈ കേസിൽ മുപ്പത്തിമൂന്ന് സാക്ഷികൾ ആണ് ഉള്ളത്.മുൻ ആലുവ സി.ഐ ആയിരുന്ന ഇപ്പോഴത്തെ ആലുവ ഡി.വൈ.എസ്‌പി കെ.ജി ബാബു കുമാർ, മാദ്ധ്യമ പ്രവർത്തകരായ കെ.സി. സ്മിജൻ, ഷാജൻ, ബേബി, ലെബി സജീന്ദ്രൻ, എന്നിവരും പൊലീസ്സുകാരും ഉൾപ്പെടെ 40 ഓളം പേരുടെ വിസ്താരം നടന്നു. അഡീഷണൽ ജില്ല സെഷൻസ് കോടതി ജഡ്ജി എം.വി നാരായണന് മുന്നിലാണു കേസ് നടക്കുന്നത്. പ്രതി ഹിമവൽ ഭദ്രനന്ദക്ക് വേണ്ടി ഐസക് തോമസ് ജൂനിയറും പബ്ലിക് പ്രോസിക്യൂട്ടർ ജെ ആർ വർഗീസ് സർക്കാരിനു വേണ്ടിയും ഹാജരായി.