തിരുവനന്തപുരം: ആലപ്പുഴയിൽ മന്ത്രി തോമസ് ചാണ്ടിക്ക് റിസോർട്ട് കച്ചവടം തുടരാനാകം. ഭൂമി കൈയേറിയുള്ള ഹോട്ടലിനെ രക്ഷിക്കാൻ ഇടത് മുന്നണിക്കൊപ്പം യുഡിഎഫും ചേരുകയാണ്. ഫലത്തിൽ തോമസ് ചാണ്ടിക്ക് എതിരാണെന്ന് തോന്നുന്നതാണ് യുഡിഎഫ് ഭരിക്കുന്ന മുൻസിപ്പാലിറ്റിയുടെ തീരുമാനങ്ങൾ. എന്നാൽ കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാക്കാനുള്ള കളികളാണ് എല്ലാം. ഇതിൽ തോമസ് ചാണ്ടി വിജയിക്കുന്നതായാണ് സൂചന. തന്ത്രപരമായ നീക്കമാണ് നടക്കുന്നത്.

ഇതിന്റെ ഭാഗമായി ലേക്ക് പാലസ് റിസോർട്ട് പൊളിക്കരുതെന്നാവശ്യപ്പെട്ട് മന്ത്രി തോമസ് ചാണ്ടിയുടെ ഉമസ്ഥതയിലെ വാട്ടർ വേൾഡ് ടൂറിസം കമ്പനി കോടതിയിൽ ഹർജി നൽകി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രിബ്യൂണലിലാണ് ഹർജി നൽകിയത്. കേസ് നിയമപരമായി നിലനിൽക്കുമോ എന്ന് കോടതി അഭിഭാഷകനോട് ചോദിച്ചു. കെട്ടിടങ്ങൾ പൊളിക്കണമെന്ന് ആലപ്പുഴ മുനിസിപ്പാലിറ്റി നിർദ്ദേശിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പൊളിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് കോടതിക്ക് നൽകാനാവുമോ എന്ന് കോടതി ചോദിച്ചു. ഈ ഹർജി നിലനിൽക്കുമോ എന്നത് കേസ് പരിഗണിക്കുന്ന നവംബർ മൂന്നിന് കോടതി തീരുമാനിക്കും. മിക്കവാറും കെട്ടിടം പൊളിക്കരുതെന്ന് വിധി വരും. അങ്ങനെ വന്നാൽ അത് തോമസ് ചാണ്ടിക്ക് അനുകല തീരുമാനമായി വ്യാഖ്യാനിക്കപ്പെടും.

എറണാകുളത്തെ ക്യാമ്പ് സിറ്റിങ്ങിലാണ് കേസ് പരിഗണിക്കുന്നത്. ഇടതുപക്ഷ മന്ത്രിയായ തോമസ് ചാണ്ടിയോട് യു.ഡി.എഫ്. രാഷ്ട്രീയവിരോധം തീർക്കുന്നതിന്റെ ഭാഗമായുള്ളതാണ് മുനിസിപ്പാലിറ്റിയുടെ നോട്ടീസെന്നാണ് ആരോപണം. മുനിസിപ്പാലിറ്റിയുടെ ഭരണം യു.ഡി.എഫിനാണ്. വാട്ടർ വേൾഡ് ടൂറിസം കമ്പനിയുടെ 33 കെട്ടിടങ്ങൾക്കാണ് മുനിസിപ്പാലിറ്റി നോട്ടീസ് നൽകിയത്. മാത്യു ജോസഫിന്റെ എട്ട് കെട്ടിടങ്ങൾ, മാത്യു ജോസഫ്, തോമസ് ചാണ്ടി, എൻ.എക്സ്. മാത്യു എന്നിവരുടെ 11 കെട്ടിടങ്ങൾ, തോമസ് ചാണ്ടിയുടെ 13 കെട്ടിടങ്ങൾ, കമ്പനിയുടെ പേരിലെ ഒരു കെട്ടിടം എന്നിവയ്ക്കായിരുന്നു നോട്ടീസ്. ഈ കേസിൽ കളക്ടർ കൈയേറ്റമുണ്ടെന്ന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇത് ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. അതിന് മുമ്പ് തന്നെ മുൻസിപ്പാലിറ്റി നോട്ടീസ് നൽകി. ഇതോടെ കോടതിയിൽ സമീപിക്കാനാണ് തോമസ് ചാണ്ടിക്ക് അവസരം ഉണ്ടായത്.

2017 സെപ്റ്റംബർ 26-ന് നൽകിയ നോട്ടീസിൽ 33 കെട്ടിടങ്ങളുടെയും പെർമിറ്റ്, പെർമിറ്റ് പ്ലാൻ, സൈറ്റ് പ്ലാൻ, ആധാരത്തിന്റെ പകർപ്പ്, കൈവശാവകാശരേഖ, കരം അടച്ച രസീത്, കെട്ടിടനിർമ്മാണം പൂർത്തിയാക്കിയ േശഷമുള്ള പ്ലാൻ, താമസം അനുവദിച്ച് മുനിസിപ്പാലിറ്റി നൽകിയ അംഗീകാരപത്രം എന്നിവ 15 ദിവസത്തിനകം ഹാജരാക്കാൻ നിർദ്ദേശിച്ചിരുന്നു. ഇവ ഹാജരാക്കാൻ കഴിയില്ലെന്നാണ് ലേക്ക് പാലസ് ഉടമകളുടെ വാദം. 2002-ൽ ആരംഭിച്ച് 2003-ൽ പൂർത്തിയായ കെട്ടിടങ്ങൾക്ക് ഈ രേഖകൾ പരിശോധിച്ചാണ് മുനിസിപ്പാലിറ്റി 15 വർഷമായി കരം സ്വീകരിച്ചുവരുന്നത്. ഇപ്പോൾ ഈ രേഖകൾ ആവശ്യപ്പെടുന്നത് ദുഷ്ടലാക്കോടെയാണെന്നും കമ്പനി ആരോപിച്ചിരുന്നു.

രേഖകൾ നൽകിയില്ലെങ്കിൽ കെട്ടിടങ്ങൾ പൊളിക്കുമെന്ന് ചെയർമാൻ നടത്തി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിടം പൊളിക്കാനുള്ള നീക്കം സ്റ്റേ ചെയ്യണമെന്നാണ് ലേക്ക് പാലസിന്റെ ആവശ്യം. എന്നാൽ ഇതെല്ലാം വെറും തന്ത്രം മാത്രമാണ്. കോടതിയിൽ കേസ് എത്തുമ്പോൾ മുൻസിപ്പാലിറ്റി തോമസ് ചാണ്ടിക്ക് അനുകുലമാകുന്ന തരത്തിൽ നിലപാടുകൾ എടുക്കും. ഇതോടെ കോടതിക്ക് തോമസ് ചാണ്ടിക്ക് അനുകൂല വിധിയും പുറപ്പെടുവിക്കേണ്ടി വുരം. ഹൈക്കോടതി തീരുമാനം കാത്ത് നിൽക്കാതെ മുൻസിപ്പാലിറ്റി ഈ കേസിൽ കക്ഷി ചേർന്നത് തന്ത്രപരമായ ഇടപെടലായിരുന്നു.

ഇത്തരമൊരു നോട്ടീസ് കിട്ടിയാൽ തോമസ് ചാണ്ടിക്ക് കോടതിയെ സമീപിക്കാം. എല്ലാ അന്വേഷണങ്ങൾക്കും സ്റ്റേ ഉത്തരവും വാങ്ങാം. അങ്ങനെ താൽകാലിക ആശ്വാസം. അതുകഴിഞ്ഞ് ടിവി അനുപമയെ മാറ്റി പ്രശ്നം തീർക്കാം. അതിനിടെ, ലേക്ക് പാലസ്, മാർത്താണ്ഡം കായൽ ഭൂമി ഇടപാടുകൾ സംബന്ധിച്ച കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടിനെതിരെ റിസോർട്ട് ഉടമകളായ വാട്ടർ വേൾഡ് ടൂറിസം കമ്പനി കോടതിയലക്ഷ്യത്തിനു ഹൈക്കോടതിയിൽ കേസ് കൊടുത്തിട്ടുമുണ്ട്. ലേക്ക് പാലസിനു സമീപത്തെ ബണ്ട് നിർമ്മാണം സംബന്ധിച്ചു കോടതിയിൽ കേസുള്ളപ്പോഴാണു കലക്ടർ റിപ്പോർട്ട് തയാറാക്കിയതെന്നാണു പരാതി. കോടതിയിൽ നിന്ന് ആശ്വാസമാണ് ഏക പോവഴിയെന്ന് ഇടതു പക്ഷത്തെ നേതാക്കൾ തോമസ് ചാണ്ടിയെ അറിയിച്ചിട്ടുണ്ട്. എല്ലാ പിന്തുണയും വാഗ്ദാനം നൽകുകയും ചെയ്തു. ഇതിനൊപ്പം പ്രതിപക്ഷത്തെ പ്രമുഖരായ ചിലരും തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം ഉറപ്പിക്കാൻ കരുക്കൾ നീക്കുന്നുണ്ട്.

ആലപ്പുഴ ലേക്ക് പാലസിലെ മന്ത്രി തോമസ് ചാണ്ടിയുടെ കൈയേറ്റം മുഖ്യമന്ത്രി പിണറായി വിജയന് വലിയ തലവേദനയാണ്. ജില്ലാ കളക്ടർ ടിവി അനുപമയുടെ കണ്ടെത്തലുകൾ അതീവ ഗുരുതരമാണ്. കളക്ടറുടെ റിപ്പോർട്ടിൽ മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ടെന്നും അതിനാൽ തന്നെ കർശന നടപടി വേണമെന്നും റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂമി കൈയേറ്റം നടത്തിയെന്നാണ് കളക്ടറുടെ റിപ്പോർട്ട്. ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമായ ഇത് ക്രിമിനൽ കുറ്റമാണ്. മന്ത്രിയുടെ കൈയേറ്റത്തിന് ഒത്താശ ചെയ്ത മുൻ കളകടർ പത്മകുമാറിനും മുൻ ആർ.ഡി.ഒയ്ക്കുമെതിരെ നടപടി വേണമെന്നും റവന്യൂവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.