തിരുവനന്തപുരം: 2000ൽ കുവൈറ്റ്-ഇന്ത്യൻ സ്‌കൂൾ അഴിമതിയുമായി ബന്ധപ്പെട്ട് നാല് മലയാളികൾ കുറ്റക്കാരായതിൽ രണ്ട് പേർ കുവൈറ്റിൽ അറസ്റ്റിലായി. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സംസ്ഥാനങ്ങളിൽ ഏതിലെങ്കിലും എത്തിയാൽ നാല് പേരിലൊരാളായ ജയ്ഹിന്ദ് ചാനൽ എഡിറ്റർ ഇൻ ചീഫ് കെപി മോഹനനേയും അറസ്റ്റ് ചെയ്യാൻ കുവൈറ്റ് അഥോറിറ്റി ഉത്തരവിട്ടിരുന്നു. നാലമത്തെയാൾ ഇന്ന് ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയാണ്. തോമസ് ചാണ്ടിയേയും കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കിളിരൂർ സ്ത്രീ പീഡനക്കേസിലെ വിഐപി വിവാദത്തിലും തോമസ് ചാണ്ടിയുടെ പേര് ഉയർന്നു വന്നിരുന്നു. ആലപ്പുഴയിലെ ചാണ്ടിയുടെ റിസോർട്ടിൽ ശാരിയെ കൊണ്ടുവന്നതായിരുന്നു ഇതിന് കാരണം. കെപി മോഹനനും ഇവിടെ പരാമർശിക്കപ്പെട്ടു. എന്നാൽ കുവൈറ്റിലെ സുഹൃത്തുക്കളെ പൊലീസ് വെറുതെ വിട്ടു. ആരും അവരെ പ്രതിചേർത്തില്ല. ഈ സമയം കെപി മോഹനൻ ഏഷ്യാനെറ്റിന്റെ മാനേജിങ് എഡിറ്ററായിരുന്നു. ഉന്നത ബന്ധങ്ങളായിരുന്നു ഇതിനു കാരണവും.

കുവൈറ്റിലും തട്ടിപ്പിൽ നിന്ന് സമർത്ഥമായി രക്ഷപ്പെടാൻ ഇത്തരം ബന്ധങ്ങൾ ഇരുവർക്കും തുണയായെന്നാണ് സൂചന. കുവൈറ്റിലെ കേസിന്റെ നിലവിലെ അവസ്ഥയെ കുറിച്ചു പോലും ആർക്കും ഒരു പിടിത്തവുമില്ല. ഈ കേസിന് ശേഷവും കുവൈറ്റിൽ സ്വന്തം സാമ്രാജ്യം കരുത്തുള്ളതാക്കി മുന്നോട്ട് പോകാൻ തോമസ് ചാണ്ടിക്കായി. ഈ കേസിന് ശേഷമാണ് രാഷ്ട്രീയ പ്രവേശനം പോലും തോമസ് ചാണ്ടിയുടെ മനസ്സിലേക്ക് എത്തിയത്. ഒടുവിൽ മന്ത്രിപദമെന്ന ലക്ഷ്യസ്ഥാനത്ത് തോമസ് ചാണ്ടി എത്തുകയും ചെയ്യുന്നു.

5,000 ഇന്ത്യൻ വിദ്യാർത്ഥികൾ പഠിച്ചിരുന്ന കുവൈറ്റ് ഇന്ത്യൻ സ്‌കൂൾ അക്കൗണ്ടുകൾ ഒരു പ്രാഥമിക സൂക്ഷ്മ പരിശോധനയിൽ 40 കോടിദശലക്ഷം രൂപ കാണാനില്ലെന്നു വെളിപ്പെടുത്തി ശേഷം വിദ്യാർത്ഥികൾ, അവരുടെ മാതാപിതാക്കളും കുവൈറ്റ്-ഇന്ത്യൻ സ്‌കൂളിസെ 250ൽപ്പരം സ്റ്റാഫ് അംഗങ്ങൾ എന്നിവർ പ്രക്ഷേഭമുയർത്തിയിരുന്നു. ഇതേ തുടർന്ന് നടന്ന അന്വേഷണത്തിലാണ് കള്ളക്കളികൾ പൊളിഞ്ഞത്.

അറസ്റ്റിലായ സ്‌കൂൾ അഡ് ഹോക് കമ്മിറ്റി മുൻ ചെയർമാ, മാത്യു ഫിലിപ്പ്, 4 മാസത്തോളം കുവൈറ്റ് ജയിലിൽ കഴിയുകയും ചെയ്തു. കുവൈറ്റിൽ മറ്റൊരു സ്‌കൂൾ നടത്തിയിരുന്ന തോമസ് ചാണ്ടിക്ക് കുവൈറ്റ് ഇന്ത്യൻ സ്‌കൂളുമായി ബന്ധമുണ്ടായിരുന്നു. സ്‌കൂളിന് നൽകാനുണ്ടായിരുന്ന 60 ലക്ഷത്തോളം രൂപ തിരിച്ച് നൽകിയാണ് തോമസ് ചാണ്ടി അന്ന് രക്ഷപ്പെട്ടത്. ആ കേസിന്റെ അന്വേഷണവും നടപടി ക്രമങ്ങളും പൂർത്തിയാകുന്നത് വരെ കുവൈറ്റിന് പുറത്ത് പോകാൻ ചാണ്ടിക്ക് അനുമതിയുണ്ടായിരുന്നില്ല.

ജയ്ഹിന്ദ് മേധാവി കെ പി മോഹനന് പുറമേ കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ ബിഎംസി നായരായിരുന്നു മറ്റൊരു പ്രതി. കെപി മോഹനൻ അഡ്ഹോക് കമ്മിറ്റി അംഗമായിരുന്നു. അംബാസിഡർ എന്ന പദവി ഉപയോഗിച്ച് നായർ കമ്മിറ്റി രൂപീകരിക്കുകയും പിന്നീട് തട്ടിപ്പിന് കൂട്ട് നിൽക്കുകയുമായിരുന്നു. അന്നത്തെ എംബസി സെക്രട്ടറി സഞ്ചീവ് കുമാറിനേയും കേസിൽ ഉൾപ്പെടുത്തിയരുന്നു.

കുവൈറ്റ് നിയമ മന്ത്രാലയം കെപി മോഹനനെതിരെ അറസ്റ്റ് വാറൻഡ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കെപി മോഹനനെ കോടതിയിൽ ഹാജരാക്കാതെ തോമസ് ചാണ്ടിക്ക് കുവൈറ്റ് വിട്ട് പോകാൻ അനുമതിയുണ്ടായിരുന്നില്ല. കെപി മോഹനൻ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിൽ മോഹനൻ നൽകേണ്ട 90 ലക്ഷം രൂപ നൽകേണ്ട ബാധ്യതയും ചാണ്ടിയുടെ മേൽ വന്ന് വീഴുകയായിരുന്നു.

എന്നാൽ ഈ വിഷയത്തിൽ കെപി മോഹനന്റെ പ്രതികരണം അവ്യക്തമായിരുന്നു. സ്‌കൂളിന്റെ നന്മ മാത്രം ലക്ഷ്യം വച്ചാണ് താൻ പെരുമാറിയിട്ടും പ്രവർത്തിച്ചിട്ടുള്ളതുമെന്നായിരുന്നു വിശദീകരണം. എന്നാൽ താൻ കാരണം സുഹൃത്തുക്കൾക്ക് കുവൈറ്റിൽ അനുഭവിക്കേണ്ടി വന്ന നിയമ നൂലാമാലാകളെ കുറിച്ച് കെ പി മോഹനൻ മൗനം പാലിക്കുകയായിരുന്നു. പിന്നീടൊരിക്കലും കെപി മോഹനൻ കുവൈറ്റിലേക്ക് പോയിട്ടില്ലെന്നാണ് സൂചന. കേസിലെ പ്രതിയായിരുന്ന നായർ പിന്നീട് തമിഴ്‌നാട്ടിൽ ചില ബിസിനസുകളുമായി മുന്നോട്ട് പോയപ്പോയി. തോമസ് ചാണ്ടിയെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം സ്വീകാര്യമെന്ന് കുവൈറ്റ് ഇന്ത്യൻ സ്‌കൂളിന്റെ പുതിയ മാനേജിങ് കമ്മിറ്റി പ്രഖ്യാപിച്ചു. പിന്നീട് കേരളത്തിൽ നിന്നും കുവൈറ്റ്ിലേക്കുള്ള ഒരു യാത്രയിൽ ചാണ്ടി പൊലീസ് വലയിലാവുകയും ചെയ്തുവെന്നും സൂചനയുണ്ട്. എന്നാൽ ഉന്നത ബന്ധങ്ങളുടെ പിൻബലത്തിൽ രക്ഷപ്പെടുകയായിരുന്നു. ഈ കേസിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ആർക്കും ഒരു പിടിത്തവുമില്ല.

കേസിന് ശേഷം കേരളത്തിലെത്തിയ കെപി മോഹനൻ ഏഷ്യാനെറ്റിൽ മാനേജിങ് എഡിറ്ററായി. പിന്നീട് രാജീവ് ചന്ദ്രശേഖറിന് ഏഷ്യാനെറ്റ് കൈമാറിയപ്പോൾ കെ പി മോഹനൻ അവിടം വിട്ടു. കോൺഗ്രസ് ചാനലായ ജയ്ഹിന്ദ് ടിവിയുടെ തലവനായി. ഇപ്പോഴും അതിന്റെ തലപ്പത്ത് തുടരുന്നു. തോമസ് ചാണ്ടിയാകട്ടെ രാഷ്ട്രീയത്തിൽ സജീവമായി മന്ത്രിപദത്തിലെത്തുന്നു. അപ്പോഴും കുവൈറ്റുമായുള്ള ബന്ധം വിട്ടതുമില്ല. കുവൈറ്റിലെ മൂന്ന് സ്‌കൂളുകളുടെയും സൗദി അറേബ്യയിലെ ഒരു സ്‌കൂളിന്റെയും ചെയർമാനാണ് തോമസ് ചാണ്ടി ഇപ്പോഴും. ആലപ്പുഴ പുന്നമടയിലെ ലേക്പാലസ് റിസോർട്ടിന്റെ ഉടമയാണ്.

കല്ലേകടമ്പിൽ തറവാട് വെട്ടിക്കാട് കളത്തിൽപറമ്പിൽ വി സി തോമസിന്റെയും ഏലിയാമ്മയുടെയും മകനായി 1947 ഓഗസ്റ്റ് 29ന് ചേന്നങ്കരിയിലാണ് ജനനം. ചേന്നങ്കരി ദേവമാതാ സ്‌കൂൾ, കൈനകരി സെന്റ് മേരീസ് ഹൈസ്‌കൂൾ, ആലപ്പുഴ ലീയോ തേർട്ടീന്ത് സ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾപഠനം. മദ്രാസിൽനിന്ന് ടെലികമ്യൂണിക്കേഷനിൽ ഡിപ്‌ളോമ നേടി. കുവൈത്ത് ഇന്ത്യൻഓവർസീസ് കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു ദീർഘകാലം. കുവൈത്ത് യുദ്ധകാലത്ത് ഇവാക്യുവേഷൻ കമ്മിറ്റിയിൽ അംഗമായി. സന്ദർശക വിസയിൽ കുവൈറ്റിൽ ചെല്ലുന്നത് 1975ൽ. അന്നേ യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനാണ്. കെ. കരുണാകരനായിരുന്നു ഇഷ്ടനേതാവ്. കരുണാകരനോടുള്ള വ്യക്തിപരമായ അടുപ്പമാണ് വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകാൻ വഴിയൊരുക്കിയത്.

2006ൽ കെ. കരുണാകരെന്റ ഡി.ഐ.സി(കെ) മത്സരിച്ച 17 മണ്ഡലങ്ങളിൽ തോമസ് ചാണ്ടി മാത്രമാണ് വിജയിച്ചത്. പിന്നീട് പാർട്ടി നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻ.സി.പി) ലയിച്ചു. 2011ൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി രണ്ടാം വിജയം. 2016ൽ ഹാട്രിക് വിജയം ആവർത്തിച്ചപ്പോഴും മന്ത്രിപദം ലഭിച്ചില്ല. അഞ്ചാം തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.കെ. ശശീന്ദ്രനുവേണ്ടി മന്ത്രിമോഹത്തിൽ വിട്ടുവീഴ്ചചെയ്തു. പത്ത് വർഷത്തോളം കുവൈത്തിലെ വിവിധ കമ്പനികളിൽ ജോലിനോക്കിയ തോമസ് ചാണ്ടി പ്രവാസലോകത്ത് അറിയപ്പെടുന്നത് കുവൈത്ത് ചാണ്ടി എന്നാണ്.

1985ൽ യുൈനറ്റഡ് ഇന്ത്യൻ സ്‌കൂൾ എന്ന പേരിൽ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ച തോമസ് ചാണ്ടിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 6500 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സി.ബി.എസ്.ഇ സ്‌കൂളും 4500 വിദ്യാർത്ഥികൾ പഠിക്കുന്ന കുവൈത്തിലെതന്നെ ഇന്ത്യൻ പബ്ലിക് സ്‌കൂളും തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ളതാണ്. സൗദിയിൽ ആരംഭിച്ച അൽ അലിയ ഇന്റർനാഷനൽ സ്‌കൂളിൽ 5000 വിദ്യാർത്ഥികളാണുള്ളത്. ആയിരത്തിലേറെ അദ്ധ്യാപകരും അനവധി മറ്റ് ജീവനക്കാരും ഈ സ്ഥാപനങ്ങളിൽ ജോലിനോക്കുന്നുണ്ട്.