ആലപ്പുഴ : മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്കുള്ള റോഡ് നിർമ്മാണം സംബന്ധിച്ചു ഹാർബർ എൻജിനീയറിങ് വകുപ്പും മാർത്താണ്ഡം കായൽ കയ്യേറിയെന്ന ആരോപണത്തെക്കുറിച്ചു റവന്യൂ വകുപ്പും അന്വേഷണം തുടങ്ങി. അതിനിടെ മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടുമായി ബന്ധപ്പെട്ട 32 ഫയലുകൾ ആലപ്പുഴ നഗരസഭയിൽനിന്ന് കാണാതായി. മന്ത്രിക്കെതിരായ ആരോപണങ്ങളിൽ റവന്യൂമന്ത്രി ഇ ചന്ദ്രേശരൻ റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്. ഇതോടെ പിണറായി മന്ത്രിസഭയിലെ പ്രമുഖൻ കൈയേറ്റ സ്വജനപക്ഷപാത ആരോപണങ്ങളിൽ പെടുകയാണ്. തോമസ് ചാണ്ടി പണത്തിന്റെ കരുത്തിലാണ് മന്ത്രിയായതെന്ന വാദം സജീവമാണ്. പിണറായി സർക്കാരിന്റെ ആദ്യ ഘട്ടത്തിൽ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽ എടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു പിണറായി. എന്നാൽ എൻസിപിയിലെ ശശീന്ദ്രൻ ഹണി ട്രാപ് വിവാദത്തിൽ കുടുങ്ങിയത് തോമസ് ചാണ്ടിക്ക് ഗുണമായി. അതിന് ശേഷം ആർക്കും തോമസ് ചാണ്ടിയുടെ മന്ത്രിപദവിയിലേക്കുള്ള വരവിനെ തടുക്കാനായില്ല.

പുതിയ വിവാദത്തോടെ തോമസ് ചാണ്ടിയുടെ ഗ്ലാമർ ഇടിയുകയാണ്. പിണറായി പ്രതിസന്ധിയിലേക്കും. തോമസ് ചാണ്ടിയുടെ രാജി ചോദിച്ചു വാങ്ങാൻ മുഖ്യമന്ത്രി തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഭരണ സ്വാധീനത്തിന് തെളിവാണ് ഫയലുകൾ നഷ്ടപ്പെട്ട നടപടി. ഇതോടെ മന്ത്രിസ്ഥാനത്ത് തോമസ് ചാണ്ടി തുടരുമ്പോഴുള്ള അേേന്വഷണം പ്രഹസനമാകുമെന്ന വാദവും ഉയരുന്നു. റിസോർട്ട് നിർമ്മാണത്തിന് 2000 ൽ അനുമതി നൽകിയതുമായി ബന്ധപ്പെട്ട ഫയലുകളാണ് കാണാതായിട്ടുള്ളത്. ഇതോടെ ഭരണസ്വാധീനമാണ് എ്ല്ലാത്തിനും കാരണമെന്ന വാദവും സജീവമായി. ഇതോടെ മന്ത്രിസ്ഥാനം തോമസ് ചാണ്ടി ഒഴിയണമെന്ന പൊതുവികാരമാണ് ഉയരുന്നത്. മന്ത്രിക്കെതിരെ എൻസിപിയിലും കലാപമാണ്. പാർട്ടി അധ്യക്ഷൻ ഉഴവൂർ വിജയന്റെ മരണത്തിലും മന്ത്രി സംശയ നിഴലിലാണ്. അതിന് പിറകെയാണ് കായൽ നികത്തൽ വിവാദം. കുട്ടനാട്ടിൽ വൻ തോതിൽ തോമസ് ചാണ്ടി ഭൂമി കൈയേറിയെന്നാണ് ആക്ഷേപം. വിവാദങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ മന്ത്രിക്കും കഴിയുന്നില്ല. അനധികൃത നിർമ്മാണത്തിന് ശേഷം പിഴയടച്ച് എല്ലാം തന്റേതാക്കുന്ന രീതിയാണ് തോമസ് ചാണ്ടിക്കുള്ളത്.

ഫയലുകൾ കാണാതെ പോയത് സർക്കാരിനേയും ഞെട്ടിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്തെങ്കിലും തരത്തിലുള്ള ഗൂഢനീക്കം ഇതിന് പിന്നിലുണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇതേത്തുടർന്ന് നഗരസഭാ അധ്യക്ഷൻ സെർച്ച് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഫയലുകൾ എത്രയും വേഗം കണ്ടെത്തണമെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ആലപ്പുഴ നഗരസഭ അധികൃതർ മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിലെത്തി പരിശോധന നടത്തിയിരുന്നു. നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതേത്തുടർന്ന് ഒറിജിനൽ ഫയലുകൾ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് ഫയലുകൾ കാണാതായെന്ന് വ്യക്തമായത്. രണ്ട് ഫയലുകൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്. അതിനിടെ ലേക് പാലസ് റിസോർട്ടിലേക്ക് അനധികൃതമായി റോഡ് നിർമ്മിച്ചുവെന്ന ആരോപണത്തിൽ ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്ന് തോമസ് ചാണ്ടി അറിയിച്ചു. ഒരിഞ്ചു ഭൂമി പോലും കൈയേറിയിട്ടില്ല. വേണമെങ്കിൽ സിബിഐ തന്നെ അന്വേഷിക്കട്ടെയെന്ന നിലപാടിലാണ് മന്ത്രി തോമസ് ചാണ്ടി.

അതിനിടെ ഈ സർക്കാരിന്റെ കാലത്ത് കൈയേറ്റം നടന്നിട്ടില്ലെന്നാണ് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൈയേറ്റം നടന്നിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് റവന്യൂമന്ത്രി പറഞ്ഞിരുന്നു. ഇതിനൊപ്പം മന്ത്രിയുടെ റിസോർട്ടിലേക്കുള്ള റോഡുനിർമ്മാണവും മാർത്താണ്ഡം കായലിലെ നിലംനികത്തലും വിവാദം കൊഴുപ്പിച്ചു. ആലപ്പുഴയിൽ ഒരു കിലോമീറ്റർ റോഡ് നിർമ്മാണത്തിന് അനുവദിച്ച പണമുപയോഗിച്ച് മന്ത്രിയുടെ റിസോർട്ട് വരെയുള്ള 400 മീറ്റർവരെമാത്രം ടാർ ചെയ്തുവെന്നാണ് ഒരു പരാതി. തുറമുഖവിഭാഗത്തിന്റെ പണമുപയോഗിച്ചാണ് ഇത് ചെയ്തത്. 28.5 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചു. ഈ സാഹചര്യത്തിൽ: മന്ത്രി തോമസ് ചാണ്ടിക്കും പാർട്ടി സംസ്ഥാന അധ്യക്ഷന്റെ ചുമതല വഹിക്കുന്ന ടി.പി. പീതാംബരൻ മാസ്റ്റർക്കുമെതിരെ എൻ.സി.പി.യിൽ പടയൊരുക്കം ശക്തമായി. പാർട്ടിയുടെ പിളർപ്പിലേക്ക് വരെ എത്താവുന്ന വിധത്തിൽ സംസ്ഥാനത്ത് ഇരു വിഭാഗങ്ങളും സംഘടിച്ചിരിക്കുകയാണ്.

കായൽ കൈയേറ്റമടക്കമുള്ള ആരോപണങ്ങൾ നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നു കാട്ടി ചാണ്ടിവിരുദ്ധർ പാർട്ടിക്കുള്ളിൽ കടുത്ത സമ്മർദം ചെലുത്തുകയാണ്. ആരോപണം ഉണ്ടായാൽ മന്ത്രിമാർ രാജിവയ്ക്കുന്നതാണ് ഇടതു കീഴ്‌വഴക്കമെന്നും എ.കെ. ശശീന്ദ്രന്റെ മാതൃക അതിന് സ്വീകരിക്കണമെന്നുമാണ് ചാണ്ടിവിരുദ്ധർ ആവശ്യപ്പെടുന്നത്. എട്ടു ജില്ലകളിലെ എൻ.സി.പി. പ്രസിഡന്റുമാർ യോഗം ചേർന്ന് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ്. അതിനൊപ്പം, സംസ്ഥാന നേതൃത്വത്തിലെ മുതിർന്നവർ കോഴിക്കോട്ട് യോഗം ചേർന്ന് സംസ്ഥാന കമ്മിറ്റിയിൽ ഈ ആവശ്യം ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നിർവാഹക സമിതി അംഗങ്ങളുടെ യോഗം 20 ന് കൊച്ചിയിൽ ചേരും. ഈ യോഗത്തിൽ തോമസ് ചാണ്ടി ഒറ്റപ്പെടാനാണ് സാധ്യത. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രസിഡന്റുമാർ തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. മറ്റു ജില്ലകളിൽ നിന്നുള്ള സംസ്ഥാന-ബ്ലോക്ക് നേതാക്കൾ തങ്ങൾക്കൊപ്പമാണെന്നും ചാണ്ടിവിരുദ്ധർ അവകാശപ്പെടുന്നുണ്ട്.

സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്റെ ദേഹവിയോഗത്തിന്ു മുമ്പുതന്നെ എൻ.സി.പി.യിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായിരുന്നു. ചാണ്ടി അനുകൂലിയായ ബോർഡ് ചെയർമാൻ, ഫോണിൽ മോശമായി പെരുമാറിയെന്നും അതേ തുടർന്നാണ് ഉഴവൂരിന്റെ ശാരീരികാവശതകൾ കൂടിയതെന്നുമുള്ള പരാതി ശശീന്ദ്രനെ അനുകൂലിക്കുന്നവർ ഉന്നയിച്ചിട്ടുണ്ട്. ഉഴവൂരിന്റെ കുടുംബത്തിന്റെ പരാതിയിൽ ഇതേക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പമാണ് കായൽ കൈയേറ്റവും റിസോർട്ടിലേക്കുള്ള റോഡ് നിർമ്മാണവും വിനയാകുന്നത്. ആലപ്പുഴ ചുങ്കം വലിയകുളം മുതൽ സീറോ ജെട്ടിവരെയുള്ള ഈ റോഡ് നിർമ്മാണത്തിന് കെ.ഇ. ഇസ്മായിൽ, പ്രൊഫ. പി.ജെ. കുര്യൻ എന്നിവരുടെ എംപി.ഫണ്ടിൽ നിന്നുമാണ് തുക ചെലവഴിച്ചിരുന്നത്. സർക്കാർ കർഷകത്തൊഴിലാളികൾക്ക് പതിച്ച് നല്കിയ മാർത്താണ്ഡത്തിലെ ഭൂമിവാങ്ങി മന്ത്രിക്ക് പങ്കാളിത്തമുള്ള വാട്ടർ വേൾഡ് ടൂറിസം കമ്പനി നികത്തുന്നുവെന്നാണ് ആരോപണം.

വർഷങ്ങൾക്ക് മുമ്പ് നികത്തിത്തുടങ്ങിയപ്പോൾ സി.പി.എം.പ്രാദേശിക നേതൃത്വം ഇവിടെ കൊടികുത്തി പ്രതിഷേധിച്ചു. പിന്നീട് പ്രതിഷേധം ഇല്ലാതായി. കായലിലൂടെ ജങ്കാറിൽ ലോറിയിൽ മണ്ണെത്തിച്ചാണ് നികത്തുന്നത്. കർഷകർക്ക് കൃഷി നോക്കാനുള്ള സൗകര്യത്തിനാണ് നിലം നികത്താനും വീടുവയ്ക്കാനും സർക്കാർ അനുമതി നല്കിയിരുന്നത്. വിവിധ പാടശേഖരങ്ങളിലേക്ക് പോകുന്നതിനുണ്ടായിരുന്ന ചെറു പാതകളും നികത്തലിലൂടെ ഇല്ലാതായി. കർഷകർക്കുള്ള അനുമതിയുടെ മറവിലാണ് തോമസ് ചാണ്ടി നിർമ്മാണങ്ങൾ നടത്തിയത്. ലേക് പാലസ് റിസോട്ടിനു മുൻവശം അഞ്ചുകിലോമീറ്ററോളം കായൽ വേലികെട്ടി വേർതിരിച്ച് അധീനതയിലാക്കിയെന്നും ആക്ഷേപമുണ്ട്. പ്ലാസ്റ്റിക് ബോയയും ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന പൈപ്പും മുളങ്കമ്പും ഉപയോഗിച്ചാണ് ഈ പ്രദേശം കൈയടക്കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളിവള്ളവും പുരവഞ്ചിയും ഈ മേഖലയിലൂടെ സഞ്ചരിക്കുന്നത് ഹോട്ടൽ അധികൃതർ വിലക്കിയിട്ടുമുണ്ട്.

അതിനിടെ റോഡുപണി പൂർത്തിയാക്കാതിരുന്നത് പണം തീർന്നുപോയതുകൊണ്ടാണെന്ന് മന്ത്രി തോമസ് ചാണ്ടി പറഞ്ഞു. റിസോർട്ടിന്റെ പരിസരംവരെയുള്ള റോഡ് ടാർ ചെയ്തപ്പോൾ പണം തീർന്നു. മാർത്താണ്ഡം കായൽ നിലം നികത്തിയിട്ടില്ല. പുരയിടത്തിൽ മണ്ണിട്ടുയർത്തുകയാണ് ചെയ്തത്. ഇക്കാര്യം സിബിഐ.പോലുള്ള ഏജൻസികൾ അന്വേഷിക്കണം. സംസ്ഥാനത്തെ ഏജൻസികൾ അന്വേഷിച്ചാൽ സ്വാധീനിച്ചെന്ന ആരോപണം ഉണ്ടാകും. അതിനാലാണ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെടുന്നത്. റിസോട്ടിന് മുൻവശം കായൽ കൈയടക്കിയിട്ടില്ല. പോളശല്യം ഒഴിവാക്കാനാണ് വേലികെട്ടിവച്ചത്. മുൻകളക്ടർ കെ.ആർ. വിശ്വംഭരന്റെ ഉപദേശപ്രകാരമാണ് ഇങ്ങനെ ചെയ്തത്. എപ്പോൾ വേണമെങ്കിലും മാറ്റിക്കൊടുക്കാമെന്ന് അധികൃതർക്ക് ഉറപ്പുനല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

റിസോർട്ട് റോഡു നിർമ്മാണത്തിൽ അപാകതയില്ലെന്നു ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. മാർത്താണ്ഡം കായൽ കയ്യേറ്റം സംബന്ധിച്ച് അന്വേഷണത്തിനു ലാൻഡ് റവന്യൂ കമ്മിഷണർക്കു മന്ത്രി ഇ.ചന്ദ്രശേഖരൻ നിർദ്ദേശം നൽകി. പ്രാഥമിക റിപ്പോർട്ടിൽ കയ്യേറ്റം കണ്ടെത്തിയാൽ വിശദമായ അന്വേഷണം നടത്തും. ലേക് പാലസിലേക്കുള്ള റോഡു നിർമ്മാണത്തിനു 2015ൽ കഴിഞ്ഞ സർക്കാരാണ് അനുമതി നൽകിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ച പറയാനാകില്ലെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. തോമസ് ചാണ്ടി ഒരു റോഡു നിർമ്മിച്ചത് ഇത്ര വലിയ കാര്യമാണോയെന്ന് മന്ത്രി ജി.സുധാകരനും പ്രതികരിച്ചു.