തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ കുരുക്ക് മുറുകുന്നു. ഏഷ്യാനെറ്റിനെ ഭയപ്പെടുത്താൻ കഴിഞ്ഞ ദിവസം 10 കോടിയുടെ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഭീഷണിപ്പെടുത്താനായിരുന്നു ഇത്. എന്നാൽ കൂടുതൽ ഞെട്ടിക്കുന്ന തെളിവുകളാണ് ഏഷ്യാനെറ്റ് ഇന്ന് പുറത്തുവിട്ടത്. ലേക് പാലസ് ഹോട്ടൽ കായൽ കൈയേറിയെന്നായിരുന്നു വാർത്ത. ഇത് തന്റെ റിസോർട്ടാണെന്നും കൈയേറിയിട്ടില്ലെന്നും ഇന്നലെ നിയമസഭയിൽ തോമസ് ചാണ്ടി പറഞ്ഞിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഈ ഹോട്ടൽ തന്റേതാണെന്ന് തോമസ് ചാണ്ടി വെളിപ്പെടുത്തിയിരുന്നില്ല. അതായ തെരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ സത്യവാങ്മൂലം നൽകി. ഇതിന്റെ തെളിവുകളാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടത്. ഇതോടെ മന്ത്രി കൂടുതൽ കുരുക്കിലായി. എംഎൽഎ സ്ഥാനം പോലും രാജിവയ്‌ക്കേണ്ടി വരുന്ന അവസ്ഥ. കുറ്റം തെളിഞ്ഞാൽ തെരഞ്ഞെടുപ്പിന് അയോഗ്യതയും വരും. ഏഷ്യാനെറ്റിനോട് കളിക്കാൻ പോയി രാഷ്ട്രീയം പോലും അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ് തോമസ് ചാണ്ടി ഇപ്പോൾ.

ലേക് പാലസ് റിസോർട്ടിലെ സ്വത്തിനെ കുറിച്ച് ഈ സത്യവാങ് മൂലത്തിൽ പരാമർശമില്ല . എന്നാൽ 150 കോടി ലേക് പാലസിൽ മുടക്കിയെന്ന് തോമസ് ചാണ്ടി നിയമസഭയിൽ പറഞ്ഞിരുന്നു . തോമസ് ചാണ്ടിയുടെ മാത്രം പേരിൽ ലേക് പാലസിൽ 13 കെട്ടിടങ്ങളാണുള്ളത്. വ്യാപാരസമുച്ചയം ഇല്ലെന്നായിരുന്നു തോമസ് ചാണ്ടിയുടെ സത്യവാങ്മൂലം . നാമനിർദ്ദേശപത്രികയിൽ തോമസ് ചാണ്ടിയുടെ സ്വത്ത് 92 കോടി മാത്രമാണുള്ളത്. സ്വത്തുവിവരം മറച്ചുവയ്ക്കുന്നത് ഗുരുതരകുറ്റമാണ്. ഇതോടെ ചർച്ചകൾക്ക് പുതിയ മാനം വന്നു. ലേക് പാലസ് ഹോട്ടൽ തോമസ് ചാണ്ടിയുടേതാണെന്ന് ഏവർക്കും അറിയാം. എന്നിട്ടും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ തെറ്റ് ആരും ശ്രദ്ധിച്ചില്ല. അതാണ് ഇപ്പോൾ ഏഷ്യാനെറ്റ് തുറന്നുകാട്ടിയത്. ഇതോടെ പ്രതിപക്ഷ പാർട്ടികൾ തോമസ് ചാണ്ടിക്കെതിരെ നിയമ പോരാട്ടത്തിനും തയ്യാറെടുക്കുകയാണ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വ്യാജ വിവരങ്ങൾ കൊടുത്തുവെന്ന ക്രിമിനൽ കുറ്റാണ് ഇത്.

തോമസ് ചാണ്ടി കായൽ കയ്യേറിയിട്ടില്ലെന്ന് റവന്യുവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നരരുന്നു. മാർത്താണ്ഡം കായലിൽ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് ആലപ്പുഴ കലക്ടർ വീണ എൻ.മാധവൻ പറഞ്ഞു. മണ്ണിട്ടു നികത്തിയ ഭാഗം, ഭൂനികുതി രജിസ്റ്ററിൽ പുരയിടമായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ തോമസ് ചാണ്ടിക്ക് നേരിയ ആശ്വാസം വന്നിരുന്നു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോർട്ട് നിർമ്മിക്കാൻ കായൽ കയ്യേറിയെന്ന ആരോപണവും തെറ്റാണെന്നാണ് തഹസിൽദാർ തയാറാക്കിയ പ്രാഥമിക റിപ്പോർട്ട്. വിശദമായ അന്വേഷണം തുടരുമെന്ന് കലക്ടർ അറിയിച്ചു. നഗരസഭയുടെ റവന്യു വിഭാഗം ലേക് പാലസ് റിസോർട്ടിൽ ഇന്നും പരിശോധന നടത്തി.

അതേസമയം, ഒരു സെന്റ് ഭൂമിയെങ്കിലും കയ്യേറിയെന്നു തെളിയിച്ചാൽ മന്ത്രിപദവും എംഎൽഎ സ്ഥാനവും രാജിവയ്ക്കാമെന്ന് തോമസ് ചാണ്ടി നിയമസഭയിൽ വ്യക്തമാക്കി. റിസോർട്ടിനരികിലൂടെയുള്ള റോഡ് നിർമ്മിച്ചത് 249 കുടുംബങ്ങളുടെ ആവശ്യപ്രകാരമാണ്. പ്രതിപക്ഷനേതാവും സംഘവും റിസോർട്ട് സന്ദർശിച്ചു കാര്യങ്ങൾ മനസ്സിലാക്കണമെന്നും തോമസ് ചാണ്ടി ആവശ്യപ്പെട്ടു. തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നു മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിൽ വ്യക്തമാക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ ഹോട്ടൽ തന്റേതാണെന്ന് തോമസ് ചാണ്ടി സമ്മതിച്ചു കഴിഞ്ഞു. ഈ ഹോട്ടലിന്റെ കാര്യമാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മറച്ചുവച്ചത്. തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിലേക്കുള്ള പ്രധാനവഴിയിലും പാർക്കിങ് സ്ഥലത്തും അനധികൃത നിലം നികത്തെന്ന് കണ്ടെത്തിയിട്ടും അന്നത്തെ ജില്ലാ കളക്ടർ എൻ പത്മകുമാർ എല്ലാം നിയമാനുസൃതമാക്കിക്കൊടുത്തുവെന്നും ഏഷ്യാനെറ്റ് ഇതിനിടെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നികത്തൽ നടക്കുമ്പോൾ സ്ഥലം സന്ദർശിച്ച ആർഡിഒ അടക്കമുള്ള മൂന്ന് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിലും അനധികൃത നികത്ത് കണ്ടെത്തിയിട്ടും റിപ്പോർട്ട് തോമസ് ചാണ്ടിക്ക് വേണ്ടി അട്ടിമറിച്ചു.

റിസോർട്ട് കമ്പനിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത ആർഡിഒ റിപ്പോർട്ട് കളക്ടർ മാസങ്ങൾ പൂഴ്‌ത്തി വെച്ചു. വില്ലേജോഫീസർ നൽകിയ സ്റ്റോപ്പ് മെമോ കൊണ്ട് ഒന്നരവർഷം പണി തടസ്സപ്പെട്ടു എന്നതാണ് പരാതി കൊണ്ടുണ്ടായ ഏകനേട്ടം. നെൽകൃഷി ചെയ്യുന്ന പാടത്ത് പിന്നീട് അനധികൃത നികത്തലിന്റെ ഘോഷയാത്രയായിരുന്നു.. ഏഷ്യാനെറ്റ്‌ന്യൂസ് അന്വേഷണം. മന്ത്രി തോമസ് ചാണ്ടി കോടികൾ മുടക്കി പണിത റിസോർട്ടിലേക്ക് പുന്നമടക്കായൽ വഴി മാത്രമായിരുന്നു അഞ്ച് വർഷം മുമ്പ് വരെ പ്രവേശനം. റോഡ് മാർഗ്ഗം റിസോർട്ടിലെത്തിലെത്തുക എന്ന ലക്ഷ്യമായിരുന്നു മന്ത്രി തോമസ് ചാണ്ടിക്ക്. ഒടുവിൽ എല്ലാ നിയമങ്ങളെയും കാറ്റിൽപ്പറത്തിയും ഉദ്യോഗസ്ഥരെ സ്വന്തം കൈപ്പിടിയിൽ നിർത്തിയും കൃഷി ചെയ്യുന്ന വയൽനികത്തി തോമസ് ചാണ്ടി അത് നേടിയെടുത്തുവെന്നാണ് ആക്ഷേപം.

പുതിയ വിവാദത്തോടെ തോമസ് ചാണ്ടിയുടെ ഗ്ലാമർ ഇടിയുകയാണ്. പിണറായി പ്രതിസന്ധിയിലേക്കും. തോമസ് ചാണ്ടിയുടെ രാജി ചോദിച്ചു വാങ്ങാൻ മുഖ്യമന്ത്രി തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. പാർട്ടി അധ്യക്ഷൻ ഉഴവൂർ വിജയന്റെ മരണത്തിലും മന്ത്രി സംശയ നിഴലിലാണ്. അതിന് പിറകെയാണ് കായൽ നികത്തൽ വിവാദം. കുട്ടനാട്ടിൽ വൻ തോതിൽ തോമസ് ചാണ്ടി ഭൂമി കൈയേറിയെന്നാണ് ആക്ഷേപം. കായൽ കൈയേറ്റമടക്കമുള്ള ആരോപണങ്ങൾ നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്ക് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്നു കാട്ടി ചാണ്ടിവിരുദ്ധർ പാർട്ടിക്കുള്ളിൽ കടുത്ത സമ്മർദം ചെലുത്തുകയാണ്. ആരോപണം ഉണ്ടായാൽ മന്ത്രിമാർ രാജിവയ്ക്കുന്നതാണ് ഇടതു കീഴ്‌വഴക്കമെന്നും എ.കെ. ശശീന്ദ്രന്റെ മാതൃക അതിന് സ്വീകരിക്കണമെന്നുമാണ് ചാണ്ടിവിരുദ്ധർ ആവശ്യപ്പെടുന്നത്. എട്ടു ജില്ലകളിലെ എൻ.സി.പി. പ്രസിഡന്റുമാർ യോഗം ചേർന്ന് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ്. അതിനൊപ്പം, സംസ്ഥാന നേതൃത്വത്തിലെ മുതിർന്നവർ കോഴിക്കോട്ട് യോഗം ചേർന്ന് സംസ്ഥാന കമ്മിറ്റിയിൽ ഈ ആവശ്യം ഉന്നയിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നിർവാഹക സമിതി അംഗങ്ങളുടെ യോഗം 20 ന് കൊച്ചിയിൽ ചേരും. ഈ യോഗത്തിൽ തോമസ് ചാണ്ടി ഒറ്റപ്പെടാനാണ് സാധ്യത. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രസിഡന്റുമാർ തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരാണ്. മറ്റു ജില്ലകളിൽ നിന്നുള്ള സംസ്ഥാന-ബ്ലോക്ക് നേതാക്കൾ തങ്ങൾക്കൊപ്പമാണെന്നും ചാണ്ടിവിരുദ്ധർ അവകാശപ്പെടുന്നുണ്ട്. സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്റെ ദേഹവിയോഗത്തിന്ു മുമ്പുതന്നെ എൻ.സി.പി.യിൽ ആഭ്യന്തര പ്രശ്‌നങ്ങൾ രൂക്ഷമായിരുന്നു. ചാണ്ടി അനുകൂലിയായ ബോർഡ് ചെയർമാൻ, ഫോണിൽ മോശമായി പെരുമാറിയെന്നും അതേ തുടർന്നാണ് ഉഴവൂരിന്റെ ശാരീരികാവശതകൾ കൂടിയതെന്നുമുള്ള പരാതി ശശീന്ദ്രനെ അനുകൂലിക്കുന്നവർ ഉന്നയിച്ചിട്ടുണ്ട്. ഉഴവൂരിന്റെ കുടുംബത്തിന്റെ പരാതിയിൽ ഇതേക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. ഇതിനൊപ്പമാണ് കായൽ കൈയേറ്റവും റിസോർട്ടിലേക്കുള്ള റോഡ് നിർമ്മാണവും വിനയാകുന്നത്. ആലപ്പുഴ ചുങ്കം വലിയകുളം മുതൽ സീറോ ജെട്ടിവരെയുള്ള ഈ റോഡ് നിർമ്മാണത്തിന് കെ.ഇ. ഇസ്മായിൽ, പ്രൊഫ. പി.ജെ. കുര്യൻ എന്നിവരുടെ എംപി.ഫണ്ടിൽ നിന്നുമാണ് തുക ചെലവഴിച്ചിരുന്നത്. സർക്കാർ കർഷകത്തൊഴിലാളികൾക്ക് പതിച്ച് നല്കിയ മാർത്താണ്ഡത്തിലെ ഭൂമിവാങ്ങി മന്ത്രിക്ക് പങ്കാളിത്തമുള്ള വാട്ടർ വേൾഡ് ടൂറിസം കമ്പനി നികത്തുന്നുവെന്നാണ് ആരോപണം.