- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് കിലോമീറ്ററോളം കായൽ വേലികെട്ടി തിരിച്ചു സ്വന്തം റിസോർട്ടിന്റെ ഭാഗമാക്കി മാറ്റി; പൊതുജനങ്ങൾക്ക് ഒരു കിലോമീറ്റർ റോഡ് നിർമ്മിക്കാൻ അനുവദിച്ച പണം ഉപയോഗിച്ച് റിസോർട്ടിന്റെ മുൻപിലേക്ക് 400 മീറ്റർ റോഡ് പണിതു; പോരാഞ്ഞിട്ട് ക്ഷേത്രവക ഭൂമി വ്യാജരേഖ ഉണ്ടാക്കി കൈയടക്കി; പാവപ്പെട്ട മുതലാളിക്ക് സർവത്ര നികുതി ഇളവും: മന്ത്രിസഭയിലെ അതിസമ്പന്നൻ നാട്ടുകാരെ നോക്കി കൊഞ്ഞണം കുത്തി കൊള്ളയടിച്ചതിന്റെ വിശദമായ റിപ്പോർട്ടുമായി കലക്ടർ അനുപമ തലസ്ഥാനത്ത്
തിരുവനന്തപുരം: അഴിമതിക്കെതിരെ പോരാട്ടം നയിക്കുന്ന പിണറായി വിജയൻ സർക്കാർ അതിസമ്പന്നൻ മന്ത്രിക്കെതിരെ ചെറുവിലൽ അനക്കാൻ തയ്യാറാകുമോ? അടിമുടി ക്രമക്കേടും വെട്ടിപ്പും പതിവാക്കിയ തോമസ് ചാണ്ടി എന്ന വ്യക്തിയെ മന്ത്രിയാക്കിയത് തന്നെ ഇടതു സർക്കാറിന് പറ്റിയ ഏറ്റവും വിലയ അസംബന്ധമാണെന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. സൂചി വെക്കാൻ ഇടം കിട്ടിയാൽ തൂമ്പ വെക്കുന്ന പ്രകൃതക്കാരനായ ചാണ്ടിയെ എന്തിന് ഇനിയും മന്ത്രിസഭയിൽ തുടരാൻ അനുവദിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരം പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. എന്നാൽ, മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞപ്പോൾ ഇതേക്കുറിച്ച് ഒന്നും മിണ്ടാതെ മൗനം പാലിക്കുകയാണ് പിണറായി വിജയൻ. അതിനിടെ തോമസ് ചാണ്ടി നാടിനെയും നാട്ടാരെയും കൊള്ളയടിച്ചതിന്റ കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സർവത്ര അഴിമതിയാണ് തോമസ് ചാണ്ടി നടത്തിയതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുമായി ആലപ്പുഴ ജില്ലാ കലക്ടർ ടി വി അനുപമ തലസ്ഥാനത്തുണ്ട്. തോമസ് ചാണ്ടിയുടെ കൈയേറ്റം സ്ഥിരീകരിച്ചു കൊണ്ടു തന്നെയാണ് അനുപമ തിരുവനന്തപുരത്ത് എത്തി
തിരുവനന്തപുരം: അഴിമതിക്കെതിരെ പോരാട്ടം നയിക്കുന്ന പിണറായി വിജയൻ സർക്കാർ അതിസമ്പന്നൻ മന്ത്രിക്കെതിരെ ചെറുവിലൽ അനക്കാൻ തയ്യാറാകുമോ? അടിമുടി ക്രമക്കേടും വെട്ടിപ്പും പതിവാക്കിയ തോമസ് ചാണ്ടി എന്ന വ്യക്തിയെ മന്ത്രിയാക്കിയത് തന്നെ ഇടതു സർക്കാറിന് പറ്റിയ ഏറ്റവും വിലയ അസംബന്ധമാണെന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. സൂചി വെക്കാൻ ഇടം കിട്ടിയാൽ തൂമ്പ വെക്കുന്ന പ്രകൃതക്കാരനായ ചാണ്ടിയെ എന്തിന് ഇനിയും മന്ത്രിസഭയിൽ തുടരാൻ അനുവദിക്കണം എന്ന ചോദ്യത്തിന്റെ ഉത്തരം പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. എന്നാൽ, മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞപ്പോൾ ഇതേക്കുറിച്ച് ഒന്നും മിണ്ടാതെ മൗനം പാലിക്കുകയാണ് പിണറായി വിജയൻ.
അതിനിടെ തോമസ് ചാണ്ടി നാടിനെയും നാട്ടാരെയും കൊള്ളയടിച്ചതിന്റ കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സർവത്ര അഴിമതിയാണ് തോമസ് ചാണ്ടി നടത്തിയതെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുമായി ആലപ്പുഴ ജില്ലാ കലക്ടർ ടി വി അനുപമ തലസ്ഥാനത്തുണ്ട്. തോമസ് ചാണ്ടിയുടെ കൈയേറ്റം സ്ഥിരീകരിച്ചു കൊണ്ടു തന്നെയാണ് അനുപമ തിരുവനന്തപുരത്ത് എത്തിയത്. ക്ഷേത്രഭൂമിയും കായൽ ഭൂമിയും കൈയേറിയ ചാണ്ടിയുടെ മേൽ കുരുക്കു മുറുകുന്നു എന്നാണ് അറിയുന്നത്.
മന്ത്രിയുടെ റിസോർട്ടിനായി കായൽ കൈയേറിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കളക്ടർ ടി.വി. അനുപമ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് കൈമാറി. ഇതിനുപുറമേ, ആലപ്പുഴയിൽ മാത്തൂർ ദേവസ്വത്തിന്റെ 34 ഏക്കർ ഭൂമി കൈയേറിയെന്ന പരാതിയിൽ മന്ത്രിക്കെതിരേ അന്വേഷണം നടത്താൻ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ ഉത്തരവിട്ടു. മന്ത്രിയുടെ കുട്ടനാട്ടിലെ ലേക്ക് പാലസ് റിസോർട്ടിനായി കായൽ മണ്ണിട്ട് നികത്തിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് കളക്ടർ മന്ത്രിക്ക് നേരിട്ടാണ് കൈമാറിയത്. ഇത്തരം റിപ്പോർട്ടുകൾ ഇ-മെയിൽ ചെയ്യുകയാണ് പതിവ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് റിപ്പോർട്ടുമായി നേരിട്ടെത്തിയത്.
റിസോർട്ടുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമലംഘനങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ മുമ്പിലൂടെയുള്ള റോഡ് നിർമ്മാണത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളും ശരിവെച്ചു. മുൻ വർഷങ്ങളിലെ ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇത് ഇടക്കാല റിപ്പോർട്ടാണെന്നും വിശദ പരിശോധന ഇക്കാര്യത്തിൽ വേണമെന്നും കളക്ടർ ശുപാർശ ചെയ്തു. 26-ന് രേഖകളുമായി ഹാജരാകാൻ ലേക്ക് പാലസ് റിസോർട്ടിന്റെ മാതൃസ്ഥാപനമായ വാട്ടർ വേൾഡിന് കളക്ടർ നോട്ടീസ് നൽകി. റവന്യൂ കേസുകളിൽ നോട്ടീസ് നൽകി മറുഭാഗത്തിന് രേഖാമൂലമായ മറുപടി നൽകാൻ അനുവദിക്കുന്ന പതിവുണ്ട്. ഇതിന്റെ ഭാഗമായാണ് ഉടമകളുടെ വാദം കേൾക്കുന്നത്.
മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഭൂഘടനയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടെന്ന് കണ്ടിട്ടുണ്ട്. കായൽ മണ്ണിട്ട് നികത്തിയതുകൂടാതെ കുറച്ചുഭാഗം സ്വകാര്യ ആവശ്യത്തിനായി കൈവശം വെച്ചു. റോഡ് നിർമ്മാണത്തിലും ക്രമക്കേടുണ്ട്. മണ്ണിട്ട് നികത്തിയാണ് റോഡിന്റെ കുറെഭാഗം നിർമ്മിച്ചത്. ഉപഗ്രഹചിത്രങ്ങളുടെ വിശദാംശങ്ങളും തെളിവായി റിപ്പോർട്ടിനൊപ്പം ചേർത്തിട്ടുണ്ട്. മന്ത്രിക്കെതിരേ അടിക്കടി ആക്ഷേപങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് അടിയന്തരമായി റിപ്പോർട്ട് നൽകാൻ റവന്യൂ വകുപ്പ് നിർദ്ദേശിച്ചത്. മുൻ കളക്ടറും ഇക്കാര്യം അന്വേഷിച്ചിരുന്നു. ഈ റിപ്പോർട്ടിൽ ശുപാർശചെയ്ത പ്രകാരമാണ് ഇപ്പോഴത്തെ അന്വേഷണം.
തോമസ് ചാണ്ടി മാത്തൂർ ദേവസ്വത്തിന്റെ ഭൂമി ഭൂപരിഷ്‌കരണനിയമം അട്ടിമറിച്ച് വ്യാജരേഖയുണ്ടാക്കി കൈവശപ്പെടുത്തിയെന്നാണ് ആരോപണം. ഭൂമി തിരിച്ചുലഭിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം പരാതി നൽകി. മന്ത്രിയുടെ നിർദ്ദേശപ്രകാരം ലാൻഡ് ബോർഡ് സെക്രട്ടറി സി.എ. ലതയാണ് ഇക്കാര്യം അന്വേഷിക്കുക.
തോമസ് ചാണ്ടിയുടെ വീടിനുസമീപത്തുള്ള ഭൂമിയാണിത്. ഈ സ്ഥലം പോൾ ഫ്രാൻസിസ് എന്നയാൾ വ്യാജരേഖ ചമച്ച് മറ്റു മൂന്ന് ആളുകളുടെ പേരിലേക്ക് മാറ്റിയെടുത്തു. ഇതിന് ചേർത്തല ലാൻഡ് ട്രിബ്യൂണലിന്റെ വിധിയും സഹായകമായി. പിന്നീട് പോൾ ഫ്രാൻസിസിന്റെയും വിദേശത്ത് താമസമാക്കിയ അഞ്ച് വ്യക്തികളുടെയും പേരിൽ പട്ടയം സമ്പാദിച്ചു. തുടർന്ന് ഈ സ്ഥലം തോമസ് ചാണ്ടിക്കും കുടുംബത്തിനും വിറ്റു. കരമടയ്ക്കാൻ ചെന്നപ്പോഴാണ് ഭൂമി നഷ്ടപ്പെട്ട വിവരം അറിയുന്നതെന്ന് ദേവസ്വം അധികൃതർ പരാതിയിൽ പറയുന്നു.
അഞ്ച് തീറാധാരങ്ങളായാണ് മന്ത്രിയും കുടുംബവും ഭൂമി സ്വന്തമാക്കിയത്. ദേവസ്വം ആലപ്പുഴ അപ്പലേറ്റ് അഥോറിറ്റിക്ക് പരാതി നൽകി. അപ്പലേറ്റ് അഥോറിറ്റി ഈ അഞ്ചു പട്ടയവും ചേർത്തല ട്രിബ്യൂണലിന്റെ വിധിയും റദ്ദാക്കി. തോമസ് ചാണ്ടി ഇതിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. ദേവസ്വത്തെ കക്ഷിചേർത്ത് നാലുമാസത്തിനകം ഇക്കാര്യത്തിൽ വിധിപറയാൻ ഹൈക്കോടതി ലാൻഡ് ട്രിബ്യൂണലിന് നിർദ്ദേശം നൽകി. മൂന്നരവർഷമായിട്ടും ട്രിബ്യൂണലിലെ കേസ് എങ്ങുമെത്തിയിട്ടില്ല.
അതിനിടെ, തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോട്ടിന് 2004 മുതൽ ലഭ്യമായിരുന്ന നികുതിയിളവ് റദ്ദാക്കാൻ ഇന്നുചേർന്ന ആലപ്പുഴ നഗരസഭാ യോഗം തീരുമാനിച്ചു. ഇതുവരെ ലഭിച്ച നികുതിയിളവ് തിരിച്ചടയ്ക്കാൻ നിർദ്ദശം നൽകാനും തീരുമാനിച്ചിട്ടുണ്ട്. റിസോർട്ടിനെതിരായുള്ള ആരോപണങ്ങളിൽ നഗരസഭ നടത്തിയ അന്വേഷണത്തിൽ അപാകതയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സൂപ്രണ്ട് അടക്കം നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനും യോഗം തീരുമാനിച്ചു.
മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോട്ടിനു മുൻവശം അഞ്ചുകിലോമീറ്ററോളം കായൽ വേലികെട്ടി വേർതിരിച്ച് അധീനതയിലാക്കിയതായും ആലപ്പുഴ നഗരസഭയിലെ ഉദ്യോഗസ്ഥരുമായി ഒത്തുചേർന്ന് റിസോർട്ടിന്റെ നികുതി വെട്ടിപ്പ് നടത്തിയതായും തോമസ് ചാണ്ടിക്കെതിരെ ആരോപണമുണ്ട്. ആലപ്പുഴയിൽ ഒരു കിലോമീറ്റർ റോഡ് നിർമ്മാണത്തിന് അനുവദിച്ച പണമുപയോഗിച്ച് മന്ത്രിയുടെ റിസോർട്ട് വരെയുള്ള 400 മീറ്റർവരെമാത്രം ടാർ ചെയ്തുവെന്നും റിസോട്ടിനായി നിലം നികത്തിയെന്നും വ്യക്തമായിട്ടുണ്ട്.
2004 മുതൽ അനുവദിച്ച നികുതി ഇളവാണ് നഗരസഭ പ്രത്യേക കൗൺസിൽ ചേർന്ന് റദ്ദാക്കിയത്. മൂന്നിലൊന്നു തുക മാത്രമാണ് ഇക്കാലമത്രയും മുനിസിപ്പാലിറ്റിക്ക് ലഭിച്ചത്. ഈ തുകയൊന്നാകെ ലേക് പാലസ് തിരിച്ചടയ്ക്കണം. റിസോർട്ടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും അഞ്ചുദിവസത്തിനുള്ളിൽ നഗരസഭയിലെത്തിക്കണം. സൂപ്രണ്ട് ഉൾപ്പടെ നാലു ഉദ്യോഗസ്ഥരെയാണ് ചെയർമാന്റെ അധികാരം ഉപയോഗിച്ച് സസ്‌പെൻഡ് ചെയ്തത്. റിസോർട്ടുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായതിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് നടപടി. എന്നാൽ ഉദ്യോഗസ്ഥരെ ബലിയാടാക്കിയ രീതി അംഗീകരിക്കില്ലെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു
ലേക് പാലസിലെ അഞ്ചു കെട്ടിടങ്ങൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി എന്നായിരുന്നു മുനിസിപ്പൽ എൻജിനീയറുടെ റിപ്പോർട്ട്. എന്നാൽ ഇതിനു തൊട്ടുപിന്നാലെ റിപ്പോർട്ട് വായിച്ച മുനിസിപ്പൽ സെക്രട്ടറി എല്ലാം നിയമപരമാണെന്ന് വ്യക്തമാക്കി. ഈ വൈരുദ്ധ്യം ചർച്ചക്ക് വന്നതോടെ ബഹളമായി. ബിജെപി അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. മൂന്നുമണിക്കൂർ നീണ്ട യോഗത്തിന്റെ ഏറിയ പങ്കും രാഷ്ട്രീയ വാദപ്രതിവാദങ്ങളായിരുന്നു. ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് ഇടതുസംഘടനയുടെ ആഭിമുഖ്യത്തിൽ നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം നടന്നു.
തോമസ് ചാണ്ടിക്കെതിരായി ആരോപണം നേരത്തെ അന്വേഷിച്ച കളക്ടർ വീണാമാധവന് റിപ്പോർട്ടിൽ കാര്യമായിട്ടൊന്നും കണ്ടെത്തിയിരുന്നില്ല. റിപ്പോർട്ടിൽ ഏറെ വൈരുദ്ധ്യവുമുണ്ടായിരുന്നു. ഇതേ തുടർന്ന് മന്ത്രി റിപ്പോർട്ട് തിരിച്ചയച്ച് വിശദമായ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടു. പിന്നീട് അന്വേഷണം നടത്തിയത് പുതുതായി ചുമതലയേറ്റ ടി.വി.അനുപമയാണ്. ആരോപണമുയർന്ന പ്രദേശങ്ങൾ സന്ദർശിച്ചാണ് അനുപമ റിപ്പോർട്ട് തയ്യാറാക്കിയത്.
അതേസമയം കയ്യേറ്റം തെളിയിച്ചാൽ രാജിവയ്ക്കുമെന്ന പ്രഖ്യാപനവുമായി മന്ത്രി തോമസ് ചാണ്ടി രംഗത്ത്. കയ്യേറ്റം തെളിഞ്ഞാൽ എല്ലാ പദവികളും രാജിവയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങൾക്കു പിന്നിൽ ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്നും തോമസ് ചാണ്ടി ആരോപിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ സ്വയം രാജിവയ്ക്കില്ല. മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ മന്ത്രിസ്ഥാനത്തുനിന്ന് മാറിനിൽക്കാൻ ഒരുക്കമാണ്. അതേസമയം, ഭൂവിഷയങ്ങളിൽ ആലപ്പുഴ മുനിസിപ്പാലിക്ക് ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു നുള്ളു ഭൂമി പോലും ഇതുവരെ കയ്യേറിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു വിധത്തിലുമുള്ള അന്വേഷണത്തെ ഭയപ്പെടുന്നില്ല. നിയമസഭാ സമിതിയോ വിജിലൻസോ കയ്യേറ്റം അന്വേഷിക്കട്ടെയെന്നും തോമസ് ചാണ്ടി വെല്ലുവിളിച്ചു.