തിരുവനന്തപുരം: തോമസ് ചാണ്ടി മന്ത്രിയായശേഷവും അധികാര ദുർവിനിയോഗം നടത്തി സർക്കാർ ഭൂമി കയ്യേറി. ഇതു സംബന്ധിച്ച വാർത്ത തെളിവുസഹിതം ഏഷ്യാനെറ്റ് ന്യൂസ് ആണ് പുറത്തുവിട്ടത്. മാർത്താണ്ഡം കായലിൽ സർക്കാർ പുറമ്പോക്ക് വഴിയും സർക്കാർ മിച്ച ഭൂമിയും മറ്റ് പ്ലോട്ടുകൾക്കൊപ്പം കയ്യേറി നികത്തിയത് തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത ശേഷമാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്.

ഇക്കഴിഞ്ഞ മെയ്മാസം 26 നാണ് കൈനകരി വടക്ക് വില്ലേജോഫീസർ മന്ത്രി തോമസ് ചാണ്ടിക്ക് നിലംനികത്തരുതെന്നാവശ്യപ്പെട്ട സ്റ്റോപ്പ് മെമോ നൽകിയത്. മന്ത്രിയുടെ കമ്പനി സർക്കാർ ഭൂമി കയ്യേറി നികത്തുന്നെന്ന് പരാതിപ്പെട്ടയാൾക്കെതിരെ മന്ത്രിയെ അപകീർത്തിപ്പെടുത്തുന്നെന്ന എന്ന പരാതിൽ പൊലീസിനെക്കൊണ്ടു കേസെടുപ്പിക്കുകയും ചെയ്തു.

മാർത്താണ്ഡം കായലിൽ അനധികൃതമായി സർക്കാർ ഭൂമിയിടക്കം കയ്യേറി മണ്ണിട്ട് നികത്തുന്നു എന്ന പരാതി മെയ് മാസം 24ന് ആണ്. കൈനകരി വടക്ക് പഞ്ചായത്തംഗം ബി കെ വിനോദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വില്ലേജോഫീസർ മാർത്താണ്ഡം കായലിലെത്തുന്നതും അന്വേഷിക്കുന്നതും. കർഷകർക്ക് സർക്കാർ നൽകിയ മിച്ച ഭൂമി വാങ്ങിക്കൂട്ടിയ തോമസ് ചാണ്ടി അതിനിടയിലുള്ള ഒന്നരമീറ്റർ വഴിയും സർക്കാർ തണ്ടപ്പേരിലുള്ള മിച്ചഭൂമിയും നികത്തുന്നതായി പ്രാഥമിക പരിശോധനയിൽ തന്നെ വില്ലേജോഫീസർക്ക് ബോധ്യമായി. അടിയന്തരമായി നികത്ത് നിർത്തിവെക്കാൻ സ്റ്റോപ്പ് മെമോയും നൽകി.

സ്റ്റോപ്പ് മെമോ മാത്രമല്ല അടിയന്തരമായി സർവ്വെയറെ ഉപയോഗിച്ച് അളന്ന് ഭൂമി തിട്ടപ്പെടുത്തിയില്ലെങ്കിൽ സർക്കാർ ഭൂമി നഷ്ടപ്പെടാൻ സാധ്യതതയുണ്ടെന്നും നിർമ്മാണം നടത്തുകയാണ് തോമസ് ചാണ്ടിയുടെ കമ്പനിയുടെ ഉദ്ദേശമെന്നും വില്ലേജോഫീസർക്ക് ആലപ്പുഴ ജില്ലാ കളക്ടർക്ക് റിപ്പോർട്ടും നൽകി. സ്റ്റോപ്പ് മെമോ നൽകി മന്ത്രി നടത്തിയ നിയമലംഘനം വില്ലേജോഫീസർ ചൂണ്ടിക്കാട്ടിയിട്ടും തോമസ്ചാണ്ടിക്കെതിരെ ചെറുവിരലനക്കാൻ ജില്ലാ ഭരണ കൂടം തയ്യാറായില്ല. പരാതി നൽകിയ ബി കെ വിനോദിനെതിരെ മന്ത്രിയായ തോമസ് ചാണ്ടിയുടെ കമ്പനി പൊലീസിൽ പരാതി നൽകുകയായിരുന്നു.

സർക്കാർ ഭൂമി കയ്യേറി നികത്തിയെന്ന് പരാതിപ്പെട്ട വിനോദിനെതിരെ പൊലീസിൽ തോമസ് ചാണ്ടി നൽകിയ പരാതിയിൽ പറയുന്നത് ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്നാണ്. അതിന്റെ വിശദീകരണത്തിനായി പുളിങ്കുന്ന് പൊലീസ് കുട്ടനാട് തഹസിൽദാറോട് ചോദിച്ച വിശദീകരണ കുറിപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മന്ത്രി നടത്തിയ നിയമലംഘനം ചൂണ്ടിക്കാട്ടിയപ്പോൾ മന്ത്രിയെ അപകീർത്തിപ്പെടുത്തുന്നു എന്ന പരാതി പൊലീസിൽ നൽകി അധികാര ദൂർവ്വിനിയോഗം നടത്തിയെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

മന്ത്രി ചാണ്ടിക്കെതിരെ സാർക്കാർ ഭൂമി കൈയേറിയെന്ന പരാതി ഉയർന്നപ്പോൾ അതൊക്കെ യുഡിഎഫിന്റെ കാലത്തുണ്ടായതല്ലേ എന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും മറ്റു നേതാക്കളുടെ പ്രതികരണം. എന്നാൽ മന്ത്രി ആയ ശേഷവും സർക്കാർ ഭൂമി കൈയേറി എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ചാണ്ടിയുടെ കൈയേറ്റത്തിന് യുഡിഎഫിനെയും കോൺഗ്രസിനെയും കുറ്റം പറഞ്ഞ മുഖ്യമന്ത്രിക്കും ഇടതു സർക്കാരിനും ഇനി എത്രകാലം തോമസ് ചാണ്ടിയെ സംരക്ഷിക്കാനാകുമെന്നത് കണ്ടറിയാം.