തിരുവനന്തപുരം: കായൽ കയ്യേറ്റത്തിന്റെ പേരിൽ മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന നിലപാടിലാണ് എൽഡിഎഫ് നേതൃത്വം. ഇന്നലെ തീരുമാനിച്ചത് രണ്ട് ദിവസത്തിനകം മന്ത്രി രാജിവെക്കുമെന്ന് തന്നെയാണ്. എങ്കിലും അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തിയാണ് യോഗം പിരിഞ്ഞത്. മാധ്യമങ്ങളോട് പണ്ടേ കലിപ്പുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിലും വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്.

മാധ്യമങ്ങളുടെ അജണ്ടകൾക്ക് കീഴടങ്ങണമോയെന്നും നാളെയും ഏതു മന്ത്രിമാർക്കെതിരെയും വാർത്തകൾ സൃഷ്ടിച്ചുവിടാൻ സാധ്യതയുണ്ടെന്നുമുള്ള നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. അപ്പോഴൊക്കെ രാജി എന്ന കീഴ്‌വഴക്കമുണ്ടാക്കണമോയെന്ന് എല്ലാവരും ചിന്തിക്കണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കഴിഞ്ഞദിവസം ചേർന്ന സി.പി.എം യോഗങ്ങളിലും സിപിഐയുമായുള്ള ഉഭയകക്ഷി ചർച്ചയിലുമെല്ലാം മുഖ്യമന്ത്രി ഈ നിലപാടാണെടുത്തത്.

മുമ്പ് ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും രാജിവെച്ചത് മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ്. ആ മന്ത്രിമാർക്കെതിരെ കേസ് ഇല്ലായിരുന്നു. ആ ആരോപണങ്ങളെല്ലാം തെറ്റായിരുന്നെന്ന് പിന്നീട് തെളിയുകയും ചെയ്തു. ഇപ്പോൾ തോമസ് ചാണ്ടിക്കെതിരെയും മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുകയാണ്. നാളെ അവർ ഒരുമിച്ചുനിന്ന് ഏതെങ്കിലും മന്ത്രിയെക്കുറിച്ച് പത്ത് വാർത്തകൾ കൊടുത്താൽ അതിന്റെ പേരിൽ അവരും രാജിവെക്കേണ്ടിവരും. അത്തരം സാഹചര്യമുണ്ടാക്കണമോയെന്ന് ചിന്തിച്ചു വേണം നിലപാടെടുക്കേണ്ടതെന്ന് പിണറായി സിപിഐക്കുൾപ്പെടെ മുന്നറിയിപ്പ് നൽകിയതായാണ് വിവരം.

അതേസമയം ഇന്നലെ നടന്ന എൽഡിഎഫ് യോഗത്തിൽ താൻ രാജിവെക്കില്ലെന്ന നിലപാടാണ് തോമസ് ചാണ്ടി സ്വീകരിച്ചത്. രാജി വെക്കണമെന്നാണ് പൊതുവികാരമെന്ന അഭിപ്രായം രേഖപ്പെടുത്തിയ പന്ന്യൻ രവീന്ദ്രനെ വിമർശിക്കുകയും ചെയ്തു അദ്ദേഹം. അത് ചോദിക്കാൻ താനാരാ എന്നു ചോദിച്ചു കൊണ്ടായിരുന്നു ചാണ്ടിയുടെ കലിപ്പു തീർക്കൽ.

തോമസ് ചാണ്ടി രാജിവെച്ചില്ലെങ്കിൽ പരസ്യനിലപാടെടുക്കേണ്ടി വരുമെന്ന് എൽ.ഡി.എഫ് യോഗത്തിൽ സിപിഐ തുറന്നടിച്ചിരുന്നു. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും മന്ത്രി തോമസ് ചാണ്ടിയുമായി വാക്കുതർക്കവുമുണ്ടായി. താൻ നയിച്ച തെക്കൻ മേഖല ജനജാഗ്രത യാത്രയുടെ വേദിയിൽ തോമസ് ചാണ്ടി നടത്തിയ വെല്ലുവിളി അനുചിതമായെന്ന് കാനം പറഞ്ഞു. വെല്ലുവിളിച്ച് കൂടുതൽ നാൾ മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കാനത്തിന് തെറ്റിദ്ധാരണയാണുള്ളതെന്നും താൻ പ്രതിപക്ഷത്തെയാണ് വെല്ലുവിളിച്ചതെന്നും തോമസ് ചാണ്ടി വിശദീകരിച്ചു.

ഘടകകക്ഷിയെന്ന നിലക്ക് എൻ.സി.പിയെ നാണം കെടുത്താനില്ലെന്നും രാജിക്കാര്യത്തിൽ എൻ.സി.പിതന്നെ തീരുമാനം എടുക്കുന്നതാകും ഉചിതമെന്ന നിർദ്ദേശവും സിപിഐ മുന്നോട്ടുവെച്ചു. തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് എൻ.സി.പിക്ക് ദോഷമാകുമെന്ന് സിപിഐ ചൂണ്ടിക്കാട്ടി. എന്നാൽ, കോടതി വിധി വരെ രാജിക്കാര്യം നീട്ടണമെന്ന നിലപാട് എൻ.സി.പി കൈക്കൊണ്ടു. നിങ്ങൾ കാര്യം നേടാൻ സുപ്രീംകോടതി വരെ പോകുമായിരിക്കും.

അതുവരെ കാത്തിരിക്കണമോയെന്ന് കാനം രാജേന്ദ്രൻ മറുചോദ്യം ഉന്നയിച്ച് പരിഹസിച്ചു. ജനതാദൾ -എസ് ഉൾപ്പെടെ മറ്റു ഘടകകക്ഷികളും സിപിഐയെ പിന്തുണച്ചു. സർക്കാർ നടപടിയെ ചോദ്യം ചെയ്ത് തോമസ് ചാണ്ടി കോടതിയെ സമീപിച്ചത് അനുചിതമായെന്ന അഭിപ്രായമാണ് ജനതാദൾ -എസ് പ്രതിനിധികൾ പ്രകടിപ്പിച്ചത്. യോഗത്തിലുണ്ടാകുന്ന പൊതുനിലപാടിനൊപ്പം നിൽക്കാമെന്ന് സിപിഎമ്മും കേരള കോൺഗ്രസ് -എസും വ്യക്തമാക്കി.

എന്നാൽ, രാജിയില്ലെന്ന നിലപാട് എൻ.സി.പി ആവർത്തിച്ചു. ഇതോടെയാണ് സിപിഐ സ്വരം കടുപ്പിച്ചത്. രാജിവെക്കാൻ തയാറായില്ലെങ്കിൽ തങ്ങളുടെ നിലപാട് പരസ്യമാക്കേണ്ടിവരുമെന്ന് സിപിഐ മുന്നറിയിപ്പ് നൽകി. ഇതോടെ രാജി വിഷയത്തിൽ മുഖ്യമന്ത്രി തീരുമാനം എടുക്കട്ടെയെന്ന സമവായ നിർദ്ദേശം ഉയർന്നു. ഇത് ഒടുവിൽ എൻ.സി.പിയും അംഗീകരിക്കുകയായിരുന്നു.

യോഗതീരുമാനത്തിൽ സിപിഐക്ക് സന്തോഷമാണുള്ളതെന്ന് യോഗത്തിനു ശേഷം പുറത്തുവന്ന കാനം രാജേന്ദ്രൻ പ്രതികരിച്ചു. വെള്ളപ്പുക കണ്ടെന്നായിരുന്നു പന്ന്യൻ രവീന്ദ്രന്റെ പ്രതികരണം. തോമസ് ചാണ്ടി ഇപ്പോൾ മന്ത്രിയായി തുടരുകയാണെന്നാണ് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ പ്രതികരിച്ചത്. യോഗത്തിനു ശേഷം ഇറങ്ങിയ മന്ത്രി തോമസ് ചാണ്ടി എല്ലാം എൽ.ഡി.എഫ് കൺവീനർ പറയുമെന്ന് പറഞ്ഞ് കൊച്ചിയിലേക്കു തിരിച്ചു.

യോഗം സംബന്ധിച്ച് വിശദീകരിക്കാൻ എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ വാർത്തസമ്മേളനം വിളിച്ചില്ല, പകരം യോഗതീരുമാനങ്ങൾ എന്നനിലയിൽ സോളാർ, ജനജാഗ്രത യാത്രകൾ സംബന്ധിച്ചും തോമസ് ചാണ്ടിക്കെതിരായ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകിയെന്ന് വ്യക്തമാക്കുന്ന രണ്ടുവരിയും ഉൾപ്പെടുത്തിയ വാർത്തക്കുറിപ്പ് ഇറക്കുകയായിരുന്നു.