ആലപ്പുഴ: കുട്ടനാട് സീറ്റിൽ എൻസിപി നേതാവ് തോമസ് ചാണ്ടി തുടർച്ചയായി രണ്ട് തവണ വിജയിച്ചതാണ്. ശതകോടീശ്വരനെ സ്ഥാനാർത്ഥിയാക്കിയതു കൊണ്ട് മാത്രമാണ് ഇടതുമുന്നണിക്ക് ഈ സീറ്റിൽ വിജയിച്ചു കയറാൻ സാധിച്ചത്. അതുകൊണ്ട് തന്നെ താൻ തന്നെ വീണ്ടും അവിടെ വിജയിക്കുമെന്ന അഹങ്കാരമാണ് കുട്ടനാട് എംഎൽഎയ്ക്ക് എന്ന് ആരെങ്കിലും കുറ്റം പറഞ്ഞാൽ അതിനെ തള്ളിക്കളയാൻ സാധിക്കില്ല. കാരണം കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചത് അത്തരത്തിൽ ആയിരുന്നു. തെരഞ്ഞെടുപ്പിന്റെ സീറ്റുവിഭജന ചർച്ചപോലും ഇടതുമുന്നണി ഇതുവരെ ഔദ്യോഗികമായി ആരും ആരംഭിച്ചിട്ടില്ല എന്നിരിക്കെ താൻ തന്നെ കുട്ടനാട്ടിൽ മത്സരിക്കുമെന്നും ജയിച്ചാൽ ഇറിഗേഷൻ മന്ത്രിയാകുമെന്നും ഇനി മന്ത്രി ആയില്ലെങ്കിൽ തന്നെ താൻ എല്ലാം നിയന്ത്രിക്കുമെന്നുമാണ് തോമസ് ചാണ്ടി പറഞ്ഞത്.

തോമസ് ചാണ്ടിയുടെ വാക്കുകൾ കേട്ട എല്ലാവർക്കും തോന്നിയത് ഒരേയൊരു കാര്യമാണ്. ജനപ്രതിനിധിയായാൽ ഇത്രയും അഹങ്കാരം ഉണ്ടാകുമോ എന്ന്. എന്തായായും മാദ്ധ്യമങ്ങൾക്ക് മുന്നിൽ തോമസ് ചാണ്ടി പറഞ്ഞത് വെറുതേയല്ലെന്നാണ് അറിയുന്നത്. കാരണം സിപിഐ(എം) നേതാക്കൾ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് താൻ ജലസേചന മന്ത്രിയാകുമെന്ന് പരസ്യമായി ചാണ്ടി പ്രഖ്യാപിച്ചത്. മറുകണ്ടം ചാടാതിരിക്കാൻ വേണ്ടി സിപിഐ(എം) നൽകിയ ഉറപ്പ് പരസ്യപ്പെടുത്തിയതിൽ പിണറായി അടക്കമുള്ള നേതാക്കൾക്ക് കുടത്ത അമർഷമുണ്ട്. പരസ്യമായ പ്രസ്താവന മുന്നണിയെ തന്നെ ബാധിക്കുമെന്ന ആശങ്കയാണ് ഇവർക്കുള്ളത്.

സമീപകാലത്തുവരെ തോമസ് ചാണ്ടി തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും വോട്ടു ചെയ്യാൻ അദ്ദേഹം എത്തിയിരുന്നില്ല. വിദേശത്ത് ബിസിനസ് ആവശ്യത്തിനു പോയ തോമസ് ചാണ്ടിക്ക് വോട്ടുചെയ്യാൻ കഴിഞ്ഞില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ഇങ്ങനെ മത്സരിക്കാൻ താൽപ്പര്യമില്ലാതെ തന്റെ സീറ്റിൽ പകരക്കാരെ അന്വേഷിക്കുന്നതിനിടയിലാണ് കഴിഞ്ഞ ആഴ്ച സി പി എം നേതാക്കൾ ചാണ്ടിയെ വീട്ടിൽ സന്ദർശിച്ചത്.

പാർട്ടി നോക്കാതെ തന്നെ സി പി എമ്മിൽ ഉറച്ചുനിൽക്കാൻ നേതാക്കൾ ചാണ്ടിയെ ഉപദേശിച്ചു. ജയിച്ചുവന്നാൽ മന്ത്രിയാക്കാമെന്ന ഉറപ്പും നൽകി മടങ്ങി. പകരക്കാരെ വച്ച് പരീക്ഷണം നടത്തരുതെന്നും ചാണ്ടി തന്നെ സ്ഥാനാർത്ഥിയാകണമെന്നുമാണ് നേതാക്കൾ ആവശ്യപ്പെട്ടത്. കുട്ടനാട്ടിൽ തോമസ് ചാണ്ടിക്കു പകരക്കാരനായി ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കിയാൽ സീറ്റു കൈവിട്ടുപോകുമെന്ന ഭയം മൂലമാണ് സി പി എം ഇത്തരത്തിലൊരു നീക്കം നടത്തിയത്.

കാശിന്റെ ബലത്തിൽ മാത്രം ജനപ്രതിനിധിയായ ആളാണ് തോമസ് ചാണ്ടി. കാൽനൂറ്റാണ്ടായി കേരള കോൺഗ്രസിലെ ഡോ. കെ സി ജോസഫ് കൈവശം വച്ചിരുന്ന സീറ്റ് തോമസ് ചാണ്ടിയുടെ കാശിന്റെ ഒറ്റബലത്തിലാണ് കൈപ്പിടിയിലൊതുക്കിയത്. ഇപ്പോൾ രണ്ടുതവണയായി എം എൽ എ സ്ഥാനം കൈയാളുന്ന ചാണ്ടി കാശില്ലാത്ത പകരക്കാരനെ സ്ഥാനാർത്ഥിയാക്കിയാൽ യുഡിഎഫിനാവും അത് കൂടുതൽ ഗുണകരമാവുക.

സംസ്ഥാനത്തെ ഓരോ സീറ്റും വിലപ്പെട്ടതായതുകൊണ്ടുതന്നെ കുട്ടനാട്ടിലെ ഉറപ്പുള്ള സീറ്റു കളയാൻ സിപിഐ(എം) ഒരുക്കമല്ലെന്നു തറപ്പിച്ചു പറഞ്ഞാണ് സിപിഐ(എം) നേതാക്കൾ ചാണ്ടിയെ കണ്ടത്. സംസ്ഥാന സെക്രട്ടറിയുടെ കുടുംബം അടക്കം ചാണ്ടിയെ സന്ദർശിക്കാനുണ്ടായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. മാത്രമല്ല സി പി എമ്മിന്റെ ചരിത്രത്തിലാദ്യമായാണ് ഇലക്ഷൻ പ്രഖ്യാപിക്കുന്നതിനു മുമ്പെ മന്ത്രിപദം ഉറപ്പ് നൽകി ഒരു സ്ഥാനാർത്ഥിയെ നിർത്തുന്നത്.

ഈ ഹുങ്കിൽത്തന്നെയാണ് കഴിഞ്ഞ ദിവസം തോമസ് ചാണ്ടി ചാനലുകളിൽ വിളിച്ചു പറഞ്ഞത്. തെരഞ്ഞെടുപ്പിൽ താൻ മൽസരിക്കും. ജയിച്ചാൽ മന്ത്രിതന്നെ. അതും ജലവിഭവ വകുപ്പ് മന്ത്രി. അതേസമയം നേതാക്കന്മാർ മന്ത്രിയാക്കാമെന്ന് പറഞ്ഞെങ്കിൽ ചാണ്ടി ഒരുമുഴം കയറ്റി എറിഞ്ഞ് മന്ത്രിയായാൽ അത് ഇറിഗേഷൻ വകുപ്പ് മന്ത്രിയാകുമെന്നു ഉറപ്പിക്കുകയും ചെയ്തു.

ഇറിഗേഷൻ വകുപ്പ് ചാണ്ടി നോട്ടമിടുന്നതിലുമുണ്ട് ചില കാര്യങ്ങൾ. വെള്ളത്തിന്റെ നാടായ കുട്ടനാട്ടിൽ തനിക്കെതിരെ പണിയെടുക്കുന്നത് മുൻ എംഎൽഎ ഡോ. കെ സി ജോസഫ് ആണെന്നാണ് ചാണ്ടി ആരോപിക്കുന്നത്. ഇതിന് പ്രതികാരം ചെയ്യാനാണ് തോമസ് ചാണ്ടി വകുപ്പിൽ കണ്ണു നടുന്നതും. സ്വന്തം പോക്കറ്റിൽനിന്നും കാശ് ചെലവിട്ട് വികസനമെത്തിക്കുന്ന ജനപ്രതിനിധിയെന്ന ഖ്യാതി നേടാൻ നോക്കിയയാളാണു തോമസ് ചാണ്ടി. എന്നാൽ കൈയിൽ കാശുണ്ടെങ്കിലും ഇനിയും കാശ് കിട്ടിയാൽ കയ്ക്കില്ലെന്ന് ചാണ്ടി തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

സ്വന്തം അസുഖത്തിന്റെ പേരിൽ സർക്കാർ ഖജനാവിൽനിന്നും വിദേശ ചികൽസയ്ക്കായി രണ്ടു കോടി വാങ്ങിച്ചെടുക്കാൻ മറന്നില്ല. സാധാരണക്കാരൻ ജീവനുവേണ്ടി പോരടിച്ച് കാരുണ്യ ചികിൽസാ സഹായം തേടി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുമ്പോൾ തോമസ്ചാണ്ടിക്ക് പണം വീട്ടിൽ കൊണ്ടെത്തിച്ചു. സഹായം എത്തിക്കേണ്ട ജനപ്രതിനിധി സഹായം സ്വീകരിച്ചതു പോലായി.

സിപിഐ(എം) നിർദ്ദേശ പ്രകാരം ഉഴവൂർ വിജയന്റെ നേതൃത്വത്തിൽ എൻസിപി നടത്തിയ സംസ്ഥാനത്തെ ഉണർത്തുയാത്രയിൽ കുട്ടനാട് എം എൽ എ വിട്ടുനിന്നു. പകരം പിണറായി നയിച്ച നവകേരളയാത്രയിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. സ്വന്തം പാർട്ടിയുടെ യാത്രയിൽ പങ്കെടുക്കാതെ പിണറായിക്കു പിന്നിൽ നിലയുറപ്പിച്ചതിനു പിന്നിൽ മന്ത്രിമോഹമാണെന്നത് വ്യക്തമാണ്. അതേസമയം മന്തിയായി ആരുവന്നാലും താൻ തന്നെ ജലവിഭവവകുപ്പു ഭരിക്കുമെന്ന തോമസ് ചാണ്ടിയുടെ അഭിപ്രായപ്രകടനം ഇതിനോടകം വിവാദങ്ങൾക്കു വഴിവച്ചു കഴിഞ്ഞു. ജനാധിപത്യത്തെത്തന്നെ പുച്ഛിക്കുന്നതാണ് തോമസ് ചാണ്ടിയുടെ നടപടിയെന്നാണു വിലയിരുത്തൽ. 

പരസ്യപ്രസ്താവനയെ മുതലെടുത്ത് തോമസ് ചാണ്ടിക്കെതിരെ രംഗത്തിറങ്ങാൻ തന്നെയാണ് യുഡിഎഫിന്റെ തീരുമാനം. എൽഡിഎഫ് സീറ്റിൽ വിജയിച്ച് എംഎൽഎ ആയ വ്യക്തിയാണെങ്കിലും തോമസ് ചാണ്ടി യുഡിഎഫുകാരുടെയും അടുപ്പക്കാരനാണ്. ഇടയ്ക്ക് മറുകണ്ട് ചാടാൻ ഒരുങ്ങിയപ്പോഴും സിപിഐ(എം) ഇടപെട്ടാണ് അദ്ദേഹത്തെ മുന്നണിയിൽ പിടിച്ചു നിർത്തിയത്. എന്തായാലും അഹങ്കാരത്തിന്റെ ഭാഷയിൽ സംസാരിക്കുന്ന ചാണ്ടിയെ പാഠം പഠിപ്പിക്കുമെന്നാണ് കുട്ടനാട്ടുകാരും പറയുന്നത്.