ആലപ്പുഴ: തോമസ് ചാണ്ടിക്ക് പണി കൊടുക്കാൻ സിപിഐ(എം) തീരുമാനം. കുട്ടനാട് സീറ്റ് ഇത്തവണ എൻസിപിക്ക് നൽകേണ്ടെന്നാണ് സിപിഐ(എം) തീരുമാനം. താൻ തന്നെ കുട്ടനാട്ടിൽ മത്സരിക്കുമെന്നും ജയിച്ചാൽ ഇറിഗേഷൻ മന്ത്രിയാകുമെന്നും ഇനി മന്ത്രി ആയില്ലെങ്കിൽ തന്നെ താൻ എല്ലാം നിയന്ത്രിക്കുമെന്നുമാണ് തോമസ് ചാണ്ടി പറഞ്ഞതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. കുട്ടനാട് എംഎൽഎയുടെ പരസ്യ പ്രസ്താവന ഇടതു മുന്നണിക്ക് അവമിതിപ്പുണ്ടാക്കിയെന്നാണ് സിപിഐ(എം) വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ കുട്ടനാട് സീറ്റിന് അവകാശമുന്നയിച്ച് സിപിഐ(എം) രംഗത്ത് എത്തി. എൻ.സി.പിയുടെ സിറ്റിങ് സീറ്റായ കുട്ടനാട്ടിൽ കഴിഞ്ഞ രണ്ട് തവണയും ജയിച്ചത് തോമസ് ചാണ്ടിയായിരുന്നു. മൂന്നാം തവണയും മത്സരരംഗത്തുണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഐ(എം) കുട്ടനാടിനായി പിടിമുറുക്കുന്നത്. സിപിഎമ്മിന് കുട്ടനാട്ടിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാൻ പറഞ്ഞു. മണ്ഡലത്തിൽ ഏറ്റവും ശക്തിയുള്ള പാർട്ടി സിപിഎമ്മാണ്. അവിടെ മത്സരിക്കണമെന്നത് പാർട്ടി പ്രവർത്തകരുടെ വികാരമാണ്. 10 വർഷം ഘടകകക്ഷിക്ക് നൽകിയ മണ്ഡലം തിരിച്ചുപിടിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. എൽ.ഡി.എഫിൽ സീറ്റ് വിഭജനം പൂർത്തിയാകുമ്പോൾ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സി പി എമ്മിന് കുട്ടനാടിനോട് താത്പര്യമില്ലെന്ന തോമസ് ചാണ്ടിയുടെ പ്രതികരണമാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. പത്ത് വർഷം മുമ്പ് നഷ്ടപ്പെട്ട മണ്ഡലം തിരിച്ച് പിടിക്കണമെന്ന് ജില്ലയിലെ പാർട്ടിക്ക് ആഗ്രഹമുണ്ട്. ആഗ്രഹമുണ്ടെങ്കിലും തീരുമാനമെടുക്കേണ്ട് ഇടത് മുന്നണിയാണ്. മുന്നണി തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി വ്യക്തമാക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് തോമസ് ചാണ്ടിയാണ്. എൻസിപിയിലെ ഒരു വിഭാഗവും തോമസ് ചാണ്ടിക്ക് എതിരാണ്. താനാകും പാർട്ടി മന്ത്രിയെന്ന് പ്രഖ്യാപിച്ചതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ കുട്ടനാട് സീറ്റ് വിട്ടുകൊടുക്കാൻ എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയനും തയ്യാറകുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പിന്റെ സീറ്റുവിഭജന ചർച്ചപോലും ഇടതുമുന്നണി ഇതുവരെ ഔദ്യോഗികമായി ആരും ആരംഭിച്ചിട്ടില്ല എന്നിരിക്കെ താൻ തന്നെ കുട്ടനാട്ടിൽ മത്സരിക്കുമെന്നും ജയിച്ചാൽ ഇറിഗേഷൻ മന്ത്രിയാകുമെന്നും ഇനി മന്ത്രി ആയില്ലെങ്കിൽ തന്നെ താൻ എല്ലാം നിയന്ത്രിക്കുമെന്നുമാണ് തോമസ് ചാണ്ടി പറഞ്ഞത്. സിപിഐ(എം) നേതാക്കൾ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് താൻ ജലസേചന മന്ത്രിയാകുമെന്ന് പരസ്യമായി ചാണ്ടി പ്രഖ്യാപിച്ചതെന്നും വിലയിരുത്തലുണ്ട്. മറുകണ്ടം ചാടാതിരിക്കാൻ വേണ്ടി സിപിഐ(എം) നൽകിയ ഉറപ്പ് പരസ്യപ്പെടുത്തിയതിൽ പിണറായി അടക്കമുള്ള നേതാക്കൾക്ക് കുടത്ത അമർഷമുണ്ട്. പരസ്യമായ പ്രസ്താവന മുന്നണിയെ തന്നെ ബാധിക്കുമെന്ന ആശങ്കയാണ് ഇവർക്കുള്ളത്. ഈ ആശങ്കയാണ് തോമസ് ചാണ്ടിയിൽ നിന്ന് സീറ്റ് പിടിച്ചുവാങ്ങാനുള്ള തീരുമാനത്തിലേക്ക് സിപിഐ(എം) എത്തിയത്.

സമീപകാലത്തുവരെ തോമസ് ചാണ്ടി തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും വോട്ടു ചെയ്യാൻ അദ്ദേഹം എത്തിയിരുന്നില്ല. വിദേശത്ത് ബിസിനസ് ആവശ്യത്തിനു പോയ തോമസ് ചാണ്ടിക്ക് വോട്ടുചെയ്യാൻ കഴിഞ്ഞില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ഇതിനിടെയാണ് പ്രസ്താവനാ വിവാദമെത്തിയത്. മത്സരിക്കാൻ താൽപ്പര്യമില്ലാതെ തന്റെ സീറ്റിൽ പകരക്കാരെ അന്വേഷിക്കുന്നതിനിടയിലാണ് കഴിഞ്ഞ ആഴ്ച സി പി എം നേതാക്കൾ ചാണ്ടിയെ വീട്ടിൽ സന്ദർശിച്ചിരുന്നു. പാർട്ടി നോക്കാതെ തന്നെ സി പി എമ്മിൽ ഉറച്ചുനിൽക്കാൻ നേതാക്കൾ ചാണ്ടിയെ ഉപദേശിച്ചു.

ജയിച്ചുവന്നാൽ മന്ത്രിയാക്കാമെന്ന ഉറപ്പും നൽകി മടങ്ങി. പകരക്കാരെ വച്ച് പരീക്ഷണം നടത്തരുതെന്നും ചാണ്ടി തന്നെ സ്ഥാനാർത്ഥിയാകണമെന്നുമാണ് നേതാക്കൾ ആവശ്യപ്പെട്ടത്. കുട്ടനാട്ടിൽ തോമസ് ചാണ്ടിക്കു പകരക്കാരനായി ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കിയാൽ സീറ്റു കൈവിട്ടുപോകുമെന്ന ഭയം മൂലമാണ് സി പി എം ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇതോടെ തോമസ് ചാണ്ടി എല്ലാം തുറന്നുപറഞ്ഞ് സ്ഥാനാർത്ഥിത്വവും പ്രഖ്യാപിച്ചു. ഇതോടെ സിപിഐ(എം) പ്രതിക്കൂട്ടിലായി. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിക്ക് എതിരെ തിരിയാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.

കാശിന്റെ ബലത്തിൽ മാത്രം ജനപ്രതിനിധിയായ ആളാണ് തോമസ് ചാണ്ടി. കാൽനൂറ്റാണ്ടായി കേരള കോൺഗ്രസിലെ ഡോ. കെ സി ജോസഫ് കൈവശം വച്ചിരുന്ന സീറ്റ് തോമസ് ചാണ്ടിയുടെ കാശിന്റെ ഒറ്റബലത്തിലാണ് കൈപ്പിടിയിലൊതുക്കിയത്. സംസ്ഥാനത്തെ ഓരോ സീറ്റും വിലപ്പെട്ടതായതുകൊണ്ടുതന്നെ കുട്ടനാട്ടിലെ ഉറപ്പുള്ള സീറ്റു കളയാൻ സിപിഐ(എം) ഒരുക്കമല്ലെന്നു തറപ്പിച്ചു പറഞ്ഞാണ് സിപിഐ(എം) നേതാക്കൾ ചാണ്ടിയെ കണ്ടത്. ഈ ഹുങ്കിൽത്തന്നെയാണ് കഴിഞ്ഞ ദിവസം തോമസ് ചാണ്ടി ചാനലുകളിൽ വിളിച്ചു പറഞ്ഞത്. തെരഞ്ഞെടുപ്പിൽ താൻ മൽസരിക്കും. ജയിച്ചാൽ മന്ത്രിതന്നെ. അതും ജലവിഭവ വകുപ്പ് മന്ത്രി. അതേസമയം നേതാക്കന്മാർ മന്ത്രിയാക്കാമെന്ന് പറഞ്ഞെങ്കിൽ ചാണ്ടി ഒരുമുഴം കയറ്റി എറിഞ്ഞ് മന്ത്രിയായാൽ അത് ഇറിഗേഷൻ വകുപ്പ് മന്ത്രിയാകുമെന്നു ഉറപ്പിക്കുകയും ചെയ്തു.

സിപിഐ(എം) നിർദ്ദേശ പ്രകാരം ഉഴവൂർ വിജയന്റെ നേതൃത്വത്തിൽ എൻസിപി നടത്തിയ സംസ്ഥാനത്തെ ഉണർത്തുയാത്രയിൽ കുട്ടനാട് എം എൽ എ വിട്ടുനിന്നു. പകരം പിണറായി നയിച്ച നവകേരളയാത്രയിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. സ്വന്തം പാർട്ടിയുടെ യാത്രയിൽ പങ്കെടുക്കാതെ പിണറായിക്കു പിന്നിൽ നിലയുറപ്പിച്ചതിനു പിന്നിൽ മന്ത്രിമോഹമാണെന്നതും വ്യക്തമായിരുന്നു. ഇതോടെ എൻസിപിക്കുള്ളിൽ തോമസ് ചാണ്ടിക്ക് എതിർപ്പ് ശക്തമായി. അതും കുട്ടനാട് സീറ്റിൽ തോമസ് ചാണ്ടിക്ക് വിനയാകും.