- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരുഷ സിംഗിൾസിൽ ജയത്തോടെ തുടക്കമിട്ട് ലക്ഷ്യ സെൻ; ഡബിൾസിലും വിജയിച്ച് മുന്നേറ്റം; രണ്ടാം സിംഗിൾസിൽ ജോനാഥൻ ക്രിസ്റ്റിയെ കീഴടക്കി കിഡംബി ശ്രീകാന്ത്; ഇന്തോനേഷ്യയെ കീഴടക്കി തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യ ചരിത്ര നേട്ടത്തിൽ; 73 വർഷത്തിനിടെ ഇന്ത്യയുടെ കന്നിക്കിരീടം
ബാങ്കോക്ക്: തോമസ് കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുതുചരിത്രം കുറിച്ച് ഇന്ത്യൻ ബാഡ്മിന്റൺ സംഘം. ടൂർണമെന്റിൽ ഉടനീളം സ്വപ്നക്കുതിപ്പ് നടത്തിയ ഇന്ത്യൻ സംഘം ഞായറാഴ്ച നടന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇൻഡൊനീഷ്യയെ തകർത്താണ് 73 വർഷം പഴക്കമുള്ള ടീം ടൂർണമെന്റിൽ ആദ്യ സ്വർണം സ്വന്തമാക്കിയത്.
14 തവണ ചാമ്പ്യന്മാരായ ഇൻഡൊനീഷ്യയെ ഫൈനലിൽ 3-0നാണ് ഇന്ത്യ തകർത്തത്. ആദ്യം നടന്ന പുരുഷ സിംഗിൾസ് മത്സരത്തിൽ യുവതാരം ലക്ഷ്യ സെൻ, പിന്നാലെ നടന്ന ഡബിൾസ് മത്സരത്തിൽ സാത്വിക് രൺകിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം, മൂന്നാമത്തെ മത്സരത്തിൽ കിഡംബി ശ്രീകാന്ത് എന്നിവരും ഇന്തൊനീഷ്യൻ താരങ്ങളെ തകർത്തതോടെ 3-0നാണ് ഇന്ത്യ കീരീടമണിഞ്ഞത്. ആദ്യ 3 കളിയും ജയിച്ച് ഇന്ത്യ സ്വർണമെഡൽ നേടിയതോടെ മൂന്നാം പുരുഷ സിംഗിൾസ് മത്സരവും 2-ാം ഡബിൾസ് മത്സരവും ഉപേക്ഷിച്ചു.
HISTORY SCRIPTED ????❤️
- BAI Media (@BAI_Media) May 15, 2022
Pure show of grit and determination & India becomes the #ThomasCup champion for the 1️⃣st time in style, beating 14 times champions Indonesia ???????? 3-0 in the finals ????
It's coming home! ????????#TUC2022#ThomasCup2022#ThomasUberCups#IndiaontheRise#Badminton pic.twitter.com/GQ9pQmsSvP
73 വർഷത്തെ പാരമ്പര്യമുള്ള തോമസ് കപ്പിൽ പുരുഷ സിംഗിൾസിലെ രണ്ട് മത്സരത്തിലും ഡബിൾസിലും വിജയിച്ചാണ് ഇന്ത്യ കന്നി കിരീടത്തിൽ മുത്തമിട്ടത്. 1952ലും 1955ലും 1979ലും സെമിയിലെത്തിയ ഇന്ത്യയുടെ ആദ്യ ഫൈനൽ പോരാട്ടമായിരുന്നു ഇത്. 1979ലെ സെമിഫൈനലിൽ എതിരാളികൾ ഇന്തോനേഷ്യയായിരുന്നു.
കലാശപ്പോരിൽ ആദ്യ സിംഗിൾസിൽ ലക്ഷ്യ സെൻ ഗംഭീര തിരിച്ചുവരവിലൂടെ വിജയം പിടിച്ച് മുന്നേറിയപ്പോൾ പിന്നാലെ മറ്റൊരു തിരിച്ചുവരവിലൂടെ പുരുഷ വിഭാഗം ഡബിൾസിലും വിജയിച്ച് ഇന്ത്യ 2-0ത്തിന് ലീഡുയർത്തിയിരുന്നു. രണ്ടാമത്തെ പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് 21-15, 23-21 ന് ജോനാഥൻ ക്രിസ്റ്റിയെ തോൽപ്പിച്ച് മത്സരത്തിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ കന്നി കിരീടനേട്ടം ഉറപ്പിച്ചു.
ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാൻകിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് ഷാൻ- കെവിൻ സഞ്ജയ സുകമൽജോ സഖ്യത്തെയാണ് വീഴ്‌ത്തിയത്. ആദ്യ ഗെയിം കൈവിട്ട ശേഷം രണ്ടും മൂന്നും ഗെയിമുകൾ നേടിയാണ് ഇന്ത്യൻ സഖ്യം വിജയിച്ചു കയറിയത്. 18-21, 23-21, 21-19.
നേരത്തെ പുരുഷ വിഭാഗം സിംഗിൾസിൽ ലക്ഷ്യ സെൻ വിജയത്തിലൂടെ ഇന്ത്യക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു. സിംഗിൾസ് പോരാട്ടത്തിൽ ലക്ഷ്യ ഇന്തോനേഷ്യൻ താരം അന്റണി ജിന്റിങിനെ വീഴ്‌ത്തിയാണ് ഇന്ത്യയെ മുന്നിൽ കടത്തിയത്. ആദ്യ ഗെയിം കൈവിട്ട ശേഷം ശക്തമായി തിരിച്ചെത്തിയാണ് ലക്ഷ്യം വിജയം തൊട്ടത്. സ്‌കോർ: 8-21, 21-17, 21-16.
ആദ്യം ഗെയിം നഷ്ടപ്പെടുത്തിയ ലക്ഷ്യ സെൻ മികച്ച തിരിച്ചുവരവാണ് മത്സരത്തിൽ നടത്തിയത്. ആദ്യ ഗെയിമിൽ എട്ട് പോയിന്റ് മാത്രം നേടിയ ലക്ഷ്യ, അടുത്ത രണ്ട് ഗെയിമിലും മികച്ച പോരാട്ടം നടത്തി മത്സരം കൈപിടിയിൽ ഒതുക്കുകയായിരുന്നു.
ഫൈനലിലെ നിർണായകമായ രണ്ടാം സിംഗിൾസ് പോരാട്ടത്തിൽ കിഡംബി ശ്രീകാന്ത്, ജൊനാതൻ ക്രിസ്റ്റിയെ (21-15, 23-21) നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്തതോടെ ഇന്ത്യ ചരിത്ര സ്വർണം സ്വന്തമാക്കി.
ക്വാർട്ടറിൽ മലേഷ്യയെയും സെമിയിൽ ഡെന്മാർക്കിനെയും അട്ടിമറിച്ചാണ് ഇന്ത്യ ചരിത്രത്തിലാദ്യമായ് ഫൈനലിൽ എത്തിയത്. കിഡംബി ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ്, സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം എന്നിവരുടെ അസാമാന്യപ്രകടനമാണ് ടൂർണമെന്റിൽ ഇന്ത്യയെ മുന്നോട്ടുനയിച്ചത്.
സ്പോർട്സ് ഡെസ്ക്