എന്താണ് റവന്യൂ കമ്മി, എന്താണ് മൂലധന ചെലവ്. നാളെ നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കപ്പെടുമ്പോൾ ഈ വാക്കുകളെല്ലാം നമ്മൾ കേൾക്കും. ഇവയടക്കം എന്താണ് ഒരു സർക്കാരിന്റെ ബജറ്റ് എന്നു മനസിലാക്കിത്തരുകയാണ് ധനമന്ത്രി തോമസ് ഐസക്. നമ്മുടെ വീട്ടിലെ നിത്യചെലവുകളും വരുമാനങ്ങളും താരതമ്യം ചെയ്തുകൊണ്ടാണ് എങ്ങനെയാണു ധനമന്ത്രിമാർ ബജറ്റ് തയാറാക്കുന്നതെന്നും അതിനു സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും തോമസ് ഐസക് വിശദീകരിക്കുന്നത്.

കഴിഞ്ഞദിവസം ന്യൂസ് 18 ചാനലിന്റെ ബജറ്റ് ഗുരു ചർച്ചയിലാണ് അദ്ധ്യാപകൻ കൂടിയായ തോമസ് ഐസക് വീട്ടമ്മാരുടെ വരവു ചെലവ് ബോർഡിൽ എഴുതി ബജറ്റിനെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിച്ചത്. യഥാർത്ഥത്തിൽ ഒരു സാധാരണക്കാരന്റെ വീട്ടിലെ വരവു-ചിലവുകളും തന്റെ ബജറ്റും തമ്മിൽ വലിയ വ്യത്യാസങ്ങളില്ലെന്ന് തോമസ് ഐസക് ബോധ്യപ്പെടുത്തി.

അമ്പിളി എന്ന വീട്ടമ്മയുടെ വരവുചിലവു കണക്കുകളാണ് ഇതിനായി തോമസ് ഐസക് ഉപയോഗപ്പെടുത്തിയത്. ബോർഡിൽ അദ്ദേഹം വരവുകളും ചെലവുകളും തിരിച്ചെഴുതി. 9,000 രൂപയാണ് ഭർത്താവില്ലാത്ത രണ്ടു മക്കളുള്ള ഈ വീട്ടമ്മയുടെ മാസ വരുമാനം. ഭക്ഷണത്തിനായി 4000 വും വസ്ത്രത്തിനായി 500 ഉം മക്കളുടെ വിദ്യാഭ്യാസത്തിനായി 4000 ഉം മരുന്നിനായി 200ഉം മറ്റുള്ള ചെലവ്ക്കായി 3000 വും കൂട്ടി മൊത്തം 11,800 രൂപ മാസം വീട്ടമ്മ ചെലവാക്കുന്നതായി തോമസ് ഐസക് കണക്കുകൂട്ടി. ചെലവിൽ നിന്ന് വരവു കുറച്ചപ്പോൾ 2800 രൂപ കുറവ്. കടം വാങ്ങിച്ചാണ് ശേഷിച്ച തുക കണ്ടെത്തുന്നതെന്ന് വീട്ടമ്മ പറഞ്ഞു. ധനകാര്യ വിധഗ്ദരുടെ ഭാഷയിൽ ഇതിനെ റവന്യൂ കമ്മി നികത്തൽ എന്നു പറയുമെന്ന് തോമസ് ഐസക് വിശദീകരിച്ചു.

കടം വാങ്ങി ഭക്ഷണം കഴിച്ചാൽ അത് അതോടെ പോകും. അതിനെയാണു റവന്യൂ ചെലവ് എന്നു പറയുന്നത്. എന്നാൽ ഒരു വീടു വാങ്ങുകയോ ബൈക്ക് വാങ്ങുകയോ ചെയ്താൽ ആ ആസ്തി അവിടെ കാണും. ഇതിനെ മൂലധന ചെലവ് എന്നു പറയുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

അമ്പിളി ജോലി ചെയ്തു സമ്പാദിക്കുമ്പോൾ സർക്കാരിന്റെ വരുമാനം പിരിച്ചെടുക്കുന്ന നികുതിയാണ്. സർക്കാർ നിർബന്ധപൂർവം നികുതി പിരിക്കും, പകരം ഇന്നത് തരും എന്നു പകരം പറയുകയും ചെയ്യില്ല.

സർക്കാരും വായ്പ എടുത്താണ് ചെലവ് നടത്തുന്നത്. ബജറ്റിനു പുറത്തും സർക്കാർ വായ്പ എടുക്കുന്നുണ്ട്. ഇതിനു പുറമേ സർക്കാരിന്റെ പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളെ കൊണ്ടും വായ്പ എടുപ്പിക്കുന്നുണ്ട്. കൊച്ചി മെട്രോയും വിഴിഞ്ഞം തുറമുഖവും ഉദാഹരണമാണ്.

പല പദ്ധതികളും രാമേശ്വരത്തെ ക്ഷൗരം പോലെയാണ്, പാതി മീശ മുറിച്ചിട്ട് അവിടെ ഇരിക്കാൻ പറയും, ഒന്നും തീരത്തില്ല. ഒരു വർഷത്തെ ചെലവു മാത്രം കണക്കുകൂട്ടിയാണ് ഭാരിച്ച ചെലവുള്ള പ്രൊജക്ടടുകൾ എറ്റെടുക്കുന്നത്. അടുത്ത വർഷം വരുമ്പോൾ ചെലവു കൂടും. ഭാവിയിലെ ചെലവുകൾ കണക്കിലെടുക്കാതെ പ്രൊജക്ടുകൾ ഏറ്റെടുത്താൻ അവസാനം കൊടുക്കാൻ പണം ഉണ്ടാകില്ല. ഇത് ഒഴിവാക്കാനായി സോഫ്ട് വെയറിന്റെ സഹായത്തോടെ സംവിധാനം ആരംഭിച്ചിട്ടുണ്ട്. എന്തു പുതിയ പദ്ധതി തുടങ്ങുമ്പോഴും അടുത്ത നാല് അഞ്ച് വർഷക്കാലം ഉണ്ടാകുന്ന ബാധ്യത കണക്കുകൂട്ടുന്ന സംവിധാനമാണിത്.

ചരക്കുസേവന നികുതി(ജിഎസ്ടി) വന്നാൽ നികുതിപിരിവ് ഊർജിതമാകുമെന്നും തോമസ് ഐസക് വിശദീകരിച്ചു. തമിഴ്‌നാട്ടിൽ കൊടുത്ത നികുതിക്ക് കേരളത്തിൽ ഇളവ് കിട്ടണമെങ്കിൽ ബില്ല് കാണിക്കേണ്ടിവരും. ഇത് കേരളത്തിന് വലിയ ഗുണമാണ്. എവിടെയാണ് അവസാനം സാധനം വന്നു ചേരുന്നത് ആ സംസ്ഥാനത്തായിരിക്കും പിരിച്ച നികുതിയും വന്നുചേരുന്നത്. കഴിഞ്ഞ വർഷം സംസ്ഥാന ബജറ്റിൽ പതിനായിരം കോടി രൂപയായിരുന്നു കമ്മി. ജിഎസ്ടി വന്നുകഴിഞ്ഞാൽ വർഷം 20 ശതമാനം വച്ചു നികുതിവരുമാനം കൂടുകയും ഈ സർക്കാരിന്റെ അവസാന കാലമാകുമ്പോൾ ബജറ്റ് കമ്മി വളരെ കുറയുകയും ചെയ്യുമെന്ന് ഐസക് വിശദീകരിച്ചു.