- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വടക്കേ നട തുറന്നിടാതെ തെക്കേഗേറ്റ് വഴി യാത്ര; വാസ്തു ദോഷം ഭയന്ന് കോടിയേരി ഓടി ഇറങ്ങിയ വീട്; രാശിപ്പിഴയുള്ള വീട്ടിൽ നിന്ന് 13-ാം നമ്പർ കാറിൽ വീണ്ടും സഭയിൽ എത്തി ആറാം ബജറ്റ് അവതരണം; തോമസ് ഐസക് വീണ്ടും എംഎൽഎയായാൽ ആ മന്ത്രി മന്ദിരത്തിന്റെ ഗൃഹപ്പിഴ തീരും; മന്മോഹൻ ബംഗ്ലാവിലെ കുട്ടിച്ചാത്തൻ പേടിച്ചോടുമോ?
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് മാറ്റ് കൂട്ടുന്ന ഒട്ടനവധി പദ്ധതികൾ പ്രഖ്യാപിച്ച് നടപ്പിലാക്കി എന്ന ഗരിമയോടെയാണ് ധനമന്ത്രി തോമസ് ഐസക്ക് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുന്നത്. പ്രതികൂല സാഹചര്യങ്ങളിൽ പോലും ക്ഷേമ പ്രവർത്തനങ്ങൾക്കും പശ്ചാത്തല വികസന പ്രവർത്തനങ്ങൾക്കും യാതൊരു മുടക്കവും ഇല്ലാതെ മുന്നോട്ട് കൊണ്ടുപോയ ഇന്ദ്രജാലമായിരുന്നു തോമസ് ഐസക്ക് എന്ന ധനകാര്യ വിദഗ്ധൻ കഴിഞ്ഞ നാലേമുക്കാൽ വർഷമായി കേരളത്തിൽ നടത്തിയത്. പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെ ബജറ്റ് അവതരിപ്പിച്ച് കയ്യടി നേടുമ്പോൾ, ധനകാര്യ രംഗത്ത് മാത്രമല്ല, കേരളത്തിൻെ ചില അന്ധവിശ്വാസങ്ങളെയും പൊളിച്ചെഴുതിയെന്ന ഖ്യാതിയോടെയാണ് ചെറുമന്ദഹാസവുമായി തോമസ് ഐസക്ക് എന്ന കമ്മ്യൂണിസ്റ്റ് തലയുയർത്തി നിൽക്കുന്നത്. പതിമൂന്നാം നമ്പരെന്ന അശ്രീകരത്തെയും മന്മോഹൻ ബംഗ്ലാവെന്ന രാശി ഇല്ലായ്മയേയും വരുതിയിലാക്കിയാണ് മലയാളികളുടെ പ്രിയപ്പെട്ട തോമസ് ഐസക്ക് ഇന്ന് ബജറ്റ് അവതരിപ്പിച്ചത്.
ലോകമെങ്ങും 13 എന്ന സംഖ്യയെ മോശം എന്നാണ് വിലയിരുത്താറ്. കേരളത്തിലെ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും അതുകൊണ്ട് തന്നെ പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാറിനെ തൊടാൻ മടിക്കും. ഇക്കുറി പിണറായി വിജയൻ സർക്കാർ അധികാരമേൽക്കുമ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 13-ാം നമ്പർ സ്റ്റേറ്റ് കാർ അനാഥമായിരുന്നു. സംഭവം പത്രക്കാരും പിന്നാലെ സോഷ്യൽ മീഡിയയും ഏറ്റെടുത്തു. ഇതോടെ വിവാദ പോസ്റ്റുമായി ബിജെപി നേതാവ് കെ സുരേന്ദ്രനെത്തി. 'വൈരുദ്ധ്യാത്മക ഭൗതികവാദവും ശാസ്ത്രീയ സോഷ്യലിസവും അടിസ്ഥാനപ്രമാണമാക്കിയ സിപിഎം, സിപിഐ മന്ത്രിമാർ എന്തുകൊണ്ട് 13 നമ്പർ ഒഴിവാക്കി എന്നറിയാൻ ജനങ്ങൾക്ക് അവകാശമില്ലേ? സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടുമെങ്കിലും മറുപടി പറയണം. 13 അശുഭ ലക്ഷണമാണെന്നു തുറന്നു സമ്മതിച്ച് ജനങ്ങളെ അറിയിക്കാൻ ആർജ്ജവമുണ്ടോ പിണറായി വിജയന്? ഇതിലും ഭേദം ഒരു കഷണം കയറെടുത്തു കെട്ടിത്തൂങ്ങിച്ചാവുന്നതാണ്.' എന്നതായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതോടെ പതിമൂന്നാം നമ്പർ കാറിനെ സ്വന്തമാക്കാൻ ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തി. ധനമന്ത്രി നേരത്തെ ആവശ്യപ്പെട്ടതനുസരിച്ചാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന് പതിമൂന്നാം നമ്പർ അനുവദിച്ചത്. കഴിഞ്ഞ മന്ത്രിസഭയിൽ 13ാം നമ്പർ കാർ ആർക്കും ഉണ്ടായിരുന്നില്ല. അതിനാൽ ഇത്തവണ മന്ത്രിസഭാംഗങ്ങൾക്കും ഈ നമ്പറിൽ കാർ അനുവദിച്ചിരുന്നില്ല. എന്നാൽ, അന്ധവിശ്വാസങ്ങൾക്ക് എൽഡിഎഫ് മന്ത്രിസഭയും കൂട്ടുനിൽക്കുകയാണെന്ന വാദമുയർത്തി ബിജെപി നേതാവ് കെ സുരേന്ദ്രൻ ഈ വിഷയം ഫേസ്ബുക്കിലൂടെ ചർച്ചയാക്കുകയായിരുന്നു. പതിമൂന്നാം നമ്പർ കാർ എടുക്കാൻ ആർക്കും ധൈര്യമില്ലേ എന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രിമാരായ തോമസ് ഐസക്കും വി എസ് സുനിൽകുമാറും ഈ നമ്പർ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു. നമ്പർ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ടൂറിസം വകുപ്പിന് അപേക്ഷ നൽകുകയും ചെയ്തു. ഇതേത്തുടർന്നാണു മന്ത്രിക്ക് കാർ അനുവദിച്ചത്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ ധനമന്ത്രിയുടെ വാഹന നമ്പർ 23 ആയിരുന്നു.
മന്മോഹൻ ബംഗ്ലാവിലെ കുട്ടിച്ചാത്തൻ
കുറേക്കാലമായി മന്മോഹൻ ബംഗ്ലാവ് രാഷ്ട്രീയക്കാരുടെ, പ്രത്യേകിച്ച് മന്ത്രിമാരുടെ പേടിസ്വപ്നമായിട്ട്. മന്ത്രിമാർ വാഴാത്ത വീടെന്നാണ് മന്മോഹൻ ബംഗ്ലാവിനെപ്പറ്റി പറയുന്ന ചീത്തപ്പേര്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലം മുതൽ അവിടെ താമസിച്ച മന്ത്രിമാരെല്ലാം പിന്നെ സഭ കണ്ടിട്ടില്ലെന്നതാണ് രാജ്ഭവനോട് ചേർന്നുള്ള ഈ മനോഹര ബംഗ്ലാവിന് ദുഷ്പേരുണ്ടാവാൻ കാരണമായത്. കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണൻ മുതൽ മോൻസ് ജോസഫ് വരെ നാല് മന്ത്രിമാർ വരെ മാറി താമസിച്ചു. കോടിയേരി ഇവിടെനിന്ന് താമസംമാറിയപ്പോൾ മറ്റുള്ളവർക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടും മറ്റു കാരണങ്ങളാലും ഇവിടെ എത്തിയില്ല.
എം വിരാഘവൻ അവസാനം മന്ത്രിയായപ്പോൾ താമസിച്ചത് ഇവിടെയായിരുന്നു. പിന്നീട് അദ്ദേഹത്തിനും വീണ്ടും അധികാരത്തിലെത്താനായില്ല. ഇനി മത്സരിക്കാനില്ലെന്ന് നേരത്തെ തീരുമാനിച്ചതാണെങ്കിലും ആര്യാടൻ മുഹമ്മദും കഴിഞ്ഞപ്രാവശ്യം താമസിച്ചത് ഇവിടെയാണ്. അദ്ദേഹത്തിന് പകരം മത്സരിച്ച മകൻ ആര്യാടൻ ഷൗക്കത്താകട്ടെ ജയമുറപ്പിച്ച സീറ്റിൽ ഇക്കുറി തോറ്റുപോയതോടെ സഭകാണാൻ ഭാഗ്യമുണ്ടായില്ല. ഇത്തരത്തിൽ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മന്മോഹൻ ബംഗ്ലാവിന് പലരും അയിത്തം കൽപിക്കുന്നതും കുപ്രചരണം നടത്തുന്നതും. പക്ഷേ, രാശിപ്പിഴ തീർക്കാൻ കഴിഞ്ഞ ഇടതുമന്ത്രിസഭയുടെ കാലത്ത് ഈ വീടിന്റെ ഗേറ്റ് മാറ്റി സ്ഥാപിക്കുകയും അത് വിവാദമാകുകയും ചെയ്തെന്നത് മറ്റൊരു കാര്യം.
ഈ വിവാദത്തിനും തോമസ് ഐസക്ക് എന്ന കമ്മൂണിസ്റ്റുകാരന്റെ മനസ്സിളക്കാനായില്ല. താമസിക്കുന്നെങ്കിൽ അത് മന്മോഹൻ ബംഗ്ലാവിൽ. തീരുമാനം ഉറച്ചതായിരുന്നു. മന്മോഹൻ ബംഗ്ലാവിലെ ഗൃഹപ്രവേശന ചടങ്ങാവട്ടെ രാഹുകാലത്തും. ഇതോടെ ധനമന്ത്രി സമൂഹ മാധ്യമങ്ങളിലും സൈബർ ലോകത്തും താരമായി മാറി. എന്നാൽ ചിലരുടെ എങ്കിലും ഉള്ളിൽ ഭയം കനത്തുകിടന്നു. എന്തും സംഭവിക്കാവുന്ന രണ്ട് മാരണങ്ങളാണ് മന്ത്രി ഏറ്റെടുത്തിരിക്കുന്നത്. പണി പാലുംവെള്ളത്തിൽ കിട്ടുമെന്ന് എകെജി സെന്ററിനകത്തും പുറത്തും പലരും പകുതി കളിയായും പകുതി കാര്യമായും പറഞ്ഞു. പക്ഷേ തോമസ് ഐസക്ക് അതൊന്നും കാര്യമാക്കിയില്ല. എന്നാൽ, വിശ്വാസികളുടെ വിശ്വാസങ്ങൾക്ക് വിശ്വാസം കൂടുന്ന തരത്തിലായിരുന്നു ആദ്യ മാസത്തെ ധനമന്ത്രിയുടെ അനുഭവങ്ങൾ.
ഒരു മാസത്തിനിടയിൽ പേഴ്സണൽ സ്റ്റാഫിലെ രണ്ടു പേർ മരിച്ചു
മന്മോഹൻ ബംഗ്ലാവിൽ കാലെടുത്തു വച്ച ശേഷം തോമസ് ഐസക്കിന് നഷ്ടമായത് രണ്ട് വിശ്വസ്തരെയാണ്. വലം കൈയായി നിന്ന രണ്ട് പേർ. ഒരു മാസത്തിനിടയിൽ മന്ത്രി തോമസ് ഐസക്കിന്റെ പഴ്സണൽ സ്റ്റാഫുകളിൽ രണ്ട് പേർ മരിച്ചു. ആദ്യത്തേത് ആത്മഹത്യ. മറ്റൊന്ന്അകാലത്തിലുള്ള മരണം. മന്ത്രിയുടെ സ്റ്റാഫിലെ അനസും കൃഷ്ണകുമാറുമാണ് ആദ്യ നാളുകളിൽ തന്നെ മരണപ്പെട്ടത്.
പഴ്സണൽ സ്റ്റാഫായിരുന്ന പനമറ്റം സ്വദേശി അനസ് ആത്മഹത്യ ചെയ്യുകയായിരുന്നു. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് തോമസ് ഐസക് അമേരിക്കയിലായിരുന്ന സമയത്താണ് അനസ് ആത്മഹത്യ ചെയ്തത്. ജോലി സമ്മർദ്ദമെന്ന് പറയുന്നുവെങ്കിലും അത് ആർക്കും വിശ്വസിക്കാനാകുന്നില്ല. അപ്രതീക്ഷിതമായ ഈ വിയോഗ വേദനയിൽ നിന്ന് തോമസ് ഐസക് മുക്തനാകുമ്പോൾ അടുപ്പക്കാരിൽ പ്രിയപ്പെട്ട കൃഷ്ണകുമാർ ഹൃദയാഘാതം മൂലം മരിച്ചു. ഇതോടെ മന്മോഹൻ ബംഗ്ലാവിന്റേയും പതിമൂന്നാം നമ്പറിന്റേയും കാലക്കേടാണ് ഇതിന് പിന്നിലെന്ന് മന്ത്രിയുടെ സഹപ്രവർത്തകരിൽ ചിലരെങ്കിലും വിശ്വസിക്കാൻ തുടങ്ങിയിരുന്നു. അനസിന്റെ ആത്മഹത്യയും കൃഷ്ണകുമാറെന്ന ആരോഗ്യമുള്ള വ്യക്തിയുടെ മരണവും കാലക്കേടിന്റെ സൂചനയായി ഉയർത്തിക്കാട്ടിയിരുന്നു ചിലർ. എന്നിട്ടും തന്റെ തീരുമാനത്തിൽ നിന്നും മന്ത്രി പിന്നോട്ട് പോയില്ല.
തെക്കേ നട അടയ്ക്കാതെ
വടക്കേ ഗേറ്റ് തുറന്നിടണമെന്നും തെക്കേ ഗേറ്റിലൂടെ പോകരുതെന്നും എല്ലാം പലപ്പോഴും ഉപദേശങ്ങൾ ലഭിക്കാറുണ്ടെന്ന് മന്ത്രി തന്നെ വ്യക്തമാക്കുമായിരുന്നു. എന്നാൽ ഇന്നും ബഡ്ജറ്റ് അവതരണത്തിന് മന്ത്രി ഇറങ്ങിയത് തെക്കേവഴി തന്നെ. ഇറങ്ങും മുമ്പ് അമ്മയോടൊപ്പം മുറ്റത്ത് തയ്യാറാക്കിയ പന്തലിൽ ഇരുന്ന് പ്രാതൽ. പിന്നീട് കേരളത്തിന്റെ കണക്കു പെട്ടിയുമായി നിയമസഭയിലേക്ക്. പിന്നീടെല്ലാം നിയമസഭാ രേഖകളിൽ ചരിത്രം. കോവിഡും കൊടുങ്കാറ്റും പേമാരിയും താണ്ഡവമാടിയ അഞ്ചു വർഷം കേരളത്തിലെ ജനങ്ങളെ പോറ്റിയതും നിലനിർത്തിയതും ഈ ധനകാര്യ വിദഗ്ധന്റെ കണക്കുകൂട്ടലുകൾ തന്നെയായിരുന്നു. രാശിയില്ലെന്ന് കേരള രാഷ്ട്രീയം വിധിയെഴുതിയ മന്മോഹൻ ബംഗ്ലാവിലും പതിമൂന്നാം നമ്പർ സ്റ്റേറ്റ് കാറിലും നടത്തിയ കണക്കുകൂട്ടലുകൾ ഒന്നും പിഴച്ചില്ല. അന്ധവിശ്വാസങ്ങളെ അനുഭവത്തിലൂടെ പൊളിച്ചെഴുതുക എന്ന വിപ്ലവകാരിയുടെ കടമകൂടി നിർവഹിക്കാൻ തോമസ് ഐസക്കിനായി.
അങ്ങനെയങ്ങ് എഴുതി തള്ളല്ലേ; തെരഞ്ഞെടുപ്പൊന്ന് വന്നോട്ടെ: കുട്ടിച്ചാത്തൻ
അഞ്ചു വർഷം തോമസ് ഐസക്കിനെ സഹിച്ച മന്മോഹൻ ബംഗ്ലാവിലെയും പതിമൂന്നാം നമ്പരിലെയും കുട്ടിച്ചാത്തൻ ചെറിയ പുള്ളിയല്ല എന്നാണ് ചിലരെങ്കിലും പറയുന്നത്. ഇതിനെല്ലാം ഐസക്കിന് ഒന്നിച്ച് കിട്ടുമത്രേ. അതിന് ഇനിയധികം കാലതാമസം ഇല്ലെന്നും ചാത്തൻ ഫാൻസ് പറയുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ മാത്രമേ തോമസ് ഐസക്കിന് പാർലമെന്ററി ഭാഗ്യം ഉണ്ടാകൂ എന്നാണ് ഇക്കൂട്ടർ പറയുന്നത്. ഐസക്കിന് പാർട്ടി സീറ്റ് കൊടുക്കില്ല എന്നും അത് മന്മോഹൻ ബംഗ്ലാവിന്റെ ശാപമാണെന്നും കുട്ടിച്ചാത്തൻ ഫാൻസ് പറയുന്നു. മന്മോഹൻ ബംഗ്ലാവിൽ താമസിച്ചവർ പിന്നീട് നിയമസഭ കണ്ടിട്ടില്ലത്രേ. ആര്യാടൻ മുഹമ്മദും എം വി രാഘവനും എല്ലാം ഉദാഹരണങ്ങൾ. ചുരിക്കിപ്പറഞ്ഞാൽ മന്മോഹൻ ബംഗ്ലാവിന്റെ പേരുദോഷം തീരാൻ തോമസ് ഐസക്ക് ഇനുയും മത്സരിച്ച് വീണ്ടും നിയമസഭയിൽ എത്തണം.