- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാലു തവണ മത്സരിച്ച ഐസക്കിന് ഇനി സീറ്റ് കൊടുക്കില്ല; ധനമന്ത്രിയെ വെട്ടാനുള്ള നീക്കത്തിന് കരുത്ത് പകരാൻ സുധാകരൻ സ്വയം മാറി നിൽക്കും; ബാലനും മണിക്കും പാർട്ടി ഉത്തരവാദിത്വങ്ങൾ; ശൈലജ മണ്ഡലം മാറും; ശ്രീരാമകൃഷ്ണനും ജലീലും മത്സരിക്കും; കടകംപള്ളിയും സീറ്റ് ഉറപ്പിക്കും
തിരുവനന്തപുരം: സ്പീക്കർ ശ്രീരാമകൃഷ്ണനും മന്ത്രി കെടി ജലീലും വീണ്ടും മത്സരിക്കും. എന്നാൽ സിപിഎം മന്ത്രിമാരിൽ ഒരു നിര ഇത്തവണ നിയമസഭാ മത്സരരംഗത്തുനിന്നു മാറുമെന്നാണ് സൂചന. മന്ത്രിമാരായ എം.എം.മണി, എ.കെ.ബാലൻ, ജി.സുധാകരൻ, തോമസ് ഐസക് എന്നിവരിൽ ചിലർക്ക് മാറി നിൽക്കേണ്ടി വരും. സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് കോടിയേരി ബാലകൃഷ്ണനെ മടക്കി കൊണ്ടു വരുന്നതും ചർച്ചകളിൽ സജീവമാണ്. ചികിൽസയ്ക്ക് വേണ്ടിയാണ് കോടിയേരി സെക്രട്ടറി പദം ഒഴിഞ്ഞത്. തദ്ദേശത്തിലെ വിജയത്തോടെ പാർട്ടി കരുത്ത് കൂടി. അതുകൊണ്ട് തന്നെ കോടിയേരി മടങ്ങി വരാൻ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും നിർണ്ണായകം.
ജെ.മെഴ്‌സിക്കുട്ടിയമ്മ, സി.രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രൻ എന്നീ മന്ത്രിമാർ ഉറപ്പായും മത്സരിക്കും. ഇപി ജയരാജനും അവസരം കിട്ടും. എസി മൊയ്തീനും മത്സരിക്കാൻ സാധ്യത കുറവാണെന്ന വിലയിരുത്തലുണ്ട്. എന്നാൽ തൃശൂരിലെ പ്രത്യേക സാഹചര്യം മൊയ്തീനും സീറ്റ് നൽകുമെന്നാണ് വിലയിരുത്തൽ. മുതിർന്ന നേതാവായ ആനത്തലവട്ടം ആനന്ദനും മത്സരിക്കാൻ ആഗ്രഹമുണ്ട്. എംഎ ബേബിയും പട്ടികയിൽ ഇടം നേടാൻ സാധ്യത ഏറെയാണ്. തോമസ് ഐസക് മത്സര രംഗത്തു നിന്നു മാറുന്ന സാഹചര്യത്തിലാണ് ഇത്.
ജി.സുധാകരൻ അമ്പലപ്പുഴയിൽ വീണ്ടും മത്സരിക്കാൻ സാധ്യതയില്ലെന്ന് വിലയിരുത്തലുണ്ട്. കായംകുളത്തേക്കു മാറി മത്സരിക്കുമെന്ന അഭ്യൂഹമുണ്ടെങ്കിലും അത് നിഷേധിച്ചിരുന്നു. രണ്ട് തവണയിൽ കൂടുതൽ സുധാകരൻ തുടർച്ചയായി എംഎൽഎയായി. ഇനി മത്സരിക്കാൻ താൽപര്യമില്ലെന്നും പാർട്ടി പ്രവർത്തനത്തിൽ പൂർണമായി മുഴുകാനാണു താൽപര്യമെന്നും സുധാകരൻ പറയുന്നു. തുടർച്ചയായി 2 തവണ ജയിച്ചവരെ ഒഴിവാക്കണമെന്ന നിബന്ധനയാണ് സിപിഎമ്മിനുള്ളത്. സുധാകരൻ ഇതിനകം 7 തവണ മത്സരിച്ചു; 3 തവണ തോറ്റു. 2 തവണ മന്ത്രിയായ തോമസ് ഐസക് ആലപ്പുഴയിൽ 4 തവണ മത്സരിച്ചു കഴിഞ്ഞു.
തോമസ് ഐസക്കും സുധാകരനും രണ്ടു ചേരിയിലാണ്. ഐസക്കിനോട് പിണറായിക്ക് താൽപ്പര്യക്കുറവുണ്ട്. സുധാകരനെ മാറ്റി നിർത്തുന്നതിനൊപ്പം ഐസക്കിനേയും മാറ്റുകയാണ് പിണറായിയുടെ ലക്ഷ്യം. ഇതോടെ തുടർഭരണം കിട്ടിയാലും ഐസക്കിനെ മന്ത്രിയാക്കേണ്ട സാഹചര്യം ഒഴിവാകും. അതിനിടെ ഇതിനകം 4 തവണ മത്സരിക്കുകയും 2 തവണ മന്ത്രിയാകുകയും ചെയ്ത എ.കെ. ബാലൻ സംഘടനാരംഗത്തേക്ക് മാറുമെന്ന സൂചനകൾ ശക്തമാണ്. അനാരോഗ്യം കാരണം മന്ത്രി എം.എം. മണി ഉടുമ്പൻചോല മണ്ഡലത്തിൽ മത്സരിക്കാൻ ഇടയില്ലെന്ന് സൂചന. ശാരീരിക പ്രയാസങ്ങളാണ് കാരണം.
പുതിയ കക്ഷികൾ എൽഡിഎഫിലേക്കു വന്നതിന്റെ ഭാഗമായി കെ.കെ. ശൈലജയും മന്ത്രി ടി.പി രാമകൃഷ്ണനും മണ്ഡലം മാറുമോ എന്ന ചർച്ചയും സജീവമാണ്. ശൈലജയുടെ സിറ്റിങ് സീറ്റായ കൂത്തുപറമ്പ് എൽഡിഎഫിലേക്ക് തിരിച്ചുവന്ന എൽജെഡി നേരത്തെ മത്സരിച്ചിരുന്ന സീറ്റാണ്. കെ.പി. മോഹനന് വേണ്ടി ആ സീറ്റ് അവർ ചോദിക്കാനാണ് സാധ്യത. യുഡിഎഫിലായിയിരിക്കെ, 1977 മുതൽ കേരള കോൺഗ്രസ് (എം) മത്സരിച്ച മണ്ഡലമാണ് പേരാമ്പ്ര. ടി.പി രാമകൃഷ്ണന്റെ സിറ്റിങ് സീറ്റ് എന്ന നിലയിൽ പേരാമ്പ്ര വിട്ടുകൊടുത്താൽ പകരം തിരുവമ്പാടി കേരള കോൺഗ്രസ് ചോദിക്കും.
സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, കെ.ടി.ജലീൽ എന്നിവരെ മത്സരിപ്പിക്കണമെന്നാണ് പിണറായിയുടെ താൽപ്പര്യം. സിപിഎം കേന്ദ്ര നേതൃത്വം കൂടി ആലോചിച്ചെടുക്കാനാണു സാധ്യത. ജയസാധ്യത, സ്ഥാനാർത്ഥിത്വം മറ്റു മണ്ഡലങ്ങളെ ബാധിക്കുമോ എന്നിവ കണക്കിലെടുക്കും. മലപ്പുറത്ത് രണ്ടു പേർക്കും ജയസാധ്യതയുണ്ടെന്നാണ് പിണറായിയുടെ വിലയിരുത്തൽ. ഇവർ മാറിയാൽ രണ്ട് സീറ്റുകൾ നഷ്ടമാകാനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ഇവരെ മത്സരിപ്പിക്കുക.
അദ്ധ്യാപനത്തിലേക്ക് തിരിച്ചു പോകുകയാണെന്നും മത്സരത്തിനില്ലെന്നുമുള്ള തരത്തിൽ ജലീൽ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. എങ്കിലും മറിച്ചുള്ള സാധ്യതയാണ് കൂടുതൽ. പദ്ധതികളുടെ പൂർത്തീകരണത്തിനായി ഇരുവരും തീവ്രശ്രമം നടത്തുന്നു.
മറുനാടന് മലയാളി ബ്യൂറോ