തിരുവനന്തപുരം: ഈ വർഷം വിരമിക്കുന്ന സർക്കാർ ജീവനക്കാർക്ക് ഒരു വർഷം കൂടി സർവീസ് നീട്ടി നൽകണമെന്ന ശമ്പള കമ്മീഷൻ ശുപാർശ തള്ളാൻ സർക്കാർ. പെൻഷൻ പ്രായം വർദ്ധിപ്പിക്കില്ല എന്നതാണ് സർക്കാർ നയമെന്ന് ഐസക്ക് പ്രതികരിച്ചു. ഒരു വർഷം അധികം നൽകണമെന്ന ശുപാർശ പെൻഷൻപ്രായം വർദ്ധിപ്പിക്കിലായി വ്യാഖ്യാനിച്ചതിനെ തുടർന്നാണ് ഐസക്കിന്റെ പ്രതികരണം.

ഇതിനിടെ ശമ്പള വർധനവിൽ അതൃപ്തി രേഖപ്പെടുത്തി പ്രതിപക്ഷ സംഘടനകൾ സമരം ആരംഭിച്ചു. പ്രതിഷേധിക്കുന്നവർ നാടിന്റെ സാമ്പത്തിക അവസ്ഥകൂടി കണക്കിലെടുക്കണമെന്ന് ധനമന്ത്രി ഓർമിപ്പിച്ചു. 11 ാം ശമ്പള കമ്മീഷന്റെ പ്രധാന ശുപാർശകളിലൊന്ന് ഈ വർഷം വിരമിക്കുന്ന സർക്കാർ ജീവനക്കാർക്ക് ഒരു വർഷം കൂടി സർവീസ് നീട്ടി നൽകണം എന്നത്. ഫലത്തിൽ ഇത് പെൻഷൻ പ്രായം ഉയർത്തുന്നതിനും നിയമന നിരോധനത്തിലും തുല്യമാണ്.

എന്നാൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ യുവാക്കളിൽ നിന്നടക്കം ഉണ്ടായേക്കാവുന്ന പ്രതിഷേധം കണക്കിലെടുത്ത് ഈ ശുപാർശ അംഗീകരിക്കാൻ സാധ്യതയില്ല. ഇക്കാര്യം ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കുകയും ചെയ്തു.

സംസ്ഥാന സർക്കാരിന് ഇത് തന്നെ താങ്ങാൻ വലിയ പാടാണെന്ന് ധനമന്ത്രി പറഞ്ഞു. അത്രയ്ക്ക് ഗൗരവമായ പ്രതിസന്ധിയാണ്. പ്ലാൻ കുറച്ച്, ചെലവ് ചുരുക്കിയാണ് കാര്യങ്ങൾ നടത്തിപ്പോകുന്നത്. ആ യാഥാർത്ഥ്യബോധ്യം ഉൾക്കൊണ്ടുകൊണ്ട്, കോവിഡ് വരുമാനമില്ലാത്ത അവസ്ഥയിലാണ് ശമ്പള പരിഷ്‌കരണ കമ്മീഷൻ പറഞ്ഞത് അംഗീകരിക്കുന്നതെന്ന് പ്രതിപക്ഷ സംഘടനകളുടെ വിമർശനത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് ശമ്പള കമ്മീഷൻ വിജ്ഞാപനം അംഗീകരിക്കേണ്ടതുണ്ട്. അതിനാൽ ഉപസമിതി പരിശോധന ഇല്ലാതെ മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനം എടുത്തേക്കും.