തിരുവനന്തപുരം: കിഫ്ബിയിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത് ഡൽഹിയിൽനിന്നുള്ള നിർദേശപ്രകാരമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയുടെ സൽപ്പേരു കളയാനാണ് ശ്രമം. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനാണ് ആദായനികുതി വകുപ്പു ശ്രമിച്ചതെന്ന് ധനമന്ത്രി ആരോപിച്ചു.

മറ്റു സംസ്ഥാനങ്ങളിൽ പരീക്ഷിച്ചു വിജയിച്ച രീതികൾ കേരളത്തിലും ശ്രമിച്ചു നോക്കുകയാണ്. കിഫ്ബിയിലേക്ക് ഇനി ഇഡിയുടെ വരവും പ്രതീക്ഷിക്കുന്നുണ്ട്. ഒരു ധനകാര്യ സ്ഥാപനം സൽപ്പേരിന്റെ അടിസ്ഥാനത്തിലാണ് പണം സമാഹരിക്കുന്നത്. അതില്ലാതാക്കാനാണ് ശ്രമമെന്ന് തോമസ് ഐസക്ക് പറഞ്ഞു.

കരാറുകാരുടെ ഉറവിട നികുതി പിരിച്ചുനൽകുകയെന്നത് കിഫ്ബിയുടെ ബാധ്യതയല്ല. ആർക്കെല്ലാമാണ് കരാർ നൽകിയിട്ടുള്ളത് എന്നതിന്റെ വിവരങ്ങൾ നൽകാമെന്ന് ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നു. വിവരങ്ങൾ ഓൺലൈൻ ആയാണ് സൂക്ഷിക്കുന്നത്. ഇതിന്റെ പാസ്വേർഡ് നൽകാമെന്നും അറിയിച്ചിരുന്നു. പിന്നെ എന്തിനാണ് റെയ്ഡ് പ്രഹസനം നടത്തുന്നത്? മാധ്യമങ്ങളെ അറിയിച്ചാണ് കിഫ്ബി റെയ്ഡിനു വന്നത്. ചില വിവരങ്ങൾ അറിയാനുണ്ടെന്നു പറഞ്ഞ് കമ്മിഷണർ അടക്കം പതിനഞ്ചു പേരാണ് വന്നത്. കിഫ്ബി സിഇഒ കെഎം എബ്രഹാമിനെക്കുറിച്ച് ആദായ നികുതി കമ്മിഷണർക്ക് അറിയില്ലെങ്കിൽ സഹാറാ കേസ് വിശദമായി വായിച്ചാൽ മതിയെന്ന് തോമസ് ഐസക്ക് പറഞ്ഞു.