തിരുവനന്തപുരം: കേന്ദ്രതത്തിന്റെ ജിഎസ്ടി നടപ്പാക്കലിന് ശേഷം നടക്കുന്ന ആദ്യത്തെ കേരളാ ബജറ്റ് ആണ് ധനകാര്യ മന്ത്രി തോമസ് ഐസക്ക് വരും ദിവസം നിയമ സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ജിഎസ്ടിയിൽ കുടുങ്ങി നികുതികൾക്കു മേൽ സംസ്ഥാന സർക്കാരിന് അധികാരം നഷ്ടപ്പെട്ട ശേഷമുള്ള ആദ്യ ബജറ്റാണ് ഇത്. അതിനാൽ തന്നെ ആകാംക്ഷയോടെയാണ് കേരളം തോമസ് ഐസക്ക് അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇത്തവണത്തെ ബജറ്റിനെ നോക്കി കാണുന്നത്.

ജിഎസ്ടിയോടെ പ്രധാന നികുതികളെല്ലാം കേന്ദ്രത്തിലേക്ക് പോയതിനാൽ ഭൂമിയുടെ ന്യായവിലയിലും ഒട്ടേറെ ഉത്പന്നങ്ങളുടെയും വിലയിൽ വർദ്ധനവ് ഏർപ്പെടുത്താനാണ് സർക്കാർ നീക്കം. പ്രധാനമായും ഭൂമിയുടെ ന്യായവിലയിൽ വർദ്ധനവ് ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം.
ഭൂമിയുടെ ന്യായവില 10 ശതമാനം മുതൽ 20 ശതമാനം വരെ വർദ്ധനവ് ബജറ്റിൽ പ്രഖ്യാപിക്കാനാണ് ധനമന്ത്രിയുടെ തീരുമാനം. ഇതു സംബന്ധിച്ച പ്രഖ്യാപനം ഫെബ്രുവരി രണ്ടിനു മന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റിലുണ്ടാകും.

ഭൂമിയുടെ ന്യായവില വർധിപ്പിക്കുന്നതോടെ സ്റ്റാപ് ഡ്യൂട്ടി, റജിസ്‌ട്രേഷൻ ഫീസ് എന്നിവ വഴിയുള്ള വരുമാനം ഉയരും. ഇതുവഴി നൂറു കോടിയുടെ എങ്കിലും സർ്കകാരിലേക്ക് വന്നു ചേരും. 2014ൽ ഭൂമിയുടെ ന്യായവില 50 ശതമാനം വർദ്ധിപ്പിച്ചിരുന്നു. എന്നിട്ടും ശരിക്കുള്ള വിലയെക്കാൾ ഏറെ താഴ്ന്നാണ് ഇപ്പോഴും മിക്കയിടങ്ങളിലും ന്യായവിലയെന്ന നിലപാടാണു സർക്കാരിനുള്ളത്. അതേസമയം ആധാരം രജിസ്റ്റർ ചെയ്യുമ്പോഴുള്ള സ്റ്റാംപ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷൻ ഫീസിലും വർധന വേണ്ടെന്നു ധാരണയായതായി സൂചനയുണ്ട്.

2010ൽ സർക്കാർ ന്യായവില ഏർപ്പെടുത്തി എങ്കിലും യഥാർഥ വിലയെക്കാൾ 30 ശതമാനം വരെ കുറവാണു പുതുക്കിയ ന്യായവിലയെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. നാലുലക്ഷം രൂപ വിലയുള്ള ഭൂമിക്ക് 7500 രൂപ മാത്രം ന്യായവിലയുള്ളതായി ഈയിടെ കണ്ടെത്തിയിരുന്നു. ഭൂമിയുടെ ഇപ്പോഴുള്ള അടിസ്ഥാന വില പുതുക്കാൻ ആദ്യം സർക്കാർ ആലോചിച്ചിരുന്നെങ്കിലും സങ്കീർണമായ പ്രക്രിയ ആയതിനാൽ വേഗത്തിൽ നടപ്പാക്കാൻ കഴിയില്ലെന്നു വിലയിരുത്തി. തുടർന്നാണു നിലവിലെ വിലയിൽ തന്നെ 10ശതമാനം മുതൽ 20ശതമാനം വരെ കൂട്ടാൻ തീരുമാനിച്ചത്.

പ്രതിവർഷം 3000 കോടി രൂപയാണു റജിസ്‌ട്രേഷൻ ഫീസും സ്റ്റാംപ് ഡ്യൂട്ടിയും ചേർത്തു സർക്കാരിനു ലഭിക്കുന്നത്. ന്യായവില കൂട്ടുന്നതോടെ 100 കോടിയിലേറെ രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. വിലയുടെ എട്ടു ശതമാനമാണു സ്റ്റാംപ് ഡ്യൂട്ടി. റജിസ്‌ട്രേഷൻ ഫീസ് രണ്ടു ശതമാനവും.

അതേസമയം സംസ്ഥാനത്തിന്റെ നികുതിയിൽ വർദ്ധനവുണ്ടാക്കാൻ ഇത്തവണ ഒട്ടേറെ യൂസർ ഫീ ഇനങ്ങളിലും വർധനയ്ക്കു സാധ്യത. നിരവധി ഉത്പന്നങ്ങൾക്ക് യൂസേഴ്‌സ് ഫീസ് ഏർപ്പെടുത്തി സർക്കാരിലേക്ക് പണം കണ്ടെത്താനും ഐസക് പദ്ധതിയിടുന്നു.

ബജറ്റിനു രൂപം നൽകാൻ മന്ത്രി ഐസക് ഇന്നു മുതൽ വിഴിഞ്ഞം ഇൻസ്‌പെക്ഷൻ ബംഗ്ലാവിലേക്കു മാറും. നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച ഇന്നലെ പൂർത്തിയാക്കി. ബജറ്റ് പ്രസംഗം തയാറാക്കിയ ശേഷം ഫെബ്രുവരി ഒന്നിനു വിഴിഞ്ഞത്തുവച്ചു തന്നെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ആവശ്യമെങ്കിൽ ഭേദഗതികൾ വരുത്തിയ ശേഷം അന്നു രാത്രി അച്ചടിക്കായി പ്രസിലേക്ക്.