മാരി കുട. മാരാരിക്കുളത്തെ കുടുംബശ്രീ സഹോദരിമാർ നിർമ്മിക്കുന്ന ഒന്നാന്തരം കുട. വൻകിട കുടനിർമ്മാതാക്കൾ ഉപയോഗിക്കുന്ന അതേ ഗുണമേന്മയുള്ള സാമഗ്രികൾകൊണ്ട് അതിനേക്കാൾ ശ്രദ്ധയോടെ നിർമ്മിക്കുന്ന കുടകൾ. നിരവധി ആധുനിക മാതൃകകൾ. ഈ മഴക്കാലം മാരി കുടയ്‌ക്കൊപ്പമാക്കാം. കുട്ടികൾക്കു പള്ളിക്കൂടം തുറക്കുമ്പോഴും മാരി കുട വാങ്ങിക്കൊടുക്കുക-ഈ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്. അങ്ങനെ മാരിക്കുട മഴക്കാലത്തെ പ്രധാന ഐറ്റമായി വീടുകളിൽ നിറയുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ.

സ്ത്രീകളുടെ സൂക്ഷ്മ തൊഴിൽ സംരംഭങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന ഉപഭോക്തൃ ഉൽപ്പന്നങ്ങൾ ബ്രാന്റ് ചെയ്ത് പുറംകമ്പോളങ്ങളിൽ വിൽക്കുന്നതിന് കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ ഉടമസ്ഥതയിൽ ഒരു പബ്ലിക് ലിമിറ്റഡ് കമ്പനി. ഇതാണ് ചുരുക്കത്തിൽ മാരാരിക്കുളം വികസന പദ്ധതി. ഇങ്ങനെ സ്ഥാപിച്ചതാണ് മരാരി മാർക്കറ്റിങ് ലിമിറ്റഡ്. ഈ കമ്പനിയുടെ ബ്രാന്റ് നെയിമാണ് മാരി. വിവാദത്തിൽ പെട്ട് കമ്പനി സ്തംഭനത്തിലായി. അതോടെ, കമ്പനിയെ ആശ്രയിച്ചുനിന്നിരുന്ന ഏതാണ്ട് മുന്നൂറോളം വരുന്ന തൊഴിൽ സംഘങ്ങളും പൊളിഞ്ഞു.

ഏതാനും വർഷങ്ങൾക്കു മുമ്പ് കമ്പനി വീണ്ടും സജീവമായി. തൊഴിൽ സംരംഭങ്ങളും സജീവമായിത്തുടങ്ങി. അച്ചാർ, സ്‌ക്വാഷ്, നീര, സോപ്പ്, കുട തുടങ്ങിയ ഒട്ടേറെ ഉൽപ്പന്നങ്ങൾ കമ്പനി വിപണനം ചെയ്യുന്നു. പക്ഷെ, ഏറ്റവും വിജയകരമായ സംരംഭം മാരി കുടയാണ്. 25 യൂണിറ്റുകളിലായി 500 സ്ത്രീകൾക്ക് തൊഴിൽ നൽകുന്നു. തുടക്കം മുതൽ സ്വകാര്യമേഖലയിൽ നൽകിയിരുന്നതിനേക്കാൾ ഉയർന്ന കൂലിയാണ് ഈ തൊഴിലാളികൾക്ക് നൽകിയിരുന്നത്. തുടക്കത്തിൽ ഒരു ഡസൻ കുടയ്ക്ക് മറ്റ് സ്ഥാപനങ്ങളിൽ 36 രൂപ കൂലി നൽകിയിരുന്നപ്പോൾ മാരി തൊഴിൽ ഗ്രൂപ്പുകളിൽ 72 രൂപയായിരുന്നു കൂലി. സ്വാഭാവികമായും സ്വകാര്യ മേഖലയിലും കൂലി ഉയർന്നു.

കുടകൾക്ക് ആവശ്യമായ കമ്പിയും ശീലയുമെല്ലാം ലബ്ധപ്രതിഷ്ഠരായ കമ്പനികൾ വാങ്ങുന്ന അതേ സ്രോതസ്സുകളിൽനിന്ന് വാങ്ങിക്കൊണ്ട് ഉന്നത ഗുണനിലവാരം മാരി കുടയ്ക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. പക്ഷെ താരതമ്യേന ഉയർന്ന വില മാരിക്ക് നൽകേണ്ടി വരുന്നു. പക്ഷെ മാരിക്ക് പരസ്യ അടക്കമുള്ള മാർക്കറ്റിങ് ചെലവ് തുച്ഛമാണ്. അതുകൊണ്ട് ഇപ്പഴും എതിരാളികളേക്കാൾ വില കുറച്ച് കുട വിൽക്കാൻ കഴിയുന്നുണ്ട്. 

കേരളത്തിലുടനീളം നാൽപ്പത്തഞ്ചോളം കടകളിൽ ഇന്ന് മാരി കുട ലഭ്യമാണ്. 45 ഇനം മാരി കുടകൾ ഇപ്പോൾ വിപണിയിലുണ്ട്. വായനശാലകൾ, ക്ലബ്ബുകൾ, സഹകരണ സംഘങ്ങൾ, ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകൾ എന്നിവയ്ക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്.

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വളപ്പിലാണ് കമ്പനിയുടെ ഓഫീസ്. കൂടുതൽ വിവരം വേണ്ടവർക്ക് നേരിട്ട് അവിടെ ചെല്ലാം. അല്ലെങ്കിൽ താഴെ പറയുന്ന വിലാസത്തിൽ ബന്ധപ്പെടാം.
മാരാരി മാർക്കറ്റിങ് ലിമിറ്റഡ്
ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
ആലപ്പുഴ 688 852.
ഫോൺ: 04782860087

മാരിക്കുട കിട്ടുന്ന സ്ഥലങ്ങൾ ചുവടെ