- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഫ്ബിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചന; ബിജെപിക്കാരൻ നൽകിയ ഹർജിയുടെ വക്കാലത്ത് എടുത്തത് കെപിസിസി സെക്രട്ടറി മാത്യു കുഴൽനാടനും; ഗുരുതര ആരോപണങ്ങളുമായി ധനമന്ത്രി തോമസ് ഐസക്ക്
തിരുവനന്തപുരം: കേരളത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കുന്നതിന് കേന്ദ്രം സി.എ.ജിയെ ഉപയോഗിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് ആരോപിച്ചു. രാഷ്ട്രീയ ഗൂഢാലോചനയാണ് കിഫ്ബിക്കെതിരെ നടക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ ബിജെപിയും കോൺഗ്രസും ചേർന്ന് ഇതിന് ശ്രമിക്കുകയാണ്. കിഫ്ബിക്കെതിരെ ഹൈക്കോടതിയിൽ നൽകിയ മൂന്ന് കേസുകൾ ഇതിനുദാഹരണമാണെന്നും വാർത്താസമ്മളനത്തിൽ തോമസ് ഐസക് ചൂണ്ടിക്കാട്ടി.
വികസന പദ്ധതികൾക്കായി വായ്പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് കേസിലെ ആവശ്യം. കേസ് നൽകിയത് ബിജെപിക്കാരനും വക്കാലത്ത് എടുത്തത് കെപിസിസി ജനറൽസെക്രട്ടറി മാത്യു കുഴൽനാടനാണെന്നും ധനമന്ത്രി ആരോപിച്ചു. വികസന പദ്ധതികൾക്ക് വായ്പയെടുക്കുന്നത് എങ്ങനെയാണ് ഭരണഘടനാ വിരുദ്ധമാകുന്നതെന്ന് പ്രതിപക്ഷനേതാവ് അറിയിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്ക് ആവശ്യപ്പെട്ടു.
"കിഫ്ബിക്കെതിരേ കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ കോൺഗ്രസ്സും ബിജെപിയും നടത്തി കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഗൂഢാലോചന മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഹൈക്കോടതിയിൽ സ്വദേശി ജാഗരൺ മഞ്ച് നേതാവ് രഞ്ജിത്ത് കാർത്തികേയൻ ഹർജി നൽകിയിട്ടുണ്ട് . ബിജപിക്കാരൻ നൽകിയ ഹർജിയുടെ വക്കാലത്ത് എടുത്തതാവട്ടെ കെപിസിസി സെക്രട്ടറി മാത്യു കുഴൽനാടനും", തോമസ് ഐസക്ക് കുറ്റപ്പെടുത്തി.
കേസുയർത്തുന്ന ഗൗരവമായ രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ഇതിന് മറുപടി നൽകിയേ തീരൂവെന്നും തോമസ് ഐസക്ക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇഡിക്കെതിരേ ധനമന്ത്രി തോമസ് ഐസക്ക്. കെ ഫോൺ, ലൈഫ്മിഷൻ, ഇ- മൊബിലിറ്റി പദ്ധതികൾ തകർക്കാൻ ഇഡി ശ്രമിക്കുന്നുവെന്നും ഐസക്ക് കുറ്റപ്പെടുത്തി.
മറുനാടന് ഡെസ്ക്