നമന്ത്രിമാരുടെ സമ്മേളനത്തിലെ മുഖ്യവിഷയങ്ങൾ ഒന്നാംദിവസംകൊണ്ടുതന്നെ തീർന്നതിനാൽ പിറ്റേന്ന് വെളുപ്പിനെയുള്ള ഫ്ളൈറ്റിൽ കൽക്കത്തയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോന്നു. ഇതുകൊണ്ട് ഉണ്ടായൊരു നഷ്ടം ഡോ. അശോക് മിത്രയുമായിട്ടുള്ള കൂടിക്കാഴ്ച ഒഴിവാക്കേണ്ടി വന്നൂവെന്നതാണ്. പാർട്ടിപ്ലീനത്തിന് വീട്ടിൽച്ചെന്ന് കണ്ടപ്പോൾ അദ്ദേഹം ആവശ്യപ്പെട്ടൊരുകാര്യം ജി.എസ്.റ്റി.യെ എതിർക്കണം എന്നുള്ളതാണ്. വാറ്റ് സംബന്ധിച്ച ചർച്ച നടക്കുന്ന കാലത്ത് അശോക്മിത്ര ഈ പുതിയ നികുതി സമ്പ്രദായത്തിനെതിരെ നിശിതവിമർശനം ഉയർത്തി. അന്നുഞാനും വാറ്റിന്റെ വിമർശകനായിരുന്നു. സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായി വിൽപ്പനനികുതി അധികാരമുണ്ടായിരുന്നു. വാറ്റ് സമ്പ്രദായം വരുമ്പോൾ അത് അടിയറവയ്ക്കേണ്ടിവരും. അഖിലേന്ത്യാതലത്തിൽ എടുക്കുന്ന തീരുമാനങ്ങൾ അനുസരിച്ചേ നികുതിയിൽ മാറ്റംവരുത്താൻ കഴിയുകയുള്ളൂ. ഇതായിരുന്നു വിമർശനം.

പക്ഷേ ജി.എസ്.റ്റി ചർച്ചയ്ക്ക് വന്നപ്പോൾ ഞാൻ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇതിലെ വൈരുദ്ധ്യം നിരന്തരമായി ഉന്നയിക്കുന്ന ഒരാളാണ് വി.ഡി സതീശൻ. വാറ്റിനെ വിമർശിച്ചതും ശരി, ജി.എസ്.റ്റി.യെ അനുകൂലിച്ചതും ശരി. ഇതാണ് എന്റെ നിലപാട്. എന്റെ പുതിയ നിലപാട് ഡോ. അശോക്മിത്രയോട് വിശദീകരിക്കണമെന്ന ആഗ്രഹം നടന്നില്ല.

എന്തുകൊണ്ട് ഈ നിലപാട് മാറ്റം? കാരണം ലളിതമാണ്. വാറ്റ് നികുതിസമ്പ്രദായം നിലവിൽ വന്നതോടെ സംസ്ഥാനങ്ങളുടെ വിൽപ്പനനികുതി അവകാശം ഇല്ലാതായി. അവകാശം ഉണ്ടെന്നു പറഞ്ഞ് എന്റെ ഒന്നാമത്തെ ബഡ്ജറ്റിൽ ആഡംബര വസ്തുക്കൾക്ക് 25 ശതമാനം നികുതി ഞാൻ ഏർപ്പെടുത്തി. പിറ്റേവർഷം നികുതി വർദ്ധന പിൻവലിക്കേണ്ടിവന്നു. അയൽ സംസ്ഥാനങ്ങളിലെ താഴ്ന്ന നികുതി ഉപഭോക്താക്കളെ അങ്ങോട്ട് ആകർഷിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് സ്വന്തം ആവശ്യത്തിന് ചരക്ക് വാങ്ങിക്കൊണ്ടുവരുന്നതിന് തടയാനോ പ്രവേശനനികുതി ചുമത്താനോ നമുക്ക് അധികാരമില്ല. അതുകൊണ്ട് പ്രതീക്ഷിച്ചപോലെ വരുമാനം ഉയർന്നില്ല.

അതുകൊണ്ട് വാറ്റ് മാറി ജി.എസ്.റ്റി വരുമ്പോൾ നഷ്ടപ്പെട്ടതിനപ്പുറം പുതിയ അധികാരമൊന്നും സംസ്ഥാനങ്ങൾക്ക് ഇല്ലാതാകുന്നില്ല. മറിച്ച് കേന്ദ്രസർക്കാരിന്റെ കൈയിലുള്ള സേവനനികുതിയിൽ സംസ്ഥാനങ്ങൾക്ക് അവകാശം ലഭിക്കുകയാണ്. ഏറ്റവും വേഗതയിൽ വളരുന്ന നികുതി ഇനം സേവനനികുതിയാണെന്ന് ഓർക്കുക. എന്നുമാത്രമല്ല നികുതിഘടനയിൽ കേന്ദ്ര-സംസ്ഥാനങ്ങൾ തമ്മിലുള്ള അസന്തുലിതാവസ്ഥ ഒരുപരിധിവരെ പരിഹരിക്കാൻ സംസ്ഥാനങ്ങൾ ഒരുമിച്ചുനിന്നാൽ ഈ സന്ദർഭത്തെ പ്രയോജനപ്പെടുത്താം. ജി.എസ്.റ്റി നികുതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും അവകാശമുണ്ട്. തുല്യഅവകാശമെന്നാണ് കേന്ദ്രനിലപാട്. പക്ഷേ സംസ്ഥാനത്തിന് കൂടുതൽ അവകാശം വിലപേശി വാങ്ങാം. ഇപ്പോൾ കേന്ദ്രത്തിനേക്കാൾ കൂടുതൽ ഉയർന്ന നിരക്കിൽ നികുതി പിരിക്കാനുള്ള അവകാശം ഏതാണ്ട് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
എല്ലാറ്റിലുമുപരി കേരളത്തെ സംബന്ധിച്ചിടത്തോളം ജി.എസ്.റ്റി ഒരു ഭാഗ്യമാണ്. കേരളം ഉപഭോക്തൃ സംസ്ഥാനമാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ അയൽ സംസ്ഥാനങ്ങളിൽ നിന്ന് സ്വന്തം ആവശ്യത്തിനുവേണ്ടി ചരക്കുകൾ വാങ്ങി നമ്മുടെ സംസ്ഥാനത്തേയ്ക്ക് കൊണ്ടുവന്നാൽ നമുക്ക് നികുതി ലഭിക്കില്ല. വിൽപ്പന നടക്കുന്ന സംസ്ഥാനത്താണ് നികുതി കൊടുക്കേണ്ടത്. എന്നാൽ ജി.എസ്.റ്റി.യിൽ അവസാന വിൽപ്പന നടക്കുന്ന ഉപഭോക്തൃ സംസ്ഥാനത്തിലാണ് നികുതി ലഭിക്കുക. തന്മൂലം കേരളത്തിന്റെ നികുതിവരുമാനം ഗണ്യമായി ഉയരും. ഇതുകൊണ്ടാണ് കഴിഞ്ഞ എൽ .ഡി.എഫ് സർക്കാരും ഇപ്പോഴത്തെ എൽ .ഡി.എഫ് സർക്കാരും ജി.എസ്.റ്റി.യെ അനുകൂലിക്കുന്നത്.

ഇന്നലത്തെ സമ്മേളനത്തിൽ കോൺഗ്രസ് സംസ്ഥാനങ്ങളടക്കം എല്ലാവരും ജി.എസ്.റ്റി.യെ അനുകൂലിച്ചു . തമിഴ്‌നാട് മാത്രമാണ് വേറിട്ടൊരു അഭിപ്രായം പറഞ്ഞത്. ജി.എസ്.റ്റി.ക്ക് പ്രത്യേക കൗൺസിൽ വേണ്ട എന്നതാണ് അവരുടെ നിലപാട്. ഇപ്പോഴത്തെ ധനകാര്യമന്ത്രിമാരുടെ കമ്മിറ്റി മതി. പക്ഷേ ഇത് കേന്ദ്രത്തിന് സ്വീകാര്യമല്ല. അവരുടെ എക്സൈസ് നികുതിയും സേവനനികുതിയും ജി.എസ്.റ്റി.യിൽ ലയിപ്പിക്കുകയാണല്ലോ. അതുകൊണ്ട് അവർകൂടി അടങ്ങുന്ന കൗൺസിൽ വേണം. ഈ കൗൺസിലിൽ മൂന്നിലൊന്നേ കേന്ദ്രത്തിന് വോട്ടവകാശം ഉള്ളൂവെങ്കിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിലേ തീരുമാനങ്ങൾ എടുക്കാൻ കഴിയൂ. എന്നുവച്ചാൽ കേന്ദ്രസർക്കാരിന് ഏത് തീരുമാനവും വീറ്റോ ചെയ്യാം. ഇതിനെതിരെ നിശിതമായ വിമർശനം ഞാൻ ഉയർത്തുകയുണ്ടായി. കേന്ദ്രധനമന്ത്രി അരുൺജയ്റ്റ്ലിയുമായി ചെറിയൊരു വാഗ്വാദവും നടന്നു. മുമ്പ് കമ്മിറ്റി എടുത്ത തീരുമാനങ്ങൾ വീണ്ടും പുനപരിശോധനയ്ക്ക് തുറക്കരുതെന്ന നിലപാടാണ് മറ്റുപല സംസ്ഥാനങ്ങളും എടുത്തത്. അതുകൊണ്ട് ജി.എസ്.റ്റി കൗൺസിലിന്റെ ഘടനയിൽ എന്തെങ്കിലും മാറ്റംവരുമെന്നുള്ള പ്രതീക്ഷ ഇല്ല. എന്നിരുന്നാലും എത്രവേഗത്തിൽ ജി.എസ്.റ്റി വരുമോ കേരളത്തെ സംബന്ധിച്ചിടത്തോളം അത്രയും നല്ലത്.