തിരുവനന്തപുരം: കള്ളപ്പണമൊഴുകുന്നത് സഹകരണ ബാങ്കിലല്ലെന്നും ഇവിടെയുള്ള വ്യവസ്ഥാപിത ബാങ്കിങ് ചാനലിലൂടെയാണെന്നും വ്യക്തമായിട്ടും കേന്ദ്രസർക്കാർ അതിനെതിരെ എന്തെങ്കിലും നടപടിയെടുത്തോ എന്ന ചോദ്യമുയർത്തി തോമസ് ഐസക്. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് അഭിമുഖത്തിലാണ് സഹകരണ മേഖലയിലെ വിഷയങ്ങളുടെ വാസ്തവസ്ഥിതി വെളിപ്പെടുത്തി ഐസക് എത്തിയത്.

കേരളത്തിൽ സഹകരണ മേഖലയ്‌ക്കെതിരെ വാദമുയർത്തിയ ബിജെപി ഇപ്പോൾ ജനരോഷം അവർക്കെതിരെ തിരിഞ്ഞതോടെ സ്വയംകുഴിച്ച കുഴിയിൽവീണ സ്ഥിതിയിലാണെന്നും കേരളത്തിലെ സഹകരണ ബാങ്കുകൾക്ക് അനുകൂലമായി നിലപാടെടുക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെ വിലക്കാൻ ഒരു ഗൂഢാലോചന നടന്നുവെന്നും ഇവിടെനിന്നും ഇടപെടൽ ഉണ്ടായെന്നും അഭിമുഖത്തിൽ ഐസക് വ്യക്തമാക്കുന്നു.

സഹകരണ ബാങ്കിൽ മൊത്തം കള്ളപ്പണമാണെന്നായിരുന്നു ബിജെപി നേതാക്കൾ പറഞ്ഞുനടന്നത്. ഓൺലൈൻ മാസികയായ കോബ്രാ പോസ്റ്റ് ഒരു സ്റ്റിങ് ഓപ്പറേഷൻ നടത്തി. ന്യൂജനറേഷൻ ബാങ്കുകളുടെ അമ്പത് ബ്രാഞ്ചുകളിൽ അവർ പോയി. ഞങ്ങളുടെ നേതാവിന് കുറച്ച് കള്ളപ്പണം വെളുപ്പിക്കാൻ സഹായിക്കണമെന്നു പറഞ്ഞാണ് പോയത്. ഈ അമ്പത് ബ്രാഞ്ചുകളിൽ നിന്നും അതിനുള്ള ഉപാധികൾ പറഞ്ഞുകൊടുത്തു. നിരവധി മാർഗങ്ങളാണ് അവർ ഇടപാടുകാർ എന്ന മട്ടിൽ എത്തിയ മാദ്ധ്യമക്കാർക്കു മുന്നിൽ നിരത്തിയത്. ഒന്നിച്ച് നിക്ഷേപിക്കരുതെന്നും പലതായിട്ടിടണമെന്നും ഗവൺമെന്റ് അക്കൗണ്ടിലിടാമെന്നുമെല്ലാം നിരവധി ഉപായങ്ങൾ. ഇതുമായി ബന്ധപ്പെട്ട് 40 മണിക്കൂർ സംഭാഷണമാണ് റെക്കോഡ് ചെയ്തത്.

ഇതറിഞ്ഞ് കേന്ദ്രസർക്കാർ എന്തു നടപടിയാണെടുത്തത്. ഒരു ന്യൂജൻ ബാങ്കിനെതിരെയും ഉദ്യോഗസ്ഥനെതിരെ പോലും ഒന്നും ചെയ്തില്ല. ഇതിൽനിന്നുതന്നെ വ്യക്തമാണ് കള്ളപ്പണം ഒഴുകുന്നത് സഹകരണ ബാങ്കിലല്ല മറ്റു ബാങ്കുകളിലൂടെയാണ് എന്നത്. ഇന്ത്യയിലെ കള്ളപ്പണത്തിന്റെ സിംഹഭാഗവും വിദേശത്താണ്, അത് ഇന്ത്യയിലെത്തുന്നത് കണ്ടെയ്‌നറിലൂടെയൊന്നുമല്ല എത്തുന്നത്.

മൗറീഷ്യസ് വഴി വഴിതിരിച്ചുവിട്ട് ഇലക്ട്രോണിക് ട്രാൻസഫർ ചെയ്താണ് എത്തുന്നത്. സ്വിസ് ബാങ്കിലെ അക്കൗണ്ടുകളുടെ പേരുകളും പുറത്തുവന്നു. ഒരു നടപടിയും ഉണ്ടായില്ല. പക്ഷേ, സഹകരണ ബാങ്കിൽ ആരാണ് പണം കൊണ്ടുവന്നിടുന്നത് എന്നറിയാത്ത വേവലാതിയാണ് കേന്ദ്രത്തിനും ബിജെപിക്കും. മറ്റൊന്നാണ് ഓഹരി വിപണിയിലെ പാർട്ടിസിപ്പേറ്ററി നോട്ട്.

ഒട്ടേറെ കള്ളപ്പണം രാജ്യത്തിന് അകത്ത് തന്നെ ഒഴുകുന്നത് ഈ മാർഗത്തിലാണ്. സ്റ്റോക്ക് മാർക്കറ്റിൽ ആരാണ് പണം കൊണ്ടിടുന്നതെന്ന് കേന്ദ്രത്തിനോ റിസർവ് ബാങ്കിനോ വല്ല നിശ്ചയവുമുണ്ടോ. എന്താ അതിന് കെവൈസി നോംസ് നിർബന്ധമാക്കാത്തത്. വിദേശിയാണെങ്കി്ൽ എങ്ങനെ വേണമെങ്കിലും ഇവിടെ പണം ഇറക്കിക്കോട്ടെ എന്നാണോ? കള്ളക്കടത്തുകാരും തീവ്രവാദികളും സ്‌റ്റോക്ക് എക്‌സചേഞ്ചിൽ കളിക്കുന്നില്ലെന്ന് എന്താണ് ഉറപ്പ്? ആരുടെ പണമാണ്, ആരാണ് ഇത് നിക്ഷേപിക്കുന്നത് എന്ന് എന്തെങ്കിലും വിവരം സർക്കാരിന്റെ കയ്യിലുണ്ടോ?

ഇവിടെ നിന്ന് കട്ടുകൊണ്ടുപോയാൽ മൗറീഷ്യസ് വഴി അനായാസം വെളുപ്പിച്ച് പണം തിരികെ ഇന്ത്യയിലെത്തുന്ന ചാനൽ എല്ലാവർക്കുമറിയാം. ഇതെന്താണ് തടയാത്തത്. എന്തു ന്യായമുണ്ട് ഇക്കാര്യത്തിൽ കേന്ദ്രത്തിനും ബിജെപിക്കും പറയാൻ - ഐസക് ചോദിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ കള്ളപ്പണത്തിന്റെ പേരുപറഞ്ഞ് സഹകരണസംഘത്തിന്റെ മേലെ കുതിരകയറാൻ വന്നാൽ സമ്മതിച്ചുകൊടുക്കില്ലെന്ന് വ്യക്തമാക്കുന്ന ഐസക് കള്ളപ്പണത്തിന്റെ ഭൂരിഭാഗവും ഒഴുകുന്നത് ഇവിടത്തെ വാണിജ്യ ബാങ്കുകളിലൂടെ, വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ആണെന്ന് സമർത്ഥിക്കുന്നു.

സഹകരണ ബാങ്കുകളിൽ കള്ളപ്പണമുണ്ടെന്ന് പറയുന്നവർ മനസ്സിലാക്കണം. ഉണ്ടെങ്കിൽ അത് ആവിയായൊന്നും പോകില്ല. എപ്പോൾ വേണമെങ്കിലും പരിശോധിക്കാം. ഇടപാടുകൾ അനുവദിച്ചാൽ കള്ളപ്പണം പിൻവലിച്ച് ചെലവാക്കിക്കളഞ്ഞാലും രേഖയുണ്ടല്ലോ.. ചോദിക്കാമല്ലോ... അങ്ങനെ കണ്ടെത്തിയാൽ നടപടിയുമെടുക്കണം. പക്ഷേ, അതിന്റെ പേരുപറഞ്ഞ് മുട്ടുന്യായങ്ങളയർത്തി നവദ്വാരങ്ങളുമടച്ച് സഹകരണ മേഖലയെ ശ്വാസംമുട്ടിച്ചു കൊല്ലാം എന്ന് കരുതിയാൽ അത് നടക്കില്ല.

പിന്നെ കള്ളപ്പണം പിടിക്കുന്ന കാര്യം. പതിനഞ്ചു ലക്ഷം കോടിരൂപയുടെ കറൻസിയാണ് റദ്ദാക്കിയത്. ഇതിൽ നാലോ അഞ്ചോ ലക്ഷം കള്ളപ്പണമാണെന്ന് വയ്ക്കുക. അതാണ് പിടിക്കാൻ പോകുന്നത്. പക്ഷേ, അത്രയും പിടിക്കുമ്പോഴേക്കും രാജ്യത്ത് പത്തുലക്ഷം കോടി രൂപയിലേറെ നഷ്ടമാണ് ഉണ്ടാകുന്നത്. രാജ്യത്തിന്റെ വളർച്ചയിലും മറ്റും. ഇതെന്തൊരു ഏർപ്പാടാണ് കേന്ദ്രത്തിന്റേതെന്ന് ചോദിച്ചുകൊണ്ട് ഇപ്പോഴത്തെ കറൻസി നിരോധനം ഇപ്പോൾ സൃഷ്ടിക്കുന്ന പ്രതിസന്ധിയെ ഐസക് വിലയിരുത്തുന്നു.

ദീർഘകാലാടിസ്ഥാനത്തിൽ ഇത് ഗുണംചെയ്യുമോ ചെയ്യില്ലയോ എന്ന് ഇപ്പോൾ പറയാനാകില്ല. പക്ഷേ, നിരവധി പ്രതികൂല ഘടകങ്ങൾ ഉണ്ട് ഇക്കാര്യത്തിൽ അതിനാൽ അതിൽ ആർക്കും ഇപ്പോൾ ഒരു നിർണയത്തിലെത്താനാകില്ലെന്നും പക്ഷേ, നിരോധനംകൊണ്ട് അടുത്ത കുറച്ചു കാലത്തേക്ക് രാജ്യത്തിന് വൻ മുരടിപ്പുണ്ടാകുമെന്നും ഐസക് വ്യക്തമാക്കുന്നു.

സഹകരണ മേഖലയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം എങ്ങനെ കേരളത്തിന്റെ മാത്രം പ്രശ്‌നമാകുമെന്നും ഇത് മറ്റു സംസ്ഥാനങ്ങളേയും ബാധിക്കില്ലേയെന്നുമുള്ള ചോദ്യത്തിന് ഐസക്കിന്റെ മറുപടി ഇങ്ങനെ: ഗുജറാത്ത് ഒക്കെയെടുത്താൽ അമൂൽ പോലുള്ള ക്ഷീര സഹകരണ സംഘങ്ങൾ, യുപി പോലുള്ള സ്ഥലങ്ങളിൽ വലിയ കൈത്തറി സഹകരണ സംഘങ്ങളുണ്ട്. പക്ഷേ, ക്രെഡിറ്റ് സഹകരണ സംഘങ്ങൾ ഏറ്റവും വളർച്ച പ്രാപിച്ചിരിക്കുന്നത് കേരളത്തിലാണ്. ക്രെഡിറ്റ് സംഘങ്ങളിൽ രാജ്യത്ത് സമാഹരിക്കപ്പെടുന്ന പണത്തിന്റെ ഭൂരിപക്ഷവും കേരളമെന്ന ഒറ്റ സംസ്ഥാനത്തുനിന്നാണ്. 1600ൽപ്പരം ഇത്തരം സംഘങ്ങളുണ്ട് ഇവിടെ. പതിനായിരത്തോളം ബ്രാഞ്ചുകളും ഒരുലക്ഷത്തിലേറെ നിക്ഷേപകരുമുണ്ട്. ഇത്തരമൊരു ശൃംഖല മറ്റൊരു സംസ്ഥാനത്തുമില്ല.

ഇത് രാജ്യംമുഴുവൻ നേരിടുന്ന പ്രശ്‌നമല്ലേയെന്നും ഇതിൽ എന്തു വലിയ ഗൂഢാലോചനയാണ് ബിജെപി നടത്തുന്നതെന്നുമുള്ള ചോദ്യത്തിനും അളന്നുകുറിച്ചായിരുന്നു മറുപടി. ആദ്യദിവസം മുതൽതന്നെ ബിജെപി സഹകരണമേഖലയ്‌ക്കെതിരെ ഇവിടെ പറഞ്ഞുതുടങ്ങിയിരുന്നു. ഇതു നശിക്കുകയാണെങ്കിൽ നശിച്ചുപോട്ടെ എന്നുവരെ ഒരു നേതാവ് ചർച്ചയിൽ പറഞ്ഞു. തുടക്കം മുതൽ അവർ ദുഷ് പ്രചരണവുമായി ഇറങ്ങി. അതുതന്നെയാണ് ഗൂഢാലോചനയെന്ന സംശയംവരാൻ കാരണം. ഞ്ങ്ങൾ ചെന്ന് കേന്ദ്ര ധനമന്ത്രിയെക്കണ്ടു. പരിശോധിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്. വൈകുന്നേരമായപ്പോൾ സ്ഥിതി മാറി. അടുത്തദിവസം എംപിമാർ പോയി കണ്ടു. അപ്പോഴും അനുകൂല നിലപാടെടുത്ത ധനമന്ത്രി വൈകുന്നേരമായപ്പോൾ സ്വരം മാറ്റി. ആരൊക്കെയോ കേരളത്തിന്റെ കാര്യത്തിൽ ശക്തമായി ഇടപെടുന്നുണ്ടെന്ന് അപ്പോൾ വ്യക്തമാണ്.

ഇടതുപക്ഷം വിരിച്ച വലയിൽ ബിജെപി വീണതാണോയെന്നും ബിജെപിയെ കുഴിയിൽ ചാടിക്കുകയായിരുന്നോ എന്ന ചോദ്യത്തിന് ഞങ്ങളല്ലല്ലോ കുഴി കുഴിച്ചതെന്നും അവർ തന്നെയാണ് കുഴി കുഴിച്ചതെന്നും അതിൽ അവർ വീഴുകയായിരുന്നുവെന്നുമായിരുന്നു ഐസക്കിന്റെ മറുപടി. സഹകരണ വിഷയം ദേശീയ തലത്തിൽതന്നെ ഉണ്ടായിരുന്നു. സഹകരണമേഖലയിൽ ഗുരുതര പ്രതിസന്ധിയുണ്ടായതോടെ ജനരോഷം ശക്തമാണ്. ഈ ജനരോഷത്തിനെതിരെയാണ് ബിജെപി നിലപാടുണ്ടായത്. അതോടെ ജനരോഷം ബിജെപിക്കെതിരെ തിരയുകയായിരുന്നു. അവർതന്നെ കുഴികുഴിച്ച് ഞങ്ങളെ അതിൽ ചാടിച്ചുകളയാമെന്ന് കരുതി. പക്ഷേ നടന്നില്ല.

മറ്റു സംസ്ഥാനങ്ങളിലും ഇതേ പ്രശ്‌നമുള്ളപ്പോൾ എന്തിന് കേരളത്തിലെ വിഷയംമാത്രം ഇത്ര ഉയർത്തിക്കാട്ടുന്നുവെന്നതിന് ഐസക് നൽകിയ വിശദീകരണം ഇങ്ങനെ: ഞങ്ങൾ മറ്റു സംസ്ഥാനങ്ങൾക്കുവേണ്ടി ജാമ്യമെടുക്കാൻ ഇപ്പോൾ നിൽക്കുന്നില്ല. കാരണം അവിടത്തെ വിഷയം എന്താണെന്ന് നമുക്ക് അറിയില്ല. പക്ഷേ, കേരളത്തിലെ സഹകരണ മേഖല എത്രത്തോളം ജനജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നമുക്ക് വ്യക്തമായി അറിയാം. ജനകീയ അടിത്തറ, അതിന്റെ വൈപുല്യം, ഇതിന് വികസനത്തിലുള്ള പങ്ക്് എല്ലാ നമുക്ക് അറിയാം. അതുകൊണ്ടാണ് കേരളത്തിലെ വിഷയം നമ്മൾ ഉയർത്തിക്കാട്ടുന്നത്.

എറണാകുളത്തും വയനാട്ടിലും കണക്കുകൾ ചോദിച്ചുചെന്ന ടാക്‌സ് ഉദ്യോഗസ്ഥർക്കുനേരെ ഉണ്ടായ പ്രശ്‌നങ്ങളെപ്പറ്റി ചോദിച്ചതിന് അത് തെറ്റായ വ്യാഖ്യാനമാണെന്ന് വ്യക്തമാക്കിയാണ് ഐസക് മറുപടി നൽകുന്നത്. നെഹ്‌റുവിന്റെ കാലംമുതൽ സഹകരണ മേഖലയെ ടാക്‌സ് പരിധിയിൽ ഒഴിവാക്കിയിട്ടുണ്ട് എന്ന ചരിത്രം അറിയാത്തവരാണ് ഇത് പറയുന്നത്. ഗ്രാമീണ സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിക്കുമ്പോൾ അതിന് ടാക്‌സ് ഇല്ലെന്ന കാര്യം ബോധപൂർവം മറച്ചുവയ്ക്കുന്നു. ഇത്രയും കാലം അത് നിലനിന്നിരുന്നു. എന്നാൽ സഹകരണ മേഖലയില്ലെങ്കിലും പ്രശ്‌നമില്ലെന്നൊരു സമീപമാണ് കേന്ദ്ര സർക്കാരിന്.

അങ്ങനെയാണ് അവർ ഈ ആനുകൂല്യം എടുത്തുമാറ്റുന്നത്. അത്തരത്തിൽ ഒരു ആലോചനയും കൂടാതെ മുൻകൂട്ടി തന്നിരുന്ന ഒരു ആനുകൂല്യം എടുത്തുമാറ്റുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് ഉണ്ടായത്. ആ എതിർപ്പ് കുറച്ചുകാലമായി നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ, നിയമവ്യവസ്ഥയ്ക്ക് ഉള്ളിൽനിന്നേ പ്രവർത്തിക്കാനാകൂ. കണക്കു കൊടുക്കേണ്ടിവരും, ഇൻകംടാക്‌സ് പിടിച്ചുകൊടുക്കേണ്ടിവരും. സംഘങ്ങൾ പ്രവർത്തിക്കുന്നത് കേരളത്തിൽ നിയമസഭ പാസാക്കിയ നിയമപ്രകാരം സഹകരണ വകുപ്പിന് കീഴിലാണ്. ഈ സഹകരണ വകുപ്പുമായി കേന്ദ്രം ഉണ്ടാക്കിയ ധാരണയിൽ 25 ലക്ഷത്തിനുമേലുള്ള അക്കൗണ്ടുകളെല്ലാം പരിശോധിക്കാൻ അനുമതി നൽകാനും കണക്കുകൾ നൽകാനും പറഞ്ഞു. അതിന് വിരുദ്ധമായി ഏതെങ്കിലും സംഘം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ സഹകരണവകുപ്പ് ഇടപെടും.

25 ലക്ഷത്തിന്റെ ഒറ്റനിക്ഷേപമായല്ല, മറിച്ച് പലപേരുകളിൽ പല രീതിയിൽ പത്തുലക്ഷത്തിന്റെയും മറ്റും നിക്ഷേപങ്ങൾ നിരവധി ഉണ്ടാവില്ലേ എന്ന സംശയത്തിനും ഇടതുവലതു മന്ത്രിസഭകൾ ഒരുപോലെ ഇളവുതേടി കേന്ദ്രത്തെ സമീപിച്ചതിലെ യുക്തി ചോദ്യംചെയ്യുമ്പോഴും ധനമന്ത്രി മറുപടി വ്യക്തമായി പറയുന്നു. ഇത് നേരത്തേ മുതലേ കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യമാണ്. അതുകൊണ്ടാണ് സംസ്ഥാന സർക്കാരുകൾ സഹകരണ മേഖലയ്ക്ക് കാലങ്ങളായി അനുവദിച്ചിരുന്ന ഇളവുകൾക്കായി കേന്ദ്രത്തെ സമീപിച്ചത്.

ഇനി അവിടെ നിക്ഷേപത്തിൽ കള്ളപ്പണമുണ്ടോ എന്ന് കണ്ടെത്താൻ കേന്ദ്രസർക്കാരിന് കഴിയുമല്ലോ. പിന്നെ മറ്റൊരുകാര്യം ഏതാണ് 21 ലക്ഷം അക്കൗണ്ടുകളുണ്ട്. ഇതിൽ പരതി കണ്ടുപിടിക്കുക എളുപ്പമല്ല. അതുകൊണ്ടാണ് ആദ്യഘട്ടമെന്ന നിലയിൽ 25 ല്ക്ഷത്തിന് മേലുള്ള അക്കൗണ്ടുകളിൽ പരിശോധന നടത്താമെന്ന ധാരണ ഉണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റൊരു പരിശോധനയ്ക്കും അവർ വന്നില്ല. ഇനി താഴേക്കുള്ള അക്കൗണ്ടുകളിൽ പരിശോധിക്കണമെങ്കിലും ടാക്‌സ് ഉദ്യോഗസ്ഥർക്ക് അതിന് സാഹചര്യമുണ്ടല്ലോ - ഐസക് അഭിമുഖത്തിൽ ചോദിക്കുന്നു.