ന്യൂഡൽഹി: ഫാറ്റ് ടാക്‌സ് ഏർപ്പെടുത്തിയതിലൂടെയും ഭിന്നലിംഗക്കാർക്ക് ബജറ്റിൽ പരിഗണന നൽകിയതിലൂടെയും ദേശീയ പത്രങ്ങളുടെ കയ്യടിനേടി തോമസ് ഐസകിന്റെ ബജറ്റ്. സമൂഹവും സർക്കാരും എക്കാലത്തും മുഖംതിരിച്ചുനിന്നിട്ടുള്ള ഭിന്നലിംഗക്കാർക്ക് തോമസ് ഐസക് പെൻഷൻ ഏർപ്പെടുത്തിയതും പാശ്ചാത്യ രാജ്യങ്ങളിൽ കണ്ടുവരുന്ന മാതൃകയിൽ പിസയും ബർഗറും ഉൾപ്പെടുന്ന ബ്രാൻഡഡ് റസ്‌റ്റോറന്റ് ഉൽപ്പനങ്ങൾക്കും നികുതി ചുമത്തിയതുമാണ് ദേശീയ മാദ്ധ്യമങ്ങളിൽ വൻ ചർച്ചയായത്. മിക്ക ദേശീയ ദിനപത്രങ്ങളിലും കേരള ബജറ്റ് ഇക്കാര്യങ്ങൾ കൊണ്ടുതന്നെ ഒന്നാംപേജ് വാർത്തയായി.

കെഎഫ്‌സി, ഡൊമിനോസ്, മക്‌ഡൊണാൾഡ്, ചിക്കിങ് തുടങ്ങി നിരവധി മുൻനിര കമ്പനികളിൽ ഇപ്പോൾ കേരള നഗരങ്ങളിൽ സ്വന്തം റസ്‌റ്റൊറന്റുകൾ തുടങ്ങിയിട്ടുണ്ട. ഇതോടൊപ്പം ജംഗ്ഫുഡ് സംസ്്കാരവും കേരളത്തിൽ വളരുന്നു. വിദേശരാജ്യങ്ങളിൽ മിക്കവയിലും ഇത്തരം ബ്രാൻഡഡ് ഭക്ഷ്യോൽപനങ്ങൾക്ക് പ്രത്യേക നികുതിയുണ്ട്. ഈ മാതൃക പിൻതുടർന്ന് ഇന്നലെ അവതരിപ്പിച്ച ബജറ്റിൽ തോമസ് ഐസക് 14.5 ശതമാനം നികുതിയാണ് ചുമത്തിയിട്ടുള്ളത്. ചില പാക്കറ്റ് ഭക്ഷണങ്ങൾക്ക് അഞ്ചുശതമാനവും.

ആദ്യമായി ഭിന്നലിംഗക്കാരെ പരിഗണിച്ച് സംസ്ഥാന ബജറ്റായിരുന്നു ഇക്കുറി അവതരിപ്പിക്കപ്പെട്ടത്. ഭിന്നലിംഗക്കാർക്ക് വിവിധ ക്ഷേമപദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടു. ഇതോടെ ഭിന്നലിംഗത്തിൽപ്പെട്ടവരോടുള്ള നയം വ്യക്തമാക്കുന്ന ആദ്യസംസ്ഥാനമായി മാറി കേരളം. ഇതും ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. 60 വയസ്സിന് മുകളിലുള്ള ഭിന്നലിംഗക്കാർക്ക് പെൻഷൻ ഏർപ്പെടുത്തുമെന്നാണ് മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചത്. ഈ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് പഠനസഹായം നൽകുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. സംസ്ഥാനത്ത് ഇരുപത്തായ്യിരത്തോളം ഭിന്നലിംഗവിഭാഗക്കാരുണ്ടെന്നാണ് കണക്കുകൾ.

പാശ്ചാത്യ പാനീയങ്ങളായ പെപ്‌സി-കോള തുടങ്ങിയവക്കെതിരെ സിപിഐ(എം) ഉൾപ്പെടെയുള്ള ഇടതുകക്ഷികൾ വർഷങ്ങൾക്ക് മുൻപ് അവ രാജ്യത്ത് പ്രചാരത്തിലെത്തുന്ന വേളയിൽ എതിർപ്പു പ്രകടിപ്പിച്ചിരുന്നത് അക്കാലത്ത് വൻ ചർച്ചയായിരുന്നു. ഇപ്പോൾ അടുത്തകാലത്ത് കൂടുതൽ പ്രചാരംതേടുന്ന പിസ, ബർഗർ, പാസ്ത എന്നീ പാശ്ചാത്യഭക്ഷ്യ ഉൽപന്നങ്ങളോടും സിപിഐ(എം) അത്തരമൊരു നിലപാടെടുക്കുന്നതായും അതിന്റെ ഭാഗമായാണ് പുതിയ നികുതിചുമത്തലെന്നും സമൂഹമാദ്ധ്യമങ്ങളിലും ചർച്ചചെയ്യപ്പെടുന്നു. ബ്രാൻഡഡ് ഫുഡിന് നികുതിയേർപ്പെടുത്തിയതിനെ ഇത്തരത്തിലൊരു നിലപാടായി കാണുന്നുവെങ്കിൽ ഭിന്നലിംഗക്കാരെ പരിഗണിച്ചത് നല്ലൊരു കാര്യമായാണ് വിലയിരുത്തപ്പെടുന്നത്.

അനാരോഗ്യകരമായ ഭക്ഷ്യവസ്തുക്കൾക്കും പാനീയങ്ങൾക്കും ചുമത്തപ്പെടുന്ന നികുതിയാണ് വിദേശരാജ്യങ്ങളിൽ ഫാറ്റ് ടാക്‌സ് എന്നറിയപ്പെടുന്നത്. പണക്കൊഴുപ്പുള്ളവരുടെ ഭക്ഷണമെന്ന് കളിയാക്കി വിളിക്കപ്പെടുന്ന ജംഗ് ഫുഡ്‌സിന് ഏർപ്പെടുത്തുന്ന നികുതിയെന്നും ഇതിനെ കളിയാക്കാറുണ്ട്. അതുപോലെയാണ് കേരളത്തിൽ ഐസക് ബർഗറിനും പിസയ്ക്കും ഹൈഫൈ റസ്റ്റൊറന്റ് ഭക്ഷണങ്ങൾക്കും നികുതി ചുമത്തിയതെന്നാണ് പത്രങ്ങളിലും സോഷ്യൽ മീഡയയിലും വിലയിരുത്തലുകൾ വരുന്നത്.

സമോസയ്ക്ക് ടാക്‌സ് ചുമത്തിയ ബിഹാർ ബജറ്റിനു പിന്നാലെ പിസയെയും ബർഗറിനെയും പിടികൂടി കേരള ബജറ്റ് എന്നാണ് എൻഡിടിവി റിപ്പോർട്ട്. ഇന്ത്യൻഎക്സ്‌പ്രസ്, ടൈംസ്ഓഫ് ഇന്ത്യ, ഹിന്ദു തുടങ്ങിയ പത്രങ്ങളും കേരള ബജറ്റിൽ ഫാറ്റ് ടാക്‌സ് ഏർപ്പെടുത്തിയതാണ് റിപ്പോർട്ടുകളിൽ ഉയർത്തിക്കാട്ടുന്നത്. ഇക്കണോമിക് ടൈംസ്, ഡെക്കാൻ ഹെറാൾഡ് തുടങ്ങിയ പത്രങ്ങളും അതേ പാതയിലാണ്.

അതേസമയം, ഭിന്നലിംഗക്കാർക്ക് പ്രത്യേക പരിഗണന നൽകിയ ബജറ്റ് അന്താരാഷ്ട്ര ശ്രദ്ധയും പിടിച്ചുപറ്റുന്നു. ഇന്റർനാഷണൽ ബിസിനസ് ടൈംസ് ഈ വിഷയത്തിൽ സൂര്യ വിനോദ്, ശീതൾ ശ്യാം എന്നിവരുടെ ഇക്കാര്യത്തിലെ പ്രതികരണം കൂടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്. ഹിന്ദുസ്ഥാൻ ടൈംസ് ഉൾപ്പെടെ മിക്ക ദേശീയ പത്രങ്ങളും ഇതിന് വൻ പ്രാധാന്യം നൽകിയിട്ടുണ്ട്.

ഞങ്ങളുടെ കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിൽ സന്തോഷമുണ്ട്, ട്രാൻസ്‌ജെൻഡേഴ്‌സിനെ പരിഗണിക്കുന്ന കാര്യത്തിൽ നല്ലൊരു കാൽവയ്പാണ് സർക്കാരിൽ നിന്നുണ്ടായത്. വീടില്ലാത്ത നിരവധിപേർ ഞങ്ങളുടെ സമൂഹത്തിലുണ്ട്. 60 വയസ്സുകഴിഞ്ഞവർക്ക് പെൻഷൻ നൽകുന്നത് ഇവരിൽ പലർക്കും സഹായകമാകും - സൂര്യ വിനോദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാന ബജറ്റിൽ ഭിന്നലിംഗക്കാർക്ക് പരിഗണന നൽകുന്നതെന്നും ദേശീയ മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ട്രാൻസ്‌ജെൻഡേഴ്‌സിന് ജോലി നൽകുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അടുത്തിടെ പ്രഖ്യാപിച്ചിരുന്ന കാര്യവും അതിനു പിന്നാലെ ബജറ്റിലും അവർക്കായി പരിഗണന നൽകിയതുമെല്ലാമാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. കേരളത്തിൽ ട്രാൻസ്‌ജെൻഡേഴ്‌സിൽ പലരും ജോലി ലഭിക്കാത്ത സാഹചര്യത്തിൽ സെക്‌സ് വർക്കേഴ്‌സായി മാറുന്ന സാഹചര്യം ഇനിയുണ്ടാവില്ലെന്നും മാദ്ധ്യമങ്ങൾ വിലയിരുത്തുന്നു. കേരളത്തിന്റെ നല്ല മാതൃക മറ്റു സംസ്ഥാനങ്ങളും പിൻതുടരണമെന്നും ആവശ്യം ശക്തമാകുന്നുണ്ട്.

എത്രരൂപയാണ് പെൻഷൻ നൽകുകയെന്ന കാര്യം ബജറ്റിൽ പരാമർശിച്ചില്ലെങ്കിലും വ്യക്തമായൊരു ട്രാൻസ്‌ജെൻഡർ നയം മുന്നോട്ടുവയ്ക്കാൻ തോമസ് ഐസകിന്റെ ബജറ്റിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഭിന്നലിംഗക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായ സെക്‌സ് റീ അസസ്‌മെന്റ് സർജറിയുടെ കാര്യം ബജറ്റിൽ പരിഗണിച്ചില്ലെന്ന പരാമർശങ്ങളും വാർത്തകളിലുണ്ട്്. ലിംഗനിർണയത്തിന് സർക്കാർ സൗകര്യമേർപ്പെടുത്തണമെന്ന് ഭിന്നലിംഗക്കാർ ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്.