ആലപ്പുഴ: ഇടതുപക്ഷത്തിനു കഴിഞ്ഞ കുറെ കാലങ്ങളായി വിവിധ പ്രതിസന്ധികളിൽ ബദൽ മാർഗങ്ങൾ നിർദേശിക്കുന്ന നേതാവാണു ഡോ. ടി എം തോമസ് ഐസക്. വ്യത്യസ്തമായ മാർഗങ്ങളിലൂടെ ഇടതുപക്ഷത്തിനും സിപിഎമ്മിനും ജനങ്ങളുടെ മനസിൽ സ്ഥാനം ഉറപ്പിച്ച അദ്ദേഹം തെരഞ്ഞെടുപ്പു പ്രചാരണരംഗത്തും വ്യത്യസ്ത മാർഗങ്ങളാണ് അവലംബിക്കുന്നത്.

നാടുനീളെയുള്ള ചുവരെഴുത്തുകൾക്കും പോസ്റ്ററുകൾക്കും ബദലായാണു തോമസ് ഐസക്കിന്റെ ഇത്തവണത്തെ തെരഞ്ഞെടുപ്പു പ്രചാരണം. കഴിഞ്ഞ കുറച്ചു കാലമായി ഫേസ്‌ബുക്കിലും നവമാദ്ധ്യമങ്ങളിലും സജീവമായ തോമസ് ഐസക് അവയെത്തന്നെയാണു തന്റെ പ്രചാരണത്തിനു കൂട്ടുപിടിച്ചിരിക്കുന്നത്.

പതിവ് ശൈലികൾ മാറ്റിയെഴുതിയാണു തെരഞ്ഞെടുപ്പിൽ തോമസ് ഐസക്കിന്റെ പ്രചാരണം. വാട്‌സ്ആപ്പ് ഗ്രൂപ്പ്, ഫേസ്‌ബുക്ക്, സ്‌കൈപ് തുടങ്ങിയ നവസാമൂഹിക മാദ്ധ്യമങ്ങളുടെ എല്ലാ സാധ്യതകളും തിരഞ്ഞെടുപ്പിൽ തോമസ് ഐസക് ഉപയോഗപ്പെടുത്തുന്നുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണാർഥം ആലപ്പുഴയിൽ നടത്തിയ നവമാദ്ധ്യമ ശിൽപ്പശാല സ്‌കൈപ്പ് സംവിധാനത്തിലൂടെയാണു സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തത്. 50,000 പേരെ വിവിധ ഗ്രൂപ്പുകളിൽ ഉൾക്കൊള്ളിച്ച് ഈ നമ്പറുകളിൽ പരാതികളോ നിർദേശങ്ങളോ സ്വീകരിച്ചു വാട്‌സ്ആപ്പ് വഴിയും ഐസക് പ്രചാരണം കൊഴുപ്പിച്ചു. ഇതുവഴി തോമസ് ഐസക്കുമായി എല്ലാവർക്കും സംവദിക്കാൻ അവസരമൊരുങ്ങിയതു തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ കാതങ്ങൾ മുന്നിലെത്തിക്കുക തന്നെ ചെയ്തു.

ആലപ്പുഴയിലെ സിറ്റിങ് എംഎൽഎ കൂടിയായ തോമസ് ഐസക് മണ്ഡലത്തിൽ നടത്തുന്ന ഓരോ പ്രവർത്തനങ്ങളും ഫേസ്‌ബുക്ക് പേജിലൂടെ അപ്പപ്പോൾ ജനങ്ങളെ അറിയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങളറിയണമെങ്കിൽ ഫേസ്‌ബുക്ക് പേജ് സന്ദർശിച്ചാൽ മാത്രം മതിയാകും. സാമൂഹിക, രാഷ്ട്രീയ സംഭവവികാസങ്ങളിലെ തന്റെ അഭിപ്രായങ്ങളും ഫേസ്‌ബുക്ക് പേജിലൂടെ ഐസക് ജനങ്ങളിലെത്തിക്കുന്നു. ഈ സാധ്യതയിൽ നിന്നു ഫേസ്‌ബുക്ക് ഡയറി പ്രകാശനം എന്ന ആശയവും ഐസക്കും സംഘവും കൊണ്ടുവന്നു. ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ പുരോഗമനപരമായ ഒട്ടേറെ ആശയങ്ങൾ പങ്കുവയ്ക്കാനും സന്ദേശങ്ങൾ കൈമാറാനും നവമാദ്ധ്യമ ഇടപെടലിലൂടെ സാധിച്ചു. മണ്ഡലത്തിലെ ജൈവപച്ചക്കറി കൃഷിയും മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങളുമെല്ലാം ഫേസ്‌ബുക്ക് സഹായത്തോടെ ലോകമെങ്ങുമുള്ള മലയാളികളുടെ മുന്നിൽ ഐസക് എത്തിച്ചു.

ഫേസ്‌ബുക്ക് ഡയറി ഉൾപ്പെടെയുള്ള തന്റെ 20 പുസ്തകങ്ങൾ മണ്ഡലത്തിലെ ഓരോ വീടുകളിലുമെത്തിച്ച് പ്രചാരണം നടത്തുകയും ചെയ്യാനാണു ഐസക് ലക്ഷ്യമിടുന്നത്. പ്രചാരണത്തിൽ ഇതിനോടകം തന്നെ ഏറെ മുന്നിലെത്തിയ ഐസക്കിനെ കടത്തിവെട്ടണമെങ്കിൽ പ്രധാന എതിരാളിയായ യുഡിഎഫ് സ്ഥാനാർത്ഥി ലാലി വിൻസന്റ് ഏറെ വിയർപ്പൊഴുക്കേണ്ടി വരും.