ആലപ്പുഴ: പറഞ്ഞ വാക്കു പാലിക്കാൻ ടി എം തോമസ് ഐസക് വൃക്ഷത്തൈകൾ നടുകയാണ്. ഓരോ വോട്ട് ഭൂരിപക്ഷത്തിനും ഓരോ വൃക്ഷത്തൈകൾ നടുമെന്നായിരുന്നു തെരഞ്ഞെടുപ്പിനു മുമ്പ് ഐസക് നൽകിയ വാക്ക്.

ഇതിനകം പതിനായിരത്തോളം തൈകൾ നട്ടുവെന്നു തോമസ് ഐസക് വ്യക്തമാക്കുന്നു. ഇനിയും പതിനയ്യായിരം തൈകൾ കൂടി നട്ടാലേ വാക്കു പാലിക്കാൻ കഴിയൂ എന്നാണ് അദ്ദേഹം പറയുന്നത്.

അതായത്, തനിക്ക് 25,000ലേറെ വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന ആത്മവിശ്വാസത്തിലാണ് മുൻ ധനമന്ത്രികൂടിയായ ഐസക്. നാളെ ഉച്ചയ്ക്കു പന്ത്രണ്ടോടെ വിജയാഹ്ലാദ പര്യടനം ആരംഭിക്കുമെന്നും തോമസ് ഐസക് ഫേസ്‌ബുക്കിൽ കുറിച്ചു. കഴിഞ്ഞ രണ്ട് മാസക്കാലമായി ഇടതടവില്ലാതെ പ്രവർത്തിച്ച ഇടതുമുന്നണി പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അദ്ദേഹം നന്ദി പറയുന്നുമുണ്ട്. രേഖാമൂലം നൽകിയ ആലപ്പുഴ മണ്ഡലം വികസന പരിപാടി സമയ ബന്ധിതമായി നടപ്പാക്കുമെന്നും ഐസക് ഉറപ്പു നൽകുന്നുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

''പറഞ്ഞ വാക്ക് പാലിക്കണമെങ്കിൽ പത്ത് പതിനയ്യായിരം വൃക്ഷത്തൈകൾ കൂടി നടേണ്ടി വരും. ഓരോ വോട്ട് ഭൂരിപക്ഷത്തിനും ഒരു വൃക്ഷത്തൈ നടുമെന്ന് പ്രഖ്യാപിച്ചിരുന്നു . ഇതിൽ പതിനായിരം പ്ലാവുകൾ ഇപ്പോൾ തന്നെ നട്ട് കൊണ്ടിരിക്കുകയാണ് . തെരഞ്ഞെടുപ്പ് വരണാധികാരിയുടെ നിരോധനം മൂലം സൂക്ഷിച്ചു വച്ചിരുന്ന പ്ലാവിൻ തൈകളെല്ലാം തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ നട്ട് തുടങ്ങി. ബാക്കി ഞാറ്റുവേലയ്ക്ക് നടാനാണ് തീരുമാനം.

നാളെ 12 മണിക്ക് വിജയാഹ്ലാദ പര്യടനം ആരംഭിക്കും . 17 മേഖല കമ്മിറ്റികളും സന്ദർശിക്കും . സ്വീകരണ ചടങ്ങിൽ വച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്‌ലെക്‌സുകൾ എല്ലാം ഏറ്റുവാങ്ങും . ഫ്‌ലെക്‌സുകൾ മാത്രം തന്നാൽ മതിയാകും . ഫ്രെയിമുകൾ മേഖല കമ്മിറ്റികൾക്ക് ആണ് . കഴിഞ്ഞ രണ്ട് മാസക്കാലമായി ഇടതടവില്ലാതെ പ്രവർത്തിച്ച ഇടതുമുന്നണി പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും നന്ദി പറയുന്നു . എല്ലാ വോട്ടർമാരോടും നന്ദി രേഖപെടുത്തുന്നു . അവർക്ക് രേഖാമൂലം നൽകിയ ആലപ്പുഴ മണ്ഡലം വികസന പരിപാടി സമയ ബന്ധിതമായി നടപ്പാക്കുമെന്ന് ഉറപ്പു നൽകുന്നു''