ആലപ്പുഴ: മണ്ഡലത്തിലെ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചാരണം പതിനേഴു കേന്ദ്രങ്ങളിൽ ബഹുജനങ്ങളെ അണിനിരത്തി ശുചീകരണം നടത്തി ആരംഭിക്കുമെന്നു സിപിഐ(എം) നേതാവും ആലപ്പുഴ സിറ്റിങ് എംഎൽഎയുമായ ഡോ. തോമസ് ഐസക് പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

26ന് രാവിലെ 8 മണിക്ക് ആരംഭിച്ച് വെയിലിന്റെ കാഠിന്യം കൂടുതലാകുന്നതിനു മുൻപ് അവസാനിപ്പിക്കാൻ ആണ് പരിപാടി. ഓരോ കേന്ദ്രത്തിലും ചെയ്യേണ്ട പ്രവൃത്തിയെ പറ്റി മുൻകൂർ ആയി രേഖപ്പെടുത്തി ഒരു ചാർട്ട് തയ്യാറാക്കിയിട്ടുണ്ട്. അതിനുള്ള വോളണ്ടിയർമാരെ സജ്ജമാക്കി കഴിഞ്ഞതായും അദ്ദേഹം പോസ്റ്റിൽ പറയുന്നു. ആഷിക്ക് അബു, രഞ്ജി പണിക്കർ, കലവൂർ ഗോപിനാഥ് തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരും സജി ചെറിയാൻ , ടി ജെ ആഞ്ചലോസ് , എ എം ആരിഫ് എം എൽ എ , കെ ഡി മഹീന്ദ്രൻ , ശിവരാജൻ തുടങ്ങിയ രാഷ്ട്രീയ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.

കഴിഞ്ഞ അഞ്ചു വർഷത്തെ മണ്ഡലത്തിലെ ഒരു പ്രധാന വികസന നേട്ടമായി കണക്കാക്കുന്നത് ആലപ്പുഴ നഗരത്തെ വൃത്തിയാക്കി എന്നതാണെന്നും നഗരത്തിന്റെ കേന്ദ്രീകൃത സംസ്‌കരണ പ്രദേശം ആയിരുന്ന സർവ്വോദയപുരത്തെക്കുള്ള ലോറി നീക്കം പ്രദേശ വാസികൾ തടഞ്ഞതോടെ നഗരം മാലിന്യ കൂമ്പാരം ആയി. നഗരത്തിൽ വെട്ടിമൂടാവുന്ന സ്ഥലങ്ങളിൽ എല്ലാം മാലിന്യം കുഴിച്ചുമൂടി. എത്രകാലം ഇങ്ങനെ മുന്നോട്ടു പോകും? ഇതിന് പ്രതിവിധി ആയാണ് പരമാവധി അവരവരുടെ വീടുകളിൽ തന്നെ ജൈവ മാലിന്യം സംസ്‌കരിക്കുക എന്ന രീതി അവലംബിച്ചതെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നുണ്ട്.

ഇതിന് കഴിയുന്നില്ലെങ്കിൽ സമീപ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള എയറോബിക്ക് ബിന്നുകളിൽ കൊണ്ട് പോയി കൊടുക്കുക. അവിടെ ജൈവ മാലിന്യം കമ്പോസ്റ്റ് ആക്കി മാറ്റും. ആ ജൈവ മാലിന്യം മുനിസിപ്പാലിറ്റി ശേഖരിച്ച് തരം തിരിച്ചു നീക്കം ചെയ്യുകയെന്നും . ഇതിനെ ആണ് നിർമ്മല നഗരം നിർമ്മല ഭവനം പദ്ധതി എന്ന് പേരിട്ടിരുന്നതെന്നും അദ്ദേഹം ഓർക്കുന്നു. മറ്റു നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി ശുചിത്വ പരിപാടി ഒരു ജനകീയ പ്രസ്ഥാനം ആയി ആലപ്പുഴയിൽ വളർന്നു. അങ്ങനെ നഗരം വൃത്തിയായി. ആ പ്രക്രിയ തുടരണം. മാലിന്യ സംസ്‌കരണം എന്നത് ഒരു തുടർ പ്രക്രിയയാണ്. അപ്പോൾ അങ്ങനെ ആശയത്തിന് തുടർച്ചയുണ്ടാകണം എന്ന ആഗ്രഹമാണ് 'മാലിന്യ നിർമ്മാർജ്ജന പരിപാടിയിലൂടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഉദ്ഘാടനം' എന്ന ആശയം ഇവിടെ ഉയരാൻ കാരണമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരത്ത് നിന്ന് മുൻ മേയർ ചന്ദ്രികയും ഹരിതഗ്രാമത്തിന്റെ പ്രവർത്തകരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വരുന്നുണ്ട്. ആലപ്പുഴ മാതൃകയാക്കിയാണ് അവർ തിരുവനന്തപുരത്ത് ശുചീകരണ ക്യാമ്പയിൻ നടപ്പിലാക്കിയത്. നിങ്ങൾക്കും തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള ശുചീകരണ യജ്ഞത്തിൽ ഏവർക്കും പങ്കാളിയാകാമെന്ന ക്ഷണവും അദ്ദേഹം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ പട്ടണത്തിന് വടക്ക് വശത്തുള്ള കൊമ്മാടി ജംഗ്ഷനിൽ വന്നാൽ മതിയെന്നും അവിടെ താനും സംഘവും ഉണ്ടാകുമെന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. എന്നും പുതിയ ആശയങ്ങൾ നടപ്പിലാക്കുന്നതിൽ സിപിഐ(എം) എന്ന പാർട്ടിയിൽ തന്നെ ഒരുപടി മുന്നിലാണ് തോമസ് ഐസക്. അതുകൊണ്ടുതന്നെ പുതിയ രീതിയിലുള്ള അദ്ദേഹത്തിന്റെ പ്രചാരണപരിപാടിക്കും നല്ല സ്വീകാര്യത ലഭിക്കും എന്ന വിശ്വാസത്തിലാണ് അദ്ദേഹവും പാർട്ടിയും.