തിരുവനന്തപുരം: ആദിവാസിക്ഷേമത്തിനായി സർക്കാരുകൾ കാലങ്ങളായി കോടികൾ ചെലവിടുന്നതായാണ് കണക്കുകൾ. എന്നിട്ടും ആഹാരംപോലും ലഭിക്കാതെ മരിച്ചുവീഴുന്ന ആദിവാസികളെയും കുഞ്ഞുങ്ങളെയും പറ്റിയുള്ള വാർത്തകളും അവരുടെ തീരാ ദുരിതങ്ങളും ഒരു തുടർക്കഥയാണ്. കുടുംബശ്രീയും ജനകീയാസൂത്രണവും എല്ലാം കേരളത്തിലെത്തിച്ച തോമസ് ഐസക് ഇപ്പോൾ ആദിവാസികളുടെ ലോകത്ത് പുതിയൊരു നിശബ്ദ വിപ്ലവത്തിന് വിത്തുപാകുകയാണ്. ആദിവാസികളുടെ യഥാർത്ഥ പ്രശ്‌നങ്ങളറിഞ്ഞ്, അവർക്കായി ചെലവിടുന്ന പണം ചോർന്നുപോകുന്ന പഴുതുകളെല്ലാം അടച്ചുള്ള ഒരു പുതുവിപ്ലവം. സ്വന്തം മണ്ഡലത്തിലെ ആദിവാസികളുടെ ഇടയിൽനിന്നുതന്നെ ഈ പുതു പരീക്ഷണത്തിന് കളമൊരുക്കുകയാണ് പുതിയ ബജറ്റ് തയ്യാറാക്കുന്ന തിരക്കിനിടയിലും കേരളത്തിന്റെ ധനമന്ത്രി.

ആലപ്പുഴ ജില്ലയിലെ രണ്ടായിത്തഞ്ഞൂറോളം വരുന്ന ഉള്ളാട പട്ടികവർഗ കുടുംബങ്ങളെയാണ് ആദിവാസി ക്ഷേമത്തിനായുള്ള തന്റെ പുതിയ ആശയം പരീക്ഷിക്കുന്നതിനായി തോമസ് ഐസക് തിരഞ്ഞെടുത്തിരിക്കുന്നത്. ഓരോ കുടുംബത്തിന്റെയും ആവശ്യങ്ങൾ വ്യത്യസ്തമാണ്. അതിനാൽത്തന്നെ പൊതുവായി ചെയ്യുന്ന രക്ഷാപദ്ധതികൾ ഇതുവരെ പാളിപ്പോകുകയായിരുന്നു. ഈ തിരിച്ചറിവിൽ നിന്നാണ് തോമസ് ഐസക് തുടങ്ങുന്നത്. ആദ്യം ഓരോ കുടുംബത്തിനുമായി ഒരു മൈക്രോ പ്ലാൻ. പിന്നീട് അത് നടപ്പാക്കാൻ കൃത്യമായ പദ്ധതിയും ആസൂത്രണവും. ഇതാണ് മന്ത്രിയുടെ ലക്ഷ്യം.

'മൂന്ന് സെന്റു സ്ഥലം. ചോർന്നൊലിക്കുന്ന ഒരു പഴയ വീട്. അതിലാണ് ദുർഗയും ഭർത്താവും രണ്ടു മക്കളും ചേട്ടന്റെ കുടുംബവും അമ്മയും അച്ഛനും താമസിക്കുന്നത്. തൊട്ടടുത്ത് ഒരു പ്ലാസ്റ്റിക് ചാർത്തിൽ രോഗിയായ ചേച്ചിയും മകൾ ദിവ്യയും ആണ് താമസം. ഇതിനെ വീടെന്നു വിളിക്കാനാവില്ല. ഭിത്തിയില്ല. പ്ലാസ്റ്റിക്, പഴയ തുണികൾ എല്ലാം കൊണ്ട് നാലുവശവും മറച്ചിരിക്കുന്നു. ഇഷ്ടിക നിരത്തിയ തറ. അടുക്കളയും കിടപ്പുമുറിയും എല്ലാം ഈ ഷെഡ് തന്നെ. തറയിലിരുന്നുകൊണ്ട് ആ അമ്മ നിലവിളിക്കുന്നുണ്ടായിരുന്നു. ' ഈ മോളെയും കൊണ്ട് സാറെ ഞാൻ എങ്ങനെ ഇവിടെ താമസിക്കും .സുബോധമില്ലാത്ത പിള്ളേരല്ലേ ചുറ്റും'. ഞാൻ ജിഷയുടെ അമ്മയെ ഒന്നോർത്തുപോയി. അവലൂക്കുന്നിലെ ഉള്ളാട കോളനിയിലെ ഒരു ദയനീയ രംഗമാണ് ഞാൻ വിവരിച്ചത്.'- ജൂൺ അഞ്ചിന് നൽകിയ ഫേസ്‌ബുക്ക് പോസ്റ്റിൽ തോമസ് ഐസക് വരച്ചുകാട്ടിയ ദുരവസ്ഥ. ആലപ്പുഴയിലെ എല്ലാ പഞ്ചായത്തുകളിലുമായി ചിതറിക്കിടക്കുന്ന കുടുംബങ്ങൾ.

ജില്ലയിലെ നഗരസഭയ്ക്കും പഞ്ചായത്തുകൾക്കും ട്രൈബൽ സബ്പ്ലാൻ  ഇല്ലാത്തതിനാൽ ഇവർക്ക് ഒരു സഹായവും എത്താറുതന്നെയില്ല. മരംവെട്ട് തൊഴിലാക്കിയ പുരുഷന്മാർക്ക്. പണിയില്ലാത്ത സ്ത്രീകൾ. കഠിനമായ പോഷകക്കുറവ് മുഖങ്ങൾ കണ്ടാലറിയാം. പഠിക്കാൻ പോകാത്ത പുതിയ തലമുറ. പത്തു പാസായ ചിലരുണ്ടെങ്കിലും ജോലിയില്ല. പുരുഷന്മാരിൽ ഭൂരിപക്ഷവും മദ്യത്തിനും മയക്കുമരുന്നിനും അടിമകൾ. ഫേസ്‌ബുക്ക് പോസ്റ്റിൽ വരച്ചിട്ട ആദിവാസികളുടെ ചിത്രം മാറ്റിവരയ്ക്കാൻ തോമസ് ഐസക് പദ്ധതി തയ്യാറാക്കിയിട്ട് ഏറെയായി. ഇപ്പോൾ മന്ത്രിയായതോടെ തന്റെ ആശയങ്ങൾ നടപ്പാക്കാനും അതിന്റെ ആദ്യ ചുവടുവയ്പ് തന്റെ മണ്ഡലത്തിൽ നിന്നുതന്നെ തുടങ്ങാനും രംഗത്തിറങ്ങുകയാണ് അദ്ദേഹം.

'എന്റെ മണ്ഡലത്തിലെ മുഴുവൻ ഓരോ ഉള്ളാടകുടുംബങ്ങൾക്കും അവരുടെ ക്ഷേമത്തിനും ഓരോ മൈക്രോ പ്ലാൻ ഉണ്ടാക്കാൻ ആണ് തീരുമാനിച്ചിട്ടുള്ളത്. പട്ടിക വർഗ്ഗ പ്രൊമോട്ടർമാരെയും കൂട്ടി ആണ് പോയത്. ഇവർ ഒരു ഡസൻ വീടുകൾ സന്ദർശിച്ച് മൈക്രോപ്ലാൻ ഉണ്ടാക്കും .പന്ത്രണ്ടാം തീയതി നടക്കാൻ പോകുന്ന ശിൽപ്പശാലയിൽ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരെയും കുടുംബശ്രീ പ്രവർത്തകരെയും ക്ഷണിക്കും . അവിടെ വച്ച് ഓരോ കുടുംബത്തിനും വേണ്ടി ആക്ഷൻ പ്ലാൻ തയാറാക്കാൻ സമയ ബന്ധിത പരിപാടി ഉണ്ടാവും. രണ്ട് വർഷം കൊണ്ട് എന്റെ മണ്ഡലത്തിലെ പട്ടിക വർഗ്ഗക്കാരുടെ ജീവിത നിലയിൽ സമൂലമായ മാറ്റം വരുത്താൻ കഴിയുമോ എന്നാണ് നോക്കുന്നത്.'- കഴിഞ്ഞയാഴ്ച തോമസ് ഐസക് പോസ്റ്റ് അവസാനിപ്പിച്ചതിങ്ങനെ.

'കൃത്യം 12നുതന്നെ മുൻനിശ്ചയപ്രകാരം ശിൽപശാല നടന്നു. രണ്ടു ഡസനോളം ഉള്ളാട കുടുംബങ്ങളിലെ സ്്ത്രീ-പുരുഷന്മാർ പങ്കെടുത്തു. ഒരുപക്ഷേ ദുർഗയും വിവയും പങ്കെടുക്കുന്ന ആദ്യ ശിൽപശാല. ഓരോ കുടുംബത്തിന്റെയും സ്ഥിതി വ്യത്യസ്തമായതിനാൽ പ്രത്യേകം മൈക്രോ പഌൻ തയ്യാറാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ചെയ്തുകൊടുക്കുകയുമാണ് പദ്ധതിയുടെ രത്‌നച്ചുരുക്കം. ഞങ്ങൾ ഉണ്ടാക്കിയ പദ്ധതി ഇതാണ്. രണ്ട് ആഴ്ചയ്ക്കുള്ളിൽ കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ഒരു ചെറുസംഘം എല്ലാ പട്ടികവർഗ്ഗ കുടുംബങ്ങളും സന്ദർശിക്കും. ഓരോ കുടുംബത്തിന്റെയും പ്രശ്‌നങ്ങൾ പരിശോധിക്കും. ഓരോ പ്രശ്‌നത്തിനും പരിഹാരം എന്തെന്ന് തിട്ടപ്പെടുത്തും. ഇത്തരത്തിൽ ഓരോ കുടുംബത്തിനും ഓരോ മൈക്രോപ്ലാൻ ഉണ്ടാക്കും. ഈ മൈക്രോപ്ലാനിന്റെ ലക്ഷ്യം അത് നടപ്പിലാക്കിയാൽ ആ കുടുംബത്തെ ദരിദ്രാവസ്ഥയിൽ നിന്നും കരകയറ്റാൻപറ്റണം.'- മുൻപ് പ്രഖ്യാപിച്ചതുപ്രകാരം ശിൽപശാല നടത്തിയശേഷം തോമസ് ഐസക് ഇന്നലെ തന്റെ ആശയം വ്യക്തമാക്കുന്നു.

ആദ്യം പറഞ്ഞ വിവയുടെ കുടുംബത്തിന്റെ ആവശ്യങ്ങൾ ഇങ്ങനെ: ഇവരെ പ്ലാസ്റ്റിക്ക് കൊണ്ടുള്ള ചാർത്തിൽ നിന്ന് രക്ഷപെടുത്തണം. ഇതിന് ഒരു വീട് വേണം. രോഗിയായ അമ്മയ്ക്ക് ചികിത്സ ഉറപ്പുവരുത്തണം. വിവ പത്താം ക്ലാസ് പാസ്സായി രണ്ടുവർഷമായെങ്കിലും തുടർപഠനത്തിന് അവസരമുണ്ടായില്ല. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ വിദ്യാർത്ഥിയാക്കുന്നതായിരിക്കും അഭികാമ്യം. അച്ഛനെ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സിക്കണം. അരി സൗജന്യറേഷനായി നൽകുന്നതിനൊപ്പം പയറും കറിക്കുള്ള ഒരു ചെറുകിറ്റും ആഴ്ചതോറും ലഭ്യമാക്കണം. ദുർഗ്ഗയുടെ പ്രഥമാവശ്യം ഉള്ള വീട് അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കലാണ്. വീടും പരിസരവും അടിയന്തിരമായി വൃത്തിയാക്കണം. 10 ാം ക്ലാസ്സും പാരാമെഡിക്കൽ കോഴ്‌സും പാസ്സായിട്ടുള്ള ദുർഗ്ഗയ്ക്ക് ഒരു ജോലി ലഭ്യമാക്കലാണ് പ്രധാനം. പ്രായംചെന്ന അച്ഛനും അമ്മയ്ക്കും പെൻഷൻ ഇല്ല. അത് ലഭ്യമാക്കണം. ചേട്ടനും കുടുംബവും ഇതേവീട്ടിലാണ് താമസം. അവർക്ക് വേറൊരു വീട് ഉണ്ടാക്കിക്കൊടുക്കണം. ഇതിന് ഓരോന്നിനും വരുന്ന ചെലവെത്രയെന്നും ഏത് ഏജൻസി മുഖേന നടപ്പാക്കുമെന്നും ഉൾപ്പെടുത്തിയാണ് മൈക്രോപ്ലാൻ നടപ്പാക്കുന്നത്.

ഇതുപോലെ മുഴുവൻ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് മൈക്രോപ്ലാൻ ഉണ്ടാക്കി ഒരു പാക്കേജായി നടപ്പിലാക്കിയാൽ എന്റെ മണ്ഡലത്തിലെ ആദിവാസികളെ മുഴുവൻ 2 വർഷംകൊണ്ട് ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാം. ഇതിനുള്ള പണം പഞ്ചായത്തിന്റെ റ്റി.എസ്‌പി ഫണ്ട്, പട്ടികവർഗ്ഗ വകുപ്പിന്റെ വിവിധങ്ങളായ സ്‌കീമുകൾ, കോർപ്പസ് ഫണ്ട്, സദ്ധസംഘടനകളുടെ സഹായം മുതലായവയിൽ നിന്നും കണ്ടെത്താവുതേയുള്ളൂ. ബഡ്ജറ്റ് കഴിയുമ്പോഴേയ്ക്കും മൈക്രോപ്ലാനുകൾ റെഡിയായിരിക്കും. അടുത്ത ശിൽപശാല ഈ മൈക്രോപ്ലാനുകൾ വിദഗ്ദ്ധന്മാർ പരിശോധിച്ച് അംഗീകരിക്കുന്നതിന് വേണ്ടിയായിരിക്കും. ഈ പരീക്ഷണം വിജയിച്ചാൽ ആദിവാസി സെറ്റിൽമെന്റുകൾക്ക് പുറത്ത് ചിന്നിച്ചിതറി താമസിക്കുന്ന ആദിവാസി കുടുംബങ്ങളെ പുനരുദ്ധരിക്കുന്നതിന് ഒരു പക്ഷേ മാതൃകയാക്കാനായേക്കും.' പ്രതീക്ഷയോടെ തോമസ് ഐസക് പ്രഖ്യാപിക്കുന്നു.

ആദിവാസികളുടെ രക്ഷയ്ക്കായി കേന്ദ്ര സർക്കാരിന്റേതുൾപ്പെടെ നടപ്പാക്കി വന്ന പല പദ്ധതികളും പാളംതെറ്റി. ഫണ്ടുകൾ അടിച്ചുമാറ്റി പദ്ധതി നടത്തിപ്പുകാരും ഫണ്ട് വകമാറ്റി സർക്കാരുകളും പ്രതിസ്ഥാനത്ത് മത്സരിച്ചപ്പോൾ ആദിവാസികൾ ഇവിടെ മരിച്ചുവീണുകൊണ്ടിരുന്നു. പിറന്നുവീഴുന്ന കുഞ്ഞുങ്ങൾപോലും ഭാരക്കുറവും പോഷകക്കുറവുമൂലവും പ്രാണൻ നിലനിർത്താൻ വിഷമിച്ചു. ഇവിടെ തോമസ് ഐസക്കിന്റെ പുതിയ പരീക്ഷണം എക്കാലത്തും വഞ്ചിക്കപ്പെടുന്ന ആദിവാസികൾക്ക് ഒരു പുതുജന്മമാകുമോ എന്ന് കാത്തിരുന്നു കാണാം.

തോമസ് ഐസകിന്റെ പോസ്റ്റുകൾ: