- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് പത്തരമാറ്റിൽ പണിതീർത്ത തൊണ്ടി മുതലും ദൃക്സാക്ഷിയും! മഹേഷിന്റെ പ്രതികാരത്തിന് ശേഷം വീണ്ടും ദിലീഷ് പോത്തൻ ബ്രില്ലൻസ്; ഇത് മലയാള സിനിമയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ചിത്രം; തകർത്ത് അഭിനയിച്ച് ഫഹദും സുരാജും; ഇത് ഫഹദിന്റെ കരിയർ ബെസ്റ്റ്!
ഓർമ്മയുണ്ടോ ഈ മുഖം... ഒരു പ്രത്യേക താളത്തിൽ കൈയുയർത്തി കമ്മീഷണറിലെ ഭരത് ചന്ദ്രൻ അലറിയപ്പോൾ ഹാളുകിടുങ്ങുമാറുച്ചത്തിൽ കൈയടിച്ചവരാണ് മലയാളികൾ. പൊലീസ് കഥതെന്നുകേട്ടാൽ ഭരത് ചന്ദ്രനും ഇൻസ്പെക്ടർ ബലറാമും ഉൾപ്പെടെയുള്ള എല്ലാം തകർത്ത് തരിപ്പണമാക്കുന്ന വീരന്മാരെക്കുറിച്ചാണ് നമ്മൾ ഓർക്കാറുമുള്ളത്. അങ്ങ് ഇൻസ്പെക്ടർ ബൽറാമിൽ തുടങ്ങി ഇങ്ങ് കസബയിലെത്തുമ്പോഴും നമ്മുടെ പൊലീസ് ഓഫീസർമാർ വീരശൂര പരാക്രമികളാണ്. . ലോഹിതദാസിന്റെ തിരക്കഥയിൽ ജന്മം കൊണ്ട കിരീടത്തിലെ അച്യുതൻ നായരെപ്പോലുള്ള അപൂർവ്വം പൊലീസ് കഥാപാത്രങ്ങളെ വിസ്മരിക്കുന്നുമില്ല. എന്നിരുന്നാലും പൊലീസ് കഥപറയുന്ന സിനിമയിൽ നായകനായ പൊലീസുകാരൻ നിറഞ്ഞു നിൽക്കുമ്പോൾ മൂലയിലൊതുങ്ങാനാണ് മറ്റ് പൊലീസുകാർക്കും എന്തിന് പൊലീസ് സ്റ്റേഷനും വരെ വിധിയുള്ളത്. എന്നാൽ സമീപകാലത്തിറങ്ങിയ രണ്ട് സിനിമകൾ കുറേക്കൂടി യാഥാർത്ഥ്യബോധത്തോടെ പൊലീസിനെ സമീപിച്ചു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു, ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് തുടങ്ങിയവായിരുന്നു ആ ചിത്രങ്ങൾ. ബിജു
ഓർമ്മയുണ്ടോ ഈ മുഖം... ഒരു പ്രത്യേക താളത്തിൽ കൈയുയർത്തി കമ്മീഷണറിലെ ഭരത് ചന്ദ്രൻ അലറിയപ്പോൾ ഹാളുകിടുങ്ങുമാറുച്ചത്തിൽ കൈയടിച്ചവരാണ് മലയാളികൾ. പൊലീസ് കഥതെന്നുകേട്ടാൽ ഭരത് ചന്ദ്രനും ഇൻസ്പെക്ടർ ബലറാമും ഉൾപ്പെടെയുള്ള എല്ലാം തകർത്ത് തരിപ്പണമാക്കുന്ന വീരന്മാരെക്കുറിച്ചാണ് നമ്മൾ ഓർക്കാറുമുള്ളത്. അങ്ങ് ഇൻസ്പെക്ടർ ബൽറാമിൽ തുടങ്ങി ഇങ്ങ് കസബയിലെത്തുമ്പോഴും നമ്മുടെ പൊലീസ് ഓഫീസർമാർ വീരശൂര പരാക്രമികളാണ്. . ലോഹിതദാസിന്റെ തിരക്കഥയിൽ ജന്മം കൊണ്ട കിരീടത്തിലെ അച്യുതൻ നായരെപ്പോലുള്ള അപൂർവ്വം പൊലീസ് കഥാപാത്രങ്ങളെ വിസ്മരിക്കുന്നുമില്ല. എന്നിരുന്നാലും പൊലീസ് കഥപറയുന്ന സിനിമയിൽ നായകനായ പൊലീസുകാരൻ നിറഞ്ഞു നിൽക്കുമ്പോൾ മൂലയിലൊതുങ്ങാനാണ് മറ്റ് പൊലീസുകാർക്കും എന്തിന് പൊലീസ് സ്റ്റേഷനും വരെ വിധിയുള്ളത്.
എന്നാൽ സമീപകാലത്തിറങ്ങിയ രണ്ട് സിനിമകൾ കുറേക്കൂടി യാഥാർത്ഥ്യബോധത്തോടെ പൊലീസിനെ സമീപിച്ചു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷൻ ഹീറോ ബിജു, ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് തുടങ്ങിയവായിരുന്നു ആ ചിത്രങ്ങൾ. ബിജുവിന്റെ ആക്ഷൻ ഹീറോ പരിവേഷം നിറഞ്ഞു നിന്നിരുന്നെങ്കിലും പൊലീസ് സ്റ്റേഷന്റെ കുറേക്കൂടി യാഥർത്ഥമായ ചിത്രീകരണമായിരുന്നു ആക്ഷൻ ഹീറോ ബിജുവിലേത്. അപ്പോഴും അധികാരത്തിന്റെ ഉരുക്ക് മുഷ്ടിയിൽ എല്ലാം നിയന്ത്രിക്കുന്ന പൊലീസിന്റെ നിഴൽ ഈ കാഴ്ചകളിൽ ഉണ്ടായിരുന്നു. കിസ്മത്തിലെത്തിയപ്പോൾ പൊലീസ് സ്റ്റേഷൻ സമൂഹത്തിന്റെ തന്നെ ഭാഗമായി. സ്റ്റേഷനിൽ അഭയം പ്രാപിച്ചെത്തിയ കമിതാക്കളോട് അധികാരം.. സമൂഹം ഏത് തരത്തിൽ പെരുമാറുന്നു എന്ന ഭീതിതമായ സത്യത്തിന്റെ നേർക്കാഴ്ചയായിരുന്നു കിസ്മത്ത്.
ലളിതവും സുന്ദരവുമായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തൻ ഒരുക്കിയ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രവും ഒരു പൊലീസ് സ്റ്റേഷൻ പശ്ചാത്തലമാക്കിയുള്ളതാണ്. റിയലിസ്റ്റിക്കായി പൊലീസ് സ്റ്റേഷനെ അവതരിപ്പിക്കാൻ ശ്രമിച്ച മുൻചിത്രങ്ങളുടെ അവതരണ വഴികളിൽ സാമ്യതയുണ്ടെന്ന് തോന്നിയേക്കാമെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. നമ്മുടെ പൊലീസ് സ്റ്റേഷനും സമൂഹത്തിന്റെ ഒരു പരിഛേദമാണെല്ലോ. പൊലീസുകാർ മാറുന്നില്ലെങ്കിലും അവിടെയെത്തുന്നവരും അവരുടെ പ്രശ്നങ്ങളും എല്ലാം വ്യത്യസ്തങ്ങളാണ്. അതുകൊണ്ട് തന്നെ കാസർക്കോടിന്റെ ഈ ഉൾപ്രദേശത്തെ പൊലീസ് സ്റ്റേഷനും അവിടുത്തെ കാഴ്ചകളും പ്രേക്ഷകർക്ക് പുതിയൊരു കാഴ്ചാനുഭവം തന്നെയാണ് ഒരുക്കുന്നത്.
ദിലീഷ് പോത്തന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരം പോലെ തന്നെ സംഭവ ബഹുലമായ കഥയൊന്നും പറയാൻ ഇവിടെയും ശ്രമിക്കുന്നില്ല. പ്രകാശ് സിറ്റിയും ഭാവനാ സ്റ്റുഡിയോയും മഹേഷ് ഭാവനയും അയാളുടെ ഹവായ് ചെരുപ്പും പ്രതികാരവുമെല്ലാം ചേർത്ത് റിയലിസത്തോട് ചേർന്നു നിന്നുകൊണ്ട് കഥപറുകയായിരുന്നു ആ ചിത്രം. നിറച്ചു വെച്ച കോമഡികളില്ലെങ്കിലും സന്ദർഭത്തിനൊത്ത നുറങ്ങ് തമാശകളിലൂടെ... ഞെട്ടിക്കുന്ന ട്വിസ്റ്റുകളില്ലെങ്കിലും രസം പകരുന്ന ചില വഴിത്തിരിവുകളിലൂടെ പുതുമയുടെ തെളിനീരിൽ പ്രേക്ഷകരെ നീരാട്ടിനിറക്കുകയായിരുന്നു മഹേഷിന്റെ പ്രതികാരം.പിന്നീട് ഫേസ്‌ബുക്കിലൊക്കെ പോത്തൻ ബ്രില്ലൻസ് എന്ന പേരിൽ പ്രശസ്തമായ ആ ആഖ്യാനത്തിന്റെ മാസ്മരികതന്നെയാണ് തൊണ്ടിമുതലിലും കാണുന്നത്. ഇതും ശരിക്കും അവതരണ മികവിന്റെ ബ്രില്ലൻസാണ്.
വൈക്കത്തിന്റെ പച്ചപ്പുള്ളതും മനോഹരവുമായ കാഴ്ചകളിലും അവിടെ വിരിയുന്ന മനോഹരമായ പ്രണയത്തിലുമാണ് ചിത്രത്തിന്റെ തുടക്കം. ഉത്സവപ്പറമ്പിലെ നാടകത്തിൽ നിന്ന് തുടങ്ങി പ്രസാദിന്റെയും( സനിമയിൽ സുരാജ് വെഞ്ഞാറമൂട്) ശ്രീജയുടെയും ( പുതുമുഖം നിമിഷ) പ്രണയത്തിലേക്ക് കഥ നടന്നു നീങ്ങുന്നു. വൈക്കം ക്ഷേത്രവും ജങ്കാറുമെല്ലാം ആ പ്രണയത്തിന് കുട പിടിക്കുന്നു. ഇവിടെയെല്ലാം ആവർത്തിച്ച് കാണുന്ന ഒരു ജാതി സംഘടനയുടെ കൊടികൾ ഈ പ്രണയ സാക്ഷാത്ക്കാരത്തിന് എങ്ങനെ തടസ്സമാകുമെന്ന് ഡയലോഗുകളില്ലാതെ സിനിമ കാണിച്ചു തരുന്നുമുണ്ട്.
വൈക്കത്ത് നിന്നും സിനിമ പിന്നീട് വരണ്ടുണങ്ങിയ ഒരു കാസർക്കോടൻ ഗ്രാമത്തിലേക്കാണ് തിരിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച പ്രസാദും ഭാര്യ ശ്രീജും അതിജീവനത്തിനായി കാസർക്കോടെത്തുകയാണ്. പ്രസാദിന്റെ ഭാര്യയായ ശ്രീജയുടെ മാല ബസ്സിൽ വെച്ച് മോഷണം പോകുന്നു. മോഷ്ടിച്ചയാളെ ബസ്സിലുള്ള യാത്രക്കാർ ചേർന്ന് പിടികൂടുന്നുണ്ടെങ്കിലും തൊണ്ടി മുതൽ കണ്ടെടുക്കാൻ സാധിക്കുന്നില്ല. പ്രതി വിഴുങ്ങിക്കളഞ്ഞ മാല കണ്ടെടുക്കാനും അത് തിരിച്ചെടുക്കാനും വേണ്ടിയുള്ള പ്രയത്നത്തിലാണ് പിന്നീട് പ്രസാദും ഭാര്യയും.
തുടർന്നങ്ങോട്ട് ഒരു പൊലീസ് സ്റ്റേഷനിലാണ് കഥ നടക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വളരെ വേഗം തന്നെ പ്രതിയെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കാമെന്ന പ്രതീക്ഷയിലാണ് പൊലീസുകാർ. എന്നാൽ പ്രസാദിനെയും പൊലീസുകാരെയുമെല്ലാം അമ്പരപ്പിച്ചുകൊണ്ട് പ്രതി താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ആവർത്തിക്കുകയാണ്. തന്റെ പേര് പോലും പ്രതിപറയുന്നത് പ്രസാദെന്നാണ്. മംഗലാപുരത്ത് ഒരു കടയിൽ ജോലി ചെയ്തിരുന്നയാളാണ് താനെന്നും തിരിച്ചറിയൽ രേഖകളില്ലാത്തതിനാൽ ജീവിക്കാൻ പറ്റാതായെന്നും അതുണ്ടാക്കാൻ വേണ്ടി നാട്ടിലേക്ക് പോവുന്ന ഒരു പാവമാണ് താനെന്നുമാണ് അയാളുടെ ഭാഷ്യം. സാധാരണ നിലയിൽ തുടങ്ങിയ പൊലീസുകാരുടെ ചോദ്യം ചെയ്യൽ പതിയെ പൊലീസ് മുറകളിലേക്കും ഭീഷണികളിലേക്കുമെല്ലാം മാറുന്നുണ്ടെങ്കിലും പ്രതി നിസ്സംഗതയയോടെ അവർക്ക് മുമ്പിൽ നിൽക്കുകയാണ്. അവസാനം വരെ പിടിച്ചു നിൽക്കണം.. അത് തന്റെയൊരു രീതിയെന്ന് ഈ കഥാപാത്രം പിന്നീട് പറയുന്നുമുണ്ട്.
നന്മ നിറഞ്ഞ നായകൻ. മോഷ്ടാവായ വില്ലൻ തുടങ്ങിയ പതിവ് ഫോർമുലയൊന്നുമല്ല സിനിമ പിന്തുടരുന്നത്. പ്രണയിച്ച് വിവാഹം ചെയ്ത നായകന് തന്റെ ഭാര്യയെപ്പോലെ തന്നെ വിലപിടിച്ചതാണ് അയാൾ അണിയിച്ച താലിയും. അത് പോയപ്പോൾ താൻ തളർന്നുവെന്ന് അയാൾ അവളോട് പറയുന്നുമുണ്ട്. ആ താലിയുടെ വില നിനക്ക് അറിയില്ലെന്ന് ഒരു പൊലീസുകാരൻ പ്രതിയോടും പറുന്നു. അപ്പോൾ ഒരു നേരിയ ചിരി മാത്രമാണ് പ്രതിയുടെ മുഖത്തുള്ളത്. മാല വീണ്ടെടുക്കകയെന്നത് പൊലീസുകാരുടെയും നിലനിൽപ്പിന്റെ പ്രശ്നമായി മാറുന്നതോടെ ആ മോഷ്ടാവ് ആ പൊലീസ് സ്റ്റേഷനെയാകെ സമ്മദത്തിലാക്കുന്നു. മാല വയറ്റിലുണ്ടെന്ന് തെളിയുന്നുണ്ടെങ്കിലും കീഴടങ്ങിക്കൊടുക്കാൻ മോഷ്ടാവ് തയ്യാറാവുന്നില്ല. പുതിയ വാദങ്ങളിലൂടെ തന്ത്രങ്ങളിലൂടെ അയാൾ പടിതരാതെ മുന്നോട്ട് പോകുന്നു.
സാധാ പൊലീസുകാരും എസ് ഐയും സി ഐയുമെല്ലാം ഈ സമ്മർദ്ധത്തിൽ പെട്ട് ഉഴലുകയും സാഹചര്യങ്ങളുടെ സമ്മർദ്ദത്താലും നിയമശൃംഖലയുടെ മുകളിൽ നിന്നുണ്ടായേക്കാവുന്ന കടുത്ത നടപടികളെ ഭയന്നും ഏത് വിധേനയും കുറ്റം സമ്മതിപ്പിക്കാനും അത് കഴിയാതെ വരുമ്പോൾ മൊഴികൾ മാറ്റിയെഴുതിച്ചും പുതിയ തൊണ്ടി മുതൽ ഉണ്ടാക്കിയും കുറ്റം പ്രതിയുടെ മേൽതന്നെ ചാർത്താനുള്ള പെടാപ്പാടിലാണ്. ഇവിടെ സിനിമ ഒരു ത്രില്ലർ സിനിമയുടെ മൂഡിലേക്ക് പ്രവേശിക്കുന്നുമുണ്ട്. കള്ളന് മേൽ സാധാ പൊലീസുകാരനും അയാൾക്ക് മേൽ എസ് ഐയും അയാൾക്ക് മേൽ മറ്റ് ഉദ്യോഗസ്ഥരും ചേർന്നുള്ള അധികാര ഘടന എങ്ങിനെയാണ് അധികാരങ്ങളുടെ നടപ്പിലാക്കൽ സാധിക്കുന്നു എന്ന് ചിത്രം പറയുന്നു. കുറ്റം തെളിയിക്കാനായി ശ്രീജയെക്കൊണ്ട് മറ്റൊരു മൊഴിയെടുക്കുന്നുണ്ട് ചിത്രത്തിൽ. ശരിയായ വഴിയിൽ പോയാൽ പരാജയപ്പെടും എന്ന് മനസ്സിലാക്കിയാണ് സത്യസന്ധമായ ശ്രീജയുടെ ആദ്യ മൊഴിയിൽ അൽപ്പം തിരുത്തലുകൾ വരുത്തിച്ചുകൊണ്ടുള്ള രണ്ടാമത്തെ മൊഴിയെടുക്കൽ. അന്വേഷണ വഴിയെ സുഗമമാക്കാൻ നീതിയെ സ്വയം വ്യാഖാനിക്കുന്ന അധികാര ഘടനയും, മാറ്റിയെഴുതാവുന്ന നിയമ ഘടനയുമെല്ലാം നർമ്മ രൂപത്തിൽ തന്നെ അവതരിപ്പിക്കപ്പെടുന്നു.
ഒരു മാല മോഷണം ഒരു പൊലീസ് സ്റ്റേഷനിലൂടെ കനൽച്ചൂടുള്ള വർത്തമാനകാല ജീവിതങ്ങളിലേക്കും സാമൂഹിക യാഥാർഥ്യങ്ങളിലേക്കും വളരെ എളുപ്പത്തിലാണ് കയറിച്ചെല്ലുന്നത്. പൊലീസ് സ്റ്റേഷന് തൊട്ടു മുമ്പിൽ ഒരു ക്ഷേത്രമാണ്. മാല മോഷണക്കേസ് സ്റ്റേഷനിൽ കൊടുമ്പിരിക്കൊള്ളുമ്പോഴാണ് ക്ഷേത്രത്തിലെ ഉത്സവവും നടക്കുന്നത്്. സ്റ്റേഷനിലെ ജനവാതിലിലൂടെ നോക്കിയാൽ ആ ഉത്സവപ്പറമ്പ് കാണാം. കാവിക്കൊടിയും മുണ്ടും നിറഞ്ഞ ഉത്സവപ്പറമ്പിൽ എത്ര പെട്ടന്നാണ് സംഘട്ടനങ്ങൾ പൊട്ടിപ്പുറപ്പെടുന്നത്. മാലയും ഉത്സവപ്പറമ്പും ചേർന്ന് സൃഷ്ടിക്കുന്ന സങ്കർഷങ്ങൾക്കിടയിലൂടൊണ് ആ സ്റ്റേഷനിലെ പൊലീസുകാരും കടന്നുപോകുന്നത്.
നിരാശയും വേദനയും നിറഞ്ഞ പ്രസാദിന്റെയും ഭാര്യയുടെയും ജീവിതം പ്രേക്ഷകർക്ക് വ്യക്തമാകുന്നുണ്ടെങ്കിലും കള്ളന്റെ ജീവിതത്തെക്കുറിച്ച് ഒന്നും സിനിമ പറയുന്നില്ല. അയാളുടെ ജീവിതം വ്യക്തമാക്കാൻ ഫ്ളാഷ് ബാക്കുകളോ വലിയ സംഭാഷണങ്ങളോ ഒന്നും ചിത്രത്തിലില്ല. അയാളുടെ ചില ഭാവങ്ങൾ.. നോട്ടങ്ങൾ.. ചിരി.. നിസ്സഹായത.. ചെറു ഭാഷണങ്ങൾ.. വിശപ്പിനെക്കുറിച്ചുള്ള അയാളുടെ ചില മറുപടികൾ.. ഇതിലൂടെ തന്നെ ആ ജീവിതം മഹാസമുദ്രമായി പ്രേക്ഷകന് മുന്നിലെത്തുന്നുണ്ട്. അയാൾ പറയുന്നതെല്ലാം സത്യമാണെന്ന് അറിയില്ല. പേര് പോലും അയാൾ കട്ടെടുത്തതാണ്. എന്നിരുന്നാലും തിരിച്ചറിയൽ രേഖകളൊന്നും ഇല്ലാതെ പ്രയാസപ്പെടുന്നവനാണ് താനെന്ന് അയാൾ സൂചന നൽകുന്നു. ഇത്തരത്തിൽ രേഖകൾ ഇല്ലാതിരുന്ന തന്റെ സുഹൃത്ത് ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും അയാൾ പറയുന്നുണ്ട്. ആധാർ കാർഡിൽ ജീവിതം നിശ്ചയിക്കപ്പെടുന്ന വർത്തമാനകാലത്ത് ഒരു രേഖകളും ഇല്ലാതെ പോയ നിസ്സഹായരായ മനുഷ്യരുടെ പ്രതിനിധി കൂടിയായി ഈ കള്ളൻ മാറുന്നുണ്ട്.
നിയമത്തിൽ സ്വയം വ്യാഖാനങ്ങൾ ചമയ്ക്കുന്നുണ്ടെങ്കിലും, അധികാരത്തിന്റെ ദണ്ഡ് ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിലും നിയമ വ്യവസ്ഥിതിയുടെ അധികാര ശ്രേണിയുടെ വെറും ഉപകരണങ്ങൾ മാത്രമായ സാധാരണ മനുഷ്യർ മാത്രമാണ് തൊണ്ടിമുതലിലെ പൊലീസുകാർ. ഗത്യന്തരമില്ലാതെ കള്ളനെ കുടുക്കാൻ കള്ളത്തരം ചമച്ചുപോകുന്നവരാണ് അവരും.
ഫഹദ് ഫാസിലിന്റെ കരിയർ ബെസറ്റാണ് ഈ പടം എന്നുപറയാം. ദേശീയ അവാർഡ് ഉൾപ്പെടെയുള്ള നിരവധി പുരസ്‌ക്കാരങ്ങൾ ഈ പടത്തിലൂടെ ഫഹദിനെ കാത്തിരിക്കുന്നുണ്ടെന്ന് തോനുന്നു.ബസ്സിൽ നിന്ന് മാല മോഷ്ടിക്കാൻ ശ്രമിക്കുന്ന കള്ളൻ കണ്ണുകൾ മാത്രമാണ് തുടക്കത്തിൽ പ്രേക്ഷകർ കാണുന്നത്. അതി വിദഗ്ധമായി തന്റെ കൃത്യം നടത്താൻ ശ്രമിക്കുന്ന ഒരു കള്ളന്റെ സൂക്ഷ്മത ആ കണ്ണിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഈ കണ്ണിൽ നിന്ന് പിന്നീടങ്ങോട്ട് ചെറു ചിരിയിൽ.. ചില നോട്ടങ്ങളിൽ.. ശരീരഭാഷയിൽ ഫഹദ് ഫാസിൽ എന്ന കഥാപാത്രം താനാരാണെന്ന് വ്യക്തമാക്കുന്നു. അതിസങ്കീർണ്ണമായ കഥാപാത്രത്തിന്റെ മാനസിക വ്യാപാരം ഏറെ മികവുറ്റ രീതിയിലാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. താൻ മോഷ്ടിച്ചില്ലെന്ന് പറയുന്ന ഫഹദിനെ നോക്കി ഡോക്ടർ എക്സറേ കാണിച്ച് വയറ്റിൽ കാണുന്ന മാല പിന്നെ എന്താണെന്ന് ചോദിക്കുമ്പോൾ പറ്റിപ്പോയി എന്ന് പറഞ്ഞുകൊണ്ടുള്ള ഒരു ചെറു ചിരിയുണ്ട്.. വിസ്മയത്തോടെ മാത്രമെ ഈ പ്രകടനം ആസ്വദിക്കാൻ പ്രേക്ഷകന് സാധിക്കുകയുള്ളു. കുറ്റം ചെയ്തിട്ടുണ്ടെങ്കിലും താൻ നിരപരാധിയാണെന്ന് ആവർത്തിച്ചുകൊണ്ട് എല്ലാവരെയും സമ്മർദ്ദത്തിലാക്കുന്ന ഫഹദിന്റെ കണ്ണുകൾ അപ്പോഴും ചിരിക്കുന്നുണ്ട്. വെറുമൊരു നോട്ടം കൊണ്ട് തന്നെ വികാരങ്ങളുടെ മഹാസമുദ്രം സൃഷ്ടിക്കുന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഇന്ന് മലയാളത്തിൽ മറ്റാരുണ്ട് എന്ന് പ്രേക്ഷകർ ചോദിച്ചുപോകുന്നിടത്ത് ഫഹദ് ഒരു മഹാനടനായി വളരുകയാണ്.
ദുർബല കോമഡികളിൽ തളച്ചിടപ്പെട്ട സുരാജ് വെഞ്ഞാറമൂട് എന്ന നടൻ പ്രസാദെന്ന സാധാരണക്കാരനായി മികവുറ്റ പ്രകടനം കാഴ്ച വെക്കുന്നു. നിരാശയും ശോകഭാവവും നിറഞ്ഞ ഒരു പാവം യുവാവ്. പേരറിയാത്തവൻ, ആക്ഷൻ ഹീറോ ബിജു ത ുടങ്ങി ചിത്രങ്ങൾക്ക് ശേഷം പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കഥാപാത്രമായി സുരാജിന്റെ പ്രസാദ് മാറുകയാണ്. തുടക്കക്കാരിയുടെ പതർച്ചകളൊന്നുമില്ലാതൊണ് പുതുമുഖം നിമിഷ, ശ്രീജയെന്ന നായികാ കഥാപാത്രത്തെ മികവുറ്റതാക്കിയിരിക്കുന്നത്. പൊലീസുകാരനായെത്തുന്ന അലൻസിയാറാണ് മറ്റൊരു വിസ്മയം. വ്യത്യസ്തമായ ഭാവപ്പകർച്ചകളുമായി അലൻസിയർ തന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കി. പ്രതിയെ ക്രൂരമായി പീഡിപ്പിക്കുന്ന ഈ കഥാപാത്രം തന്നെയാണ് ഏറെ ദുർബലമായി ലീവെടുത്താലോ എന്ന് ഭാര്യയുടെ മുമ്പിൽ നിസ്സഹായനായി പറയുന്നതും. ചെറു റോളുകളിൽ തളച്ചിടപ്പെട്ട വെട്ടുകിളി പ്രകാശൻ എന്ന നടൻ അത്യുഗ്രൻ പ്രകനവുമായി തലയുയർത്തുന്ന സുന്ദരൻ കാഴ്ചയും തൊണ്ടിമുതലിലുണ്ട്. ശ്രീജനെന്ന കഥാപാത്രം വെട്ടുക്കിളിയുടെ കയ്യിൽ ഭദ്രം. പൊലീസുകാരായി ചിത്രത്തിൽ വേഷമിട്ടതിൽ ഭൂരിഭാഗവും യഥാർത്ഥ പൊലീസുകാർ തന്നെയാണ്. കാക്കിക്കുള്ളിലും കലാഹൃദയമുണ്ടെന്ന് തെളിയിച്ച ഇവരിൽ പലരുടെയും പ്രകടനത്തിന് നൂറ് മാർക്ക് തന്നെ നൽകാം. എസ് ഐയും സി ഐയും യൂണിഫോം ഇടാതെ സ്റ്റേഷനിലെ ഓരോ പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്ന പൊലീസുകാരനും കവിയും ഉത്സവം തുടങ്ങിയാൽ ലോക്കപ്പിലാവുന്ന തല്ലുണ്ടാക്കുന്ന സുധാകരനുമെല്ലാം കാഴ്‌ച്ചക്കാരുടെ ഇഷ്ടം പിടിച്ചു പറ്റുന്നുണ്ട്.
കേരളത്തിലെ ഒരു സാധാ പൊലീസ് സ്റ്റേഷന്റെ യഥാർത്ഥമായ അവതരണമാണ് ചിത്രം. ഏത് സ്റ്റേഷനിലും യൂണിഫോമിടാത്ത.. പരിഹാര നിർദ്ദേശങ്ങളുമായെത്തുന്ന ഒരു പൊലീസുകാരനുണ്ടാവുമെന്ന് പൊലീസുകാരിൽ നിന്ന് തന്നെയാണ് അറിഞ്ഞത്. അതി സൂക്ഷ്മമായി പഠിച്ചാണ് പൊലീസ് സ്റ്റേഷൻ ചിത്രത്തിൽ അവതരിപ്പിച്ചതെന്ന് വ്യക്തമാണെന്ന് പറഞ്ഞതും പൊലീസുകാർ തന്നെ.
സജീവ് പാഴൂരിന്റേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. ഏറെ യാഥാർത്ഥ്യബോധത്തോടെ.. സത്യസന്ധമായ ഒരു തിരക്കഥയൊരുക്കാൻ സജീവിന് സാധിച്ചിട്ടുണ്ട്. ക്രിയേറ്റീവ് ഡയരക്ടർ എന്ന നിലയിലും സഹ സംഭാഷണ രചയിതാവ് എന്ന നിലയിലും ശ്യാം പുഷ്‌ക്കരന്റെ പ്രതിഭയും ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
ജീവിതം പച്ചയായി ആവിഷ്‌ക്കരിക്കുന്ന ചിത്രത്തിൽ നമുക്ക് മുമ്പിലാണ് സംഭവങ്ങൾ നടക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് രാജീവ് രവിയുടെ ക്യാമറാക്കണ്ണുകൾ മുന്നേറുന്നത്. വൈക്കത്തെ കായൽപ്പരപ്പിന്റെ മനോഹാരിതയിൽ നിന്ന് കാസർക്കോടൻ വരണ്ട ഭൂഭാഗങ്ങളിലേക്കെത്തുന്ന ക്യാമറ പകർത്തുന്നത് പച്ചയായ ജീവിതങ്ങളാണ്്.ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനവും കിരൺദാസിന്റെ എഡിറ്റിംഗും ചിത്രത്തിന് മാറ്റുകൂട്ടുന്നു. റഫീഖ് അഹമ്മദ്- ബിജിപാൽ കൂട്ടുകെട്ടിന്റെ മനോഹര ഗാനങ്ങളും ചിത്രത്തിന് മാറ്റേകുന്നു. ദുർബലതകൾ ആറാട്ടാവുന്ന വർത്തമാനകാല സിനിമകളുടെ മലവെള്ളപ്പാച്ചിലിൽ കയ്യടികളോടെ നമുക്ക് ഈ സിനിമയെ സ്വീകരിക്കാം. പത്തരമാറ്റിൽ പണിതീർത്ത ഈ തൊണ്ടി മുതലിന് നമുക്ക് ദൃക്സാക്ഷികളാവാം. തീർച്ചയായും ഇത് മലയാള സിനിമയടെ ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ചിത്രമാണ്. ലളിതസുന്ദരമായ മഹേഷിൽ നിന്ന് ജീവിതയാഥാർഥ്യങ്ങളുടെ തൊണ്ടി മുതലിലെത്തുമ്പോഴും ദിലീഷ് പോത്തൻ എന്ന സംവിധായകൻ അദ്ഭുതങ്ങൾ കാട്ടുകയാണ്. കാത്തിരിക്കാം അടുത്ത പോത്തേട്ടൻ ബ്രില്യൻസിനായി.