തിരുവനന്തപുരം: എന്നും ചിരിക്കുന്ന മുഖത്തോടെയേ ശ്രീകുമാറിനെ നാട്ടുകാർ കണ്ടിട്ടുള്ളൂ.. ആരോടും പരാതിയൊന്നും പറഞ്ഞിട്ടില്ല. നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്നു ആ കുടുംബസ്ഥൻ. എന്നിട്ടും എന്തിനാണ് രണ്ട് കുരുന്നുകളുടെയും ഭാര്യയുടെയും ജീവനെടുത്ത് ശ്രീകുമാർ ആത്മഹത്യ ചെയ്തത്? തോന്നയ്ക്കലിൽ കുടുബംത്തിന്റെ ദുരന്തവാർത്തകേട്ട് ഞെട്ടിയ അയൽവാസികൾക്കും ബന്ധുക്കൾക്കും ഇപ്പോഴും യഥാർത്ഥ കാരണം എന്താണെന്ന് ഒരു പിടിയുമില്ല. പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നേയുള്ളൂ. പൊലീസിനും എന്താണ് കൂട്ട ആത്മഹത്യയ്ക്ക് പ്രേരണ ഉണ്ടായതെന്ന കാര്യത്തിൽ ഒരു വ്യക്തത വന്നിട്ടില്ല. ബ്ലേഡ് മാഫിയയിൽ നിന്നും ഭീഷണി ഉണ്ടായിരുന്നോ എന്ന സംശയമാണ് പൊലീസ് ഉന്നയിക്കുന്നത്.

ശ്രീകുമാറിനേയും കുടുംബത്തേയും പറ്റി വാടക വീട്ടിനടുത്തെ അയൽ വാസികൾക്ക് പറയാൻ നല്ലത് മാത്രമേ ഉള്ളൂ. ഒരിക്കൽ പോലും അയാൾക്ക് ഒരു പ്രശനമുള്ളതായി തോന്നിയിട്ടില്ലെന്നാണ് ശ്രീകുമാറിന്റെ മുതിർന്ന സഹോദരൻ അനിൽകുമാർ മറുനാടനോട് പറഞ്ഞത്. എപ്പോഴും പ്രസന്നവദനനായിരുന്നു ശ്രീകുമാർ. കുടുംബ വീട്ടിലുള്ള അമ്മയെ കാണാൻ സ്ഥിരമായി എത്തിയിരുന്നു. ഭാര്യയുടെ വീടുമായും നല്ല ബന്ധമാണ് പുലർത്തിയുന്നത്. ഏതെങ്കിലും തരത്തിൽ സാമ്പത്തിക ബാധ്യത ശ്രീകുമാറുനും കുടുംബത്തിനും ഉണ്ടായിരുന്നോ എന്ന കാര്യം സഹോദരനും അറിവില്ല. അങ്ങനെ സാമ്പത്തിക ബാധ്യത ഉണ്ടങ്കിൽ തന്നെ അത് ശ്രീകുമാറിന്റെ ബിസിനസ് പങ്കാളികളേയും ബാധിക്കേണ്ടതല്ലേയെന്നും എന്നാണ് സഹോദരന്റെ ചോദ്യം. ഇതിൽ എന്തെങ്കിലും ചതി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

സഹോദരന്റെയും കുടുംബത്തിന്റേയും മരണത്തെതുടർന്ന് കഴിഞ്ഞ ദിവസമാണ് അനിൽകുമാർ വിദേശത്ത് നിന്നും നാട്ടിലെത്തിയത്. എല്ലായെപ്പോഴും ശാന്തനായി മാത്രമേ ശ്രീകുമാറിനെ തങ്ങൾ കണ്ടിട്ടുള്ളുവെന്നും ആത്മഹത്യ ചെയ്തുവെന്ന വിവരം അറിഞ്ഞപ്പോൾ വിശ്വസിക്കാൻ ആയില്ലെന്നുമായിരുന്നു ചിലരുടെ പ്രതികരണം. സ്ഥലത്ത് എന്ത് പരിപാടി നടന്നാലും സാമ്പത്തികമായി സഹായിക്കുന്ന പ്രകൃമായിരുന്നു ശ്രീകുമാറിന്. 100 രൂപ പിരിവ് ചോദിച്ചാൽ 500 രൂപയോ ആയിരം രൂപയോ ഒക്കെ കൊടുക്കുന്ന സ്വഭാവമായിരുന്നുവെന്നും ചിലർ അഭിപ്രായപെട്ടു. എന്നാൽ പ്രദേശത്തെ ആരുമായും അതിരുകവിഞ്ഞ സൗഹൃദം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചുള്ള കാരണം ആർക്കും വ്യക്തമല്ല താനും.

ശ്രീകുമാറിനൊപ്പം ഭാര്യ ശുഭ (35), മകൾ വൈഗ (ആറ്), മകൻ ധ്യാൻ കെ. വിനായക് (ഒന്ന്) എന്നിവരുടെ മൃതദേഹങ്ങളും വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നു. കട്ടിലിൽ ശുഭയുടെ ഇരുവശത്തുമായി ചേർന്നുകിടക്കുന്ന നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങൾ. കട്ടിലിനു സമീപം തൂങ്ങിമരിച്ച നിലയിലായിരുന്നു ശ്രീകുമാർ. ഭാര്യയ്ക്കും മക്കൾക്കും വിഷം നൽകിയശേഷം ശ്രീകുമാർ തൂങ്ങിമരിച്ചതാകാമെന്നാണു പൊലീസിന്റെ നിഗമനം.ശനിയാഴ്ച രാത്രിയാണു സംഭവമെന്നാണ് വിലയിരുത്തൽ.

ആർഭാട ജീവിതവും ധൂർത്തും കടം വാങ്ങലുമൊക്കെയാകാം കടക്കെണിയിൽ കൊണ്ടെത്തിച്ചതെന്ന നിഗമനവും നാട്ടുകാർ വച്ചു പുലർത്തുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയൊന്നും പൊലീസിന് നൽകാൻ സാധിച്ചിട്ടില്ല. വാടകവീട്ടിലാണ് താമസമെങ്കിലും എല്ലാ ആഡംബര സൗകര്യങ്ങളുമുണ്ടായിരുന്നു. പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ ശ്രീകുമാർ നാടുവിട്ട് തിരിച്ചെത്തിയ കാര്യവും ഒപ്പം പഠിച്ചിരുന്ന സുഹൃത്ത് പറഞ്ഞു. എറണാകുളം കടവന്ത്ര സ്വദേശിനിയായ ശുഭയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

മൂന്ന് വർഷം മുമ്പാണ് ശ്രീകുമാറും കുടുംബവും കുടവൂരിലുള്ള രാജപ്പൻനായരുടെ രാജ്ദീപ വീട്ടിൽ വാടകയ്ക്ക് താമസമായത്. അവിടത്തെ റസിഡന്റ്‌സ് അസോസിയേഷനുമായി നല്ല ബന്ധത്തിലായിരുന്ന ശ്രീകുമാർ പാവപ്പെട്ടവരെയും രോഗബാധിതരെയും സഹായിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കുടവൂരിലാണ് താമസമെങ്കിലും മിക്കദിവസവും രാവിലെ തന്നെ ശ്രീകുമാർ കുളത്തൂരിൽ എത്തും. സ്വന്തം കാറുണ്ടെങ്കിലും അടുത്തകാലത്തായി കണ്ണിന് കാഴ്ചക്കുറവുള്ളതിനാൽ അധികവും സ്‌കൂട്ടറിലാണ് വരവും പോക്കും.

ഇതിനിടയിൽ സ്‌കൂട്ടർ അപകടത്തിൽ കാലിന് പരിക്കേറ്റ് കുറച്ചുനാൾ ചികിത്സയിലുമായിരുന്നു. ആഴ്ചയിലൊരിക്കൽ കുടുംബവുമൊത്ത് എറണാകുളത്തും കുളത്തൂരും പോകാറുണ്ടെന്ന് സ്ഥലവാസികൾ പറയുന്നു. അതിനിടെ വാടക വീട് വിലയ്ക്ക് വാങ്ങാനും ആലോചിച്ചിരുന്നു. ബാങ്കിൽ ഡെപ്പോസിറ്റായി തുക വല്ലതും ഇട്ടിട്ടുണ്ടെങ്കിൽ എടുത്ത് തന്നാൽ നല്ല പലിശ തരാമെന്നും ഒരിക്കൽ പറഞ്ഞിരുന്നതായി വീട്ടുടമ ഓർക്കുന്നു. അടുത്തിടെ കടം കൊടുത്ത പലരും വാടക വീട് തിരക്കി ശ്രീകുമാറിനെ കാണാനെത്തിയതായും പറയുന്നു.

ശ്രീകുമാറിനു റിയൽ എസ്റ്റേറ്റ് ബിസിനസായിരുന്നു . ലോട്ടറി മൊത്തവിതരണവുമുണ്ടായിരുന്നു. ബിസിനസിലെ സാമ്പത്തികബാധ്യതയോ പണമിടപാടിനെ ചൊല്ലി ചിലരിൽ നിന്നുണ്ടായ ഭീഷണിയോ ആകാം മരണത്തിനു പിന്നിലെന്നു ബന്ധുക്കൾ ആരോപിക്കുന്നു. വീട്ടിലെ ഡൈനിങ് റൂമിൽനിന്നു കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ ലോട്ടറി ഇടപാടിന്റെ കാര്യം സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ ആത്മഹത്യാക്കുറിപ്പിനെ കൂടുതൽ വിവരങ്ങൾ പരിശോധിച്ചാൽ മാത്രമേ കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമാകൂ എന്നാണ് പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞത്. ബ്ലേ#ഡുകാരുടെ ഭീഷണി ഉണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.