മെൽബൺ: പ്രബുദ്ധവും പ്രൗഢഗംഭീരവുമായ സാഹിത്യസായാഹ്ന വേദിയിൽ, മെൽബണിലെ നവ സാഹിത്യകൂട്ടായ്മയായ 'തൂലിക സാഹിത്യവേദി'യുടെ ഉദ്ഘാടനം മലയാളത്തിന്റെ പ്രിയകവി ബാലചന്ദ്രൻ ചുള്ളിക്കാട് നിർവഹിച്ചു.

സാഹിത്യസ്‌നേഹികളുടെ മനസ്സ് പോലെ തുറന്നിരിക്കുന്ന പുസ്തകവും അതിലേക്ക് പുതിയ അറിവുകളും അനുഭവങ്ങളും എഴുതിച്ചേർക്കാൻ തയ്യാറായിരിക്കുന്ന തൂലികയും നിറഞ്ഞു തുളുമ്പുന്ന മഷിയുമടങ്ങിയ ലോഗോയും തദവസരത്തിൽ ചുള്ളിക്കാട് പ്രകാശനം ചെയ്തു.

ഓസ്ട്രേലിയയിലെ ഇതര സംസ്ഥാനങ്ങളിൽ സജീവമായി വർത്തിക്കുന്ന സാഹിത്യകൂട്ടായ്മകളുടെ ഒരു ഭാഗമായാണ് തൂലിക സാഹിത്യവേദിയും പ്രവർത്തിക്കുക. കൂടാതെ സാഹിത്യ നിരൂപണചർച്ചകൾ, സിനിമാ-ഡോക്യുമെന്ററി പ്രദർശനങ്ങൾ, നാടകാവിഷ്‌കാരങ്ങൾ തുടങ്ങിയവയാണ് മറ്റു ഭാവി പ്രവർത്തനങ്ങൾ.

ജാതി-മത-കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായി, സാഹിത്യതല്പരരെ സമന്വയിപ്പിച്ചു സർഗാത്മകമായ എഴുത്തും സമ്പൂർണ്ണമായ വായനയും പ്രോത്സാഹിപ്പിക്കുക എന്നതാണ് തൂലിക സാഹിത്യവേദിയുടെ പ്രധാന ഉദ്ദേശ്യലക്ഷ്യം.

ലിംബ്റൂക് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നിഭാഷ് ശ്രീധരന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിപഞ്ചിക ഗ്രന്ഥശാലാ സംഘാടകൻ സഞ്ജയ് പരമേശ്വരൻ സ്വാഗതം പറഞ്ഞു. ബെനില അംബിക അവരുടെ തന്നെ കവിത ആലപിച്ചപ്പോൾ, മണ്മറഞ്ഞ മഹാനായ കവി ഓ എൻ വി കുറുപ്പിന്റെ 'അമ്മ' എന്ന കവിതയുടെ ദൃശ്യാവിഷ്‌കാരം ബെറിക് എസ്ട്രേല തിയറ്റേഴ്സ് അവതരിപ്പിച്ചു. തൂലികയുടെ ഭാഗമായ കുഞ്ഞെഴുത്തുകാരി മിയ പ്രജീഷിനുള്ള സ്‌നേഹോപഹാരം ചുള്ളിക്കാട് നൽകുകയും ജിതേഷ് പൊയിലൂർ നന്ദി അർപ്പിക്കുകയും ചെയ്തു.

'ബഹുസ്വര സംസ്‌കാര സമൂഹവും പ്രവാസി മലയാളിയും' എന്ന വിഷയത്തെ അധികരിച്ചു ആഴത്തിൽ സംസാരിച്ച ചുള്ളിക്കാട്, മലയാള ഭാഷയുടെ പരിണാമങ്ങളെ കുറിച്ച് വിശദമായി തന്നെ പ്രതിപാദിക്കുകയുണ്ടായി. ഭാഷയും അധികാരവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വാചാലനായ അദ്ദേഹം, ഓസ്ട്രേലിയ പോലുള്ള ഒരു ബഹുസംസ്‌കാര സമൂഹത്തിന്റെ നല്ല ഭാഗമായി നാം മാറണമെങ്കിൽ ആദ്യം മലയാളി എന്ന അസ്ഥിത്വം ഉറപ്പിക്കണമെന്നും അതിനു ഭാഷയും ഭാഷാപഠനവും അത്യാവശ്യം ആണെന്നും ഉറപ്പിച്ചു പറഞ്ഞു. ഇത് പ്രവാസി മലയാളികളുടെ സാംസ്‌കാരികമായ ഒരാവശ്യം മാത്രമല്ല, ഇവിടെ സാമൂഹികവും രാഷ്ട്രീയവുമായ പരിഗണന സ്ഥാപിച്ചെടുക്കാൻ കൂടിയാണെന്നും അദ്ദേഹം ആവർത്തിച്ചു. ജാതി മത വിഭാഗീയതയുടെ പേരിൽ വിഘടിച്ചു നിന്ന് വിദ്വേഷം വളർത്തി പുതു തലമുറയുടെ ചിന്തകളെ കൂടി മലീമസമാക്കരുതെന്നും നാമെല്ലാം ഒന്നിച്ചു നിൽക്കണമെന്നും ചുള്ളിക്കാട് ആഹ്വാനം ചെയ്തു.

പ്രഭാഷണത്തിന് ശേഷം സദസ്സിനു വേണ്ടി 'സന്ദർശനം' എന്ന തന്റെ കവിത ആലപിച്ച ചുള്ളിക്കാട് ശേഷം പ്രസക്തവും സജീവവുമായ ചോദ്യോത്തര വേളയിൽ വിശദമായി തന്നെ പ്രതികരിക്കുകയുണ്ടായി.