- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേദനയിൽ ഞെട്ടിയുണർന്ന ജെഫ്രിൻ കണ്ടത് വെട്ടുകത്തിയുമായി നിൽക്കുന്ന പിതാവിനെ; ഉച്ചത്തിലുള്ള നിലവിളിയും ചെറുത്തുനിൽപ്പും കണ്ട് റഫീക്ക് തിരിഞ്ഞോടി; ചോര ഒലിപ്പിച്ച് ഹാളിലെത്തിയപ്പോൾ പിതാവ് ഫാനിൽ കെട്ടിത്തൂങ്ങി നിൽക്കുന്നു; ബെഡ്റൂമിൽ ചോരവാർന്നു മരിച്ചു കിടക്കുന്ന മാതാവും വെട്ടേറ്റ സഹോദരങ്ങളും; തോപ്പുംപടിയിൽ സ്നേഹനിധിയായ ഒരു പിതാവ് കൊലയാളി ആയത് എന്തിന്?
കൊച്ചി: ഇല്ലായ്മകൾക്ക് നടുവിലും മക്കൾക്ക് മുന്നിൽ എന്നും സ്‌നേഹസമ്പന്നനായ ഒരു പിതാവായിരുന്നു റഫീക്ക്. തോപ്പുംപടി ഫിഷിങ് ഹാർബറിലെ ജീവനക്കാരനായ റഫീക്കിന് ഭാര്യയും മക്കളുമെന്ന് വച്ചാൽ ജീവനായിരുന്നു. അവരുടെ ഏതൊരാഗ്രഹവും തന്നെക്കൊണ്ടാകുംവിധം നിറവേറ്റാൻ പരിശ്രമിക്കുന്ന റഫീക്കിനെക്കുറിച്ച് മൂന്ന് മക്കൾക്കും ഭാര്യ ജാൻസിക്കും നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. തോപ്പുംപടി രാമേശ്വരം ക്ഷേത്രത്തിന് സമീപം കെ.കെ വിശ്വനാഥൻ റോഡിനോട് ചേർന്നുള്ള മൂന്ന് നില കെട്ടിടത്തിന്റെ താഴെ നിലയിലുള്ള സുഹറ മൻസിൽ എന്ന വാടകവീട്ടിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്. പതിവ് പോലെ മക്കൾക്കും ഭാര്യയ്ക്കും ഏറ്റവും ഇഷ്ടമുള്ള ആവി പറക്കുന്ന ചൂട് ദോശയും ബീഫ് കറിയും വാങ്ങിയാണ് റഫീക്ക് ചൊവ്വാഴ്ച രാത്രി വീട്ടിൽ വന്ന് കയറിയത്. ഭാര്യയോടും മക്കളോടും ഒരുമിച്ചിരുന്നാണ് രാത്രി ഭക്ഷണം കഴിച്ചത്. പിതാവിന്റെ മുഖത്ത് കഴിഞ്ഞ രണ്ട് ദിവസമായി വല്ലാത്തൊരു വിഷാദം നിഴലിച്ചിരുന്നതായി ഇരുപത്തൊന്നുകാരനായ മൂത്ത മകൻ ജെഫ്രിൻ ശ്രദ്ധിച്ചിരുന്നു. എങ്കിലും
കൊച്ചി: ഇല്ലായ്മകൾക്ക് നടുവിലും മക്കൾക്ക് മുന്നിൽ എന്നും സ്‌നേഹസമ്പന്നനായ ഒരു പിതാവായിരുന്നു റഫീക്ക്. തോപ്പുംപടി ഫിഷിങ് ഹാർബറിലെ ജീവനക്കാരനായ റഫീക്കിന് ഭാര്യയും മക്കളുമെന്ന് വച്ചാൽ ജീവനായിരുന്നു. അവരുടെ ഏതൊരാഗ്രഹവും തന്നെക്കൊണ്ടാകുംവിധം നിറവേറ്റാൻ പരിശ്രമിക്കുന്ന റഫീക്കിനെക്കുറിച്ച് മൂന്ന് മക്കൾക്കും ഭാര്യ ജാൻസിക്കും നല്ലത് മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.
തോപ്പുംപടി രാമേശ്വരം ക്ഷേത്രത്തിന് സമീപം കെ.കെ വിശ്വനാഥൻ റോഡിനോട് ചേർന്നുള്ള മൂന്ന് നില കെട്ടിടത്തിന്റെ താഴെ നിലയിലുള്ള സുഹറ മൻസിൽ എന്ന വാടകവീട്ടിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്.
പതിവ് പോലെ മക്കൾക്കും ഭാര്യയ്ക്കും ഏറ്റവും ഇഷ്ടമുള്ള ആവി പറക്കുന്ന ചൂട് ദോശയും ബീഫ് കറിയും വാങ്ങിയാണ് റഫീക്ക് ചൊവ്വാഴ്ച രാത്രി വീട്ടിൽ വന്ന് കയറിയത്. ഭാര്യയോടും മക്കളോടും ഒരുമിച്ചിരുന്നാണ് രാത്രി ഭക്ഷണം കഴിച്ചത്. പിതാവിന്റെ മുഖത്ത് കഴിഞ്ഞ രണ്ട് ദിവസമായി വല്ലാത്തൊരു വിഷാദം നിഴലിച്ചിരുന്നതായി ഇരുപത്തൊന്നുകാരനായ മൂത്ത മകൻ ജെഫ്രിൻ ശ്രദ്ധിച്ചിരുന്നു. എങ്കിലും അതിന്റെ കാരണം തിരക്കാൻ അവൻ മുതിർന്നില്ല. എല്ലാവരും ഉറങ്ങാൻ കിടക്കുമ്പോൾ സുഹറ മൻസിൽ ഏറെ ശാന്തമായിരുന്നു. കൊടുങ്കാറ്റിന് മുന്നോടിയായുള്ള കനത്ത നിശബ്ദതയെന്ന പോലെ.
അർദ്ധരാത്രി ഒരു മണിയോടടുത്ത നേരത്ത്, ഉറങ്ങിക്കിടക്കുന്ന തനിക്ക് നേരെ അരണ്ട വെളിച്ചത്തിൽ മൂർച്ചയേറിയ ഒരു വെട്ടുകത്തി വീശിയടുക്കുമെന്ന് ജെഫ്രിൻ സ്വപ്നത്തിൽ പോലും വിചാരിച്ച് കാണില്ല. എന്നാൽ അതു സംഭവിച്ചു. തലയിൽ ആഴത്തിൽ മുറിവേറ്റതിന്റെ വേദനയിൽ ഞെട്ടിയുണർന്ന ജെഫ്രിൻ കണ്ടത് വെട്ടുകത്തിയുമായി മുന്നിൽ നിൽക്കുന്ന പിതാവിനെയാണ്.
ഞെട്ടിത്തരിച്ച മകൻ അടുത്ത ആക്രമണം കൈകൊണ്ട് തടഞ്ഞു. മകന്റെ ഉച്ചത്തിലുള്ള നിലവിളിയും ചെറുത്തുനിൽപ്പും കണ്ട് റഫീക്ക് നേരെ വീടിന്റെ ഹാളിലേക്ക് തിരിഞ്ഞോടി. ജെഫ്രിന്റെ ശരീരത്തിലെ മുറിവുകളിൽ നിന്ന് രക്തം പ്രവഹിച്ചു. അപ്പുറത്തെ മുറികളിൽ നിന്നും ദാരുണമായ നിലവിളി കേട്ടു. ധൈര്യം സംഭരിച്ച്, ഒരു വിധം കട്ടിലിൽ നിന്നിറങ്ങി പുറത്തേക്ക് വന്ന മൂത്ത മകൻ കണ്ടത് ഹാളിലെ ഫാനിൽ കെട്ടിയ പ്ലാസ്റ്റിക്ക് കയറിൽ തൂങ്ങി മരിച്ച പിതാവിനെയാണ്. നിലത്ത് രക്തത്തിൽ ചവിട്ടി നടന്ന പിതാവിന്റെ കാൽപാടുകൾ കാണാമായിരുന്നു.
അവൻ അകത്തെ ബെഡ് റൂമിൽ എത്തിനോക്കി. ദേഹമാസകലം വെട്ടേറ്റ് ചോരവാർന്നു മരിച്ചു കിടക്കുന്ന മാതാവ് ജാൻസിയുടെ മൃതദേഹം കണ്ടതോടെ മകൻ വാവിട്ടു കരഞ്ഞുപോയി. പിതാവിന്റെ അപ്രതീക്ഷിതമായ ആക്രമണത്തിൽ രണ്ടാമത്തെ മകൻ ഷെഫിന് (18) കൈയ്ക്കും ദേഹത്തുമാണ് വെട്ടേറ്റത്. ഇളയ മകൾ സൈനയ്ക്ക് (12) ഇടത് കൈക്കും ദേഹത്തും വെട്ടേറ്റിരുന്നു.
കുട്ടികളുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് അയൽവാസികൾ ഞെട്ടിയുണർന്നത്. നിരവധി പേർ ഇങ്ങോട്ടേക്ക് ഓടിയെത്തി. ബെഡ് റൂമിൽ ദേഹമാസകലം വെട്ടേറ്റ് മരിച്ചുകിടക്കുന്ന ജാൻസിയെ കണ്ട് ഏവരും നടുങ്ങി. ഹാളിലെ ഫാനിൽ കെട്ടിയ കയറിൽ തൂങ്ങിയാടുന്ന റഫീക്കിനെ കണ്ടതോടെ സമീപവാസികൾ മനസ്സ് മരവിച്ചുനിന്നു. ആഴത്തിൽ മുറിവേറ്റ് ചോരയൊലിക്കുന്ന ശരീരവുമായി നിൽക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ ഓടിക്കൂടിയവരുടെ ഹൃദയം തകർക്കുന്ന കാഴ്ചയായിരുന്നു. ഉടനെ തന്നെ അയൽവാസികളിൽ ചിലർ തോപ്പുംപടി സ്റ്റേഷനിൽ വിവരമറിയിച്ചു.
അൽപ്പസമയത്തിനകം തന്നെ പൊലീസ് എത്തി. മൂന്ന് കുട്ടികളെയും നാട്ടുകാരും പൊലീസും ചേർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി. വിവരമറിഞ്ഞ് എസ്‌പി, അസി.കമ്മീഷണർ, ഫോർട്ട് കൊച്ചി സി.ഐ, തോപ്പുംപടി എസ്.ഐ ഉൾപ്പടെ വൻ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. റഫീക്കിന്റെയും ജാൻസിയുടേയും മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
പരിക്കേറ്റ സൈനയും ജെഫ്രിനും ഐ.സി.യുവിൽ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. ഇടത് കൈയ്ക്കും ദേഹത്തുമാണ് വെട്ടേറ്റ സൈനയെ ബുധാനാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തലയ്ക്കു വെട്ടേറ്റ ജെഫ്രിൻ ഐ.സി.യുവിൽ നിരീക്ഷണത്തിലാണ്. രണ്ടാമത്തെ മകൻ ഷെഫിനെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഷെഫിന്റെ കൈയിലും ദേഹത്തുമാണ് മുറിവേറ്റത്. കഴിഞ്ഞ ദിവസം കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസമായി പിതാവ് അസ്വസ്ഥനായി കാണപ്പെട്ടിരുന്നു എന്നും എന്നാൽ ആക്രമിക്കാനുള്ള കാരണം തങ്ങൾക്ക് അറില്ലെന്നുമാണ് ഇവരുടെ മൊഴി. മൂന്ന് കുട്ടികളുടേയും ദേഹത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
തോപ്പുംപടി ഫിഷിങ് ഹാർബറിലെ ജീവനക്കാരനായിരുന്നു മരിച്ച റഫീക്ക്. കൊച്ചി കുറുമ്പത്ത് പറമ്പ് സ്വദേശിയായ റഫീക്കും (50) ക്രിസ്ത്യൻ മതവിശ്വാസിയായിരുന്ന ജാൻസിയും (45) തമ്മിൽ പ്രണയത്തിലാവുകയും പിന്നീട് വീട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെ വിവാഹം കഴിക്കുകയുമായിരുന്നു. സ്വന്തമായി ഒരു വീടില്ലാതിരുന്ന ഈ ദമ്പതികൾ മൂന്ന് മക്കളോടൊപ്പം തോപ്പുംപടി കെ.കെ വിശ്വനാഥൻ റോഡിലെ സുഹറ മൻസിലിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. സ്വന്തമായി വീടില്ലാത്തതിന്റെ ദുഃഖം ഇവരെ അലട്ടിയിരുന്നുവെന്നാണ് സൂചന.
റഫീക്ക് എഴുതിയ അഞ്ച് പേജുള്ള ആത്മഹത്യാ കുറിപ്പിൽ ഇയാൾക്ക് കുടുംബത്തോട് വലിയ അടുപ്പമുണ്ടായിരുന്നുവെന്ന സൂചനയാണുള്ളതെന്ന് കേസിന്റെ അന്വേഷണച്ചുമതലയുള്ള ഫോർട്ട് കൊച്ചി സി.ഐ രാജ്കുമാർ പറയുന്നു. മക്കൾക്ക് വേണ്ടി ഒന്നും സമ്പാദിക്കാൻ ആയില്ലെന്നുള്ള വിഷമമാണ് ആത്മഹത്യാ കുറിപ്പിൽ നിറഞ്ഞ് നിൽക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി റഫീക്ക് വിഷാദവാനായിരുന്നു എന്ന് പരിക്കേറ്റ് ചികിത്സയിലുള്ള മക്കൾ മൊഴി നൽകിയിട്ടുണ്ട്.
റഫീക്കിന് കുടുംബവുമായി മാനസികമായി വലിയ അടുപ്പമാണ് ഉണ്ടായിരുന്നത് എന്നാണ് മക്കളുടെ മൊഴി സൂചിപ്പിക്കുന്നത്. എന്നാൽ, പൊടുന്നനെ ആക്രമണത്തിലേക്ക് വഴിവെച്ച കാരണത്തെക്കുറിച്ച് പൊലീസിന് ഇതുവരെ വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല. ജാൻസിയുടെ കുട്ടികൾക്കെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും സി.ഐ പറഞ്ഞു. അടുത്തിടെ റഫീക്കിന്റെ കുടുംബസ്വത്ത് ഭാഗംവച്ചതിന്റെ ഓഹരിയായി ആറോ ഏഴോ ലക്ഷം രൂപ റഫീക്കിന് ലഭിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥന് വിവരം ലഭിച്ചിട്ടുണ്ട്.