- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
450 രൂപ വിലയുള്ള 6000 വിസിൽ; ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കു നൽകിയത് കോടികൾ; ദേശീയ ഗെയിംസിൽനിന്ന് കട്ടതിന് റാഞ്ചിയിൽ അഴിയെണ്ണുന്ന ഉദ്യോഗസ്ഥരുടെ അനുഭവം കേരളത്തിലെ പുംഗവന്മാർക്ക് അറിയാമോ?
തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ പേരിൽ സ്വന്തം കീശ വീർപ്പിക്കാനൊരുങ്ങുന്ന അധികൃതർ കഴിഞ്ഞ ഗെയിംസിന്റെ കാര്യത്തിൽ സംഭവിച്ച കാര്യങ്ങളൊക്കെ മനസിലാക്കിയിരിക്കുന്നതു നന്നായിരിക്കും. കഴിഞ്ഞ തവണ ഝാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന ദേശീയ ഗെയിംസിൽ കാട്ടിയ അഴിമതിയുടെ പേരിൽ സംഘാടക സമിതി അധ്യക്ഷനുൾപ്പെടെ അഴിയെണ്ണുകയാണ്. എഴുനൂറ് കോടി രൂപയാണ് കഴ
തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ പേരിൽ സ്വന്തം കീശ വീർപ്പിക്കാനൊരുങ്ങുന്ന അധികൃതർ കഴിഞ്ഞ ഗെയിംസിന്റെ കാര്യത്തിൽ സംഭവിച്ച കാര്യങ്ങളൊക്കെ മനസിലാക്കിയിരിക്കുന്നതു നന്നായിരിക്കും. കഴിഞ്ഞ തവണ ഝാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന ദേശീയ ഗെയിംസിൽ കാട്ടിയ അഴിമതിയുടെ പേരിൽ സംഘാടക സമിതി അധ്യക്ഷനുൾപ്പെടെ അഴിയെണ്ണുകയാണ്.
എഴുനൂറ് കോടി രൂപയാണ് കഴിഞ്ഞ ഗെയിംസിനായി പൊട്ടിച്ചത്. ഇതിൽ അൻപതു കോടിയിലേറെ രൂപയുടെ ക്രമക്കേട് നടത്തിയതിനാണ് സംഘാടകസമിതി അദ്ധ്യക്ഷനും സ്പോർട്സ് ഡയറക്ടറും ജയിലിൽ കഴിയുന്നത്. റഫറിമാർക്കായി വിസിൽ വാങ്ങിയതിൽ വരെ അഴിമതി നടത്തിയ ചരിത്രമാണ് ഗെയിംസ് അദ്ധ്യക്ഷൻ എസ് എം ഹാഷ്മി, സ്പോർട്സ് ഡയറക്ടർ പി സി മിശ്ര എന്നിവർക്കു പറയാനുള്ളത്. സംഘാടകസമിതി വർക്കിങ് ചെയർമാൻ ആർ ആനന്ദ്, ട്രഷറർ മധുകാന്ത് പഥക് എന്നിവരും അഴിമതിക്കേസിൽ പ്രതികളാണ്.
റാഞ്ചി ഗെയിംസിനു പിന്നാലെ അഴിമതിക്കഥകൾ പുറത്തുവന്നതോടെ അന്നത്തെ ഗവർണർ കെ ശങ്കരനാരായണനാണ് സ്പോർട്സ് ഡയറക്ടറെ പുറത്താക്കി നടപടിക്ക് തുടക്കമിട്ടത്. തുടർന്ന് ജാർഖണ്ഡ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥ ലോബിയുടെ അഴിമതി ഒന്നൊന്നായി പുറത്തുവരികയായിരുന്നു.
റാഞ്ചിയിലും ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് വഴിവിട്ട് കോടികൾ നൽകിയിരുന്നു. സ്റ്റേഡിയങ്ങളുടെ നിർമ്മാണം തുടങ്ങും മുൻപേ ഉദ്ഘാടന, സമാപന ചടങ്ങുകൾക്കായി കമ്പനിക്ക് രണ്ടു കോടിയിലേറെയാണ് നൽകിയത്. 2009ൽ ഗെയിംസ് നടത്താനായില്ലെങ്കിൽ തുക മുഴുവൻ കമ്പനിക്ക് സ്വന്തമെന്ന വിചിത്രമായ ഉപാധിയോടെയാണ് 2008ൽ കമ്പനിക്ക് നൽകിയത്. ഉദ്യോഗസ്ഥ ലോബി ഇച്ഛിച്ചതു തന്നെ സംഭവിച്ചു. 2011ലാണ് ഗെയിംസ് നടന്നത്. രണ്ടാമത് 1.83 കോടിക്ക് കരാർ നൽകിയപ്പോൾ കുറഞ്ഞതുക ക്വാട്ടുചെയ്തവരെ ഒഴിവാക്കുകയും ചെയ്തു. ഹൗസ്‌കീപ്പിങ് കരാറിനും ഇതു തന്നെയായിരുന്നു ഗതി.
നിസാര വിലയ്ക്ക് കിട്ടുന്ന വിസിൽ ഒന്നിന് 450 രൂപ നിരക്കിൽ 6000 എണ്ണമാണ് വാങ്ങിക്കൂട്ടിയത്. ഡസന് 550 രൂപ മാത്രം വിലയുണ്ടായിരുന്ന ടേബിൾ ടെന്നിസ് ബാൾ 890 രൂപയ്ക്ക് 700 ഡസനും വാങ്ങിക്കൂട്ടി. ഉപയോഗിച്ചത് വെറും 30 ഡസൻ മാത്രമാണ്. 11.08 ലക്ഷം മാത്രം ചെലവിടേണ്ടിടത്ത് കണക്കിൽ കാണിച്ചത് 211.27ലക്ഷം. ഉയർന്ന വിലയ്ക്ക് 200 ജാവലിൻ വാങ്ങിയതിന് ചെലവ് 50 ലക്ഷം. ധൻബാദിൽ സ്‌ക്വാഷ് കോർട്ടുണ്ടാക്കിയതിലും അടിച്ചുമാറ്റിയത് കോടികളാണ്.
സ്റ്റേഡിയങ്ങളിൽ ലൈറ്റുകൾ സ്ഥാപിച്ചതിലും ഫുട്ബാളിനും ഹോക്കിക്കുമുള്ള ഗോൾപോസ്റ്റ് വാങ്ങിയതിലും വിജിലൻസ് തട്ടിപ്പ് കണ്ടെത്തി. ക്രമവിരുദ്ധമായി കരാറുകൾ നൽകിയതിൽ 29 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ബാങ്ക് ഗാരണ്ടി പോലും വാങ്ങാതെയാണ് കരാറുകൾ സ്വകാര്യ കമ്പനികൾക്ക് നൽകിയത്. വമ്പൻ അഴിമതി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരവും ക്രിമിനൽ ഗൂഢാലോചന, കുറ്റംചെയ്യാനുള്ള പ്രേരണ, വിശ്വാസവഞ്ചന, വ്യാജരേഖയുണ്ടാക്കൽ എന്നിവ പ്രകാരവുമാണ് വിജിലൻസ് കേസെടുത്തത്. ഏഴു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകളാണിവ. കഴിഞ്ഞ ഒക്ടോബറിലാണ് അറസ്റ്റ് നടന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കിയതിനു കഴിഞ്ഞ ഗെയിംസ് അധികൃതർക്കു കിട്ടിയ പണി നമ്മുടെ നാട്ടിലെ സംഘാടകർ ഓർത്താൽ നന്ന്.