- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്ലാൻ എ ബോംബെറിഞ്ഞ് എതിരാളികളെ അപായപ്പെടുത്തൽ; പ്ലാൻ ബി വടിവാൾ കൊണ്ട് ആക്രമണം; ബോംബ് നിർമ്മാണത്തിലും ആക്ഷനിലും ന്യൂജൻ സ്വഭാവം; തോട്ടട സ്ഫോടനത്തിന് പിന്നിൽ പിജെ ആർമിയോ?

കണ്ണൂർ: തോട്ടട ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജിഷ്ണു ഉൾപ്പെടെയുള്ളവർ പി.ജയരാജനെ ആരാധിക്കുന്ന പി.ജെ ആർമിയിലെ പാതിരക്കാട് പറമ്പ് സഖാക്കളാണെന്ന വിവാദം സി.പി. എമ്മിനുള്ളിൽ നിന്നുയരുന്നു. പി.ജെ ആർമിയിലുള്ള കണ്ണൂരിലെ ഗ്രൂപ്പുകളിലൊന്നാണ് ഏച്ചൂർ സഖാക്കളെന്ന് അറിയപ്പെടുന്ന പാതിരാക്കാട്ടെ സംഘത്തിൽപ്പെട്ട ഇരുപതോളം യുവാക്കൾ. പി.ജയരാജൻ പാർട്ടിയിൽ ഒതുക്കപ്പെട്ടതിനു ശേഷം ഇതിൽ പല ഗ്രൂപ്പുകളെയും സി.പി. എം ജില്ലാനേതൃത്വം നിർവീര്യമാക്കിയിരുന്നുവെങ്കിലും ഇവരിൽ ചിലത് ഇപ്പോഴും സജീവമാണെന്നാണ് സൂചന.
പാർട്ടി നേതൃത്വത്തിന് തലവേദനയായി ഇതിൽ പലതും മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കതിരൂരിൽ പൊലീസിനെ പൊന്ന്യത്തെ ഉത്സവപറമ്പിൽ വെച്ചു അക്രമിച്ചത് ഇത്തരം സംഘത്തിലുള്ളവരാണെന്നാണ് സൂചന. തോട്ടട ബോംബു സ്ഫോടനത്തിൽ സ്വന്തം പാർട്ടി അനുഭാവി കൊല്ലപ്പെട്ടതും പ്രതികൾ സി.പി. എം പ്രവർത്തകർ തന്നെയായതും സി.പി. എമ്മിനുള്ളിൽ അതൃപ്തി പരത്തിയിട്ടുണ്ട്. കണ്ണൂരിൽ ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ പ്രചാരണത്തിനിടെയാണ് ഇത്തരം അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്.
പാർട്ടി ഗ്രാമങ്ങളിൽ ബോംബുനിർമ്മാണം നടക്കുന്നത് പലതും പ്രാദേശിക നേതൃത്വം മുൻകൈയെടുത്താണെന്ന വിമർശനവും സി.പിഎമ്മിൽ നിന്നുയർന്നിട്ടുണ്ട്. ഇതിനായി ന്യൂജനറേഷൻ സഖാക്കളെ ഉപയോഗിക്കുകയും ഇവർ പാർട്ടിക്ക് അതീതമായി വളരുകയും ചെയ്യുന്നുവെന്ന വിമർശനമാണ് സി.പി. എം ജില്ലാ നേതൃത്വത്തിൽ നിന്നും ഉയരുന്നത്. സൈബർസഖാവായ അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും സ്വർണക്കടത്ത് കേസിലുൾപ്പെടെ ആരോപണവിധേയരായത് സി.പി. എമ്മിന് ക്ഷീണം ചെയ്യുകയും ഇവർക്ക് പി.ജെ ആർമിയുമായി ബന്ധമുണ്ടെന്ന വിമർശനം പാർട്ടി ജില്ലാ നേതൃത്വത്തിൽ നിന്നുതന്നെ ഉയരുകയും ചെയ്തു.
പാർട്ടി സംസ്ഥാന സമിതി അംഗമാണെങ്കിലും ഖാദി ബോർഡ് വൈസ് ചെയർമാനെന്ന നിലയിൽ ഖാദിപ്രചരണവും ഗാന്ധിമാർഗത്തിലുമാണ് സി.പി. എമ്മിൽ നിന്നും ഒതുക്കപ്പെട്ട പി.ജയരാജൻ. എന്നാൽ അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന പി.ജെ ആർമിയിലെ അംഗങ്ങൾ ഇപ്പോഴും അക്രമസംഭവങ്ങളിൽ ഉൾപ്പെടുന്നത് പാർട്ടിക്കുള്ളിൽ പി.ജെയ്ക്കെതിരെ വീണ്ടും നീക്കം ശക്തമായിട്ടുണ്ട്. തോട്ടട ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഏച്ചൂർ സംഘത്തിനെതിരെ സി.പി. എം കണ്ണൂർ ജില്ലാനേതൃത്വം അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിൽ പാർട്ടിയുമായി ബന്ധമുള്ളവരുണ്ടെങ്കിൽ നടപടിയെടുക്കുമെന്നാണ് സൂചന.
ഇതിനിടെ കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിൽ ന്യൂജനറേഷൻ കടന്നുവരവിൽ ഉപയോഗിക്കുന്നത് അത്യാധൂനിക ടെക്നോളജിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അന്വേഷണസംഘം രംഗത്തു വന്നിട്ടുണ്ട്. ബോംബുനിർമ്മാണം മുതൽ അക്രമം വരെയുള്ള കാര്യങ്ങൾ നടപ്പാക്കുന്നത് ആക്ഷൻ സിനിമാ സ്റ്റൈലിലാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് തോട്ടട സംഭവത്തിനെ തുടർന്ന് പുറത്തുവരുന്നത്.
തോട്ടടയിലെ ബോംബെറിൽ തങ്ങളിലൊരുവൻ തന്നെ കൈപ്പിഴയാൽ കൊല്ലപ്പെട്ടുവെങ്കിലും ബോംബ് നിർമ്മാണത്തിലെയും പ്ലാനിങിലെയും കൃത്യതയും രഹസ്യസ്വഭാവവും പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായിട്ടുണ്ട്. പ്ലാൻ എ ബോംബെറിഞ്ഞ് എതിരാളികളെ അപായപ്പെടുത്തലാണെങ്കിൽ പ്ലാൻ ബി വടിവാൾ ഉപയോഗിച്ചു അക്രമം നടത്തുകയായിരുന്നുവെന്ന് ജിഷ്ണു വധക്കേസിൽ അറസ്റ്റിലായവർ മൊഴി നൽകിയിട്ടുണ്ട്.

ന്യൂജനറേഷൻ ബോംബ് മെയ്ക്കർമാർ പഴഞ്ചൻ മാതൃകയിൽ വളരെ സാവധാനം ഇലക്ട്രിക് പോസ്റ്റിന്റെയോ തെങ്ങിന്റെയോ മതിലിന്റെ മറവിൽ ശരീരം മറച്ചു കൈപുറത്തേക്കിട്ടുള്ള നിർമ്മാണമല്ല നടത്തുന്നത്. ഓടുന്ന ഓട്ടത്തിൽ പോലും വെടിമരുന്ന് ഉള്ളം കൈയിലിട്ടും ചരടിട്ടു കെട്ടിമുറുക്കി ബോംബുണ്ടാക്കാനുള്ള വൈദഗ്ദ്ധ്യമുള്ളവരുണ്ട്. ചൈനിസ് പടക്കങ്ങൾ വാങ്ങി അതിൽ നിന്നും വെടിമരുന്ന് മാറ്റിയാണ് ഇവർ അത്യുഗ്രപ്രഹരശേഷിയുള്ള ബോംബുകൾ നിർമ്മിക്കുന്നത്. പഴയ സ്റ്റീൽ പാത്രങ്ങൾ ഒഴിവാക്കി പെട്ടെന്ന് വീണു പൊട്ടാതിരിക്കാനും മഴയിലും വെയിലിലും ഏറെ നാൾ സൂക്ഷിക്കാൻ കഴിയുന്ന പ്ലാസ്റ്റിക്കുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
തോട്ടടയിൽ പൊട്ടിയ ബോംബ് ഇപ്പോഴല്ലെങ്കിൽ മറ്റെപ്പോഴെങ്കിലും പൊട്ടുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏച്ചൂരിലെ കണ്ണൂർ കോർപറേഷൻ ട്രഞ്ചിങ് ഗ്രൗണ്ടിലെ ഏക്കറുകളോളം വരുന്ന വിജനപ്രദേശത്ത് കഴിഞ്ഞ രണ്ടുവർഷമായി നിരന്തരം ബോംബുസ്ഫോടനങ്ങൾ നടന്നുവരികയായിരുന്നു. ഏച്ചൂരിലെ പലയിടങ്ങളിലും അർധരാത്രികളിലും പുലർച്ചെയും മുഴങ്ങിയ സ്ഫോടനങ്ങൾ ഉണ്ടാക്കിയ ബോംബുകളുടെ പരീക്ഷണങ്ങളായിരുന്നു. ഇരുപതോളം വരുന്ന യുവാക്കളുടെ ഗ്യാങ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നുവെന്നാണ് ലഭ്യമായ വിവരം. ഇവിടെ നിന്നുമുണ്ടാക്കിയ ബോംബുകൾ കണ്ണൂർ ജില്ലയിലെ മറ്റു സംഘർഷബാധിതപ്രദേശങ്ങളിലെത്തിയിരുന്നതായാണ് വിവരം.
ഏച്ചൂരിലെ ബോംബുഫാക്ടറിയെ കുറിച്ച് പ്രദേശവാസികൾ പലതവണ പരാതിപ്പെട്ടിട്ടും പൊലീസ് റെയ്ഡു നടത്താത്തതിന്റെ അനിവാര്യമായ ദുരന്തമാണ് ഇപ്പോൾ ജിഷ്ണുവിന്റെ ദാരുണമരണത്തിൽ കലാശിച്ചത്. വളരെ കൃത്യമായ തിരക്കഥയും മാസ്റ്റർ പ്ലാനുണ്ടായിട്ടും ഏച്ചൂർ സംഘത്തിന്റെ ഓപറേഷൻ പാളിയത് തലനാരിഴയക്കാണ്. ബൊലോറ ജീപ്പിൽ ഏച്ചൂരിലെ സനാഥനെത്തെിച്ച വടിവാൾ വണ്ടിയിൽ നിന്നെടുത്തു തോട്ടടയിലെ യുവാക്കളെ ലക്ഷ്യമാക്കി മിഥുൻ വീശുന്നതിനിടെയാണ് പടക്കമെന്ന വ്യാജേനെ പ്ലാസ്റ്റിക്ക് കവറിൽ സൂക്ഷിച്ച രണ്ടു ബോംബുകളിലൊന്ന് അക്ഷയ് പിന്നിൽ നിന്നും വലിച്ചെറിയുന്നത്. എന്നാൽ ആദ്യമെറിഞ്ഞ ബോംബു പൊട്ടാതിരിക്കുകയും രണ്ടാമതെറിഞ്ഞത് ആരുടെയോ കൈക്ക് തട്ടി ദിശമാറി ജിഷ്ണുവിന്റെ തലയിൽ കൊണ്ടു പൊട്ടിത്തെറിക്കുകയുമായിരുന്നു.
തോട്ടടയിലെ വിവാഹവീട്ടിൽ തലേന്നു നടത്തിയ അടിപൊളി പാട്ടുകൾ ഉച്ചത്തിൽവെച്ചു നാട്ടുകാരും പുറത്തുന്നുള്ളവരും നടത്തിയ ഡപ്പാൻ കുത്ത് ഡാൻസുംമദ്യമൊഴുക്കുമാണ് ഇരുസംഘങ്ങൾ തമ്മിലുള്ള ഉരസിലിന് കാരണമായി മാറിയത്. പാട്ടുവെച്ചുള്ള തർക്കം കൈയാങ്കളിയിലെത്തുകയും ഏച്ചൂർ സംഘത്തിലെ മിഥുന് ഉൾപ്പെടെ അടിയേൽക്കുകയും ചെയ്തത്. ഇതിനു തിരിച്ചു പണികൊടുക്കാനാണ് ഏച്ചൂർ സംഘം വിവാഹവീട്ടിൽ നിന്നും മടങ്ങി ഏച്ചൂർ ട്രഞ്ചിങ് ഗ്രൗണ്ടിലെത്തി ബോംബുനിർമ്മിച്ചത്.
അക്ഷയ്, മിഥുൻ, ഗോകുൽ എന്നിവരാണ് ബോംബുനിർമ്മിച്ചത്. ഇതിന് ഇവർക്ക് പുറമേ നിന്നൊരാളുടെ വിദഗ്ദ്ധസഹായം ലഭിച്ചിരുന്നതായുംവിവരമുണ്ട്.ബോംബുനിർമ്മാണത്തിന് ശേഷം നിർമ്മിച്ചവയിലൊന്ന് അവിടെയെറിഞ്ഞു പൊട്ടിച്ചു പരീക്ഷണം നടത്തിയതിനു ശേഷമാണ് ഇവർ പുലർച്ചെ അവരവരുടെ വീടുകളിൽ പോയി കിടന്നുറങ്ങുകയും ചെയ്തു.
രാവിലെ പത്തുമണിയോടെ വീണ്ടും ഇളംനീല ഷർട്ടും വെള്ളമുണ്ടും അണിഞ്ഞ് പ്രത്യേക ഡ്രസ് കോഡിലെത്തിയ സംഘം രാവിലെ പത്തുമണിയോടെ രഹസ്യമായി ഒത്തുചേർന്ന് താലികെട്ടുകഴിഞ്ഞു വധൂവരന്മാർ മടങ്ങി വരന്റെ വീട്ടിലെത്തിയാൽ നടത്തേണ്ട അക്രമത്തിന്റെ വ്യക്തമായ മാസ്റ്റർ പ്ലാനുണ്ടാക്കുകയും ചെയ്തു. ഇവർ വന്ന ടെംപോട്രാവലറിൽ പടക്കമെന്ന വ്യാജേനെയാണ് ബോംബുകൊണ്ടുവന്നത്.

ബോംബു കൈയിലുള്ള കാര്യം കൊല്ലപ്പെട്ട ജിഷ്ണുവിനും അറിയാമായിരുന്നുവെന്നാണ് പൊലിസ് നൽകുന്ന സൂചന. കൊല്ലപ്പെട്ടതും പ്രതികളും ഒരേ പാർട്ടിക്കാരയാതിനാൽ സംഭവം രാഷ്ട്രീയ സംഘർഷത്തിലെത്തിയില്ലെങ്കിലും തോട്ടടസ്ഫോടനം സംസ്ഥാനതലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്. കണ്ണൂരിലെ വിവാഹങ്ങൾ പോലും അക്രമത്തിന്റെ വേദികളായി മാറുന്നുവെന്ന അതിരൂക്ഷവിമർശനവും പരിഹാസവുമാണ് സോഷ്യൽ മീഡിയിലൂടെ ഉയരുന്നത്. എന്നാൽ തോട്ടടയിലുണ്ടായ ദൗർഭാഗ്യസംഭവം വിവാഹആഭാസമായി ചിത്രീകരിച്ചു ലഘൂകരിക്കാനാണ് വിവിധകോണുകളിൽ നിന്നും പൊലിസിൽ നിന്നും നീക്കമുണ്ടായത്്. ഇതിനിടെയാണ് തോട്ടടസ്ഫോടനത്തിന് പാർട്ടിയിലെ പി.ജെ ആർമിയെ പഴിചാരാൻ സി.പി. എമ്മിലെ ഒരുവിഭാഗം ശ്രമിക്കുന്നത്.


