തലശേരി: തോട്ടട ബോംബെറിൽ ജിഷ്ണുവെന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിലെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ പൊലിസ് എടക്കാട് പൊലിസ് ഇന്ന് അന്വേഷണമാരംഭിച്ചു. സോഷ്യൽമീഡിയയിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.
സ്ത്രീകളടക്കമുള്ള വിവാഹസംഘം സഞ്ചരിച്ചതിനു ശേഷം തോട്ടട മനോരമ റോഡിൽ ബോംബുപൊട്ടുന്നതും യുവാക്കൾ അടക്കമുള്ളവർ ചിതറിയോടുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനിടയിൽ ചോരയെന്നു ചിതറിയോടുന്നവർ പറയുന്നതും സ്ത്രീകളടക്കമുള്ളവർ ബോംബ് സ്ഫോടനത്തെ തുടർന്ന് പരക്കം പായുന്നതും വ്യക്തമാണ്. ഉഗ്രശബ്ദത്തോടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. ഓടുന്നവരിൽ നീലഷർട്ടും വെള്ളമുണ്ടും ധരിച്ച ഏച്ചൂർ സംഘവുമുണ്ട്.

വധൂവരന്മാർ വീട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് ബോംബ് പൊട്ടുന്നത്. തല ചിതറിത്തെറിച്ചത് വധൂവരന്മാർ അടക്കമുള്ള ആൾക്കൂട്ടത്തിനിടയിലാണ്. വിവാഹ സംഘത്തിലുണ്ടായിരുന്നവർ പരിഭ്രാന്തരായി ഓടുന്നതും വീഡിയോയിൽ കാണാം. തല പൊട്ടിയെന്നും ചോരയും ഇറച്ചിയും വീണെന്നും ഓടുന്നതിനിടയിൽ ചിലർ പറയുന്നുണ്ട്.

നേരത്തെ ഏച്ചൂർ സംഘത്തിലെ മിഥുൻ,അക്ഷയ്, ഗോകുൽ എന്നിവർ അക്രമം നടത്തുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. സംഭവം നടക്കുന്നതിനിടെയിൽ ഒരാൾ മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

ഞായറാഴ്ചയാണ് തോട്ടടയിലുണ്ടായ ബോംബേറിൽ ഏച്ചൂർ സ്വദേശിയായ ജിഷ്ണു കൊല്ലപ്പെട്ടത്. വിവാഹപാർട്ടി വരന്റെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ബോംബാക്രമണം. ശനിയാഴ്ച രാത്രി വിവാഹസത്കാരത്തിനിടെയുണ്ടായ തർക്കത്തിന് പിന്നാലെയാണ് ബോംബുമായി ഒരുസംഘം വിവാഹാഘോഷത്തിന് എത്തിയത്. തുടർന്ന് ഇവർ ബോംബെറിഞ്ഞപ്പോൾ ഇതേസംഘത്തിൽപ്പെട്ട ജിഷ്ണുവിന്റെ തലയിൽ ബോംബ് വീണ് പൊട്ടി കൊല്ലപ്പെടുകയായിരുന്നു.