കണ്ണൂർ: തോട്ടടയിൽ ജിഷ്ണു ബോംബെറിനാൽ കൊല്ലപ്പെടുന്നതിന് മുൻപ് മുഖ്യ പ്രതി മിഥുൻ വീശിയ രണ്ടു വാളുകൾ കണ്ടെത്തി. മിഥുന് വാൾ വാഹനത്തിൽ എത്തിച്ചു നൽകിയ സനാദിന് വാൾ എത്തിച്ചു നൽകിയ കടമ്പൂരിലെ അരുൺകുമാർ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് എടക്കാട് പൊലിസ് അരുൺകുമാറിന്റെ വീട്ടുപരിസരത്ത് റെയ്ഡു നടത്തിയത്.

ബോംബുനിർമ്മാണ വിദഗ്ദ്ധനായ പള്ളിക്കുന്ന് സ്വദേശിയായ ഒരു യുവാവിനെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ ഇയാൾ വെടിമരുന്നും പടക്കങ്ങളും വീട്ടിൽ സുക്ഷിച്ചതു കാരണം ഈ വീട്ടിൽ സ്‌ഫോടനമുണ്ടായിരുന്നു. ഇതിനിടെ ജിഷ്ണു വധക്കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് പൊലിസ് നൽകുന്ന സൂചന.

പൊലീസ് അറസ്റ്റു ചെയ്ത അരുൺകുമാർ നേരത്തെ ചില കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടുകിട്ടിയാൽ കൂടുതൽ ചോദ്യം ചെയ്യും.

പൊലീസ് കസ്റ്റഡിയിലുള്ള പള്ളിക്കുന്ന് സ്വദേശിയാണ് കഴിഞ്ഞ ശനിയാഴ്‌ച്ച വിവാഹ തലേന്ന് രാത്രി പ്രതികൾക്ക് ബോംബുണ്ടാക്കാനുള്ള വെടിമരുന്ന് എത്തിച്ചു നൽകിയതെന്നാണ് പൊലീസിന്റെ നിഗമനം.

വിവാഹ വീട്ടിൽ തലേന്ന് പ്രൊഫഷനൽ ഡാൻസർമാർ ഉൾപ്പെടുന്ന ഏച്ചുർ സ്വദേശികളായ സംഘം പാട്ടുവയ്ക്കുന്നതിനായി പെൻഡ്രൈവുമായി എത്തുകയും എന്നാൽ തോട്ടട സ്വദേശികളായ യുവാക്കൾ ഇതിനെ എതിർക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ മിഥുൻ പെൻ ഡ്രൈവ് മാറ്റി കുത്തിയതിനെ തുടർന്ന് തോട്ടട സ്വദേശികളായ യുവാക്കൾ മർദ്ദിക്കുകയുമായിരുന്നു. മിഥുന്റെ കൂടെ നൃത്തം ചെയ്ത പ്രൊഫഷനൽ ഡാൻസറായ യുവാവിനും മർദ്ദനമേറ്റു.

വിവാഹ വീട്ടിനടുത്തുള്ള വീട്ടിനടുത്തു വച്ചാണ് ഇയാൾക്ക് മർദ്ദനമേറ്റത്. ഇയാളുടെ തലയിടിച്ചു വീടിന്റെ ജനൽചില്ലുകൾ തകർന്നു. ഇതോടെയാണ് സംഘടിതരായ തോട്ടടയിലെ യുവാക്കൾക്കു നേരെ തിരിച്ചടിക്കാൻ കഴിയാതെ ഏച്ചൂർ സ്വദേശികളായ യുവാക്കൾ അവിടെ നിന്നും നാളെ കാണിച്ചു തരാമെന്ന് പറഞ്ഞ് വെല്ലുവിളിച്ചു വിവാഹ വീട്ടിൽ നിന്നുമിറങ്ങിയത്.

എന്നാൽ നാട്ടുകാർ ഇവരെ സമാധാനിപ്പിക്കുകയും പ്രശ്‌നം ഒത്തുതീർപ്പാക്കുകയും ചെയ്തുവെങ്കിലും ഏച്ചൂർ സംഘത്തിന്റെ മനസിൽ പക മൂത്തു വളരുകയായിരുന്നു. ഇതോടെയാണ് മിഥുൻ, അദ്വൈത് ,ഗോകുൽ എന്നിവരടങ്ങുന്ന സംഘം തിരിച്ചടിക്കാൻ രഹസ്യമായി തിരുമാനിച്ചത്. മറ്റുള്ളവരോട് നാളെ വിവാഹത്തിൽ പങ്കെടുക്കണമെന്ന് ചട്ടം കെട്ടിയ ഇവർ ഏച്ചുർ ടീമിന് പ്രത്യേക ഡ്രസ് കോഡായ നീല ഷർട്ടും വെള്ളമുണ്ടും ധരിച്ച് എത്താൻ ആവശ്യപ്പെടുകയായിരുന്നു. അന്ന് രാത്രിയിൽ 11 മണിയോടെ മുവർസംഘം പള്ളിക്കുന്ന് സ്വദേശിയിൽ നിന്നും ബോംബ് നിർമ്മിക്കാനുള്ള വെടിമരുന്ന് സംഘടിപ്പിക്കുകയും ഏച്ചുരിലെ ഒരു ബോംബുനിർമ്മാണ വിദഗ്ദ്ധന്റെ സഹായത്തോടെ 3 ഉഗ്രശേഷിയുള്ള ബോംബ് നിർമ്മിക്കുകയുമായിരുന്നു.ഇതിൽ ഒരെണ്ണം ഏച്ചുർ ട്രഞ്ചിങ് ഗ്രൗണ്ടിൽ നിന്നു തന്നെ പൊട്ടിക്കുകയും മറ്റു രണ്ടെണ്ണം വിവാഹ വീട്ടിലേക്ക് കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെയിൽ മിഥുൻ തന്റെ സുഹൃത്തായ സനാദിനെ ഫോണിൽ വിളിച്ചു നാളെ ഒരു പണി കൊടുക്കാനുണ്ടെന്നു പറയുകയും രണ്ട് വാൾ ടൂൾ സായി കരുതി തോട്ടടയിലെ വിവാഹ വീട്ടിൽ ബൊലേറയുമാ യി എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ചാണ് സനാദ് അരുൺകുമാറിൽ നിന്നും വാൾ വാങ്ങി പിറ്റേ ദിവസം രാവിലെ തോട്ടടയിലെത്തുന്നത്. പടക്കമെന്ന വ്യാജേനെ തങ്ങൾ കൊണ്ടുവന്ന ബോംബുകൾ അക്ഷയ് പ്‌ളാസ്റ്റിക് കവറിലാക്കി സനാദിന്റെ വണ്ടിയിൽ സുക്ഷിക്കുകയും മിഥുൻ, അക്ഷയ്, ഗോകുൽ, വൈശാഖ് എന്നിവർ വാഹനത്തിലിരുന്ന് ആദ്യം പ്‌ളാൻ എപ്രകാരം ബോംബെറിയുവാനും അതു നടന്നില്ലെങ്കിൽ പ്‌ളാൻ ബി പ്രകാരം വാൾകൊണ്ടു അക്രമിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

പ്‌ളാൻ എ പ്രകാരം വിവാഹസംഘം വരന്റെ വീട്ടിലെത്തിയപ്പോൾ അക്ഷയ് വരന്റെ വീടിനു സമീപത്തു നിൽക്കുന്ന തോട്ടടയിലെ യുവാക്കളുടെ നേരെ പ്‌ളാസ്റ്റിക്ക് കവറിൽ നിന്നെടുത്ത ബോംബേറിയുകയായിരുന്നു. ഇതു പൊട്ടാത്തതിനെ തുടർന്ന് മിഥുൻ സനാദിന്റെ വാഹനത്തിൽ നിന്നും വാളുമായി ചാടിയിറങ്ങുകയായിരുന്നു. എന്നാൽ ഇതിനിടെയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച തോട്ടടയിലെ യുവാക്കൾക്കു നേരെ അക്ഷയ് വീണ്ടും ബോംബെറിയുകയും ഇതു മറ്റൊരാളുടെ കൈയിൽ തട്ടി മുൻനിരയിലുണ്ടായിരുന്ന ജിഷ്ണുവിന്റെ മുഖത്തുകൊണ്ട് പൊട്ടിത്തെറിക്കുകയുമായിരുന്നു.

ഇതോടെയാണ് മിഥുൻ ഉൾപ്പെടെയുള്ള ഏച്ചുർ സംഘം അവിടെ നിന്നും വാഹനത്തിൽ രക്ഷപ്പെട്ട് ഏച്ചുരിലെ സിപിഎം കേന്ദ്രത്തിൽ ഒളിവിൽ പോവുന്നത്.പാർട്ടി പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് പൊലീസുമായുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ ജിഷ്ണുവിന്റെ ശവസംസ്‌കാര ചടങ്ങിനു ശേഷം പ്രതികൾ ഓരോന്നായി കീഴടങ്ങുന്നത്.