- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോട്ടട ബോംബാക്രമണം: ഏച്ചൂർ സ്വദേശികൾക്ക് വാൾ എത്തിച്ചു നൽകിയ അരുൺ കുമാർ റിമാൻഡിൽ; ഇയാൾ ആക്രമണത്തിന് പദ്ധതിയിട്ട മിഥുന്റെ അടുത്ത സുഹൃത്ത്; ജിഷ്ണു കൊലക്കേസിൽ ഇതുവരെ കീഴടങ്ങിയത് അഞ്ചുപേർ
തലശേരി: തോട്ടടയിൽ വിവാഹസംഘത്തിനെതിരെ ബോംബെറിഞ്ഞ് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അക്രമിസംഘത്തിന് വാൾ എത്തിച്ചു നൽകിയ കടമ്പൂർ സ്വദേശിയായ യുവാവിനെ തലശേരി കോടതി റിമാൻഡ് ചെയ്തു. കടമ്പൂർ പഞ്ചായത്തിലെ കാടാച്ചിറയിലെ അരുൺകുമാറിനെയാണ്(28) അഡീഷനൽ ചീഫ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
തോട്ടടയിൽ ബോംബാക്രമണത്തിന് പദ്ധതിയിട്ട ഏച്ചൂർ ടീമംഗം മിഥുന്റെ അടുത്ത സുഹൃത്താണ് റിമാൻഡിലായ അരുൺകുമാർ. മിഥുൻ ആവശ്യപ്പെട്ടതനുസരിച്ചാണ് അരുൺകുമാർ മറ്റൊരു സംഘാംഗമായ സനാദിന്റെ ബൊലേറോ ജീപ്പിൽ വാൾ കൊടുത്തുവിടുന്നത്. ഇയാൾ തോട്ടട ബോംബാക്രമണത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലിസ്. ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടുകിട്ടാൻ അരുൺ കുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ എടക്കാട് പൊലിസ് അടുത്ത ദിവസംതന്നെ ഹർജി നൽകും.
റിമാൻഡിലുള്ള പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലിസ് ഉദ്ദേശിക്കുന്നത്. നേരത്തെ കേസിൽ ഏച്ചൂർ ട്രഞ്ചിങ് ഗ്രൗണ്ട് സ്വദേശി മാവിലാക്കണ്ടി മിഥുൻ(24) ഏച്ചൂർ സ്വദേശി ഗോകുൽ(24) ഇവരെ സഹായിക്കാനായി വിവാഹവീടിന്റെ പരിസരത്ത് വടിവാളുമായെത്തിയ തോട്ടട സ്വദേശി സനാദ്(25) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. തോട്ടട ബോംബെറിൽ ജിഷ്ണുവെന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ഇതുവരെ അഞ്ചുപേർ പൊലിസിൽ കീഴടങ്ങിയിട്ടുണ്ട്.
നേരത്തെ പൊലീസ് അന്വേഷണത്തിൽ ബോംബു നിർമ്മിക്കാനായി വിവാഹാഘോഷവേളയിൽ ഇവർ പൊട്ടിക്കാനെന്ന വ്യാജേനെ വാങ്ങിയ ചൈനീസ് പടക്കത്തിന്റെ വെടിമരുന്നാണ് ഉപയോഗിച്ചതെന്നായിരുന്നു പൊലീസ് നിഗമനം. എന്നാൽ പിന്നീട് ജിഷ്ണുവിന്റെ മൃതദേഹത്തിന്റെ സമീപത്തു നിന്നും കിട്ടിയ പൊട്ടാത്ത ബോംബ് പരിശോധിച്ചപ്പോൾ ഇതിനുള്ളിൽ നിറച്ചത് അത്യുഗ്രസ്ഫോടന ശേഷിയുള്ള വെടിമരുന്നാണെന്ന് ഫോറൻസിക് വിഭാഗവും ബോംബു സ്‌ക്വാഡും നടത്തിയ പരിശോധനയിൽ വ്യക്തമാവുകയായിരുന്നു.
ഇതിനെ തുടർന്നാണ് അക്രമം നടത്തിയ ഏച്ചൂരിലെ സംഘത്തിന് വെടിമരുന്ന് പുറത്തുനിന്നാരെങ്കിലും എത്തിച്ചു കൊടുത്തിരുന്നോയെന്ന സംശയം ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും കണ്ണൂർ പള്ളിക്കുന്ന് പൊടിക്കുണ്ട് സ്വദേശിയായ യുവാവാണ് വെടിമരുന്ന് നൽകിയതെന്നു വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്ന് വർഷങ്ങൾക്കു മുൻപ് പൊടിക്കുണ്ടയിൽ ഇയാൾ താമസിച്ചിരുന്ന വീട് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതുകാരണം ഇയാളുടെ വീട് പൊട്ടിത്തെറിച്ചിരുന്നു. ഈ സംഭവത്തിനു ശേഷം ഇയാൾ പൊലിസ് നിരീക്ഷണത്തിലായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്