കോഴിക്കോട്: ധനമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള സിപിഎമ്മിന്റെ സാമ്പത്തിക വിദഗ്ധരൊക്കെ കണക്കിന് വിമർശിക്കുന്ന ഒന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനം. എന്നാൽ ഇപ്പോഴിതാ സിപിഎം നേതാവും കോഴിക്കോട് മേയറുമായ തോട്ടത്തിൽ രവീന്ദ്രൻ തന്നെ നോട്ടുനിരോധത്തെ അനുകൂലിച്ച് രംഗത്തത്തെിയിരക്കയാണ്.

നോട്ട് നിരോധനം വന്നത് സാധാരണക്കാർക്ക് ഗുണം ചെയ്‌തെന്ന് കോഴിക്കൊട് തോട്ടത്തിൽ രവീന്ദ്രൻ പറയുന്നത്. ആധാരമെഴുത്ത് അസോസിയേഷൻ(എ.കെ.ഡി.ഡബ്യ്യു.ആൻഡ് എസ്.എ) ജില്ലാ സമ്മേളനം പുതിയറ എസ്.കെ പൊറ്റക്കാട് ഹാളിൽ ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദേഹം. മുമ്പ് കള്ളപ്പണക്കാർ പറയുന്ന പണം കൊടുത്ത് വൻതോതിൽ ഭൂമി വാങ്ങികൂട്ടിയിരുന്നതിനാൽ പാവപ്പെട്ടവർക്ക് അഞ്ച് സെന്റ് ഭൂമി വാങ്ങുന്നത് പോലും അസാധ്യമായിരുന്നു.

എന്നാൽ നോട്ട് നിരോധനത്തിന് ശേഷം കള്ളപ്പണത്തിന്റെ ഒഴുക്ക് കുറയുകയും സ്ഥലകച്ചവടം നിലയ്ക്കുകയും ചെയ്തു. ഇൻകംടാക്‌സ് ഉദ്യോഗസ്ഥരെ പേടിച്ച് കള്ളപ്പണക്കാർ ഭൂമി വാങ്ങികൂട്ടുന്നത് കുറഞ്ഞെന്നും മേയർ പറഞ്ഞു. പക്ഷേ ഇപ്പോഴും പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകെട്ടുകൾ പിടിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ആളുകൾ നിരോധിച്ച നോട്ടുകൾ എന്തിനാണ് സൂക്ഷിച്ച് വെക്കുന്നതെന്ന് മനസിലാകുന്നില്ലന്നെും തോട്ടത്തിൻ രവീന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം രവീന്ദ്രന്റെ ഈ പ്രസതാവന യാദൃശ്ചികമല്ലെന്ന വ്യക്തമായ ചില സൂചനകുളും പാർട്ടിക്ക് അകത്തുനിന്ന് പുറത്തുവരുന്നുണ്ട്. കൊയിലാണ്ടിയിൽ കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം ജില്ലാസമ്മേളനത്തിൽ മേയർക്കെതിരെയും കോർപ്പറേഷൻ ഭരണത്തിനെതിരെയും നിശിതമായ വിമർശനമാണ് ഉയർന്നത്.സിപിഎം നേതൃത്വത്തിൽ വിശ്വാസം പുറത്തേക്ക് പറയാൻ മടിക്കാത്ത അപൂർവം നേതാക്കളിൽ ഒരാളാണ് ഗുരുവായൂർ ദേവസ്വംബോർഡ് മുൻ ചെയർമാൻകൂടിയായ തോട്ടത്തിൽ രവീന്ദ്രൻ.

എന്നാൽ ഈയിടെയായി അദ്ദേഹം തന്റെ കുടുംബക്ഷേത്രമടക്കമുള്ള അമ്പലക്കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധിക്കുന്നതെന്നും കോർപ്പറേഷൻ ഭരണത്തിൽ അലംഭാവം കാട്ടുന്നുവെന്നുമുള്ള കടുത്ത വിമർശനമാണ് സിപിഎം ജില്ലാസമ്മേളനത്തിൽ ഉണ്ടായത്.ഇതിന് തോട്ടത്തിൽ രവീന്ദ്രന് കൃത്യമായി മറുപടി പറയാനും അയില്ല.ഈ സാഹചര്യത്തിലുള്ള നോട്ടുനിരോധന പ്രസ്താവന മൃദുഹിന്ദുത്വ നിലപാടിന്റെ ഭാഗമായാണെന്ന് പാർട്ടിക്ക് അകത്തുനിന്നുതന്നെ ശക്തമായ വിമർശനം ഉണ്ടാകാനും സാധ്യതയുണ്ട്.പുതിയ സാഹചര്യത്തിൽ തോട്ടത്തിലിന്റെ പോക്കിനെ സംശയത്തോടെയാണ് അണികളിൽ ഒരുവിഭാഗം കാണുന്നത്.

അതേസമയം ആധാരം എഴുത്തുകാരുടെ സമ്മേളനം ഉദ്ഘാടനംചെയ്യാൻപോയ മേയർ നാട്ടിൽ കണ്ട ചില പ്രശ്‌നങ്ങൾ പറയുകയായിരുന്നെന്നും അദ്ദേഹം ഒരു സാമ്പത്തിക വിദഗ്ധനൊന്നുമല്ലെന്നും അതിനാൽ കാര്യങ്ങൾ ആ അർഥത്തിൽ കണ്ടാൽ മതിയെന്നുമാണ് സംഭവത്തിൽ മുതിർന്ന സിപിഎം നേതാക്കൾ പ്രതികരിക്കുന്നത്.